കുതിപ്പ് തുടരാൻ ബുള്ളുകൾ; വിദേശ വിപണികളിൽ ദൗർബല്യം; പൊതുമേഖലാ ബാങ്കുകൾ കുതിച്ചു; ഐ.ഡി.എഫ്.സി ലയന അനുപാതമായി
സീ എന്റർടെയിൻമെന്റും ഇൻഡസ് ഇൻഡ് ബാങ്കുമായുള്ള തർക്കം പരിഹരിച്ചു. സീയും സോണിയുമായുള്ള ലയനനീക്കം ഇനി വേഗത്തിലായേക്കും
മൂന്നു ദിവസം റെക്കോർഡ് ഉയരങ്ങളിൽ കുതിച്ചു പാഞ്ഞ വിപണി ഇന്നു ചില്ലറ ആശങ്കയോടെയാണു വ്യാപാരത്തിലൊരുങ്ങുന്നത്. ദുർബലമായ പാശ്ചാത്യ വിപണികളും രാവിലെ നഷ്ടത്തിലായ ഏഷ്യൻ വിപണികളും ആവേശം പകരുന്നില്ല. എങ്കിലും സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,440 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,448.5 ലേക്ക് ഉയർന്നിട്ട് അൽപം താണു. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഖനന ഓഹരികളും ഓയിൽ - ഗ്യാസ് ഓഹരികളും ഉയർന്നു. യുഎസ് സൂചികകൾ ഇന്നലെ നാമമാത്ര നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച അവധിയായതും ഇന്നലെ വ്യാപാരം നേരത്തേ അവസാനിപ്പിച്ചതും വിപണിയുടെ ഉത്സാഹം കെടുത്തി.
ഡൗ ജോൺസ് 10.87 പോയിന്റ് (0.03%) കയറി 34,418.47 ൽ അവസാനിച്ചു. എസ്.ആൻഡ്.പി 5.21 പോയിന്റ് (0.12%) ഉയർന്ന് 4455.59 ൽ എത്തി. നാസ്ഡാക് 28.85 പോയിന്റ് (0.21%) കയറി 13,816.77 ൽ ക്ലോസ് ചെയ്തു. ഇലക്ട്രിക് വാഹന ഉൽപാദനവും വിൽപനയും പ്രതീക്ഷയിലും കൂടുതലായതിനെ തുടർന്നു ടെസ്ല ഓഹരി ഏഴു ശതമാനം ഉയർന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ന്നു നീങ്ങുകയാണ്. ഡൗ ജോൺസ് 0.02 ശതമാനം താണു. എസ് ആൻഡ് പി 0.07 ശതമാനവും നാസ്ഡാക് 0.15 ശതമാനവും താഴ്ചയിലാണ്.
ഇന്നലെ വലിയ കുതിപ്പ് നടത്തിയ ഏഷ്യൻ ഓഹരികൾ ഇന്നു കിതപ്പിലാണ്. ഓസ്ട്രേലിയൻ കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനം ആണ് എല്ലാവരും കാത്തിരിക്കുന്നത്. പലിശ 0.25 ശതമാനം കൂട്ടും എന്നാണ് പൊതു sdfനിഗമനം. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ ഒരു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലും ഇടിവാണ്. ഓസ്ട്രേലിയൻ വിപണി നേരിയ താഴ്ചയിൽ നിന്നു ചെറിയ കയറ്റത്തിലേക്കു മാറി. ചെെനീസ് വിപണി തുടക്കത്തിൽ ഗണ്യമായി താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ചയും ആവേശക്കുതിപ്പ് തുടർന്നു. സെൻസെക്സ് 65,300.35 വരെയും നിഫ്റ്റി 19,345.10 വരെയും ഉയർന്നു. നാലു ദിവസം കൊണ്ടു സെൻസെക്സ് 2300 പോയിന്റ് (3.6%) കയറിയപ്പോൾ നിഫ്റ്റി 620 പോയിന്റ് (3.3%) ഉയർന്നു.
തിങ്കളാഴ്ച സെൻസെക്സ് 486.49 പോയിന്റ് (0.75%) ഉയർന്ന് 65,205.05 ലും നിഫ്റ്റി 133.50 പോയിന്റ് (0.70%) കയറി 19,322.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.25 ശതമാനം ഉയർന്ന് 35,843.5 ലും സ്മോൾ ക്യാപ് സൂചിക 1.23% കയറി 10,970.25 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1995.92 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 337.80 കോടിയുടെ ഓഹരികൾ വിറ്റു.
