തിരിച്ചുകയറാനുള്ള ശ്രമത്തിൽ വിപണികൾ
ഇന്ത്യ കുതിക്കുമെന്നു മാേർഗൻ സ്റ്റാൻലി റിപ്പോർട്ട്; ലാപ്ടോപ് ഇറക്കുമതി നിയന്ത്രിക്കുന്നു;സൗദി അറേബ്യ ഉൽപാദനം കുറയ്ക്കൽ തുടരും എന്നു പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയിൽ കയറി
വിപണികൾ ആശങ്ക പിന്നിലാക്കി തിരിച്ചു കയറ്റത്തിനുള്ള മൂഡിലായോ? യുഎസ് ഫ്യൂച്ചേഴ്സിലെ കയറ്റവും ഏഷ്യൻ വിപണികളിലെ ഉയർന്ന തുടക്കവും അങ്ങനെയൊരു ധാരണ ജനിപ്പിക്കുന്നു. എന്നാൽ ഏഷ്യൻ വിപണികൾ പിന്നീടു ചാഞ്ചാട്ടത്തിലായി. ആമസോണിന്റെ മികച്ച റിസൽട്ട് ടെക് ഓഹരികളെ സഹായിച്ചു.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,451 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,510 വരെ കയറിയിട്ട് 19,480 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെയും നഷ്ടത്തിലായി. പ്രധാന സൂചികകൾ 0.8 ശതമാനം വരെ താണു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറഞ്ഞ പലിശനിരക്ക് 0.25 ശതമാനം വർധിപ്പിച്ച് 5.25 ശതമാനമാക്കി. ഇനി ഒരു തവണ കൂടിയേ ബാങ്ക് നിരക്കു കൂട്ടൂ എന്നാണു വിപണിയുടെ നിഗമനം.
യൂറോപ്യൻ ഓഹരികളുടെ തകർച്ചയ്ക്ക് യുഎസ് റേറ്റിംഗ് കുറയ്ക്കലുമായി വലിയ ബന്ധമില്ല. യൂറോപ്യൻ സാമ്പത്തിക നിലയാണു പ്രശ്നം. മാന്ദ്യത്തിനു തുല്യമായ മുരടിപ്പിലൂടെയാണ് യൂറോപ്യൻ സമ്പദ്ഘടന നീങ്ങുന്നത്. യൂറോപ്യൻ ഓഹരികൾ വലിയ തകർച്ചയിലേക്കാണു നീങ്ങുന്നതെന്ന് യുബിഎസും ബാങ്ക് ഓഫ് അമേരിക്കയും ഇന്നലെ വിലയിരുത്തി.
ഡൗ ജോൺസ്
ബുധനാഴ്ച ഡൗ ജോൺസ് 66.63 പോയിന്റ് (0.19%) താഴ്ന്ന് 35,215.89 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.50 പോയിന്റ് (0.25%) ഇടിഞ്ഞ് 4501.89 ൽ എത്തി. നാസ്ഡാക് 13.73 പോയിന്റ് (0.10%) ഇടിഞ്ഞ് 13,959.72ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ 0.22 ശതമാനം കയറി. എസ് ആൻഡ് പി 0.35 ഉം നാസ്ഡാക് 0.50 ശതമാനം ഉയർന്നു. റേറ്റിംഗ് താഴ്ത്തലിനെ തുടർന്നുള്ള ആശങ്ക ഉപേക്ഷിക്കുന്നതായ സൂചനയാണ് ഇതിൽ കാണുന്നത്.
ആമസോൺ കുതിപ്പിൽ
വ്യാപാരസമയത്തിനു ശേഷം പ്രമുഖ ടെക് കമ്പനികളുടെ റിസൽട്ട് വന്നു. ആമസോൺ പ്രതീക്ഷകളെ മറികടന്ന വരുമാനവും ലാഭവും ഉണ്ടാക്കി. ഓഹരി അനൗപചാരിക വ്യാപാരത്തിൽ ഒൻപതു ശതമാനം കുതിച്ചു. ആപ്പിൾ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ ഒരു ശതമാനം കുറവായതിനാൽ ഓഹരി രണ്ടു ശതമാനം താണു. മൂന്നാം പാദത്തിൽ വരുമാനം കുറയുമെന്ന സൂചനയും കമ്പനി നൽകി. എങ്കിലും വിപണിയുടെ പ്രതീക്ഷയേക്കാൾ മികച്ചതായിരുന്നു ലാഭവും വരുമാനവും. വളർച്ച കുറവായത് എയർബിഎൻബിയെയും താഴ്ത്തി.
