ജി.എസ്.ടി പിരിവും വാഹന വില്‍പ്പനയും പോസിറ്റീവ്
വിപണികൾക്ക് ഫിച്ച് ആഘാതം; യുഎസ് റേറ്റിംഗ് താഴ്ത്തി; ഏഷ്യൻ വിപണികൾ ഇടിവിൽ; സാമ്പത്തിക സൂചകങ്ങൾ പോസിറ്റീവ്
വിപണികൾക്ക് അപ്രതീക്ഷിത ആഘാതങ്ങൾ അപൂർവമല്ല. അത്തരമൊന്നാണ് ഇന്നലെ ഫിച്ച് റേറ്റിംഗ്സിൽ (Fitch Ratings)നിന്ന് ഉണ്ടായത്. യുഎസ് സർക്കാരിന്റെ റേറ്റിംഗ്സ് ട്രിപ്പിൾ എ (A A A)യിൽ നിന്നു താഴ്ത്തി. തന്മൂലം ഇന്നു വിപണികൾ ഇടിവിലാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,802ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,760 വരെ താണു. ഇന്ത്യൻ വിപണി ഇന്നു ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെ നഷ്ടത്തിലായി. പ്രധാന സൂചികകൾ 1.4 ശതമാനം വരെ താണു. യൂറോസോണിൽ ഫാക്ടറി ഉൽപാദനം വീണ്ടും താഴ്ചയിലായി. കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണു ജൂലൈയിലേത്. വിദേശ വിപണികൾ ഇടിഞ്ഞാൽ ഇന്ത്യൻ വിപണിയും ഇന്ന് ഇടിഞ്ഞേക്കും.
ചൊവ്വാഴ്ച ഡൗ ജോൺസ് 71.15 പോയിന്റ് (0.20%) ഉയർന്ന് 35,630.68 ൽ ക്ലോസ് ചെയ്തു. അതേ സമയം മറ്റു സൂചികകൾ താഴ്ന്നു. എസ് ആൻഡ് പി 12.23 പോയിന്റ് (0.27%) കുറഞ്ഞ് 4576.73ൽ എത്തി. നാസ്ഡാക് 62.11 പോയിന്റ് (0.43%) താഴ്ന്ന് 14,283.91 ൽ ക്ലോസ് ചെയ്തു.
വ്യാപാരസമയത്തിനു ശേഷം റേറ്റിംഗ് ഏജൻസി ഫിച്ച്, അമേരിക്കയുടെ റേറ്റിംഗ് ട്രിപ്പിൾ എയിൽ നിന്ന് ഡബിൾ എ പ്ലസിലേക്കു (AA+)താഴ്ത്തി. ഇതു യുഎസ് ഓഹരികളുടെ ഫ്യൂച്ചേഴ്സ് വലിയ തോതിൽ ഇടിയാൻ കാരണമായി. ഡൗ ഫ്യൂച്ചേഴ്സ് 0.23 ശതമാനം താണു. നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.46 ശതമാനവും എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 0.39 ശതമാനവും ഇടിഞ്ഞു. യുഎസ് ഭരണകൂടം ഫിച്ച് റേറ്റിംഗ്സിന്റെ നടപടി ഏകപക്ഷീയമാണെന്നു വിമർശിച്ചു. വോൾ സ്ട്രീറ്റിനും ഇത് അപ്രതീക്ഷിതമായിരുന്നു. ഓഹരികൾ താണു. ഡോളർ ദുർബലമായി. യുഎസ് സർക്കാർ കടപ്പത്രങ്ങൾക്കു വില കൂടി.
നേരത്തേ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (Standard & Poor's)യുഎസിന്റെ റേറ്റിംഗ് ട്രിപ്പിൾ എയിൽ നിന്നു താഴ്ത്തിയിരുന്നു. പുതിയ താഴ്ത്തലിന് പരിമിത പ്രത്യാഘാതമേ ഉണ്ടാകൂ എന്നാണു വിലയിരുത്തൽ.
യുഎസ് സർക്കാരിന്റെ കടം ഉയർന്നു പോകുന്നതു മൂലം രണ്ടു മൂന്നു വർഷത്തിനപ്പുറം കടങ്ങൾ തിരിച്ചു നൽകാൻ പറ്റാത്ത അവസ്ഥ വരാം എന്നാണു ഫിച്ച് റേറ്റിംഗ് വിലയിരുത്തിയത്. ഇതു യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു.
റേറ്റിംഗ് താഴ്ത്തലിനെ തുടർന്ന് ജപ്പാൻ അടക്കം ഏഷ്യൻ വിപണികൾ ഇന്നു വലിയ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ സൂചിക 1.45 ശതമാനം താണു. കൊറിയൻ വിപണി 0.90 ശതമാനവും ഓസ്ട്രേലിയൻ വിപണി 0.70 ശതമാനവും താഴ്ന്നു. ചെെനീസ് വിപണികളും നഷ്ടത്തിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 68.36 പോയിന്റ് (0.10%) താണ് 66,459.31-ലും നിഫ്റ്റി 20.25 പോയിന്റ് (0.10%) നഷ്ടപ്പെടുത്തി 19,733.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.03 ശതമാനം ഉയർന്ന് 37,733.45 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.68 ശതമാനം കയറി 11,782.80 ൽ ക്ലോസ് ചെയ്തു.
