ആഗോള പ്രവണതകളിൽ നിന്നു മാറി നീങ്ങി ഇന്ത്യൻ വിപണി കുതിപ്പിൽ

യുഎസിൽ ബാങ്കിംഗ് ആശങ്ക തുടരുന്നു; യൂറോപ്പിലും പലിശ കൂടി

Update:2023-05-05 08:41 IST

അമേരിക്കൻ ബാങ്കിംഗ് ആശങ്കകൾ ഇന്നലെ യുഎസ് വിപണിയെ താഴ്ത്തി. ഇന്ന് ഏഷ്യൻ വിപണികളും താഴ്ചയിലാണ്. എന്നാൽ ഇന്ത്യൻ വിപണി വ്യത്യസ്തമായി നീങ്ങുമെന്നാണ് ബ്രോക്കറേജുകൾ കരുതുന്നത്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴം രാത്രി ഒന്നാം സെഷനിൽ 18,285.50 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,220.5 ലേക്ക് താഴ്ന്നു. ഇന്നു രാവിലെ 18,250 നു മുകളിലായി. ഇന്ത്യൻ വിപണി ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ഇന്നലെ ഒരു ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. യൂറോപ്യൻ കേന്ദ്രബാങ്ക് പലിശ കാൽ ശതമാനം വർധിപ്പിച്ചു. അതു പ്രതീക്ഷിച്ചതാണ്. പലിശവർധന തുടരുമെന്നു സൂചിപ്പിച്ചത് പ്രതീക്ഷയ്ക്കു വിപരീതമായി. യുഎസ് ബാങ്കിംഗ് പ്രതിസന്ധിയും വിപണിയുടെ താഴ്ചയ്ക്കു കാരണമായി. ബിഎഎസ്എഫ് എന്ന കെമിക്കൽ കമ്പനിയുടെ മേധാവിയെ സൂപ്പർവൈസറി ബോർഡിന്റെ അടുത്ത ചെയർമാനായി പ്രഖ്യാപിച്ചതിനെ തുടർന്ന് മെഴ്സിഡീസ് ഓഹരികൾ എട്ടു ശതമാനം ഇടിഞ്ഞു.

യുഎസ് വിപണി തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു. ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ആശങ്ക വർധിച്ചതാണു കാരണം. പസഫിക് വെസ്റ്റ്, വെസ്റ്റേൺ അലയൻസ്, ഫസ്റ്റ് ഹൊറൈസൺ, വാലി നാഷണൽ തുടങ്ങിയ പ്രാദേശിക ബാങ്കുകളുടെ ഓഹരികൾ വലിയ തകർച്ചയിലായി.

പസഫിക് വെസ്റ്റിന്റെ ഓഹരി ഇന്നലെ 60 ശതമാനം വരെ ഇടിഞ്ഞു. ഈയാഴ്ചയിലെ തകർച്ച 87 ശതമാനമാണ്. വെസ്റ്റേൺ അലയൻസ് ഓഹരി ഇന്നലെ 40 ശതമാനത്തിലധികം താഴ്ന്നു. രണ്ടു ബാങ്കുകളും ഏറ്റെടുക്കലിനു തയാറുള്ളവരെ തേടുകയാണ്. കൂടുതൽ ബാങ്കുകൾ കുഴപ്പത്തിലാകും എന്നാണു വിപണിയുടെ വിലയിരുത്തൽ.

ഡൗ ജോൺസ് ഇന്നലെ 286.5 പോയിന്റും (0.86 ശതമാനം) എസ് ആൻഡ് പി 29.53 പോയിന്റും (0.72%) നാസ്ഡാക് 58.93 പോയിന്റും (0.49%) താഴ്ന്നു. വിപണി ക്ലോസ് ചെയ്ത ശേഷം പുറത്തുവന്ന ആപ്പിൾ റിസൽട്ട് പ്രതീക്ഷയേക്കാൾ മികച്ചതായി. ഐഫോൺ വിൽപനയാണു രക്ഷിച്ചത്. ഫ്യൂച്ചേഴ്സ് നേട്ടത്തിലാകാൻ ഇതു സഹായിച്ചു. ഫ്യൂച്ചേഴ്സിൽ ഡൗ 0.24 ഉം എസ് ആൻഡ് പി 0.39 ഉം നാസ്ഡാക് 0.47 ഉം ശതമാനം കയറി.

