പലിശപ്പേടി മാറ്റിവച്ച് ഇന്ത്യൻ വിപണി; വിദേശസൂചനകൾ സമ്മിശ്രം; ഡോളർ ഉയർന്നു തന്നെ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് എന്ത് സംഭവിക്കും? സി എസ് ബി ബാങ്കും ഫെഡറൽ ബാങ്കും മുന്നേറ്റത്തിൽ. സേവനേ മേഖലയിൽ ഉണർവ് , തൊഴിൽ കൂടി

Update:2022-11-04 08:39 IST

ഫെഡ് പലിശ കൂട്ടുന്നതിനെപ്പറ്റി അധികം വേവലാതിപ്പെടാതെ മുന്നോട്ടു നീങ്ങാനാണ് ഇന്ത്യൻ വിപണി ശ്രമിക്കുന്നത്. എങ്കിലും വിദേശ നിക്ഷേപകരുടെ നിലപാട് ഫെഡിനെയും യുഎസ് പലിശയെയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ സമ്പൂർണമായി വിട്ടു നിൽക്കാനും കഴിയില്ല. ഈ അനിശ്ചിതത്വമാണു വിപണിയിൽ രണ്ടു ദിവസമായി കാണുന്നത്. അത് ഇന്നും തുടരാം.

