കുതിപ്പിനുള്ള ആവേശം സൂക്ഷിച്ചു വിപണി; വിദേശികള്‍ വലിയ തോതില്‍ നിക്ഷേപിക്കുമെന്നു പ്രതീക്ഷ; ഫെഡിലും റിസര്‍വ് ബാങ്കിലും നോട്ടം
ഇന്ത്യന്‍ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കും. മാരുതി സുസുകിയുടെ രണ്ടാം പാദ വരുമാനവും അറ്റാദായവും വര്‍ധിച്ചത് ഓഹരിവിലയെ അഞ്ചു ശതമാനം ഉയര്‍ത്തി. ഫെഡ് യോഗം നാളെയും മറ്റന്നാളുമായി നടക്കും. സ്വര്‍ണം ഇടിഞ്ഞു
ഒരു കുതിപ്പിനുള്ള ആവേശം നില നിര്‍ത്തിക്കൊണ്ടാണു വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി ക്ലാേസ് ചെയ്തത്. ആഴ്ചയില്‍ സെന്‍സെക്‌സ് 1.1 ശതമാനവും നിഫ്റ്റി 1.2 ശതമാനവും ഉയര്‍ന്നു. ഐടിയും എഫ്എംസിജിയും ഒഴികെയുള്ള മേഖലകളെല്ലാം മികച്ച നേട്ടം കാഴ്ച വച്ചു.
പാശ്ചാത്യ വിപണികളും നേട്ടത്തിലായിരുന്നു. വെള്ളിയാഴ്ച യുഎസ് സൂചികകളെല്ലാം രണ്ടര ശതമാനത്തിലധികം കുതിച്ചു കയറി. ഡൗ ജോണ്‍സ് കഴിഞ്ഞയാഴ്ച 5.72 ശതമാനവും നാലാഴ്ചയില്‍ 14.4 ശതമാനവും ഉയര്‍ന്നു. നാസ്ഡാക് കഴിഞ്ഞയാഴ്ച 2.17 ശതമാനം ഉയര്‍ന്നപ്പോള്‍ ഒരു മാസം കൊണ്ടു 2.65 ശതമാനമേ കയറിയുള്ളു. ജനുവരി മുതല്‍ ഇക്കൊല്ലം ഡൗ 10.2 ശതമാനം താഴ്ചയിലായപ്പോള്‍ നാസ്ഡാക് 30 ശതമാനം ഇടിവിലാണ്. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ചെറിയ താഴ്ചയിലാണെങ്കിലും വിപണി മനോഭാവം ബുള്ളിഷ് തന്നെയാണ്. പെട്ടെന്നുള്ള തിരിച്ചടി പ്രതീക്ഷിക്കുന്നില്ല.
ഇന്ന് ഓസീസ്-ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. ഓസ്‌ട്രേലിയന്‍ വിപണി ഒരു ശതമാനം നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനില്‍ നിക്കൈ തുടക്കത്തില്‍ ഒന്നേകാല്‍ ശതമാനം കയറി. ചൈനീസ് വിപണി കഴിഞ്ഞ ദിവസത്തേതുപോലെ ഇന്നും താഴ്ചയിലാണ്. ഹാങ് സെങ് ഒരു ശതമാനവും ഷാങ്ഹായ് സൂചിക 0.8 ശതമാനവും താഴ്ന്നു വ്യാപാരം തുടങ്ങി.
സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി വലിയ നേട്ടത്തോടെ18,028 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,993 -ലേക്കു താഴ്ന്നിട്ട് 18,020 ലേക്കുയര്‍ന്നു. ഇന്ത്യന്‍ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഇന്ന് കാതല്‍ മേഖലയിലെ വ്യവസായ വളര്‍ച്ചയുടെ കണക്ക് അറിവാകും. അടുത്ത ദിവസം വ്യവസായ, സേവന മേഖലകളുടെ പിഎംഐ സൂചികകള്‍ അറിയും. വളര്‍ച്ചയുടെ ഗതിയും തോതും അവയില്‍ അറിയാം. ബുധനാഴ്ച അമേരിക്കയിലെ പലിശ വര്‍ധന പ്രഖ്യാപിക്കും.
