വിപണി താഴ്ന്നു വ്യാപാരം തുടങ്ങാൻ സാധ്യത

ആശങ്കകൾ മുന്നിൽ; വിദേശ സൂചനകൾ നെഗറ്റീവ്; വിപണിയുടെ ശ്രദ്ധ പലിശ തീരുമാനത്തിൽ; ക്രൂഡ് ഓയിൽ ഇടിയുന്നു; സ്വർണം കയറുന്നു

Update:2023-05-03 08:45 IST

യുഎസ് ഫെഡ് പലിശ കൂട്ടൽ തുടരുമോ എന്ന ആശങ്കയും ബാങ്ക് തകർച്ചകൾ തുടരുമോ എന്ന ചോദ്യവും വിപണികളെ ഇന്നു താഴോട്ടു നയിക്കുന്നു. യൂറോപ്പിനും യുഎസിനും പിന്നാലെ ഏഷ്യൻ വിപണികളും താഴ്ചയിലായി. ഇന്ത്യൻ വിപണിയും താഴാനുള്ള പ്രവണതയിലാണ്. ഇന്നു രാത്രിയാണു യുഎസിലെ പലിശ തീരുമാനം. നാളെ യൂറോപ്പിലും പലിശ തീരുമാനം ഉണ്ടാകും.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വ രാത്രി ഒന്നാം സെഷനിൽ 18,220 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,149 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 18,138 വരെ താഴ്ന്നിട്ട് 18,148 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു സൂചന.

യൂറോപ്യൻ വിപണികൾ ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ന്നു ക്ലോസ് ചെയ്തു. യുഎസ് ബാങ്കിംഗ് പ്രതിസന്ധിയോടൊപ്പം യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനത്തെപ്പറ്റിയുള്ള ആശങ്കയും കാരണമായി. യൂറോ മേഖലയിൽ ഏപ്രിലിലെ വിലക്കയറ്റം കുറവ് കാണിക്കാത്തതും ആശങ്ക കൂട്ടി. യൂറോപ്യൻ കേന്ദ്ര ബാങ്ക് ഡിസ്കൗണ്ട് നിരക്ക് മൂന്നിൽ നിന്ന് 3.5 ശതമാനമാക്കുമോ എന്നു പലരും ഭയപ്പെടുന്നുണ്ട്.

യുഎസ് വിപണി തുടർച്ചയായ രണ്ടാം ദിവസം ഇടിഞ്ഞു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ജെപി മോർഗൻ ചേയ്സ് എടുത്തതു കൊണ്ടു ബാങ്കിംഗ് പ്രശ്നങ്ങൾ തീരുന്നില്ല എന്നാണു വിപണി പറയുന്നത്. പസഫിക് വെസ്റ്റ്, വെസ്റ്റേൺ അലയൻസ് തുടങ്ങിയ പല പ്രാദേശിക ബാങ്കുകളുടെയും ഓഹരികളിൽ ഷോർട്ടിംഗ് നടക്കുന്നുണ്ട്. ഫെഡ് പലിശ വർധന തുടരും എന്നു സൂചിപ്പിച്ചാൽ കൂടുതൽ ബാങ്കുകൾ കുഴപ്പത്തിലാകും എന്നാണു വിപണിയുടെ വിലയിരുത്തൽ. ഡൗ ജോൺസ് ഇന്നലെ 367.17 പോയിന്റും (1.08 ശതമാനം) എസ് ആൻഡ് പി 48.29 പോയിന്റും (1.16%) നാസ്ഡാക് 132.09 പോയിന്റും (1.08%) താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.


യുഎസ് ഫ്യൂച്ചേഴ്സ് 

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ ഉയർച്ചയിലാണ്. ഡൗവും എസ് ആൻഡ് പിയും 0.10 ശതമാനം ഉയർന്നു. നാസ്ഡാക് 0.02 ഉ ശതമാനം താഴ്ന്നു. ഏഷ്യൻ, ഓസ്ട്രേലിയൻ സൂചികകൾ ഇന്നു താഴ്ന്നു. ജാപ്പനീസ്, ചെെനീസ് വിപണികൾ ഇന്ന് അവധിയിലാണ്. ഇന്ത്യൻ വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ അവസാനിച്ചു. . സെൻസെക്സ് 242.27 പോയിന്റ് (0.40%) കയറി 61,354.71 ലും നിഫ്റ്റി 82.65 പോയിന്റ് (0.46%) ഉയർന്ന് 18,147.65 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.97 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.69 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്.

