വളർച്ച നിഗമനം താഴ്ത്തി ലോക ബാങ്കും ഏഷ്യൻ വികസന ബാങ്കും
വീണ്ടും ആശങ്കകൾ; വിദേശ സൂചനകൾ നെഗറ്റീവ്; സ്വർണം സർവകാല റെക്കോർഡിലേക്ക്
സാമ്പത്തിക മാന്ദ്യവും ബാങ്കിംഗ് പ്രതിസന്ധിയും വീണ്ടും ചിന്താവിഷയമായപ്പോൾ യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിലായി. ഇന്നു ജാപ്പനീസ് വിപണിയും ഇടിവിലാണ്. സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി ഉയർന്ന നിലയിൽ നിന്ന് കുത്തനേ താഴ്ന്നു. ഇന്ന് ഇന്ത്യൻ വിപണി കരുതലോടെയുള്ള തുടക്കത്തിനാകും ശ്രമിക്കുക. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു നിൽക്കുന്നത് ചെറിയ ആശ്വാസമാണ്.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നാളെ രാവിലെ 10 ന് പണനയ കമ്മിറ്റിയുടെ തീരുമാനം അറിയിക്കും. റീപോ നിരക്ക് 6.5 ൽ നിന്ന് 6.75 ശതമാനമായി കൂട്ടുമെന്നാണു പരക്കെ പ്രതീക്ഷിക്കുന്നത്. ഭാവിയെ പറ്റിയുള്ള ഗവർണറുടെ നിഗമനങ്ങൾ വിപണിയെ സ്വാധീനിക്കും.
ലോക ബാങ്കും ഏഷ്യൻ വികസന ബാങ്കും
2023-24 ലെ ജിഡിപി വളർച്ചയെപ്പറ്റിയുള്ള നിഗമനം ലോക ബാങ്കും ഏഷ്യൻ വികസന ബാങ്കും താഴ്ത്തിയതു വിപണിക്കു പ്രതികൂലമാണ്. പെട്രോളിയം കമ്പനികൾക്കുള്ള അമിതലാഭ നികുതി പകുതിയായി കുറച്ചത് കമ്പനികൾക്കു താൽക്കാലിക ആശ്വാസമാകും. എന്നാൽ താമസിയാതെ നിരക്ക് കൂട്ടും. ക്രൂഡ് വില ഉയർന്നതാണു കാരണം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് , വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച ആദ്യ സെഷനിൽ 17,456-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,502 ലേക്ക് കയറി. ചൊവ്വാഴ്ച 17,578 വരെ ഉയർന്നിട്ട് 17,532 ലേക്കു താഴ്ന്നു. ഇന്നു രാവിലെ 17,520 നു താഴെയായി സൂചിക. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
യുഎസ് വിപണി താഴ്ചയിൽ
തിങ്കളാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്ത യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഭിന്ന ദിശകളിലായി. യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും തിങ്കളാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചെങ്കിലും നാസ്ഡാക് നഷ്ടത്തിലായി. ചൊവ്വാഴ്ച നാലു ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ചു ഡൗ ജോൺസും എസ് ആൻഡ് പിയും നഷ്ടത്തിലായി. നാസ്ഡാകും താഴ്ന്നു.
യുഎസ് ബാങ്കിംഗ് പ്രതിസന്ധി അവസാനിച്ചില്ലെന്ന ജെപി മോർഗൻ റിപ്പോർട്ടും സാമ്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള പുതിയ ആശങ്കകളും ആണ് ഇടിവിനു കാരണം. എന്നാൽ ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. ഡൗ 0.14 ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.16 ഉം ശതമാനം കയറി.
ഏഷ്യയിൽ ഇടിവ്
ഓസ്ട്രേലിയൻ വിപണി ഇന്ന് തുടക്കത്തിൽ 0.2 ശതമാനം കയറി. ജപ്പാനിൽ നിക്കെെ 0.5 ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ താണു. മറ്റു മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ നഷ്ടത്തിലോ ചെറിയ കയറ്റത്തിലാേ വ്യാപാരമാരംഭിച്ചു. ചെെനയിൽ ഇന്നു വിപണികൾ അവധിയാണ്.
ബുള്ളിഷ് ക്ലോസിംഗ്, പക്ഷേ ...