വെള്ളിയാഴ്ച സെന്‍സെക്‌സ് 203.01 പോയിന്റ് (0.34%) കയറി 59,959.85ലും നിഫ്റ്റി 49.85 പോയിന്റ് (0.28%) കയറി 17,786.8 ലും ക്ലോസ് ചെയ്തു. എന്നാല്‍ മിഡ് ക്യാപ് (-0.41%), സ്‌മോള്‍ ക്യാപ് (-0.62%) സൂചികകള്‍ താഴ്ന്നാണു ക്ലോസ് ചെയ്തത്. വാഹന, ഓയില്‍ - ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍ മേഖലകള്‍ നേട്ടം കാണിച്ചു. മെറ്റല്‍, ബാങ്കിംഗ്, ഐടി മേഖലകള്‍ വലിയ താഴ്ചയിലായി.
വിദേശികളില്‍ വലിയ പ്രതീക്ഷ
വിദേശ നിക്ഷേപകര്‍ 1568.75 കോടി രൂപ ക്യാഷ് വിപണിയില്‍ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകള്‍ 613.37 കോടിയുടെ വില്‍പനക്കാരായി. ഒക്ടോബറില്‍ ഇതുവരെ വിദേശികള്‍ 1586 കോടി രൂപ വിപണിയില്‍ നിന്നു പിന്‍വലിച്ചിട്ടുണ്ട്. മാസത്തിന്റെ ആദ്യഘട്ടത്തിലാണു പിന്മാറ്റം കൂടുതല്‍ നടന്നത്. കഴിഞ്ഞ ഏതാനും വ്യാപാര ദിവസങ്ങളില്‍ വിദേശികള്‍ ഗണ്യമായ തുക ഓഹരികളില്‍ നിക്ഷേപിച്ചിരുന്നു. ഓഗസ്റ്റില്‍ 51,200 കോടി രൂപ നിക്ഷേപിച്ചതു പോലെ നവംബറിലും വിദേശികള്‍ വലിയ നിക്ഷേപകരാകും എന്ന പ്രതീക്ഷ പലര്‍ക്കും ഉണ്ട്.
വിപണി മുന്നേറ്റ മനോഭാവം തുടരും എന്നാണു വിശകലന വിദഗ്ധര്‍ കരുതുന്നത്. നിഫ്റ്റിക്ക് 17,735 ലും 17,665ലും സപ്പോര്‍ട്ട് ഉണ്ട്. 17,810-ലും 17,920 ലും തടസങ്ങള്‍ ഉണ്ട്.
ക്രൂഡ് ഓയില്‍ വാരാന്ത്യത്തില്‍ ഉയര്‍ന്നു നിന്നു. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 96.26 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 95.80 ഡാേളറിലേക്കു താഴ്ന്നു. വില ഇനിയും താഴ്‌ന്നേക്കും.
വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ച താഴ്ന്നാണു ക്ലോസ് ചെയ്തത്. അലൂമിനിയം 4.7-ഉം ചെമ്പ് 1.85-ഉം ശതമാനം കുറഞ്ഞു. സിങ്ക്, ടിന്‍ തുടങ്ങിയവയും താഴ്ചയിലാണ്.
സ്വര്‍ണം വെള്ളിയാഴ്ച 1645 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1642- 1644 ഡോളറിലാണു വ്യാപാരം. കേരളത്തില്‍ സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 37,400 രൂപയായി.
വെള്ളിയാഴ്ച ഡോളര്‍ 82.47 രൂപയിലാണു ക്ലോസ് ചെയ്തത്. ഡോളര്‍ സൂചിക അന്ന് 110.75-ലാണ് അവസാനിച്ചത്. ഇന്നു രാവിലെ സൂചിക 110.9 ലേക്കു കയറി. സൂചിക കരുത്തു കാണിച്ചാല്‍ രൂപ ദുര്‍ബലമാകും.
നിര്‍ണായക യോഗങ്ങള്‍ നാളെ മുതല്‍
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്), ഇന്ത്യയുടെ റിസര്‍വ് ബാങ്ക്, ബ്രിട്ടന്റെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെയെല്ലാം നിര്‍ണായക യോഗങ്ങള്‍ ഈയാഴ്ചത്തെ വിപണിഗതിയെ നിയന്ത്രിക്കും.
റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) വ്യാഴാഴ്ച ചേരുന്നതു വിലക്കയറ്റം കഴിഞ്ഞ മൂന്നു പാദങ്ങളിലും പരിധി കടന്നതിനെപ്പറ്റി സര്‍ക്കാരിനു നല്‍കേണ്ട വിശദീകരണം തയാറാക്കാനാണ്. നാലു ശതമാനത്തില്‍ ചില്ലറ വിലക്കയറ്റം നിര്‍ത്തണമെന്നാണു കമ്മിറ്റിക്കു പാര്‍ലമെന്റ് നല്‍കിയിട്ടുള്ള നിര്‍ദേശം. പരമാവധി ആറും കുറഞ്ഞത് രണ്ടും ശതമാനമാകാം. പക്ഷേ ജനുവരി മുതല്‍ ചില്ലറ വിലക്കയറ്റം ആറു ശതമാനത്തില്‍ താഴെ വന്നിട്ടില്ല. അടുത്ത വര്‍ഷമേ ആറില്‍ താഴെ എത്തൂ എന്നാണ് ഇപ്പാേഴത്തെ നിഗമനം. അതും കാര്‍ഷികോല്‍പാദനം പ്രതീക്ഷ പോലെ നടന്നാല്‍ മാത്രം.
പണനയ കമ്മിറ്റി നിലവില്‍ വന്ന ശേഷം ഇതാദ്യമാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കേണ്ടി വരുന്നത്. വിശദീകരണത്തിന്റെ ഭാഷ വ്യാഖ്യാനിച്ച് അടുത്ത പലിശ തീരുമാനത്തെപ്പറ്റി വിപണി നിഗമനങ്ങളിലെത്തും. പലിശ നിരക്കു തീരുമാനിക്കാനുള്ള അടുത്ത എംപിസി യോഗം ഡിസംബര്‍ 5,6,7 തീയതികളിലാണ്.
പലിശ കൂട്ടല്‍ ഈ യോഗത്തിന്റെ അജന്‍ഡയിലില്ല. അജന്‍ഡയില്‍ പെടുത്താതെ പലിശ കൂട്ടാന്‍ മാത്രം അടിയന്തര സാഹചര്യം നിലവിലില്ല. കമ്മിറ്റിയില്‍ പല അംഗങ്ങളും നിരക്ക് വര്‍ധനയുടെ തോതു കുറയ്ക്കണം എന്ന അഭിപ്രായത്തിലേക്കു മാറിയിട്ടുമുണ്ട്. ഡിസംബറില്‍ കാല്‍ ശതമാനം വര്‍ധന മതി എന്നാണവരുടെ നിലപാട്. കഴിഞ്ഞ ആറു മാസം കൊണ്ട് റീപോ നിരക്ക് നാലില്‍ നിന്ന് 5.9 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഫെഡ് എത്ര കൂട്ടും?
ഫെഡ് യോഗം നാളെയും മറ്റന്നാളുമാണ്. ബുധനാഴ്ച രാത്രി തീരുമാനമറിയാം. യുഎസ് ഫെഡ് റേറ്റ് 3.00- 3.25 ശതമാനത്തില്‍ നിന്ന് 3.75-4.00 ശതമാനമാക്കും എന്നാണു പൊതുധാരണ. ഇതു വിപണി മുമ്പേ കണക്കു കൂട്ടിയിട്ടുള്ളതാണ്. ഭാവി വര്‍ധനയെപ്പറ്റി എന്തു പറയുമെന്നാണ് എല്ലാവരും ശ്രദ്ധിക്കുക. ഡിസംബറില്‍ 3.75-4.00-ല്‍ നിന്ന് 4.25-4.50 ലേക്കു മാത്രമേ കൂട്ടൂ എന്നു വ്യക്തമായാല്‍ വിപണി സന്തോഷിക്കും. അതില്‍ കൂടുതലാകും വര്‍ധനയുടെ തോത് എന്നു കണ്ടാല്‍ വിപണി താഴും. ഡിസംബറില്‍ 50 ബേസിസ് പോയിന്റ്, ഫെബ്രുവരിയിലും മാര്‍ച്ചിലും 25 ബേസിസ് പോയിന്റ് വീതം എന്നിങ്ങനെ വര്‍ധിപ്പിച്ച് മാര്‍ച്ച് ഒടുവില്‍ 4.75-5.00 ശതമാനത്തില്‍ ഫെഡ് റേറ്റ് എത്തിക്കും എന്നാണു ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പുതിയ പ്രവചനം. ഇതു ഫെഡ് നേരത്തേ പറഞ്ഞതിലും കൂടുതലാണ്. കാതല്‍ വിലക്കയറ്റം ഇനിയും മയപ്പെട്ടിട്ടില്ല, തൊഴില്‍ വിപണിയില്‍ മാന്ദ്യം ഇല്ല എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വച്ചാണ് പുതിയ നിഗമനങ്ങള്‍. 