ഐടിയും (1.2%) മെറ്റലും (+0.18%) ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലായിരുന്നു. റിയൽറ്റി സൂചിക 1.77 ശതമാനം താണു.
വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. അവർ 92.85 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1035.69 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിയിലെ ബുള്ളുകൾ ലാഭമെടുക്കുകാരുടെ വിൽപനസമ്മർദത്തിനു മുന്നിൽ ദുർബലരായി. 19,800 ന്റെ തടസം മറികടക്കാൻ നിഫ്റ്റിക്കു കഴിഞ്ഞില്ല. 19,700 നിഫ്റ്റിക്കു പിന്തുണയായി നിൽക്കുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 19,710 ലും 19,650 ലും പിന്തുണ ഉണ്ട്. 19,780 ഉം 19,840 ഉം തടസങ്ങളാകാം.
ഹീറോ മോട്ടോ കോർപ് ചെയർമാൻ പവൻ മുൻജലിന്റെ വിശ്വസ്തൻ അമിത് ബാലിയിൽ നിന്നു വിദേശകറൻസി കണ്ടെടുത്തതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ മുൻജലിനെ ചോദ്യം ചെയ്തു. വീട്ടിൽ റെയിഡും നടന്നു. ഏതാനുമാഴ്ച മുൻപ് ആദായനികുതി വകുപ്പും മുൻജലിനെ ചോദ്യം ചെയ്തിരുന്നു. ഹീറോയിൽ റെയിഡും നടന്നതാണ്. ഹീറോ ഓഹരി ഇന്നലെ 3.25 ശതമാനം ഇടിഞ്ഞു.
പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെ തിരുത്തലിലായിരുന്നു. അലൂമിനിയം 1.19 ശതമാനം കുറഞ്ഞ് ടണ്ണിന് 2255.35 ഡോളറിലായി. ചെമ്പ് 0.91 ശതമാനം താഴ്ന്നു ടണ്ണിന് 8720.25 ഡോളറിൽ എത്തി. ടിൻ 4.56 ശതമാനം ഇടിഞ്ഞ് 27,558.5 ഡോളർ ആയി. സിങ്ക് 0.14 ശതമാനവും ലെഡ് 0.09 ശതമാനവും നിക്കൽ 3.43 ശതമാനവും ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 84.91 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.37 ഡോളറിലും ക്ലോസ് ചെയ്തു. പക്ഷേ ഇന്നു രാവിലെ വിലകൾ കുതിച്ചു കയറി. ബ്രെന്റ് വില ഒരു ശതമാനം കയറി 85.78 ലും ഡബ്ള്യുടിഐ വില 82.23 ലേക്കും ഉയർന്നു.
സ്വർണം കുത്തനേ താണു. ഡിമാൻഡ് കുറഞ്ഞതാണു കാരണം. പുതിയ പൊസിഷനുകൾ എടുക്കാൻ ബുള്ളുകൾ മടിച്ചു. ഡോളർ സൂചിക അപ്രതീക്ഷിതമായി ഉയർന്നതും കാരണമാണ്. ഔൺസിന് 1964 ഡോളറിൽ നിന്ന് 1940 ലേക്കു വീണ സ്വർണം 1951.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1949.30 ഡോളർ ആയി താണു.
കേരളത്തിൽ പവൻവില ഇന്നലെ120 രൂപ കൂടി 44,320 രൂപയിൽ എത്തി. ഇന്നു വില കുറയാം. ഡോളർ ചൊവ്വാഴ്ച കയറിയിറങ്ങിയിട്ട് 82.25 രൂപയിൽ തന്നെ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വെള്ളിയാഴ്ച 102.43 വരെ കയറിയിട്ട് 102.30 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.18 ലാണ്. ക്രിപ്റ്റോ കറൻസികൾ കുതിച്ചു. യുഎസ് റേറ്റിംഗ് താഴ്ത്തിയ ശേഷം ബിറ്റ്‌കോയിന്‍ മൂന്നു ശതമാനം കയറി 30,000 ഡോളറിൽ എത്തി.
