വിലക്കയറ്റം വരുതിയിലേക്ക്; പക്ഷെ കാലവർഷത്തിൽ ആശങ്ക

വ്യവസായ ഉൽപാദനത്തിൽ അപ്രതീക്ഷിത നേട്ടം; കണക്കുകളിൽ വിപണിക്ക് ആവേശം; വിദേശ സൂചനകൾ പോസിറ്റീവ്

Update:2023-06-13 08:48 IST

മേയ് മാസത്തിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിലും കുറഞ്ഞു. ഏപ്രിലിലെ വ്യവസായ ഉൽപാദന സൂചിക കണക്കാക്കിയതിലും ഉയർന്നു. വിപണിക്കു കുതിച്ചുയരാൻ തക്ക കണക്കുകളാണ് ഇന്നലെ വൈകുന്നേരം ഗവണ്മെന്റ് പുറത്തുവിട്ടത്. ആഗോള സൂചനകളും അനുകൂലമാണ്. യുഎസ് വിപണിയിലെ എല്ലാ സൂചികകളും നല്ല ഉയർച്ചയിലാണ്. ഫ്യൂച്ചേഴ്സും നേട്ടത്തിലായി. ഇന്നു രാവിലെ ഏഷ്യൻ വിപണികളും കയറ്റത്തിലാണ്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,698.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,719 ലേക്കു കയറി. ഇന്നു രാവിലെ 18,746 വരെ എത്തി. ഇന്ത്യൻ വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ കയറ്റത്തിലായിരുന്നു. അമേരിക്കൻ ഫെഡും യൂറോപ്യൻ കേന്ദ്ര ബാങ്കും എടുക്കുന്ന പലിശ തീരുമാനങ്ങളാണ് ഈയാഴ്ച യൂറോപ്യൻ വിപണിയെ നയിക്കുക.

യുഎസ് വിപണി ഇന്നലെ നല്ല കയറ്റത്തിലായിരുന്നു. ഡൗ ജാേൺസ് തുടർച്ചയായ അഞ്ചു ദിവസം ഉയർന്ന് 34,000 നു മുകളിലായി. എസ് ആൻഡ് പി 500 ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന ക്ലോസിംഗ് നില വീണ്ടും ഉയർത്തി. യുഎസ് ഫെഡ് പലിശ വർധനയ്ക്കു വിരാമം പ്രഖ്യാപിക്കും എന്ന പ്രതീക്ഷയാണു വിപണിയെ നയിക്കുന്നത്. ബുധനാഴ്ച രാത്രിയാണു യുഎസ് ഫെഡ് പലിശ തീരുമാനം പ്രഖ്യാപിക്കുക. ഇന്ന് യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വിടും. ഫെഡ് കമ്മിറ്റിയുടെ തീരുമാനം ഈ കണക്കിനെ കൂടി ആധാരമാക്കിയാകും. മേയിലെ ചില്ലാ വിലക്കയറ്റം നാലു ശതമാനത്തിൽ ഒതുങ്ങുമെന്നാണു പ്രതീക്ഷ.

ഡൗ ജോൺസ് 189.55 പോയിന്റ് (0.56%) കയറി 34,066.30 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 40.07 പോയിന്റ് (0.93%) ഉയർന്ന് 4338 ലും നാസ്ഡാക് 202.78 പോയിന്റ് (1.53%) കുതിച്ച് 13,461.9-ലും വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.03 ശതമാനം താണു. നാസ്ഡാക് 0.13 ശതമാനവും എസ് ആൻഡ് പി 0.06 ശതമാനവും കയറി. ഏഷ്യൻ സൂചികകൾ ഇന്നു നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.

ജപ്പാനിൽ നിക്കൈ സൂചിക രാവിലെ 1.25 ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി നഷ്ടത്തിലാണു തുടങ്ങിയത്. കാെറിയൻ, ചെെനീസ് വിപണികൾ താഴ്ചയിലാണ്.

ഇന്ത്യൻ വിപണി 

വാരാന്ത്യത്തിലെ ആലസ്യം ഉപേക്ഷിച്ച് നല്ല ഉണർവോടെയാണ് ഇന്നലെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. പിന്നീടു ചെറിയ മേഖലയിൽ കയറിയിറങ്ങി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 99.08 പോയിന്റ് (0.16%) കയറി 62,724.71 ലും നിഫ്റ്റി 38.10 പോയിന്റ് (0.21%) ഉയർന്ന് 18,601.50 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.55 ശതമാനം ഉയർന്ന് 34,342.30 ലും സ്മോൾ ക്യാപ് സൂചിക 0.87 ശതമാനം കുതിച്ച് 10,533.70 ലും ക്ലോസ് ചെയ്തു.