തിങ്കളാഴ്ച പൊതുമേഖലാ ബാങ്കുകൾ നല്ല കുതിപ്പിലായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ സൂചിക 3.61 ശതമാനം കയറി. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് തുടങ്ങിയ നാലു മുതൽ ഏഴു വരെ ശതമാനം ഉയർന്നു. സ്വകാര്യ ബാങ്ക് സൂചികയും ധനകാര്യ കമ്പനികളും നല്ല തോതിൽ ഉയർന്നു. എച്ച്ഡിഎഫ്സി ദ്വയങ്ങൾ ഇന്നലെയും കയറ്റത്തിലായിരുന്നു.
ആഗാേള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കും റിലയൻസിനും നേട്ടമായി. ഐഒസി 4.83 ശതമാനം കയറി ക്ലോസ് ചെയ്തു. ബിപിസിഎലും എച്ച്പിസിഎലും അഞ്ചു ശതമാനം വരെ ഉയർന്നു. റിലയൻസ് 2.6 ശതമാനം കയറി. സ്റ്റീൽ അടക്കം മെറ്റൽ കമ്പനികളും റിയൽറ്റി കമ്പനികളും ഉയർച്ചയിലായി.
ഫാർമ, ഹെൽത്ത് കെയർ, ഐടി, ഓട്ടാേമൊബൈൽ കമ്പനികൾ ഇന്നലെ നഷ്ടത്തിലായി. വിപണി ബുള്ളിഷ് കുതിപ്പിലാണെന്ന വിലയിരുത്തൽ തുടരുന്നു. 19,800 ആണു ബുള്ളുകൾ പറയുന്ന പുതിയ ലക്ഷ്യം. ഇന്നു നിഫ്റ്റിക്ക് 19,255-ലും 19,195 ലും പിന്തുണ ഉണ്ട്. 19,335 ലും 19,410 ലും തടസം ഉണ്ടാകാം.
പ്രധാന വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറ്റത്തിലായി. അലൂമിനിയം 0.21 ശതമാനം കയറി ടണ്ണിന് 2155.24 ഡോളറിലായി. ചെമ്പ് 1.77 ശതമാനം കുതിച്ച് ടണ്ണിന് 8355 ഡോളറിൽ എത്തി. നിക്കലും ലെഡും ഉയർന്നപ്പോൾ സിങ്കും ടിനും നേരിയ തോതിൽ താണു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഇന്നലെ രാത്രി താണു. പ്രതീക്ഷിച്ചതു പോലെ ഉൽപാദനം കുറയ്ക്കുന്ന തീരുമാനം ഒപെക് യോഗത്തിൽ ഉണ്ടായില്ലെന്നാണു സൂചന. തീരുമാനങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.
സൗദി അറേബ്യ പ്രതിദിനം 10 ലക്ഷം വീപ്പയും റഷ്യ പ്രതിദിനം അഞ്ചു ലക്ഷം വീപ്പയും വീതം ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാമെന്നു പറഞ്ഞതായിട്ടാണ് ആദ്യ റിപ്പോർട്ടുകൾ വന്നത്. ഇതാണു വില കയറാൻ കാരണം. പക്ഷേ അതിനു സ്ഥിരീകരണം വരാത്തതിനാൽ വില താണു.
ഇറാനും യുഎസും തമ്മിൽ ചർച്ച നടക്കുന്നതും എണ്ണവില താഴ്ത്തുന്ന ഘടകമാണ്. ബ്രെന്റ് ഇനം 75.01 ഡോളറിലും ഡബ്ള്യുടിഐ ഇനം 70.25 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 74.8 ഡോളറിലേക്കു കുറഞ്ഞു.
സ്വർണം അൽപം കയറി. ഔൺസിന് 1932 ഡോളർ വരെ കയറിയിട്ട് താണ് 1922.70 ഡോളറിൽ എത്തി. ഇന്നു രാവിലെ വില 1923.20 ഡോളർ ആയി. കേരളത്തിൽ പവൻവില 80 രൂപ കുറഞ്ഞ് 43,240 രൂപ ആയി.
ഡോളർ വെള്ളിയാഴ്ച 81.96 രൂപയിലാണു ക്ലോസ് ചെയ്തത്. ലോക വിപണിയിൽ ഡോളർ സൂചിക താണ് 102.99 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.93 ആയി.
