കയറ്റം തുടരാൻ ഓഹരി വിപണി

ആശങ്കകൾ കുറയുന്നു; യുഎസ് ചർച്ചയിൽ പ്രതീക്ഷ; ക്രൂഡ് ഓയിൽ കയറുന്നു; ഗ്ലാൻഡ് ഫാർമ ഓഹരികൾ ഇന്നലെ 16 ശതമാനം ഇടിഞ്ഞു

Update:2023-05-23 08:51 IST

ആശങ്കകളും അസ്വസ്ഥതകളും കുറഞ്ഞ ഒരു ദിവസത്തിലേക്കാണു വിപണി ഇന്നു പ്രവേശിക്കുന്നത്. ഇന്നലെ ഗണ്യമായ ഉയർച്ച സാധിച്ച വിപണി ഇന്ന് കയറ്റം തുടരുമെന്ന പ്രതീക്ഷയിലാണു ബ്രോക്കറേജുകൾ. ബാഹ്യസൂചനകളും അനുകൂലമാണ്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,335.5ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,362 ലേക്കു കയറി. ഇന്നു രാവിലെ 18,370 വരെ കയറിയിട്ടു താണു. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. ജർമൻ, ഫ്രഞ്ച് സൂചികകൾ താഴ്ന്നു. ഗ്രീക്ക് തെരഞ്ഞെടുപ്പിലെ വലതുപക്ഷ മുന്നേറ്റം അവിടത്തെ വിപണിയെ ഏഴു ശതമാനം ഉയർത്തി.

യുഎസിൽ കടപരിധി സംബന്ധിച്ചു യോജിപ്പിലെത്താനുള്ള ചർച്ച പുനരാരംഭിച്ചു. പ്രസിഡന്റ് ജോ ബൈഡനും സ്പീക്കർ കെവിൻ മക്കാർത്തിയും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിൽ ധാരണ ആയില്ലെങ്കിലും പുരാേഗതി ഉണ്ട്. ജൂൺ ഒന്നിനകം ധാരണ ഉണ്ടായില്ലെങ്കിൽ യുഎസ് സർക്കാരിനു പണ ദൗർലഭ്യം നേരിടും. ഡൗ ജോൺസ് ഇന്നലെ 140.05 പോയിന്റ് താഴ്ന്നു. എസ് ആൻഡ് പി 0.65 പോയിന്റും നാസ്ഡാക് 62.88 പോയിന്റും കയറി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.28 ഉം എസ് ആൻഡ് പി 0.30 ഉം നാസ്ഡാക് 0.32 ഉം ശതമാനം ഉയർന്നു.

ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു കയറ്റത്തിലാണ്. യുഎസ് കടപരിധി ചർച്ചയിലെ പുരാേഗതി ആണു കാരണം. .

ഇന്ത്യൻ വിപണി 

തുടക്കത്തിൽ ചാഞ്ചാടിയെങ്കിലും ഇന്ത്യൻ വിപണി ഇന്നലെയും ഉയർന്നു. കറൻസി പിൻവലിക്കൽ സമ്പദ്ഘടനയെ ബാധിക്കാൻ തക്ക വിഷയമല്ലെന്ന വിലയിരുത്തലിലാണു വിപണി. സെൻസെക്സ് 234 പോയിന്റ് (0.38%) കയറി 61,963.68 ലും നിഫ്റ്റി 111 പോയിന്റ് (0.61%) ഉയർന്ന് 18,314.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.63 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.55 ശതമാനം കയറി.

മെറ്റൽ സൂചിക 3.19 ശതമാനവും ഐടി സൂചിക 2.49 ശതമാനവും റിയൽറ്റി 0.7 ശതമാനവും ഉയർന്നപ്പാേൾ ഹെൽത്ത് കെയർ 1.57 ശതമാനം കയറി. ബാങ്ക്, ധനകാര്യ സേവന മേഖലകൾ താഴ്ന്നു.

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ കുതിച്ചു. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ഗ്രൂപ്പിനും സെബിക്കും ക്ലീൻ ചിറ്റ് നൽകിയതാണു വിപണിയെ ആവേശം കൊള്ളിച്ചത്. അദാനി എന്റർപ്രൈസസ് 20 ശതമാനത്തോളം ഉയർന്നു. ഗ്രൂപ്പിന്റെ വിപണിമൂല്യം ഇന്നലെ ഒരു ലക്ഷത്തിൽപരം കോടി രൂപ കണ്ടു വർധിച്ചു.

വിപണി ബുള്ളിഷ് ആയി നീങ്ങും എന്നു ബ്രോക്കറേജുകൾ കരുതുന്നു. നിഫ്റ്റിക്കു 18,215 ലും 18,120 ലും സപ്പോർട്ട് ഉണ്ട്. 18,335 ലും 18,435 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ ഇന്നലെ 922.89 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 604.57 കോടിയുടെയും ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ അൽപം കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് തിങ്കളാഴ്ച 75.99 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.56 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 76.15 ലേക്കും ഡബ്ള്യുടിഐ 71.99 ലേക്കും നീങ്ങി.

കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന സ്വർണം ഇന്നലെ താണു. തിങ്കളാഴ്ച സ്വർണം 1970.80 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1971-1973 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില ഇന്നലെ മാറ്റമില്ലാതെ 45,040 രൂപയിൽ തുടർന്നു.

വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിവിലായി. ചെെനീസ് ഡിമാൻഡ് ഉയരാത്തതാണു കാരണം. അലൂമിനിയം 0.81 ശതമാനം കുറത്ത് 2265.15 ഡോളറിലെത്തി. ചെമ്പ് 1.56 ശതമാനം ഇടിഞ്ഞു ടണ്ണിന് 8093.5 ഡോളർ ആയി. ടിൻ 0.30 ശതമാനം താഴ്ന്നപ്പോൾ സിങ്ക് 2.33 ശതമാനവും നിക്കൽ 0.92 ശതമാനവും താഴ്ന്നു.

ക്രിപ്റ്റോ കറൻസികൾ യുഎസ് വായ്പാ പരിധി ചർച്ചയെ ഉറ്റുനോക്കുകയാണ്. ബിറ്റ്കോയിൻ 26,900 ഡോളറിലാണ്. ഡോളർ 17 പൈസ ഉയർന്ന് 82.84 രൂപ ആയി. ഡോളർ സൂചിക താഴ്ന്ന് 103.20 ൽ തുടർന്നു. ഇന്നു രാവിലെ 103.26 ലാണ്.

കമ്പനികൾ, ഓഹരികൾ

കൊച്ചിൻ ഷിപ്പ് യാർഡിന്റെ നാലാം പാദ അറ്റാദായം 83 ശതമാനവും വരുമാനം 51 ശതമാനവും ഇടിഞ്ഞത് ഓഹരി വില 11 ശതമാനത്തോളം താഴ്ത്തി. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഓഹരി ആറും മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് അഞ്ചും ശതമാനം താഴ്ചയിലായി.

മുത്തൂറ്റ് ഫിനാൻസ് നാലാം പാദ ഫലം മികച്ചതായില്ലെങ്കിലും ബിസിനസ് സാധ്യത വളർന്നത് ഓഹരിയെ ഒൻപതു ശതമാനം ഉയർത്തി. സ്പെഷാലിറ്റി കെമിക്കലുകൾ നിർമിക്കുന്ന ബാലാജി അമീൻസ് നാലാം പാദ റിസൽട്ട് മോശമായ സാഹചര്യത്തിൽ 19 ശതമാനത്തോളം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു. കമ്പനിയുടെ നാലു സ്വതന്ത്ര ഡയറക്ടർമാർ വിരമിച്ചതും സിഎഫ്ഒ രാജിവച്ചതും തകർച്ചയ്ക്ക് ആക്കം കൂട്ടി.

ഒറ്റത്തവണ അധികച്ചെലവിന്റെ ഫലമായി നഷ്ടം കാണിച്ച ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ഓഹരി ഇന്നലെ തുടക്കത്തിൽ വലിയ താഴ്ചയിലായെങ്കിലും പിന്നീടു നഷ്ടം കുറച്ചു. യുഎസ് കമ്പനി സിയെറ്റയുമായുള്ള കേസിലെ തീർപ്പ് 800 കോടി രൂപയുടെ ബാധ്യത വരുത്തിയിരുന്നു.

ഗ്ലെൻമാർക്ക് ഫാർമയുടെ ഉപകമ്പനിയായ ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന്റെ ഭൂരിപക്ഷ ഓഹരി വിൽക്കാൻ കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കടബാധ്യത കുറയ്ക്കാനാണിത്. ഇപ്പോൾ കമ്പനിയിലെ 82.85 ശതമാനം ഓഹരി ഫാർമയുടെ പക്കലാണ്.

ഗ്ലാൻഡ് ഫാർമ ഓഹരികൾ ഇന്നലെ 16 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച 20 ശതമാനം താഴ്ന്നതാണ്. നാലാം പാദത്തിൽ ലാഭം 72 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനിയുടെ ഒരു യൂണിറ്റിൽ ഉൽപാദനം നിർത്തിവച്ചു. ഉൽപന്നം വാങ്ങിയിരുന്ന കമ്പനിയുടെ സാമ്പത്തികപ്രതിസന്ധി കാരണമാണിതെന്ന വിശദീകരണം വിപണിക്കു തൃപ്തികരമായില്ല.


വിപണി സൂചനകൾ

(2023 മേയ് 22, തിങ്കൾ)

സെൻസെക്സ് 30 61,963.68 +0.38%

നിഫ്റ്റി 50 18,314.40 +0.61%

ബാങ്ക് നിഫ്റ്റി 43,885.10 -0.19%

മിഡ് ക്യാപ് 100 32,756.40 +0.63%

സ്മോൾക്യാപ് 100 9946.35 +0.55%

ഡൗ ജോൺസ്30 33,286.60 -0.42%

എസ് ആൻഡ് പി500 4192.63 +0.02%

നാസ്ഡാക് 12,720.80 +0.50%

ഡോളർ ($) ₹82.84 +17 പൈസ

ഡോളർ സൂചിക 103.20 +0.00

സ്വർണം(ഔൺസ്) $1970.80 -$07.80

സ്വർണം(പവൻ ) ₹45,040 +₹00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.99 +$0.41

Tags:    

Similar News