ഏഷ്യൻ, ഓസ്ട്രേലിയൻ സൂചികകൾ ഇന്നും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ വിപണി ഇന്ന് അവധിയിലാണ്. ചെെനീസ് വിപണി തുടക്കത്തിൽ ഉയർന്നു.

ആഗോള പ്രവണതകളിൽ നിന്നു മാറി നീങ്ങിയ ഇന്ത്യൻ വിപണി ഇന്നലെ ദുർബലമായ തുടക്കത്തിനു ശേഷം ആവേശകരമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തലേ ദിവസത്തെ നഷ്ടങ്ങൾ നികത്തി ഒരു ശതമാനത്തിനടുത്ത നേട്ടം ഉണ്ടാക്കി.

സെൻസെക്സ് 555.95 പോയിന്റ് (0.91%) കുതിച്ച് 61,749.25 ലും നിഫ്റ്റി 165.95 പോയിന്റ് (0.92%) ഉയർന്ന് 18,255.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.6 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.8 ശതമാനം കയറി.

വിപണി ബുള്ളിഷ് ആണ്. നിഫ്റ്റിക്കു 18,120 ലും 17,995 ലും സപ്പോർട്ട് ഉണ്ട്. 18,275 ലും 18,400 ലും തടസങ്ങൾ നേരിടാം. മണപ്പുറം ജനറൽ ഫിനാൻസിന്റെ ഓഫീസുകളിൽ എൻഫാേഴ്സ്മെന്റ് വിഭാഗം (ഇഡി) പരിശോധന നടത്തിയത് 2012ലെ ഒരു നിക്ഷേപം തിരിച്ചു കൊടുക്കാത്തതുമായി ബന്ധപ്പെട്ടാണെന്നു കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. മണപ്പുറം അഗ്രാേ ഫാംസ് എന്ന കമ്പനിയിലായിരുന്നു നിക്ഷേപം.

ഇതേ തുടർന്ന് ഇന്നലെ വെെകുന്നേരം ഓഹരിവില അഞ്ചു ശതമാനത്തോളം കയറി. ക്ലോസിംഗിൽ 3.95 ശതമാനം നേട്ടമുണ്ട്. എന്നാൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.പി.നന്ദകുമാറിന്റെ 143 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചതായി ഇഡി പിന്നീട് അറിയിച്ചു. ആറു ബാങ്ക് അക്കൗണ്ടുകൾ ഇതിൽ പെടുന്നു.

മണപ്പുറം അഗ്രാേ ഫാംസ് എന്ന സ്ഥാപനം അനധികൃത ഇടപാടുകൾ നടത്തിയെന്നാണ് ഇഡി ആരാേപണം.

വിദേശനിക്ഷേപകർ വ്യാഴാഴ്ച 1414.73 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 441.56 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ കാര്യമായി മാറിയില്ല. വ്യാഴാഴ്ച ചെറിയ മേഖലയിൽ കയറിയിറങ്ങി. ബ്രെന്റ് ഇനം ക്രൂഡ് 72.50 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 68.78 ഡോളർ ആയി.

സ്വർണം കയറ്റം തുടർന്നു. ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ആശങ്ക 2060 ഡോളർ വരെ സ്വർണത്തെ കയറ്റി. ഇന്നു രാവിലെ 2052 - 2054 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻവില ഇന്നലെ കുതിച്ചുയർന്നു. 400 രൂപ വർധിച്ച് 45,600 രൂപയായി. ഏപ്രിൽ 14 -നു വന്ന 45,320 രൂപയുടെ റിക്കാർഡ് തിരുത്തി. ഇന്നു വീണ്ടും വില കയറാം.

പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താഴ്ചയിലായി. ചെമ്പ് 0.13 ശതമാനം താണ് ടണ്ണിന് 8475 ഡോളറിലായി. അലൂമിനിയം 1.92 ശതമാനം ഇടിഞ്ഞ് 2295 ഡോളറിൽ ക്ലാേസ് ചെയ്തു. ലെഡും ടിന്നും 0.8 ശതമാനം വരെ താഴ്ന്നു. നിക്കലും സിങ്കും മാറ്റമില്ലാതെ അവസാനിച്ചു.

ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 28,200 ലായി. ഡോളർ ഇന്നലെ ആറു പെെസ താഴ്ന്ന് 81.81 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്നലെ 101.45 ലേക്കു കയറി. രാവിലെ 101.1 ആയി കുറഞ്ഞു. 


അദാനി എന്റർപ്രൈസസിനു ലാഭം ഇരട്ടിയിലേറെ

അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് നാലാം പാദത്തിൽ ലാഭം 140 ശതമാനം വർധിപ്പിച്ചതായി റിസൽട്ട് കാണിക്കുന്നു. വരുമാനം 26 ശതമാനം വർധിച്ചു. 31,716 കോടി രൂപ വിറ്റുവരവിൽ 722 കോടി രൂപയാണ് അറ്റാദായം.

റോഡ് ബിസിനസിലാണു വലിയ ലാഭ വളർച്ച. കണക്കുകൾക്ക് സോപാധിക സർട്ടിഫിക്കറ്റാണ് സ്റ്റാച്യൂട്ടറി ഓഡിറ്റർ ഷാ ധൻധാരിയ നൽകിയത്. ഇദ്ദേഹം കഴിഞ്ഞ ദിവസം അദാനി ടോട്ടലിന്റെ ഓഡിറ്റർ സ്ഥാനം ഒഴിഞ്ഞിരുന്നു. ജോലിത്തിരക്കാണു കാരണമായി പറഞ്ഞത്. എന്നാൽ ഇത്ര വലിയ കണക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയോ വെെദഗ്‌ധ്യേമോ ഷാ ധൻധാരിയയ്ക്ക് ഉണ്ടാേ എന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംശയം ഉന്നയിച്ചിരുന്നു.

അദാനി എന്റർപ്രൈസസ് അടക്കം എല്ലാ ഗ്രൂപ്പ് കമ്പനികളുടെയും ഓഹരികൾ ഇന്നലെ കയറി. മ്യാൻമറിൽ 12.7 കോടി ഡോളർ മുതൽ മുടക്കിയ ഒരു തുറമുഖം അദാനി പോർട്ട്സ് കഴിഞ്ഞ ദിവസം മൂന്നു കോടി ഡോളറിനു വിറ്റു. 2022 ആദ്യ പകുതിയിൽ വിൽപന തീരുമാനിച്ചതാണെങ്കിലും ഇടപാട് നീണ്ടു പോയതാണ്. രാജ്യത്തു പട്ടാള ഭരണം വന്നതിനെ തുടർന്ന് അന്താരാഷ്ട സമൂഹം ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഈ പിന്മാറ്റം.

വിപണി സൂചനകൾ

(2023 മേയ് 04, വ്യാഴം)

സെൻസെക്സ് 30 61,749.25 +0.91%

നിഫ്റ്റി 50 18,255.80 +0.92%

ബാങ്ക് നിഫ്റ്റി 43,685.40 +0.86%

മിഡ് ക്യാപ് 100 32,374.35 +0.58%

സ്മോൾക്യാപ് 100 9809.80 +0.79%

ഡൗ ജോൺസ്30 33,127.70 - 0.86%

എസ് ആൻഡ് പി500 4061.22 - 0.72%

നാസ്ഡാക് 11,966.40 - 0.49%

ഡോളർ ($) ₹81.80 -02 പൈസ

ഡോളർ സൂചിക 101.45 +0.11

സ്വർണം(ഔൺസ്) $ 2051.30 +$11.20

സ്വർണം(പവൻ ) ₹45,600 +₹400.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $72.50 +$0.57

Tags:    

Similar News