ഉത്സാഹം വിടാതെ വിപണി; രൂപ കരുത്താേടെ മുന്നേറ്റത്തിൽ; ബാങ്കുകളിൽ നിക്ഷേപക ശ്രദ്ധ
ആവേശ കുതിപ്പിൽ ഇന്ത്യൻ ഓഹരി വിപണി. ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, ഫെ ഡറൽ ബാങ്ക് ഓഹരികൾ മുന്നേറ്റത്തിൽ.യുഎസ് തെരഞ്ഞെടുപ്പും വിപണിയും
വിപണികൾ പൊതുവേ ഉത്സാഹത്തിലാണ്. വിപരീത വാർത്തകൾ പ്രതീക്ഷിക്കുന്നില്ല. ഇന്നത്തെ അവധിക്കു ശേഷം നാളെയും ഇന്ത്യൻ വിപണി ഇതേ ഉണർവ് തുടരുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ.
ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ സൂചികകൾ പൊതുവേ ഉയർന്നപ്പോൾ ബ്രിട്ടനിലെ എഫ്ടിഎസ്ഇ താഴാേട്ടു പോയി. യുഎസ് വിപണി ചെറിയ ചാഞ്ചാട്ടത്തിനു ശേഷം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 1.3 ശതമാനം ഉയർന്നപ്പോൾ ടെക്നോളജി മേഖലയിലെ പ്രശ്നങ്ങൾ മൂലം നാസ്ഡാക് 0.85 ശതമാനമേ ഉയർന്നുള്ളു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നേട്ടത്തോടെ തുടങ്ങി. ജപ്പാനിലെ നിക്കൈ ഒന്നര ശതമാനം ഉയർന്നു. ഷാങ്ഹായ് സൂചികകൾ താഴ്ചയിലാണു വ്യാപാരം. എന്നാൽ ഹോങ് കോങ് സൂചിക നേട്ടത്തിലാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,370-ലേക്കുയർന്നാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 18,376 വരെ കയറിയിട്ട് 18,350 നടുത്തായി.
ഇന്നലെ ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം നല്ല നേട്ടത്തോടെ ക്ലോസ് ചെയ്തു. വ്യാപാരത്തുടക്കം ആവേശകരമായിരുന്നു. പക്ഷേ പിന്നീടു വിൽപന സമ്മർദം പല മേഖലകളെയും വലിച്ചു താഴ്ത്തി. മുഖ്യസൂചികകൾ ഒന്നിലേറെ തവണ തലേന്നത്തെ ക്ലോസിംഗിനു താഴെ വന്നു. എങ്കിലും തിരിച്ചു കയറി.
സെൻസെക്സ് 234.79 പോയിൻ്റ് (0.39%) ഉയർന്ന് 61,185.15 -ലും നിഫ്റ്റി 85.65 പോയിൻ്റ് (0.47%) കയറി 18,202.8 -ലും ക്ലോസ് ചെയ്തു. വിശാല വിപണി കുറേക്കൂടി നേട്ടം കുറിച്ചു.
മിഡ് ക്യാപ് സൂചിക 0.81 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83 ശതമാനവും ഉയർന്നു. ബാങ്ക്, വാഹന, ലോഹ, റിയൽറ്റി, ഓയിൽ - ഗ്യാസ് മേഖലകൾ നല്ല നേട്ടം കാഴ്ചവച്ചു. അതേ സമയം ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ ഓഹരികൾ ഇടിഞ്ഞു.
വിദേശ നിക്ഷേപകർ ഇന്നലെ 1948.51 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 844.2 കോടി രൂപ പിൻവലിച്ചു.
ക്രൂഡ് ഉയരത്തിൽ
ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുകയാണ്. ഇന്നലെ 99 ഡോളറിനെ തൊട്ട ബ്രെൻ്റ് ഇനം ഇന്നു രാവിലെ 98.2 ഡോളറിലാണ്. വില ഉയരുമെന്നാണു പ്രതീക്ഷ.
ചൈന കോവിഡ് നിയന്ത്രണങ്ങൾ നീക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിക്കപ്പെട്ടെങ്കിലും വ്യാവസായിക ലോഹങ്ങളുടെ വിലയിൽ വലിയ ഇടിവ് വന്നില്ല. ചെമ്പ്, സിങ്ക്, ടിൻ തുടങ്ങിയവയുടെ വില ഇന്നലെ രണ്ടര ശതമാനം വരെ ഉയർന്നപ്പോൾ അലൂമിനിയവും നിക്കലും ഇടിഞ്ഞു.
സ്വർണം ഇന്നലെ ചെറിയ മേഖലയിൽ ചാഞ്ചാടി. 1667-1682 ഡോളറിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1673-1675 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക താഴ്ന്നതു സ്വർണത്തെ സഹായിച്ചു.
രൂപ കുതിച്ചു
രൂപ ഇന്നലെ മികച്ച നേട്ടം കുറിച്ചു. വെള്ളിയാഴ്ച ഡോളർ 82.88 രൂപയിൽ നിന്ന് 82.43 രൂപയിലേക്കു താണു. ഇന്നലെ 81.92 രൂപയായി ഡോളർ ഇടിഞ്ഞു. ഒരു മാസത്തിനു ശേഷമാണു ഡോളർ 82 രൂപയ്ക്കു താഴെയായത്. ഡോളർ സൂചിക ഇന്നലെ 110.12 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 110.24 ലാണ് സൂചിക.