ഇന്ത്യൻ വിപണി തിങ്കളാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 114.92 പോയിന്റ് (0.19%) നേട്ടത്തിൽ 59,106.44ലും നിഫ്റ്റി 38.3 പോയിന്റ് (0.22%) കയറി 17,398.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.44 ഉം സ്മോൾ ക്യാപ് സൂചിക 0.74 ഉം ശതമാനം കയറിയാണ് വ്യാപാരം അവസാനിച്ചത്. വാഹന, മീഡിയ, റിയൽറ്റി, ബാങ്ക്, ഫിനാൻസ് മേഖലകൾ നല്ല നേട്ടമുണ്ടാക്കി.
വിപണി ഹ്രസ്വകാല ബുള്ളിഷ് പ്രവണതയാണു കാണിക്കുന്നത്. 17,500 നു മുകളിൽ കയറുമ്പോഴേ കുതിപ്പ് സ്ഥിരീകരിക്കാനാവൂ. നിഫ്റ്റിക്ക് 17,335 ലും 17,265 ലും സപ്പോർട്ട് ഉണ്ട്. 17,425 ലും 17,495 ലും തടസങ്ങൾ ഉണ്ടാകാം.
തിങ്കളാഴ്ച വിദേശനിക്ഷേപകർ വാങ്ങലുകാരായപ്പോൾ സ്വദേശി ഫണ്ടുകൾ വിൽപനക്കാരായി. വിദേശികൾ 321.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശികൾ 328.24 കോടിയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിൽ
വാരാന്ത്യത്തിൽ കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില പിടിച്ചു നിൽക്കുന്നു. ചൊവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 85.46 ഡോളറിൽ ക്ലോസ് ചെയ്തു. വ്യാവസായിക ലോഹങ്ങൾ താഴ്ചയിലാണ്. ചെമ്പ് അൽപം താഴ്ന്ന് 8927 ഡോളറിലായി. അലൂമിനിയം 1.4 ശതമാനം ഇടിഞ്ഞ് 2367 ഡോളറിലെത്തി. നിക്കലും സിങ്കും ലെഡും ടിനും താഴ്ന്നു.
സ്വർണം സർവകാല റെക്കോർഡിലേക്ക്
സ്വർണവില ചൊവ്വാഴ്ച കുതിച്ചു കയറി. ഇനിയും പലിശ ഉയരുമെന്നതും ബാങ്കിംഗ് പ്രതിസന്ധി തീർന്നിട്ടില്ല എന്നതും സ്വർണവില 2000 ഡോളറിനു മുകളിൽ ഉറപ്പിച്ചു. 1976 ഡോളറിൽ നിന്ന് 2026 ഡോളറിലേക്ക് പാഞ്ഞുകയറിയ സ്വർണം പിന്നീടു ചെറിയ കയറ്റിറക്കങ്ങളിൽ ഒതുങ്ങി.
ഫെബ്രുവരിയിൽ യുഎസ് തൊഴിൽ അവസരങ്ങൾ കുറഞ്ഞതായ റിപ്പോർട്ടും സ്വർണക്കുതിപ്പിനെ സഹായിച്ചു. കഴിഞ്ഞ വർഷം മാർച്ചിലെ 2078 ഡോളർ എന്ന സർവകാല റിക്കാർഡ് മറികടക്കാൻ സ്വർണവില ശ്രമിക്കും എന്നാണു വിപണി നിരീക്ഷകർ കരുതുന്നത്. മാന്ദ്യവും ബാങ്കിംഗ് പ്രതിസന്ധിയും വന്നാൽ സുരക്ഷിത നിക്ഷേപമേഖല എന്ന നിലയിലാണു സ്വർണം വീണ്ടും ശ്രദ്ധ നേടിയത്.
കേരളത്തിൽ തിങ്കളാഴ്ച പവന് 240 രൂപ കുറഞ്ഞെങ്കിലും ചൊവ്വാഴ്ച 480 രൂപ വർധിച്ച് 44,240 രൂപയിലെത്തി. വില ഇന്നു വീണ്ടും ഗണ്യമായി ഉയർന്നേക്കും.
സ്വർണ വിലയിലെ കയറ്റം ഗവണ്മെന്റ് ഇറക്കിയ സോവറിൻ ഗോൾഡ് ബോണ്ടുകളിലെ നിക്ഷേപത്തെ കൂടുതൽ ആദായകരമാക്കി. സ്വർണ ഇ ടി എഫുകളേക്കാൾ മികച്ച ആദായം ബോണ്ടുകളിൽ ലഭിച്ചു. ക്രിപ്റ്റോ കറൻസികൾ താഴ്ന്നിട്ടു തിരിച്ചു കയറി. ബിറ്റ് കോയിൻ വീണ്ടും 28,000 ഡോളറിനു മുകളിലാണ്.