ജിഎസ്ടി പിരിവും വാഹന വിൽപനയും
ജൂലൈയിലെ ജിഎസ്ടി പിരിവ് 1.65 ലക്ഷം കോടി രൂപ കവിഞ്ഞു. തലേ മാസത്തേക്കാൾ 11 ശതമാനം വർധന ഉണ്ട്. കഴിഞ്ഞ ഏപ്രിലിലെ 1.87 ലക്ഷം കോടിയും 2022 ഏപ്രിലിലെ 1.675 ലക്ഷം കോടിയും കഴിഞ്ഞാലുള്ള ഏറ്റവും ഉയർന്ന പിരിവാണിത്. ഇറക്കുമതി കുറവായിട്ടും ആഭ്യന്തര വ്യാപാരം ഗണ്യമായി വർധിച്ചത് ഉയർന്ന നികുതി പിരിവിനു സഹായിച്ചു.
ജൂലൈ മാസത്തിൽ യാത്രാവാഹനവിൽപന മികച്ച വളർച്ച കാണിച്ചു. എന്നാൽ ടൂ വീലറിലും വാണിജ്യ വാഹനങ്ങളിലും ക്ഷീണമാണ്. കമ്പനികൾ ഡീലർമാർക്ക് അയച്ച വാഹനങ്ങളുടെ കണക്കാണിത്.
മാരുതി സുസുകിയുടെ വിൽപന 6.5 ശതമാനം കൂടി 1.52 ലക്ഷം ആയി. ഇതിൽ 46,620 എണ്ണം എസ് യുവികളാണ്. എസ് യുവി വിപണിയിൽ മാരുതിയുടെ പങ്ക് ഒരു വർഷം മുൻപ് 7.1 ശതമാനമായിരുന്നത് ഇപ്പോൾ 24.6 ശതമാനമായി. രാജ്യത്തു വിൽക്കുന്ന യാത്രാവാഹനങ്ങളിൽ 49.1 ശതമാനം ഇപ്പോൾ എസ് യുവികളാണ് .
ഹ്യുണ്ടായി 50,700 വാഹനങ്ങൾ വിറ്റു. വർധന 0.4 ശതമാനം മാത്രം. 47,628 വാഹനങ്ങൾ വിറ്റ ടാറ്റാ മോട്ടോഴ്സിന്റെ വളർച്ച 0.25 ശതമാനം മാത്രം. 36,205 എണ്ണം വിറ്റ മഹീന്ദ്രയുടെ വളർച്ച 29 ശതമാനം. 3814 എണ്ണം വിറ്റ ഫോക്സ് വാഗന്റെ വളർച്ച 31 ശതമാനം. 25 ശതമാനം വളർന്ന എംജി വിറ്റത് 5102 എണ്ണം. ഹോണ്ട 28.3 ഉം നിസാൻ 41.31 ഉം കിയ 9.17 ഉം ശതമാനം കുറവ് വാഹനങ്ങളേ വിറ്റുള്ളൂ.
ടൂ വീലർ വിപണിയിൽ ഏറ്റവും വലിയ കമ്പനിയായ ഹീറോയുടെ വിൽപന 14 ശതമാനം കുറഞ്ഞ് 3.71 ലക്ഷമായി. ബജാജ് ഓട്ടോ വിൽപനയും 14 ശതമാനം കുറഞ്ഞ് 1.42 ലക്ഷമായി. ടിവിഎസ് വിൽപന 17 ശതമാനം കൂടി 2.35 ലക്ഷമായി. റോയൽ എൻഫീൽഡും സുസുകിയും 32 ശതമാനം വീതം കൂടുതൽ വിറ്റു.
വാണിജ്യവാഹനങ്ങളിൽ 12 ശതമാനം വളർന്ന് 14,207 വണ്ടികൾ വിറ്റ അശോക് ലെയ്ലൻഡിനു മാത്രമേ നേട്ടമുള്ളൂ. മറ്റുള്ളവയ്ക്കെല്ലാം വിൽപന കുറഞ്ഞു. ടാറ്റാ മോട്ടോഴ്സ് വിൽപന ഒരു ശതമാനം കുറഞ്ഞ് 31,216 ആയി. മഹീന്ദ്ര 20,898 എണ്ണം വിറ്റപ്പോൾ കുറവ് 0.22 ശതമാനം. വോൾവോ ഐഷർ വിറ്റത് 5311 എണ്ണം.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 01, ചൊവ്വ)
സെൻസെക്സ് 30 66,459.31 -0.10%
നിഫ്റ്റി 50 19,733.55 -0.10%
ബാങ്ക് നിഫ്റ്റി 45,592.50 -0.13%
മിഡ് ക്യാപ് 100 37,733.45 +0.03%
സ്മോൾക്യാപ് 100 11,782.80 +0.68%
ഡൗ ജോൺസ് 30 35,630.70 +0.20%
എസ് ആൻഡ് പി 500 4576.73 -0.27%
നാസ്ഡാക് 14,283.90 -0.43%
ഡോളർ ($) ₹82.25 00 പൈസ
ഡോളർ സൂചിക 102.30 +0.44
സ്വർണം(ഔൺസ്) $1951.9 -$12.70
സ്വർണം(പവൻ ) ₹44,320 +₹ 120
ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.91 -$0.65