വിപണി ബുള്ളിഷ് പ്രവണത തുടർന്നെങ്കിലും 18,200 ലെ കനത്ത പ്രതിരോധം മറികടന്നാലേ തുടർമുന്നേറ്റം സാധിക്കൂ. നിഫ്റ്റിക്കു 18,110 ലും 18,065 ലും സപ്പോർട്ട് ഉണ്ട്. 18,195 ലും 18,220 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായിരുന്നു. അവർ 1997.35 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 394.05 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച മാത്രം അഞ്ചു ശതമാനം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 75.32 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.61 ഡോളർ ആയി കുറഞ്ഞു. ഈ ദിവസങ്ങളിൽ ഡോളറിന്റെ ഗതി അനുസരിച്ചു ക്രൂഡ് വില നീങ്ങും. ചൈനീസ് ഡിമാൻഡ് കൂടാത്തതും വില താഴ്ത്തുന്ന ഘടകമാണ്.

സ്വർണം വീണ്ടും കുതിച്ചു കയറി. യുഎസ് ബാങ്കിംഗ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്നും ഡോളർ ദുർബലമാകുമെന്നുമുള്ള വിലയിരുത്തലിലാണിത്. ഫെഡ് പലിശ കൂട്ടുമ്പോൾ വീണ്ടും സ്വരണം കയറുമെന്നാണു വിലയിരുത്തൽ. ഇന്നലെ 1978 ഡോളറിൽ നിന്ന് 2020 വരെ കയറിയിട്ടു വ്യാപാരം അവസാനിച്ചത് 2016.80 ഡോളറിൽ. ഇന്നു രാവിലെ 2017-2019 ഡോളറിലാണു സ്വർണവ്യാപാരം.

കേരളത്തിൽ പവൻവില ഇന്നലെ മാറ്റമില്ലാതെ 44,560 രൂപയിൽ തുടർന്നു. ഇന്നു വില കൂടാം. ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.93 ശതമാനം താണ് ടണ്ണിന് 8490 ഡോളറിലായി. അലൂമിനിയം 0.40 ശതമാനം കൂടി 2366 ഡോളറിൽ ക്ലാേസ് ചെയ്തു. ലെഡ്, നിക്കൽ, ടിൻ എന്നിവ ഒന്നു മുതൽ രണ്ടു വരെ ശതമാനം ഉയർന്നു. സിങ്ക് 2.24 ശതമാനം താണു.

ക്രിപ്റ്റോ കറൻസികൾ അൽപം ഉയർന്നു. ബിറ്റ്കോയിൻ 28,700 ലേക്കു കയറി. ഡോളർ ചൊവ്വാഴ്ച നാലു പെെസ കയറി 81.83 രൂപയിൽ ക്ലോസ് ചെയ്തു. രാവിലെ 81.73 രൂപ വരെ താഴ്ന്നതാണ്. ഡോളർ സൂചിക ഇന്നലെ 102.15 ൽ നിന്ന് 101.94 ലേക്കു താണു. രാവിലെ 101.78 ആയി താണു.


കമ്പനികൾ, ഓഹരികൾ

വെൽസ്പൺ ഇന്ത്യ ഒന്നിന് 120 രൂപ വില നൽകി 1.625 കോടി ഓഹരികൾ തിരിച്ചു വാങ്ങുമെന്നു പ്രഖ്യാപിച്ചത് ഓഹരി വില 20 ശതമാനം വർധിക്കാൻ കാരണമായി. വിപണി വിലയേക്കാൾ 40 ശതമാനം കൂടുതൽ വിലയാണു പ്രഖ്യാപിച്ചത്. കമ്പനിയുടെ നാലാം പാദ ലാഭം ഇരട്ടിക്കുകയും ലാഭമാർജിൻ ഗണ്യമായി വർധിക്കുകയും ചെയ്തു. ഹോം ടെക്സ്റ്റൈൽസ് രംഗത്തു മുൻനിര കമ്പനിയാണു വെൽസ്പൺ.

റെയിൽവേ പൊതുമേഖലാ കമ്പനികൾ ഇന്നലെയും വലിയ നേട്ടം കുറിച്ചു. നവരത്ന പദവി കിട്ടിയ ആർവിഎൻഎൽ ഇന്നലെ 10 ശതമാനം ഉയർന്ന് 118 രൂപ വരെ എത്തി. കമ്പനിക്കു പുതിയ കുറേ ഓർഡറുകൾ ലഭിച്ചതും വിലവർധനയ്ക്കു സഹായിച്ചു. ഒരു വർഷത്തിനകം 300 ശതമാനത്തിലേറെ ഉയർന്ന ഓഹരി 188 രൂപ വരെ എത്തുമെന്ന് ഒരു ബ്രോക്കറേജ് വിലയിരുത്തി. ഇർകോൺ ഓഹരി 12 ശതമാനം കയറി. റൈറ്റ്സ്, ഐആർഎഫ്സി തുടങ്ങിയ റെയിൽ ഓഹരികളും ഇന്നലെ കുതിച്ചു.