രണ്ടു ദിവസം തകർച്ചയിലായിരുന്ന ശേഷം ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കെെ സൂചിക ഇന്നു 0.25 ശതമാനം കയറി. കൊറിയൻ വിപണി 0.10 ശതമാനവും ഓസ്ട്രേലിയൻ വിപണി 0.20 ശതമാനവും ഉയർന്നു. പിന്നീട് ഇവയുടെ നേട്ടം ഗണ്യമായി കുറഞ്ഞു. നിക്കെെ നഷ്ടത്തിലുമായി. ചെെനീസ് വിപണി ഒരു ശതമാനം കയറ്റത്തിലാണ്. ഹോങ് കോങ് വിപണി രണ്ടു ശതമാനം കയറി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ചയും താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് ഒരവസരത്തിൽ 820 പോയിന്റ് നഷ്ടത്തിലായിരുന്നു. പിന്നീടു നഷ്ടം കുറച്ചു. നിഫ്റ്റി താഴ്ചയിൽ നിന്നു 85 പോയിന്റ് തിരികെക്കയറിയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 542.1 പോയിന്റ് (0.82%) നഷ്ടത്തിൽ 65,240,68-ലും നിഫ്റ്റി 144.9 പോയിന്റ് (0.74%) താഴ്ന്ന് 19,381.65 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.25 ശതമാനം കയറി 37,326.15ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.12 ശതമാനം ഉയർന്ന് 11,609.85 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ഇന്നലെയും വിൽപന തുടർന്നു. അവർ 317.46 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1729.19 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 19,500 ന്റെ തലത്തിൽ നിന്നു താഴ്ന്നത് നീണ്ട തിരുത്തലിലേക്കു നയിക്കുമെന്നു ചിലർ കരുതുന്നു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും നൽകുന്ന സൂചന തിരിച്ചു കയറ്റത്തിന്റേതാണ്.
ഇന്നു നിഫ്റ്റിക്ക് 19,310 ലും 19,165 ലും പിന്തുണ ഉണ്ട്. 19,500 ഉം 19,650 ഉം തടസങ്ങളാകാം.
സിമന്റ് നിർമാണ കമ്പനിയായ സാംഘി ഇൻഡസ്ട്രീസിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഇതിനുള്ള കരാറിൽ അദാനി ഗ്രൂപ്പിലെ അംബുജ സിമന്റ്സും സംഘിയുടെ പ്രൊമോട്ടർമാരും ഒപ്പിട്ടു. 5000 കോടി രൂപയ്ക്ക് 56.74 ശതമാനം ഓഹരി വാങ്ങും. ഓഹരി ഒന്നിന് 114. 22 രൂപ വച്ച് ഓപ്പൺ ഓഫറും പ്രഖ്യാപിച്ചു. ഗുജറാത്ത് തീരത്ത് ഫാക്ടറിയും തുറമുഖ സൗകര്യവുമുള്ള സംഘി സ്വന്തമാകുന്നത് പടിഞ്ഞാറൻ തീരക്കടൽ വഴി സിമന്റ് വിതരണം നടത്താൻ അദാനിയെ സഹായിക്കും. ഹിൻഡൻബർഗ് റിപ്പോർട്ട് വന്ന ശേഷം അദാനി ഗ്രൂപ്പ് നടത്തുന്ന ആദ്യ ഏറ്റെടുക്കലാണിത്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. വിപണിയിലെ അനിശ്ചിതത്വമാണു കാരണം. അലൂമിനിയം 0.76 ശതമാനം ഉയർന്നു ടണ്ണിന് 2230.35 ഡോളറിലായി. ചെമ്പ് 0.31 ശതമാനം കയറി ടണ്ണിന് 8570.35 ഡോളറിൽ എത്തി. ടിൻ 1.56 ശതമാനം ഉയർന്നു. സിങ്കും ലെഡും നിക്കലും താഴ്ന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില രണ്ടര ശതമാനം കയറി. സൗദി അറേബ്യ ഉൽപാദനം കുറയ്ക്കൽ തുടരും എന്നു പ്രഖ്യാപിച്ചതാണു വില കൂടാൻ സഹായിച്ചത്. ബ്രെന്റ് ഇനം ക്രൂഡ് 85.14 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.75 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 83.17 ലും ഡബ്ള്യുടിഐ വില 81.78 ലും എത്തി.
സ്വർണം താഴ്ചയിൽ തുടരുന്നു. ബുള്ളുകൾ വിപണിയിൽ നിന്നു വിട്ടുനിൽക്കുന്നതാണു കാരണം. ഔൺസിന് 1935.10 ഡോളറിൽ നിന്ന് 1934.20 ലേക്കു സ്വർണം താണു.
കേരളത്തിൽ പവൻവില ഇന്നലെ 120 രൂപ കുറഞ്ഞ് 43,960 രൂപയിൽ എത്തി.
ഡോളർ വ്യാഴാഴ്ച16 പെെസ കയറി 82.74 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വ്യാഴാഴ്ച 102.84 വരെ കയറിയിട്ട് 102.47 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.52 ലാണ്.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താണു. ബിറ്റ്കോയിൻ 29,150 ഡോളറിനടുത്തായി.