പൊതുമേഖലാ ബാങ്കുകൾക്കു താരത്തിളക്കം
പൊതുമേഖലാ ബാങ്കുകളാണ് ഇന്നലെ തിളങ്ങിയത്. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക 4.5 ശതമാനം കുതിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസൽട്ട് അവയുടെ കുതിപ്പിനു വഴിവച്ചു. ഏഴു വർഷത്തിനിടയിലെ മികച്ച മാർജിനാണ് എസ്ബിഐ കുറിച്ചത്. ലാഭം, അറ്റ പലിശ വരുമാനം തുടങ്ങിയവയിലെ കുതിപ്പും നിഷ്ക്രിയ ആസ്തികളിലെ കുറവും നേട്ടങ്ങളായി.
വരുന്ന പാദങ്ങളിലും ബാങ്കിന് ഇതേ രീതിയിൽ മുന്നേറാം എന്നാണു വിലയിരുത്തൽ. ഓഹരി ഒരു വർഷത്തിനകം 800 രൂപയ്ക്കു മുകളിലാകും എന്നാണു ബ്രോക്കറേജുകളുടെ പുതിയ നിഗമനം. എസ്ബിഐ ഓഹരി ഇന്നലെ 622.7 രൂപ വരെ ഉയർന്നിട്ട് 613.8-ൽ ക്ലോസ് ചെയ്തു.
ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ ഇന്നലെ 10 ശതമാനത്തിലേറെ കുതിച്ചു. ബാങ്കിൻ്റെ മികച്ച റിസൽട്ട് വിലലക്ഷ്യം 200 രൂപയിലേക്കുയർത്താൻ ബ്രോക്കറേജുകളെ പ്രേരിപ്പിച്ചു. ഓഹരി ഇന്നലെ 161.6 രൂപ വരെ കയറിയിട്ട് 158.25-ൽ ക്ലോസ് ചെയ്തു. യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയും ഇന്നലെ നാലു മുതൽ ഏഴുവരെ ശതമാനം നേട്ടം കുറിച്ചു.
ധനലക്ഷ്മിയിൽ വലിയ കുതിപ്പ്
തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നലെ ഇന്നലെ 15.93 ശതമാനം ഉയർന്ന് 15.65 രൂപയിലാണു ക്ലോസ് ചെയ്തത്. വ്യാപാരം അവസാനിക്കാറായപ്പോഴാണ് ഈ വലിയ കയറ്റമുണ്ടായത്. അഞ്ചു ദിവസം കൊണ്ടു 30 ശതമാനത്തോളം കുതിപ്പ് ഓഹരിക്കുണ്ടായി. ഡയറക്ടർ ബോർഡിലെ പടലപിണക്കങ്ങളും ഉന്നത മാനേജ്മെൻ്റിലെ ഉരസലുകളും മൂലം ബാങ്കിൻ്റെ അടിയന്തര കാര്യങ്ങളിൽ പോലും തീരുമാനം ഉണ്ടാകാതെ കിടക്കുകയാണ്.
താമസിയാതെ ബാങ്ക് മൂലധന പ്രതിസന്ധിയിലുമാകാം. റിസർവ് ബാങ്ക് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു റിപ്പോർട്ടുകൾ ഉണ്ട്. റിസർവ് ബാങ്ക് നടപടി ആസന്നമാണെന്ന ശ്രുതി വിപണിയിലുണ്ട്. ബാങ്കിനെ ഏറ്റെടുക്കാൻ താൽപര്യമുള്ള ധനകാര്യ കമ്പനികൾ റിസർവ് ബാങ്കുമായി ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇന്നലെ അഞ്ചു ശതമാനം വരെ ഉയർന്നിട്ടു 2.36 ശതമാനം നേട്ടത്തോടെ 15.2 രൂപയിൽ ക്ലാേസ് ചെയ്തു. ഒരു മാസം കൊണ്ട് 54 ശതമാനം ഉയർന്ന ഓഹരിക്ക് ഇനിയും നേട്ടം ഉണ്ടാകുമെന്നു പലരും കരുതുന്നു.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 139.25 രൂപ എന്ന പുതിയ റിക്കാർഡ് കുറിച്ചിട്ടു താഴ്ന്നു. ബ്രോക്കറേജുകൾ ഓഹരിക്ക് ഇനിയും ഉയർച്ച കാണുന്നുണ്ട്.
യുഎസ് തെരഞ്ഞെടുപ്പും വിപണിയും
ഇന്നു നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം എന്തായാലും വിപണിയിൽ നാടകീയ ചലനം ഉണ്ടാവുകയില്ലെന്നാണു വിലയിരുത്തൽ. പ്രസിഡൻ്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാർട്ടിക്കും ചെറിയ തിരിച്ചടി വിപണി മുമ്പേ കണക്കാക്കിയിരുന്നു.
സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷവും കണക്കാക്കിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വിപണിയിൽ കുറേ ചലനങ്ങൾ പ്രതീക്ഷിക്കാം.
ബൈഡൻ്റെ ഇമേജ് തകർക്കാൻ ഗ്യാസൊലിൻ (പെട്രാേൾ) വില കൂട്ടി നിർത്താൻ രാജ്യാന്തര ഗൂഢാലോചന ഉണ്ടായിരുന്നെന്നു കരുതുന്നവരുണ്ട്. വ്യാഴാഴ്ച വരുന്ന യുഎസ് ചില്ലറ വിലക്കയറ്റ കണക്കിലാണു വിപണി കൂടുതൽ ശ്രദ്ധിക്കുന്നത്. അതു കുറയുന്ന പക്ഷം പലിശ വർധനയുടെ തോത് കുറയുമെന്നാണു പ്രതീക്ഷ.