ശങ്കിച്ചതു പോലെ ഫെഡ് തീരുമാനം; ആഗാേള വിപണികളിൽ ഇടിവ്; കറൻസികളും ഉലയുന്നു; എല്ലാ കണ്ണുകളും വിദേശികളിൽ
ആശങ്ക പോലെ സംഭവിച്ചു ; ഇനി വിപണിയിലെന്ത്? സ്റ്റീലും ഇരുമ്പയിരും എൻഎംഡിസിയും. ഫെഡ് നിരക്കു വർധന മയപ്പെടുത്തില്ല
ആശങ്ക പോലെ സംഭവിച്ചു. യുഎസ് ഫെഡ് പലിശ വർധനയുടെ ലക്ഷ്യം ഉയർത്തി. ഡിസംബറിൽ പലിശ വർധനയുടെ തോത് കുറച്ചു തുടങ്ങുകയില്ല. സെപ്റ്റംബറിൽ ലക്ഷ്യമിട്ടതിനു മുകളിലേക്ക് ഇപ്പാേഴത്തെ വർധന നീളും എന്നു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. ഇതാടെ യുഎസ് വിപണി സൂചികകൾ ഒന്നര മുതൽ മൂന്നര വരെ ശതമാനം ഇടിഞ്ഞു. ഡോളർ സൂചിക കയറി. സ്വർണം ഇടിഞ്ഞു. കടപ്പത്രവില കുറഞ്ഞു, അവയിലെ നിക്ഷേപനേട്ടം കൂടി.
ഏഷ്യൻ വിപണികൾ രാവിലെ നല്ല ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ വിപണിക്ക് അവധിയാണ്. ദക്ഷിണ കൊറിയൻ വിപണി ഒന്നേകാൽ ശതമാനം ഇടിവിൽ ആരംഭിച്ചു. ഓസ്ട്രേലിയയിൽ തുടക്കം തന്നെ രണ്ടു ശതമാനം വീഴ്ചയാേടെയാണ്. ചൈനയിൽ ഹാങ് സെങ് സൂചിക രണ്ടു ശതമാനം ഇടിഞ്ഞു. ഷാങ്ഹായ് സൂചിക മുക്കാൽ ശതമാനം താഴ്ന്നു.
സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റിയും താഴ്ചയിലാണ്. ഇന്നലെ 18,297വരെ ഉയർന്ന ശേഷം 18,010 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,165-ൽ തുടങ്ങിയ ശേഷം 18,003 ലേക്കു താണു. പിന്നീട് 18,020 വരെ കയറി. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണു സൂചന.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കം മുതലേ താഴ്ചയിലായിരുന്നു. ഇടയ്ക്കു തിരിച്ചു കയറിയെങ്കിലും അവിടെ നിൽക്കാനായില്ല. സെൻസെക്സ് 215.26 പോയിൻ്റ് (0.35%) താഴ്ന്ന് 60,906.09-ലും നിഫ്റ്റി 62.55 പോയിൻ്റ് (62.55%) താഴ്ത്ത് 18,082.85 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ചെറിയ തോതിലേ താഴ്ന്നുള്ളു. മെറ്റൽ, ഫാർമ, മീഡിയ, ഹെൽത്ത്, ഓയിൽ - ഗ്യാസ് എന്നിവയൊഴികെ എല്ലാ വ്യവസായ മേഖലകളും ഇടിഞ്ഞു. റിയൽറ്റി, ഓട്ടോ, ബാങ്കിംഗ്, ധനകാര്യ, ഐടി തുടങ്ങിയ മേഖലകളൊക്കെ വലിയ താഴ്ചയിലായി.
വിദേശ നിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. 1436.3 കോടി രൂപയാണ് അവർ ഇന്നലെ ഓഹരികളിൽ മുടക്കിയത്. സ്വദേശി ഫണ്ടുകൾ 1378.12 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഫെഡ് പലിശലക്ഷ്യം ഉയർത്തിയ സാഹചര്യത്തിൽ വിദേശ നിക്ഷേപകർ നിലപാടു മാറ്റുമോ എന്നാണു വിപണി ഉറ്റു നോക്കുന്നത്. അവർ വീണ്ടും പണം പിൻവലിക്കാൻ തുടങ്ങിയാൽ വിപണി താഴോട്ടു പോകും. അല്ലെങ്കിൽ ഉയർന്നു പുതിയ റിക്കാർഡുകൾ കുറിക്കും. ഗതി ഏതാണെന്ന സൂചന ഇന്നത്തെ വ്യാപാരത്തിൽ ലഭിച്ചേക്കും.
