ഇന്ത്യന്‍ വിപണിയില്‍ ആവേശം തുടരുന്നു

ഏഷ്യന്‍ വിപണികളും മുന്നേറ്റത്തില്‍

Update:2023-07-03 08:53 IST

പാശ്ചാത്യ വിപണികള്‍ വെള്ളിയാഴ്ച മികച്ച നേട്ടത്തോടെ അര്‍ധവര്‍ഷത്തിനു വിടനല്‍കി. അതിന്റെ ആവേശം ഇന്ന് ഏഷ്യന്‍ വിപണികളില്‍ കാണുന്നുണ്ട്. ഇന്ത്യന്‍ വിപണിയും ആവേശത്തിലേക്കാണു തുറക്കുന്നത്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വെളളി രാത്രി ഒന്നാം സെഷനില്‍ 19,279 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 19,364.5 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്നു രാവിലെ 19,385 ലേക്ക് ഉയര്‍ന്നിട്ട് അല്‍പം താണു. ഇന്ത്യന്‍ വിപണി നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ മുതല്‍ ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ എന്ന പ്രത്യേക സാമ്പത്തിക മേഖലയിലാണു വ്യാപാരം ചെയ്യുന്നത്. ഇതോടെ പേര് ഗിഫ്റ്റ് നിഫ്റ്റി എന്നാക്കി മാറ്റി. പ്രത്യേക സാമ്പത്തിക മേഖലയിലായതിനാല്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സും ഡിവിഡന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സും ഇല്ല. സിംഗപ്പൂരില്‍ പ്രതിദിനം 150 - 200 കോടി ഡോളര്‍ വ്യാപാരം ഈ ഡെറിവേറ്റീവ് കോണ്‍ട്രാക്ടില്‍ നടന്നിരുന്നു.

വിദേശ സൂചികകള്‍

യൂറോപ്യന്‍ സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടത്തിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2023 ന്റെ ആദ്യപകുതി യൂറോ സ്റ്റോക്‌സ് 600 ന് 8.8 ശതമാനം നേട്ടമുണ്ടായി. ജൂണിലെ യുറോപ്യന്‍ വിലക്കയറ്റം 5.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ധന, ഭക്ഷ്യവിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 5.4 ശതമാനമാണ്.

യുഎസ് സൂചികകള്‍ വെള്ളിയാഴ്ചയും മികച്ച നേട്ടം കൈവരിച്ചു. ഡൗ ജോണ്‍സ് 285.18 പോയിന്റ് (0.84%) നേട്ടത്തില്‍ 34,407.60 ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 53.94 പോയിന്റ് (1.23%) ഉയര്‍ന്ന് 4450.38 ല്‍ എത്തി. നാസ്ഡാക് 196.59 പോയിന്റ് (1.45%) കുതിപ്പോടെ 13,787.92 ല്‍ ക്ലോസ് ചെയ്തു.

ടെക്‌നോളജി കമ്പനികള്‍ നയിക്കുന്ന നാസ്ഡാക് 1983 -നു ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണ് ഇക്കൊല്ലം ആദ്യ പകുതിയില്‍ ഉണ്ടാക്കിയത്. 32 ശതമാനമാണ് അര്‍ധ വര്‍ഷത്തെ നേട്ടം. ചിപ് നിര്‍മാതാക്കളായ എന്‍വിഡിയ നിര്‍മിതബുദ്ധി തരംഗത്തില്‍ 190 ശതമാനം കുതിച്ചു. ആപ്പിള്‍ 50 ശതമാനം ഉയര്‍ന്നു വിപണിമൂല്യം മൂന്നു ലക്ഷം കോടി ഡോളറിനു മുകളിലാക്കി. ടെസ്ലയും മെറ്റയും ആദ്യ പകുതിയില്‍ ഇരട്ടിച്ചു.