ക്രിപ്റ്റോ കറൻസികൾ കയറ്റിറക്കം തുടരുന്നു. ബിറ്റ് കോയിൻ 31,300 ഡോളറിലേക്ക് കയറി.
കമ്പനികൾ, വാർത്തകൾ
സിറ്റി യൂണിയൻ ബാങ്കിനു നൽകാനുള്ള തുക സ്പെെസ് ജെറ്റ് കൊടുത്തു തീർത്തു. ബാങ്കും കമ്പനിയും വിവരം കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിനെ അറിയിച്ചു. സ്പെെസ് ജെറ്റ് ഓഹരി 12 ശതമാനം ഉയർന്നു.
സീ എന്റർടെയിൻമെന്റും ഇൻഡസ് ഇൻഡ് ബാങ്കുമായുള്ള തർക്കം പരിഹരിച്ചു. സീയും സോണിയുമായുള്ള ലയനനീക്കം ഇനി വേഗത്തിലായേക്കും.
സുസ്ലോൺ എനർജി ഇന്നലെ 10 ശതമാനം ഉയർന്നു. കഴിഞ്ഞ ഏഴ് ആഴ്ച കൊണ്ട് ഇരട്ടിച്ച ഓഹരിയാണിത്. 17 രൂപയ്ക്കടുത്തുള്ള സുസ്ലോണിന് 22 രൂപ ലക്ഷ്യമാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്.
ബിഎസ്ഇ ഓഹരി തിരിച്ചുവാങ്ങൽ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിപ്പ് വന്നതോടെ ഓഹരി ഏഴു ശതമാനം വരെ കയറി.
ഐഡിഎഫ്സി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ലയിക്കുന്നതിനുള്ള ഓഹരി കൈമാറ്റ അനുപാതം ഇന്നലെ പ്രഖ്യാപിച്ചു. ഐഡിഎഫ്സിയുടെ 100 ഓഹരിക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 155 ഓഹരി നൽകും. രണ്ടിനും മുഖവില 10 രൂപ. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ പുസ്തക മൂല്യം 4.9 ശതമാനം വർധിപ്പിക്കുന്നതാണ് ഈ നടപടി. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരി ഇന്നലെ മൂന്നു ശതമാനവും ഐഡിഎഫ്സിയുടെ ഓഹരി ഏഴു ശതമാനവും ഉയർന്നു.
999 രൂപയ്ക്കു 5 ജി ഫീച്ചർ ഫോണും 1234 രൂപയുടെ വാർഷിക പാക്കേജും അവതരിപ്പിച്ചു കൊണ്ട് റിലയൻസ് ജിയോ ടെലികോം വിപണിയിൽ വീണ്ടും ആക്രമണം അഴിച്ചു വിട്ടു. മറ്റു കമ്പനികൾക്കു കനത്ത വെല്ലുവിളിയാകും ജിയോ ഭാരത് ഫോണുകൾ. നിലവിൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന 25 കോടി ആൾക്കാരെയാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ദിവസേന ശുഷ്കിച്ചു വരുന്ന വോഡഫോൺ ഐഡിയയ്ക്കു വലിയ ആഘാതമാകും ജിയോയിൽ നിന്നു കിട്ടുക. പുതിയ സർവീസിന്റെ ട്രയൽ ഈയാഴ്ച തുടങ്ങും.
വിപണി സൂചനകൾ
(2023 ജൂലൈ 03, തിങ്കൾ)
സെൻസെക്സ് 30 65,205.05 +0.75%
നിഫ്റ്റി 50 19,322.55 +0.70%
ബാങ്ക് നിഫ്റ്റി 45,158.10 +0.92%
മിഡ് ക്യാപ് 100 35,843.50 +0.25%
സ്മോൾക്യാപ് 100 10,970.25 +1.23%
ഡൗ ജോൺസ് 30 34,418.47 +0.03%
എസ് ആൻഡ് പി 500 4455.59 +0.12%
നാസ്ഡാക് 13,816.77 +0.21%
ഡോളർ ($) ₹81.96 -08 പൈസ
ഡോളർ സൂചിക 102.99 +0.08
സ്വർണം(ഔൺസ്) $1922.70 +$01.90
സ്വർണം(പവൻ ) ₹43,240 -₹ 80.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.01 -$0.40