നാലു ദിവസം തുടർച്ചയായി ഉയർന്ന വിപണി യുഎസ് ഫെഡ് നടപടിയെപ്പറ്റിയുള്ള ആശങ്കയിലാണ് ഇന്നലെ താഴ്ന്നത്. (ആശങ്ക ശരിയായി). സൂചികകൾ ബെയറിഷ് മനോഭാവം കാണിച്ചു. നിഫ്റ്റിക്ക് 18,050-ലും 17,975 ലും സപ്പോർട്ട് ഉണ്ടാകും. ഉയരുമ്പോൾ 18,150-ഉം 18,235-ഉം തടസ മേഖലകളാണ്.
ക്രൂഡ് ഓയിൽ ഇന്നലെ കയറിയിറങ്ങി. ബ്രെൻ്റ് ഇനം 96.16 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 95.35 ഡോളറിലേക്കു താണു. വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലായിരുന്നു. ചെമ്പ് അര ശതമാനം താണപ്പോൾ അലൂമിനിയം അതേ പോലെ ഉയർന്നു.
സ്റ്റീലും ഇരുമ്പയിരും എൻഎംഡിസിയും
സ്റ്റീൽ വിപണിയുടെ ഗതി താഴോട്ടാണെന്നു വ്യക്തമാക്കി ഇരുമ്പയിര് വില 13 ശതമാനം ഇടിഞ്ഞ് ടണ്ണിന് 80 ഡോളർ ആയി. മാർച്ചിലെ ഉയരത്തിൽ നിന്നു പകുതിയിൽ താഴെയായി അയിരിൻ്റെ വില. രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ചൈനയിലെ കോ വിഡ് നിയന്ത്രണങ്ങൾ അവിടത്തെ വമ്പൻ സ്റ്റീൽ മില്ലുകളെ താങ്ങാനാവാത്ത നഷ്ടത്തിലേക്കു വീഴ്ത്തിയിരിക്കുകയാണ്. മിക്കതും അടച്ചിട്ടു.
ഇന്ത്യയിലെ പ്രമുഖ ഇരുമ്പയിര് ഉൽപാദന സ്ഥാപനമായ എൻഎംഡിസിയുടെ ഒക്ടോബറിലെ വിൽപന 13.7 ശതമാനം കുറഞ്ഞു. ഒക്ടോബറിൽ ഉൽപാദനം കൂടിയെങ്കിലും ഏപ്രിൽ - ഒക്ടോബർ ഉൽപാദനം 6.3 ശതമാനം കുറവാണ്. സഞ്ചിത വിൽപനയിൽ 12 ശതമാനം കുറവുണ്ട്.
ഇതൊക്കെയാണെങ്കിലും കഴിഞ്ഞ ഒരാഴ്ചകൊണ്ട് എൻഎംഡിസി ഓഹരി 16 ശതമാനം കുതിച്ചു. ഇന്നലെ മാത്രം അഞ്ചു ശതമാനം ഉയർന്നു. ഉപ കമ്പനിയായ എൻഎംഡിസി സ്റ്റീലിനെ വേർപെടുത്താൻ കമ്പനി മന്ത്രാലയം അനുവദിച്ചതാണ് ഓഹരിയെ ഉയർത്തുന്നത്. എൻഎംഡിസി ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും ഓരോ എൻഎംഡിസി സ്റ്റീൽ ഓരോ കിട്ടും.
സ്വർണം ഇന്നലെ വല്ലാതെ ചാഞ്ചാടി. ഫെഡ് തീരുമാനത്തെ തുടർന്ന് 1671.1 ഡോളർ വരെ കുതിച്ച ശേഷം പവലിൻ്റെ വിശദീകരണം കഴിഞ്ഞപ്പോൾ 1631 ഡോളർ വരെ ഇടിഞ്ഞു. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 1639-1641 ഡോളറിലാണു വ്യാപാരം. ഇന്നലെ കേരളത്തിൽ പവന് 200 രൂപ വർധിച്ച് 37,480 രൂപയായി.