എസ് ആന്‍ഡ് പി അര്‍ധവര്‍ഷം 15.9 ശതമാനം കയറിയപ്പോള്‍ ഡൗ ജോണ്‍സ് 3.8 ശതമാനമേ ഉയര്‍ന്നുള്ളൂ. യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു കാര്യമായ മാറ്റം കാണിച്ചില്ല. ഡൗ ജോണ്‍സ് 0.09 ശതമാനം താണു. എസ് ആന്‍ഡ് പി 0.09 ശതമാനം കയറി. നാസ്ഡാക് 0.22 ശതമാനം ഉയര്‍ന്നു.

ഏഷ്യന്‍ ഓഹരികള്‍

ഏഷ്യന്‍ ഓഹരികള്‍ ഇന്നു കുതിപ്പിലാണ്. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തില്‍ 1.4 ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയയില്‍ ഓഹരികള്‍ 1.3 ശതമാനം കയറി. ഓസ്‌ട്രേലിയന്‍ വിപണി നേരിയ താഴ്ചയില്‍ നിന്നു കയറ്റത്തിലേക്കു മാറി. ചൈനീസ് വിപണി തുടക്കത്തില്‍ താഴ്ന്നിട്ടു കയറ്റത്തിലായി. ചൈനയില്‍ ജൂണിലെ ഫാക്ടറി പ്രവര്‍ത്തനം കൂടുതല്‍ മന്ദഗതിയിലായെന്ന് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ കാണിച്ചു.

ഇന്ത്യന്‍ വിപണി ബുധനാഴ്ചത്തെ ചരിത്രനേട്ടം വെള്ളിയാഴ്ച ഇരട്ടി കുതിപ്പോടെ ഉറപ്പിച്ചു. സെന്‍സെക്‌സ് 64,768.58 വരെയും നിഫ്റ്റി 19,201.70 വരെയും ഉയര്‍ന്നു. സെന്‍സെക്‌സ് 803.14 പോയിന്റ് (1.26%) ഉയര്‍ന്ന് 64,718.56 ലും നിഫ്റ്റി 216.95 പോയിന്റ് (1.14%) കയറി 19,189.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.66 ശതമാനം ഉയര്‍ന്ന് 35,754.35 ലും സ്‌മോള്‍ ക്യാപ് സൂചിക 0.42% കയറി 10,837.10 ലും ക്ലോസ് ചെയ്തു.

ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ നിഫ്റ്റി 10 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ഏഴു പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന മുന്നേറ്റമാണിത്.

വിദേശ നിക്ഷേപം

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ചയും വലിയ വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 6397.13 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അതോടെ ജൂണിലെ വിദേശ നിക്ഷേപം 47,148 കോടി രൂപ കടന്നു. മേയ് മാസത്തില്‍ 43,838 കോടിയുടെ ഓഹരികളാണ് അവര്‍ വാങ്ങിയത്. ജൂലൈയില്‍ വിദേശ നിക്ഷേപം കുറയാന്‍ സാധ്യത ഉള്ളതായി നിക്ഷേപ വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ ഓഹരികള്‍ താരതമ്യേന ഉയര്‍ന്ന വിലയില്‍ എത്തി എന്നതാണ് അവര്‍ പറയുന്ന കാരണം. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ദീര്‍ഘകാല നേട്ടം കണ്ടാണു തങ്ങള്‍ നിക്ഷേപം നടത്തുന്നതെന്ന് വിദേശ ഫണ്ടുകള്‍ അവകാശപ്പെടുന്നു.

സ്വദേശിഫണ്ടുകള്‍ വെള്ളിയാഴ്ച 1197.64 കോടിയുടെ ഓഹരികള്‍ വാങ്ങി.മെറ്റല്‍ ഒഴികെ എല്ലാ മേഖലകളും വെള്ളിയാഴ്ച നേട്ടത്തിലായിരുന്നു. ഐടി, ഓട്ടാേ, പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ തുടങ്ങിയവ മികച്ച നേട്ടം കൈവരിച്ചു.