ഡോളർ തിങ്കളാഴ്ച 15 പെെസ കൂടി 82.32 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ കയറ്റിറക്കങ്ങൾക്കു ശേഷം 101.59 ൽ അവസാനിച്ചു. ഇന്ന് 101.45 ലാണ് സൂചിക.
വളർച്ച പ്രതീക്ഷ താഴ്ത്തി ലോക ബാങ്കും എഡിബിയും
2023-24 ലെ ഇന്ത്യയുടെ വളർച്ച നിഗമനം ബഹുരാഷ്ട്ര ധനകാര്യ ഏജൻസികൾ താഴ്ത്തി. ലോകബാങ്ക് 6.6 ശതമാനത്തിൽ നിന്ന് 6.3 ലേക്കു താഴ്ത്തിയപ്പോൾ ഏഷ്യൻ വികസന ബാങ്ക് (എഡിബി) 7.2 ൽ നിന്ന് 6.4 ശതമാനത്തിലേക്കു കുറച്ചു. ഡിസംബറിലെ നിഗമനങ്ങളാണ് ഇപ്പോൾ തിരുത്തിയത്.
ഗവണ്മെന്റ് ഫെബ്രുവരി 28-നു പുറത്തുവിട്ട അഡ്വാൻസ് എസ്റ്റിമേറ്റിലെ പ്രതീക്ഷ ഏഴു ശതമാനം ജിഡിപി വളർച്ച ഉണ്ടാകുമെന്നാണ്. ബഹുരാഷ്ട ഏജൻസികൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസി (എൻഎസ്ഒ) ന്റെ നിഗമനം സ്വീകരിക്കുന്നില്ല എന്നു വ്യക്തം. ജനുവരി അവസാനം ഐഎംഎഫ് കണക്കാക്കിയത് 6.1 ശതമാനം വളർച്ചയാണ്. അവരുടെ പ്രാഥമിക നിഗമനം 6.8 ശതമാനമായിരുന്നു.
ആഗോള വളർച്ചയിലെ ഇടിവ്, ഉയർന്ന പലിശ, കുറഞ്ഞ പണലഭ്യത, ഉയർന്ന ക്രൂഡ് ഓയിൽ വില എന്നിവ കണക്കിലെടുത്താണു വളർച്ച നിഗമനം താഴ്ത്തുന്നതെന്ന് എഡിബി പറയുന്നു.
ബാഹ്യ വെല്ലുവിളികളും കുറഞ്ഞുവരുന്ന ഉപഭോഗവും കണക്കിലെടുത്താണു ലോകബാങ്ക് വിലയിരുത്തൽ. സർക്കാർ ചെലവും കുറയും എന്നാണു ലോക ബാങ്ക് കരുതുന്നത്. ഈ വർഷം വിലക്കയറ്റം 5.2 ശതമാനമായി കുറയുമെന്ന് ലാേക ബാങ്ക് കണക്കാക്കി. എഡിബിയുടെ വിലക്കയറ്റ പ്രതീക്ഷ 4.5 ശതമാനമാണ്.
വിപണി സൂചനകൾ
(2023 ഏപ്രിൽ 03, തിങ്കൾ)
സെൻസെക്സ് 30 59,106.44 +0.19%
നിഫ്റ്റി 50 17,398.05 +0.22%
ബാങ്ക് നിഫ്റ്റി 40,813.05 +0.5%
മിഡ് ക്യാപ് 100 30,166.75 + 0.44%
സ്മോൾ ക്യാപ് 100 9061.60 + 0.74%
ഡൗ ജോൺസ് 30 33,601.10 +0.98%
എസ് ആൻഡ് പി 500 4124.51 +0.37%
നാസ്ഡാക് 12,189.50 -0.27%
ഡോളർ ($) ₹82.32 +15 പൈസ
ഡോളർ സൂചിക 102.06 -0.04
സ്വർണം (ഔൺസ്) $1983.4 + $20.2
സ്വർണം ( പവൻ) ₹43,760 - ₹ 240
ക്രൂഡ് (ബ്രെന്റ്) ഓയിൽ $85.06 + 6.23
വിപണി സൂചനകൾ
(2023 ഏപ്രിൽ 04, ചൊവ്വ)
ഡൗ ജോൺസ് 30 33,402.38 -0.59%
എസ് ആൻഡ് പി 500 4100.60 -0.58%
നാസ്ഡാക് 12,126.33 -0.52%
ഡോളർ സൂചിക 101.59 -0.47
സ്വർണം (ഔൺസ്) $ 2024.70 + $41.3
സ്വർണം ( പവൻ) ₹44,240 - ₹ 480
ക്രൂഡ് (ബ്രെന്റ്) ഓയിൽ $85.46 +0.40