രൂപ ഇന്നലെ തുടക്കത്തിൽ നേട്ടം ഉണ്ടാക്കിയെങ്കിലും ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്. ഡോളർ ഒൻപതു പൈസ നേട്ടത്തോടെ 82.78 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 110.43-112.15 മേഖലയിൽ ചാഞ്ചാടിയിട്ട് 111.35 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 112.2 വരെ കയറിയ സൂചിക പിന്നീട് 111.97 ലേക്കു താണു.
പ്രതീക്ഷ പാളി; ഫെഡ് നിരക്കു വർധന മയപ്പെടുത്തില്ല
ഇന്നലെ ഫെഡ് റേറ്റ് 3.00- 3.25 ശതമാനത്തിൽ നിന്ന് 3.75-4.00 ശതമാനത്തിലേക്ക് ഉയർത്തി. ഈ തോതിലുള്ള വർധന ഇതാേടെ തീരും, ഇനി ഡിസംബറിൽ 50 ബേസിസ് പോയിൻ്റും പിന്നീട് 25 ബേസിസ് പോയിൻ്റും വർധനയേ ഉണ്ടാകൂ എന്നാണ് വിപണി കണക്കാക്കിയിരുന്നത്, അഥവാ ആഗ്രഹിച്ചിരുന്നത്. അതുപോലെ നടന്നില്ല.
ഫെഡ് വിതരണം ചെയ്ത പ്രസ്താവന നിരക്കു വർധനയുടെ തോതു കുറയും എന്ന സൂചന ഉണ്ടായിരുന്നു. പക്ഷേ, ചെയർമാൻ മാധ്യമങ്ങളെ കണ്ടപ്പോൾ 'കഴുകൻ നയം' തുടരുകയാണെന്നു വ്യക്തമാക്കി. ഫെഡ് ചെയർമാൻ ജെറോം പവൽ മാധ്യമങ്ങളോടു പറഞ്ഞത് ഇതാണ്: ഫെഡ് റേറ്റ് പരമാവധി 4.75 ശതമാനത്തിൽ എത്തിയിട്ട് വർധനയ്ക്കു വിരാമമിടുമെന്ന നിഗമനം ശരിയല്ല. വിലക്കയറ്റത്തിനെതിരായ പോരാട്ടം നീണ്ടു നിൽക്കും. കാരണം വിലക്കയറ്റം പത്തി മടക്കാനുള്ള സൂചനകളൊന്നും ഇപ്പോൾ നൽകുന്നില്ല. നേരത്തേ കണക്കാക്കിയതിലും കൂടിയ നിലവാരത്തിലേക്കു ഫെഡ് റേറ്റ് ഉയർത്തേണ്ടി വരും.
പ്രസ്താവന വായിച്ച ശേഷം വിപണികൾ ഉത്സാഹത്തിലായി. ഡൗ ജോൺസ് 33,072 വരെ കയറി. സ്വർണം 1671 ൽ എത്തി. ഡോളർ സൂചിക 110.43 ലേക്കു വീണു. പിന്നീടു പവലിൻ്റെ സംസാരം കഴിഞ്ഞപ്പോൾ ഡൗ 933 പോയിൻ്റ് ഇടിഞ്ഞു 32,140-ലെത്തി. സ്വർണം 1633-ലേക്കു താണു. സോളർ സൂചിക 112.15 വരെ കയറി.
ഫെഡ് റേറ്റ് ഉയരുമ്പോൾ പാർപ്പിട വായ്പയ്ക്ക് അടക്കം എല്ലാ വായ്പകൾക്കും പലിശ കൂടും. ബിസിനസുകൾക്കു ക്ഷീണമാകും. വിൽപന കുറയും, തൊഴിലില്ലായ്മ കൂടും. ഇതു സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും. ഇതാണു വിപണികളെ നയിക്കുന്ന ആശങ്ക.
പക്ഷേ, ലക്ഷ്യം സാധിക്കും മുമ്പ് പലിശ വർധന കുറയ്ക്കുന്നത് 1970-കളിലെ അബദ്ധം ആവർത്തിക്കുന്നതിനു തുല്യമാണെന്നു പവൽ കരുതുന്നു. അങ്ങനെ ചെയ്താൽ പിന്നീട് അമിതമായ പലിശവർധന വേണ്ടി വരുമെന്നും അതു നീണ്ട മാന്ദ്യം ഉണ്ടാക്കുമെന്നുമാണു പവൽ കരുതുന്നത്.