ഇന്ത്യയുടെ നിക്ഷേപ പദവി ഉയർത്തി മോർഗൻ സ്റ്റാൻലി
മോർഗൻ സ്റ്റാൻലി ഇന്ത്യയുടെ നിക്ഷേപ പദവി ഉയർത്തി ഓവർ വെയിറ്റ് ആക്കി. രാജ്യത്തേക്ക് കൂടുതൽ ഓഹരി നിക്ഷേപം വരുന്നതിന് ആഗോള നിക്ഷേപ ബാങ്കിന്റെ പുതിയ വിലയിരുത്തൽ സഹായിക്കും. ഇന്ത്യയെ 0.75 ശതമാനം ഓവർ വെയിറ്റ് ആക്കിയപ്പോൾ ചൈനയെ ഈക്വൽ വെയിറ്റിലേക്കു താഴ്ത്തി.
ഇന്ത്യ വലിയ വളർച്ചയുടെ നീണ്ട കാലത്തിനു തുടക്കമിടുകയാണെന്നു ബാങ്ക് കണക്കാക്കുന്നു. ചൈനയുടെ വളർച്ചക്കാലം കഴിഞ്ഞു. ഈ ദശകത്തിൽ ഇന്ത്യയുടെ ശരാശരി വാർഷിക ജിഡിപി വളർച്ച 6.5 ശതമാനമാകുമ്പോൾ ചൈനയുടേത് 3.9 ശതമാനം മാത്രമായിരിക്കും എന്നാണു ബാങ്കിന്റെ നിഗമനം.
റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ഇന്ത്യ 2031 വരെ പ്രതിവർഷം 6.7 ശതമാനം വളരുമെന്ന് വിലയിരുത്തി. 2031 ധനകാര്യ വർഷം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ജിഡിപി 6.7 ട്രില്യൺ (ലക്ഷം കോടി) ഡോളർ ആകുമെന്ന് അവർ കണക്കാക്കുന്നു. ഇപ്പോൾ 3.4 ട്രില്യൺ ഡോളർ. ആളോഹരി വരുമാനം 2450 ഡോളറിൽ നിന്നു 2031 ൽ 4500 ഡോളർ ആകും. എന്നാൽ ഈ വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച ആറു ശതമാനം മാത്രമായിരിക്കുമെന്ന് എസ് ആൻഡ് പി പറയുന്നു.
ലാപ്ടോപ് ഇറക്കുമതി ഇനി നിയന്ത്രിത പട്ടികയിൽ
പേഴ്സണൽ കംപ്യൂട്ടറുകൾ, ലാപ് ടോപ്പുകൾ, ടാബലറ്റുകൾ, സൂപ്പർ കംപ്യൂട്ടറുകൾ തുടങ്ങി എട്ട് ഇനം ഇലക്ട്രോണിക് സാധനങ്ങളെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലാക്കി. അനുമതിയോടെ മാത്രമേ ഇവ ഇനി ഇറക്കുമതി ചെയ്യാനാകൂ.
രാജ്യരക്ഷാവിഷയം ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യരക്ഷ പറഞ്ഞ് ഇറക്കുമതി നിയന്ത്രിക്കാൻ ലോക വ്യാപാര സംഘടന അനുവദിക്കുന്നുണ്ട്. ചെെനയിൽ നിന്നുള്ള ഇറക്കുമതി പരിമിതപ്പെടുത്തുകയാണു മുഖ്യ ലക്ഷ്യം. ഒപ്പം ഇന്ത്യയിലെ നിർമാണം പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു.
കഴിഞ്ഞ ധനകാര്യ വർഷം ഈ ഇനം സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ 1010 കോടി ഡോളർ ചെലവാക്കി. അതിൽ 530 കോടി ഡോളർ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഉൽപാദനം 340 കോടി ഡോളറിന്റേതായിരുന്നു.ടയർ, ടെലിവിഷൻ, എയർ കണ്ടീഷണർ എന്നിവ ഇറക്കുമതിനിയന്ത്രിത ഇനങ്ങളിൽ പെടുന്നു.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 03, വ്യാഴം)
സെൻസെക്സ് 30 65,240.68 - 0.82%
നിഫ്റ്റി 50 19,381.65 -0.74%
ബാങ്ക് നിഫ്റ്റി 44,513.45 -1.07%
മിഡ് ക്യാപ് 100 37,326.15 +0.25%
സ്മോൾക്യാപ് 100 11,609.85 +0.12%
ഡൗ ജോൺസ് 30 35,215.89 -0.19%
എസ് ആൻഡ് പി 500 4501.89 -0.25%
നാസ്ഡാക് 13,959.72 -0.10%
ഡോളർ ($) ₹82.74 +16 പൈസ
ഡോളർ സൂചിക 102.47 -0.12
സ്വർണം(ഔൺസ്) $1934.30 -$00.90
സ്വർണം(പവൻ ) ₹44,080 -₹240
ക്രൂഡ് (ബ്രെന്റ്)ഓയിൽ $83.20 -$1.71