മികച്ച നാലാം പാദ റിസൽട്ടുകൾ മികച്ചതായതിനെ തുടർന്ന് ഡാറ്റാമാറ്റിക്സ് ഗ്ലോബൽ സൊലൂഷൻസ് 20 ശതമാനവും ന്യൂ ജെൻ സോഫ്റ്റ് വേർ 16 ശതമാനവും കുതിച്ചു. ഇരുകമ്പനികളുടെയും ലാഭവും ലാഭമാർജിനും ഗണ്യമായി വർധിച്ചു.

ടാറ്റാ സ്റ്റീലിനു നാലാം പാദത്തിൽ ലാഭം 84 ശതമാനം ഇടിഞ്ഞു. അറ്റാദായം 9835 കോടിയിൽ നിന് 1566 കോടി രൂപയായി. വിറ്റുവരവ് 69,616 കോടിയിൽ നിന്ന് 63,131 കോടി രൂപയായി കുറഞ്ഞതാണു ലാഭം കുറയാൻ കാരണം.


ഗോ ഫസ്റ്റ് പാപ്പർ നടപടിയിൽ 

വാഡിയ ഗ്രൂപ്പിന്റെ ഗോ ഫസ്റ്റ് (മുമ്പ് ഗോ എയർ) വിമാന സർവീസ് പാപ്പർ ഹർജി നൽകി. സർവീസുകൾ മൂന്നു ദിവസത്തേക്കു നിർത്തിവച്ചു. 2005-ൽ ആരംഭിച്ച കമ്പനി വിമാനങ്ങളുടെ എൻജിൻ തകരാർ മൂലമാണു കുഴപ്പത്തിലായതെന്നു വിലയിരുത്തപ്പെടുന്നു. യുഎസിലെ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനുകളാണ് ഗോ ഫസ്റ്റിന്റെ എയർബസ് എ320 നിയോ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. കമ്പനിയുടെ വിമാനങ്ങളിൽ പകുതിയും പറക്കാവുന്ന നിലയിലല്ല. ഇതേ എൻജിൻ ഉപയോഗിക്കുന്ന ഇൻഡിഗോയുടെ 30 വിമാനങ്ങളും നിലത്താണ്.

നഷ്ടക്കയത്തിലായ കമ്പനിയുടെ ഓഹരി നൽകി നിക്ഷേപം ആകർഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്പനി പുനരുദ്ധരിക്കാൻ ഗവണ്മെന്റ് എല്ലാ സഹായവും വാഗ്ദാനം ചെയ്തെങ്കിലും എത്രമാത്രം ഫലപ്രദമാകുമെന്ന് ഉറപ്പില്ല.

തിരക്കേറിയ ഈ സീസണിൽ രാജ്യത്തു വിമാന യാത്രാ നിരക്ക് കുത്തനേ കൂടും എന്നതാണ് ഒന്നാമത്തെ പ്രത്യാഘാതം. നിരക്ക് 20 ശതമാനം വരെ കൂടാം. 61 വിമാനങ്ങളാണു ഗോയ്ക്കുള്ളത്.

287 വർഷത്തെ ചരിത്രമുള്ള വാഡിയ ഗ്രൂപ്പിലെ ആദ്യ പാപ്പർ നടപടിയാണ് ഇത്. ബോംബെ ഡൈയിംഗ്, ബോംബെ ബർമ ട്രേഡിംഗ്, ബ്രിട്ടാനിയ എന്നിവയാണു ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികൾ.

വിപണി സൂചനകൾ

(2023 മേയ് 02, ചൊവ്വ)

സെൻസെക്സ് 30 61,354.71 +0.40%

നിഫ്റ്റി 50 18,147.65 +0.46%

ബാങ്ക് നിഫ്റ്റി 43,352.10 +0.27%

മിഡ് ക്യാപ് 100 32,101.80 +0.97%

സ്മോൾക്യാപ് 100 9739.10 +0.69%

ഡൗ ജോൺസ്30 33,684.53 - 1.08%

എസ് ആൻഡ് പി500 4119.58 -1.16%

നാസ്ഡാക് 12,080.51 - 1.08%

ഡോളർ ($) ₹81.87 +04 പൈസ

ഡോളർ സൂചിക 101.94 -0.22

സ്വർണം(ഔൺസ്) $ 2016.80 +$25.40

സ്വർണം(പവൻ ) ₹44,560 -₹120.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $75.32 -$3.99


Tags:    

Similar News