ബാങ്കുകളും ധനകാര്യസേവന കമ്പനികളും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലായിരുന്നു. ഐടി, റിയൽറ്റി, മീഡിയ, മെറ്റൽ, ഓയിൽ - ഗ്യാസ് തുടങ്ങിയ മേഖലകൾ കുതിപ്പിനു മുന്നിൽ നിന്നു.

നിഫ്റ്റി 18,600 നു മുകളിൽ ക്ലോസ് ചെയ്തെങ്കിലും 18,600 -18,800 മേഖല മറികടക്കുന്നത് അത്ര എളുപ്പമല്ലെന്നു നിക്ഷേപ വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 18,570 ലും 18,525 ലും പിന്തുണ ഉണ്ട്. 18,625 ലും 18,675 ലും തടസം ഉണ്ടാകാം.

വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ വിൽപന തുടർന്നു. സ്വദേശി ഫണ്ടുകൾ വാങ്ങൽ വർധിപ്പിച്ചു. തിങ്കളാഴ്ച വിദേശികൾ 626.62 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1793.85 കോടിയുടെ ഓഹരികൾ വാങ്ങി.

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഇടിഞ്ഞു. അലൂമിനിയം 1.77 ശതമാനം താഴ്ന്നു ടണ്ണിന് 2227.85 ഡോളറിൽ എത്തി. ചെമ്പ് 0.97 ശതമാനം താണ് ടണ്ണിന് 8287 ഡോളർ ആയി. നിക്കൽ 1.39 ശതമാനം, ടിൻ 2.68 ശതമാനം സിങ്ക് 1.7 ശതമാനം എന്നിങ്ങനെ താഴ്ന്നു. ലെഡ് 1.47 ശതമാനം കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. റഷ്യ കൂടുതൽ എണ്ണ വിപണിയിൽ എത്തിക്കുന്നതാണു കാരണം. വർഷാവസാനത്തെ ക്രൂഡ് വില സംബന്ധിച്ച പ്രവചനം 10 ശതമാനം താഴ്ത്തിയതായി ഗോൾഡ്മാൻ സാക്സ് പറഞ്ഞു. ബ്രെന്റ് ഇനം മൂന്നു ശതമാനം താണ് 72.11 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം നാലര ശതമാനം ഇടിഞ്ഞ് 67.37 ഡോളറിലായി.

സ്വർണവില അൽപം താണു. വെള്ളിയാഴ്ച 1957-1964 മേഖലയിൽ കയറിയിറങ്ങിയിട്ട് 1959 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1957-1959 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില ഇന്നലെ 80 രൂപ കുറഞ്ഞ് 44,320 രൂപയിൽ എത്തി.

ഡോളർ ഇന്നലെയും ദുർബലമായി. ഒൻപതു പൈസ താഴ്ന്ന് 82.43 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക 103.63 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 103.61ലാണ്.

ചില്ലറ വിലക്കയറ്റത്തിൽ ആശ്വാസം

മേയ് മാസത്തിലെ ചില്ലറ വിലക്കയറ്റം 4.25 ശതമാനമായി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏപ്രിലിൽ 4.7 ശതമാനവും കഴിഞ്ഞ വർഷം മേയിൽ 7.04 ശതമാനവും ആയിരുന്നു. കഴിഞ്ഞ വർഷം ഉയർന്ന നിരക്കായിരുന്നത് ഇത്തവണ കയറ്റം കുറവാണെന്നു കാണിക്കാൻ സഹായിച്ചു. തലേ മാസത്തെ അപേക്ഷിച്ച് വിലകൾ 0.51 ശതമാനം കയറി.

ഭക്ഷ്യവിലക്കയറ്റം 2.91 ശതമാനമായി കുറഞ്ഞു. പച്ചക്കറികൾക്കു 16 ശതമാനവും ഭക്ഷ്യ എണ്ണയ്ക്ക് 8.8 ശതമാനവും കുറവുണ്ടായി. എന്നാൽ ധാന്യങ്ങൾ 12.7%, പയർ വർഗങ്ങൾ 6.6%, പാൽ 8.91%, സുഗന്ധ വ്യഞ്ജനങ്ങൾ 17.9% എന്ന തോതിൽ കയറ്റത്തിലായി.

എൽ നിനോ പ്രതിഭാസം കാലവർഷത്തെ എങ്ങനെ ബാധിക്കും എന്നതു നിരീക്ഷിച്ചിട്ടേ വിലക്കയറ്റ ഗതി മനസിലാക്കാനാവൂ എന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു.