2023 -ല്‍ മാന്ദ്യത്തിലൂടെ യുഎസ് കടന്നു പോകും എന്നും ഗോള്‍ഡ്മാന്‍ സാക്‌സ് കരുതുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച പലിശ നിരക്ക് 75 ബേസിസ് പോയിന്റ് കൂട്ടി 3.0 ശതമാനമാക്കും എന്നാണു പൊതു നിഗമനം. അര ശതമാനമേ കൂട്ടൂ എന്ന് ഐഎന്‍ജി ബാങ്ക് അഭിപ്രായപ്പെട്ടു. രണ്ടു ശതമാനം ലക്ഷ്യമിട്ടിട്ടുള്ള ചില്ലറ വിലക്കയറ്റം ഇപ്പാേള്‍ 10 ശതമാനത്തിലധികമാണ്. എന്ന് 1989-നു ശേഷമുള്ള ഏറ്റവും കൂടിയ വര്‍ധനയാകുമിത്.
മാരുതിയും പഞ്ചസാര കമ്പനികളും
വെള്ളിയാഴ്ച മാരുതി സുസുകിയുടെ രണ്ടാം പാദ വരുമാനം 46 ശതമാനവും അറ്റാദായം 334 ശതമാനവും വര്‍ധിച്ചത് ഓഹരിവിലയെ അഞ്ചു ശതമാനം ഉയര്‍ത്തി. കഴിഞ്ഞ പാദത്തില്‍ 5.17 ലക്ഷം വാഹനങ്ങള്‍ കമ്പനി വിറ്റു. ഇതു റിക്കാര്‍ഡാണ്.
പഞ്ചസാര കയറ്റുമതി നയം പ്രതീക്ഷ പോലെ വന്നില്ല. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഈ സീസണ്‍ മുഴുവന്‍ തുടരും. കയറ്റുമതിയുടെ അളവ് വര്‍ധിപ്പിച്ചില്ല. കൂടുതല്‍ കയറ്റുമതി അനുവദിക്കും എന്ന പ്രതീക്ഷയില്‍ പഞ്ചസാര മില്‍ ഓഹരികളുടെ വില കഴിഞ്ഞയാഴ്ചകളില്‍ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച അവ ഇടിഞ്ഞു. ബല്‍റാംപുര്‍ ചീനി ഏഴുശതമാനം തകര്‍ച്ചയിലായി. പഞ്ചസാര മേഖല ഇന്നും ക്ഷീണത്തിലാകാം.
ഒരു പെന്നി സ്റ്റോക്കിന്റെ കഥ, തട്ടിപ്പിന്റെയും
ലുധിയാന ആസ്ഥാനമായ സെല്‍ മനുഫാക്ചറിംഗ് കമ്പനിയുടെ ഡയറക്ടര്‍ നീരജ് സലൂജയെ സിബിഐ കഴിഞ്ഞ ദിവസം 1531 കോടിയുടെ ബാങ്ക് തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്തു. 2020-ല്‍ രജിസ്റ്റര്‍ ചെയ്തതാണു കേസ്. വെള്ളിയാഴ്ച സെല്‍ ഓഹരികള്‍ അഞ്ചു ശതമാനം ഇടിഞ്ഞ് 664 രൂപയായി.
വര്‍ഷങ്ങളോളം പെന്നി സ്റ്റോക്ക് ആയിരുന്ന ശേഷം അസാധാരണമായി കുതിച്ച് നിക്ഷേപകരെ വ്യാമോഹിപ്പിച്ച ഓഹരിയാണിത്. 2020 ആദ്യം 40 പൈസയായിരുന്നു ഓഹരിവില. കഴിഞ്ഞ വര്‍ഷാവസാനം വില കൂടാന്‍ തുടങ്ങി. ഏപ്രിലില്‍ 1700 രൂപയിലെത്തി. 3,86,400 ശതമാനം വളര്‍ച്ച. പിന്നീട് ഇടിഞ്ഞ് ഇപ്പോള്‍ 664 രൂപയിലാണ്.