വിപണി ഹ്രസ്വകാല കുതിപ്പിലാണെന്ന വിലയിരുത്തല്‍ തുടരുന്നു. 19,700 - 19,800 ആണു ബുള്ളുകള്‍ പറയുന്ന പുതിയ ലക്ഷ്യം.ഇന്നു നിഫ്റ്റിക്ക് 19,070-ലും 18,965 ലും പിന്തുണ ഉണ്ട്. 19,205 ലും 19,310 ലും തടസം ഉണ്ടാകാം.

വ്യാവസായിക ലോഹങ്ങള്‍ കഴിഞ്ഞ ദിവസം ഭിന്നദിശകളിലായിരുന്നു. അലൂമിനിയം 0.43 ശതമാനം താഴ്ന്നു ടണ്ണിന് 2150.65 ഡോളറിലായി. ചെമ്പ് 0.55 ശതമാനം കയറി ടണ്ണിന് 8210 ഡോളറില്‍ എത്തി. നിക്കല്‍, സിങ്ക്, ടിന്‍, ലെഡ് എന്നിവ മൂന്നു ശതമാനം വരെ കയറി.

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍ വില മൂന്നു ശതമാനത്തോളം കയറി. യുഎസ് സ്റ്റോക്ക് കുറവായതും ഡോളര്‍ സൂചിക താണതും ആണു കാരണം. ബ്രെന്റ് ഇനം 75.41ഉം ഡബ്‌ള്യുടിഐ ഇനം 70.64 ഉം ഡോളറില്‍ എത്തി. ഇന്നു രാവിലെ വില താഴാനുള്ള പ്രവണതയാണു കാണിക്കുന്നത്. ഒപെക് യോഗം ഇന്ന് എന്താണു തീരുമാനിക്കുക എന്നാണു വിപണി ഉറ്റു നോക്കുന്നത്.

സ്വര്‍ണം ഗണ്യമായ നേട്ടത്തോടെയാണ് വാരാന്ത്യത്തിലേക്കു കടന്നത്. ഔണ്‍സിന് 1920.80 ഡോളറില്‍ എത്തി. എന്നാല്‍ ഇന്നു രാവിലെ വില അല്‍പം താഴ്ന്ന് 1918.60 ഡോളര്‍ ആയി.

കേരളത്തില്‍ പവന്‍വില വെള്ളിയാഴ്ച 80 രൂപ കൂടി 43,160 രൂപയില്‍ എത്തി. ശനിയാഴ്ച 160 രൂപ വര്‍ധിച്ച് 43,320 രൂപ ആയി.

ഡോളര്‍ വെള്ളിയാഴ്ച 82.04 രൂപയിലാണു ക്ലോസ് ചെയ്തത്. ലോക വിപണിയില്‍ ഡോളര്‍ സൂചിക താണ് 102.91 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.98 ആയി.

ക്രിപ്‌റ്റോ കറന്‍സികള്‍ കയറ്റിറക്കം തുടരുന്നു. ബിറ്റ് കോയിന്‍ 30,700 ഡോളറിലേക്ക് കയറി.

വിപണി സൂചനകള്‍

(2023 ജൂണ്‍ 30, വെള്ളി/ജൂലൈ 01, ശനി)

സെന്‍സെക്‌സ് 30 64,718.56 +1.26%

നിഫ്റ്റി 50 19,189.05 +1.14%

ബാങ്ക് നിഫ്റ്റി 44,747.30 +0.95%

മിഡ് ക്യാപ് 100 35,754.35 +0.66%

സ്‌മോള്‍ക്യാപ് 100 10,837.10 +0.42%

ഡൗ ജോണ്‍സ് 30 34,407.60 +0.84%

എസ് ആന്‍ഡ് പി 500 4450.38 +1.23%

നാസ്ഡാക് 13,787.92 +1.45%

ഡോളര്‍ ($) ?82.04 +01 പൈസ

ഡോളര്‍ സൂചിക 102.91 -0.44

സ്വര്‍ണം(ഔണ്‍സ്) $1920.80 +$11.70

സ്വര്‍ണം(പവന്‍ ) ?43,320 +?240.00

Tags:    

Similar News