കാലവർഷത്തെപ്പറ്റി ആശങ്ക

എൽ നിനോ പ്രതിഭാസത്തിന്റെ ശക്തിപ്പെടൽ ഇന്ത്യയിൽ കാലവർഷ മഴ കുറയ്ക്കുമെന്നു സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസി സ്കൈമെറ്റ്. ജൂലൈ ആദ്യ ആഴ്ച കഴിയും വരെ മധ്യ, പശ്ചിമ ഇന്ത്യയിൽ മഴ തീരെ കുറവാകും എന്നാണു പ്രവചനം. ഇക്കൊല്ലം കാലവർഷം തുടങ്ങുന്ന തീയതി കാലാവസ്ഥ വകുപ്പിനു തെറ്റിയപ്പാേൾ സ്കൈമെറ്റിന്റെ പ്രവചനം ശരിയായി വന്നതാണ്.

രാജ്യത്തെ പ്രധാന കാർഷിക സംസ്ഥാനങ്ങളാണ് മധ്യ, പശ്ചിമ ഇന്ത്യയിൽ ഉള്ളത്. യഥാസമയം മഴ കിട്ടിയില്ലെങ്കിൽ സാധാരണ സമയത്തു കൃഷിയിറക്കൽ നടക്കില്ല. മഴ വൈകിയാൽ മുഖ്യ വിളകൾക്കു പകരം ഹ്രസ്വകാല വിളകളിലേക്കു കർഷകർ തിരിയും. ഇതു ഭക്ഷ്യ സുരക്ഷയെ ബാധിക്കും.

ഇപ്പോൾ തന്നെ രാജ്യത്തു ഗോതമ്പുവില ഉയർന്നു നിൽക്കുകയാണ്. ഗോതമ്പിന്റെ കയറ്റുമതി വിലക്കി. ഗോതമ്പ് സ്റ്റാേക്കിനു പരിധിയും വച്ചു. ആഗോള വിപണിയുടെ ചുവടുപിടിച്ച് പഞ്ചസാര വിലയും ഉയരുകയാണ്.

വ്യവസായ ഉൽപാദനത്തിൽ അപ്രതീക്ഷിത നേട്ടം

ഏപ്രിലിലെ വ്യവസായ ഉൽപാദന സൂചിക 4.2 ശതമാനം ഉയർന്നു. നാമമാത്ര വളർച്ചയേ ഉണ്ടാകൂ എന്നു പ്രതീക്ഷിച്ച സ്ഥാനത്താണിത്. മാർച്ചിലെ വളർച്ച 1.1 ശതമാനം എന്ന കണക്ക് 2.3 ശതമാനമായി തിരുത്തി.

മാർച്ചിൽ 1.6 ശതമാനം ചുരുങ്ങിയ വൈദ്യുതി ഉൽപാദനം ഏപ്രിലിൽ 1.1 ശതമാനം കുറഞ്ഞു. ഇടയ്ക്കു മഴ പെയ്തത് വൈദ്യുതി ആവശ്യം കുറച്ചിരിക്കാം എന്നാണു നിഗമനം. ഗൃഹോപകരണ ഉൽപാദനം 3.5 ശതമാനം കുറഞ്ഞു. സാധാരണ റാബി വിളവെടുപ് കഴിഞ്ഞ് ഇവയുടെ വിൽപന വർധിക്കുന്നതാണ്. അതു സംഭവിക്കാത്തതിൽ നിരീക്ഷകർ ആശ്ചര്യം പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യ മേഖലയിലും നിർമാണമേഖലയിലുമുള്ള സാമഗ്രികളുടെ ഉൽപാദനം 12.8 ശതമാനം വർധിച്ചു. നിത്യാേപയോഗ സാധനങ്ങളുടെ ഉൽപാദനം 10.7 ശതമാനം കൂടി.

വിപണി സൂചനകൾ

(2023 ജൂൺ 09, വെള്ളി)

സെൻസെക്സ് 30 62,724.71 +0.16%

നിഫ്റ്റി 50 18,601.50 +0.21.%

ബാങ്ക് നിഫ്റ്റി 43,944.20 -0.10%

മിഡ് ക്യാപ് 100 34,342.30 +0.55%

സ്മോൾക്യാപ് 100 10,533.70 +0.87%

ഡൗ ജോൺസ് 30 34,066.30 +0.56%

എസ് ആൻഡ് പി 500 4338.00 +0.93%

നാസ്ഡാക് 13,461.90 +1.53%

ഡോളർ ($) ₹82.43 - 09 പൈസ

ഡോളർ സൂചിക 103.63 +0.08

സ്വർണം(ഔൺസ്) $1959.00 -$02.10

സ്വർണം(പവൻ ) ₹44,320 -₹80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $72.11 -$2.68

Tags:    

Similar News