ഇന്നലെ വിദേശ വിപണികൾ പൊതുവേ നഷ്ടത്തിലായിരുന്നു. യൂറോപ്പിൽ ലണ്ടൻ വിപണി മാത്രമേ നേട്ടത്തോടെ ക്ലോസ് ചെയ്തുള്ളു. ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും കുറഞ്ഞ പലിശ 75 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് മൂന്നു ശതമാനമാക്കി. യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക 0.46 ശതമാനം മാത്രം താണപ്പാേൾ എസ് ആൻഡ് പി 1.06 ശതമാനം ഇടിഞ്ഞു. ടെക് ഓഹരികൾ നിയന്ത്രിക്കുന്ന നാസ്ഡാക് സൂചിക 1.73 ശതമാനം താഴ്ചയിലായി. വലിയ ടെക് കമ്പനികൾ കൂടുതൽ ദൗർബല്യം കാണിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ സമ്മിശ്ര ചിത്രമാണു നൽകിയത്. ഓസ്ടേലിയയിലെ എഎസ് എക്സ് സൂചിക താഴ്ന്നു തുടങ്ങിയിട്ട് ഉയർന്നു. ഒരു ദിവസത്തെ അവധിക്കു ശേഷം തുറന്ന ജപ്പാനിലെ നിക്കൈ രണ്ടു ശതമാനം ഇടിഞ്ഞു. എന്നാൽ ദക്ഷിണ കൊറിയൻ സൂചിക കോസ്പി നേട്ടത്തിൽ തുടങ്ങി നഷ്ടത്തിലേക്കു മാറി.
ചൈനീസ് വിപണി ഉണർവിലാണ്. ഷാങ്ഹായ് സൂചിക രാവിലെ ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് രണ്ടു ശതമാനം നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,150 വരെ ഉയർന്നിട്ട് 18,092-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,124-ൽ തുടങ്ങിയിട്ട് 18,080 ലേക്കു താഴ്ന്നു. പിന്നീടു 18,100 നു മുകളിലായി . ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നു തുടങ്ങിയ ശേഷം നേട്ടത്തിലാകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എങ്കിലും വലിയ നഷ്ടത്തിൽ നിന്നു മാറിയാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 69.68 പോയിൻ്റ് (0.11%) താണ് 60,836.41- ലും നിഫ്റ്റി 30.15 പോയിൻ്റ് (0.17%) കുറഞ്ഞ് 18,058.7 ലും ക്ലോസ് ചെയ്തു. വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. മിഡ് ക്യാപ് സൂചിക 0.34% വും സ്മോൾ ക്യാപ് സൂചിക 0.24% വും ഉയർന്നു.
വിപണി തുടക്കത്തിലേക്കാൾ ഉയർന്നു ക്ലോസ് ചെയ്തത് തിരിച്ചു കയറ്റത്തിനുള്ള സൂചനയായി വിശകലനക്കാർ വിലയിരുത്തുന്നു. നിഫ്റ്റിക്കു 17,985-ലും 17,890-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,095-ഉം 18,190- ഉം തടസ മേഖലകളാണ്.
വിദേശ നിക്ഷേപകർ ഇന്നലെ 677.62 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 732.11 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിൽ വില ഡോളറിൻ്റെ കരുത്തിനെ തുടർന്ന് അൽപം താഴ്ന്നെങ്കിലും പിന്നീടു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്കു 94.67 ഡോളറിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്ന് 94.4 ലേക്കു താണു.
വ്യാവസായിക ലോഹങ്ങൾ ചാഞ്ചാട്ടത്തിലാണ്. ചെമ്പ് 2.5 ശതമാനം കയറി ടണ്ണിന് 7509 ഡോളറിലെത്തി. നിക്കൽ 1.3- ഉം സിങ്ക് മൂന്നും ശതമാനം താണു. അലൂമിനിയം, ടിൻ, ലെഡ് തുടങ്ങിയവ ചെറിയ തോതിൽ കയറി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തകർച്ചയിലായ ഇരുമ്പയിര് രണ്ടര ശതമാനം ഉയർന്നു.
സ്വർണം ചെറിയ മേഖലയിൽ ( 1616-1639 ഡോളർ) കയറിയിറങ്ങി. ഇന്നു രാവിലെ 1631-1633 ഡോളറിലാണു വ്യാപാരം.
രൂപ ഇന്നലെ ഇടിഞ്ഞു. ഡോളർ കരുത്ത് കൂടിയതാണു കാരണം. ഡോളർ 10 പൈസ വർധിച്ച് 82.88 രൂപയായി.
ഇന്നും ഡോളർ ഉയർന്നാണു നീങ്ങുന്നത്. ഇന്നലെ 112.93-ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക രാവിലെ 112.9 ലാണ്. യൂറോ, ചൈനീസ് യുവാൻ, ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയവയൊക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ താഴ്ചയിലായി.
മൂന്നു ബാങ്കുകൾ കുതിപ്പിൽ
റിസൽട്ടുകളുടെ വെളിച്ചത്തിലാണ് ഈ ദിവസങ്ങളിൽ ഓഹരിവിലകൾ നീങ്ങുന്നത്.  ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ മൂന്നു ശതമാനത്തോളം ഉയർന്ന് 137.9 രൂപ എന്ന റിക്കാർഡിലെത്തി. ഇനിയും ഉയരുമെന്നാണു സംസാരം.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നലെ എട്ടു ശതമാനം കുതിച്ച് 14.85 രൂപയിലെത്തി. മികച്ച രണ്ടാം പാദ ഫലം പ്രഖ്യാപിച്ചതിനു ശേഷം ബാങ്ക് ഓഹരി 13 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ആറു മാസം കൊണ്ട് 90 ശതമാനത്തോളം ഉയർന്ന ഈ സ്വകാര്യ ബാങ്കിൽ ചില വലിയ നിക്ഷേപകരും ഫണ്ടുകളും താൽപര്യം കാണിക്കുന്നതായി സംസാരമുണ്ട്.
കഴിഞ്ഞ ദിവസം 20 ശതമാനം കുതിച്ച കർണാടക ബാങ്ക് ഇന്നലെ എട്ടു ശതമാനം കയറി 123 രൂപയിലെത്തി. പിന്നീടു 120.6- ൽ ക്ലോസ് ചെയ്തു. ആറു മാസം കൊണ്ടു 90 ശതമാനത്തിലധികം വളർച്ച കാണിച്ചതാണ് ഓഹരി. കഴിഞ്ഞ പാദത്തിലെ റിസൽട്ട് റിക്കാർഡ് ലാഭം രേഖപ്പെടുത്തി.
സേവന മേഖലയിൽ കുതിപ്പ്, തൊഴിൽ കൂടി
ഒക്ടോബറിൽ രാജ്യത്തെ സേവന മേഖലയും തൊഴിൽ രംഗവും ഉണർവിലാണെന്നു പിഎംഐ (പർച്ചേസിംഗ് മനേജേഴ്സ് ഇൻഡെക്സ്) സർവേ. സേവന പിഎംഐ 54.3-ൽ നിന്ന് 55.1 ആയി. നിരക്കുകൾ വർധിപ്പിച്ചിട്ടും സേവന മേഖലയിലെ കമ്പനികൾക്കു ബിസിനസ് വളരുകയാണ്.
ഡിമാൻഡ് കൂടിയതനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂട്ടി. വിദേശ ഡിമാൻഡ് കുറയുന്നതായും ആഭ്യന്തര ഡിമാൻഡ് വർധിക്കുന്നതായും സർവേ കാണിക്കുന്നു. ബിസിനസിൻ്റെ വാർഷിക വളർച്ച പ്രതീക്ഷയും ഉയർന്നു. ഇതാണു കൂടുതൽ പേരെ ജോലിക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്.


Tags:    

Similar News