വിപണികൾ താഴ്ചയിലേക്ക്; ഏഷ്യയിൽ വീണ്ടും തകർച്ച; മാന്ദ്യത്തെപ്പറ്റി ആശങ്ക കൂടുന്നു; ലോഹങ്ങൾ ഇടിവിൽ

എച്ച്ഡിഎഫ്സി ബാങ്കിന്റെ വായ്പാ വളർച്ച വിപണിയുടെ പ്രതീക്ഷയോളം വന്നില്ല. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിലും എച്ച്ഡിഎഫ്സിയിലും ലാഭമെടുക്കലിനുള്ള വിൽപന സമ്മർദമായി. ഈ ഓഹരികൾ മൂന്നു ശതമാനം വീതം താഴ്ന്നു

Update:2023-07-06 08:21 IST

വിദേശ വിപണികൾ ഉയരങ്ങളിൽ നിന്നു പിൻവാങ്ങുകയാണ്. ഇന്ത്യൻ വിപണിയും ഉയരങ്ങളിൽ ഒരു തിരുത്തലിനോ ഏതാനും ദിവസത്തെ സമാഹരണത്തിനോ ഒരുങ്ങുന്നതാണ് ഈ ദിവസങ്ങളിൽ കണ്ടത്. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ തകർച്ചയിലുമായി. ജപ്പാനിലും ചെെനയിലും സേവനമേഖലയുടെ വളർച്ചത്താേതു കുറഞ്ഞതായ സർവേ ഫലങ്ങൾ വിപണിയെ താഴ്ത്തി.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,512 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,476 ലേക്ക് താണു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ബുധനാഴ്ച ഒരു ശതമാനത്തോളം ഇടിഞ്ഞാണു ക്ലോസ് ചെയ്തത്. സാമ്പത്തിക മാന്ദ്യത്തെപ്പറ്റി വിപണിയിൽ ആശങ്ക പടരുന്നുണ്ട്. യൂറോ മേഖലയിലെ പിഎംഐ സർവേ ബിസിനസുകളുടെ ഉൽപാദനം ജൂണിൽ കുറവായി എന്നു കാണിച്ചു. സേവന മേഖലയിലും ക്ഷീണമാണ്. ഫാക്ടറികൾക്കു പുതിയ ഓർഡറുകൾ കുറഞ്ഞു.

ഒരു ദിവസത്തെ അവധിക്കു ശേഷം ഇന്നലെ പ്രവർത്തിച്ച യുഎസ് വിപണിയും താഴ്ന്നു. ഡൗ ജോൺസ് സൂചിക 129.83 പോയിന്റ് (0.38%) താണ് 34,288 64 - ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 8.77 പോയിന്റും നാസ്ഡാക് 25.12 പോയിന്റും താഴ്ന്ന് അവസാനിച്ചു.

ജൂണിലെ ഒഫഡറൽ റിസർവ് കമ്മിറ്റിയുടെ യോഗ മിനിറ്റ്സ് ഇന്നലെ പുറത്തു വന്നു. ജൂണിൽ തന്നെ നിരക്കു കൂട്ടണമെന്നു രണ്ടംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ മാസത്തെ യോഗം നിരക്കു കൂട്ടാനുള്ള സാധ്യത ഇതോടെ വർധിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.15 ശതമാനം താണു. എസ് ആൻഡ് പി 0.10 ശതമാനവും നാസ്ഡാക് 0.06 ശതമാനവും താഴ്ന്നു നിൽക്കുന്നു. 

ഏഷ്യൻ ഓഹരികൾ ഇന്നും താഴ്ചയിലാണ്. ഓസ്ട്രേലിയൻ, ജാപ്പനീസ് സൂചിക തുടക്കത്തിൽ ഒരു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലും ഇടിവാണ്. ചെെനീസ് വിപണിയും താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച ചെറിയ ഒരു മേഖലയിൽ കയറിയിറങ്ങി. നേട്ടത്തോടെ വ്യാപാരം തുടങ്ങിയശേഷം മുഖ്യ സൂചികകൾ ചാഞ്ചാടി. സെൻസെക്സ് നേരിയ നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ മിഡ്, സ്മാേൾ ക്യാപ് സൂചികകൾ നല്ല നേട്ടത്തിലായിരുന്നു.

സെൻസെക്സ് ഇന്നലെ 65,585 വരെയും നിഫ്റ്റി 19,421 വരെയും ഉയർന്നു. സെൻസെക്സ് 33.01 പോയിന്റ് (0.05%) താഴ്ന്ന് 65,446.04 ലും നിഫ്റ്റി 9.50 പോയിന്റ് (0.05%) കയറി 19, 398.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.71 ശതമാനം ഉയർന്ന് 36,024.65 ലും സ്മോൾ ക്യാപ് സൂചിക 0.74% കയറി 11,078.25 ലും ക്ലോസ് ചെയ്തു.

ബിഎസ്ഇ യുടെ വിപണിമൂല്യം (ഇവിടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം) ഇന്നലെ 300 ലക്ഷം കോടി (300 ട്രില്യൺ) രൂപ കടന്നു. വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1603.15 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 439.01 കോടിയുടെ ഓഹരികൾ വിറ്റു.

വിപണിയിൽ ബുള്ളുകൾ ദുർബലരായി. ഹ്രസ്വമായ തിരുത്തലോ പാർശ്വ നീക്കങ്ങളാേ ആകാം ഈ ദിവസങ്ങളിൽ. ഇന്നു നിഫ്റ്റിക്ക് 19,355-ലും 19,305 ലും പിന്തുണ ഉണ്ട്. 19,415 ലും 19,470 ലും തടസം ഉണ്ടാകാം.

വ്യാവസായിക ലോഹങ്ങൾ എല്ലാം ഇന്നലെ ഇടിഞ്ഞു. യൂറോപ്പിലും ചെെനയിലും ഫാക്ടറി പ്രവർത്തനത്തിൽ ഇടിവു കണ്ടതാണു കാരണം. അലൂമിനിയം 0.35 ശതമാനം താണ് ടണ്ണിന് 2159.35 ഡോളറിലായി. ചെമ്പ് 1.17 ശതമാനം ഇടിഞ്ഞു ടണ്ണിന് 8250.65 ഡോളറിൽ എത്തി. നിക്കലും സിങ്കും ടിനും ലെഡും ഒരു ശതമാനം വരെ താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും ഡോളറും 

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെന്റ് ഇനം 76.65 ഡോളറിലും ഡബ്ള്യുടിഐ ഇനം 71.79 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 76.58 ഡോളറിലേക്കു താണു.

സ്വർണം താഴ്ചയിലായി. ഔൺസിന് 1936.40 ഡോളർ വരെ കയറിയിട്ട് താണ് 1916.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1917 ഡോളർ ആയി. കേരളത്തിൽ ഇന്നലെ പവൻവില 80 രൂപ കൂടി 43,400 രൂപയിൽ എത്തി.

ഡോളർ ബുധനാഴ്ച 22 പെെസ ഉയർന്ന് 82.24 രൂപയിൽ ക്ലോസ് ചെയ്തു. എണ്ണക്കമ്പനികൾക്കു കൂടുതൽ ഡോളർ ആവശ്യമായതാണു കാരണം.


കമ്പനികൾ, വാർത്തകൾ 

ബജാജ് ഓട്ടായും ബ്രിട്ടീഷ് കമ്പനി ട്രയംഫും ചേർന്നു ട്രയംഫിന്റെ രണ്ടു 400 സിസി ബെെക്കുകൾ അവതരിപ്പിച്ചു. സ്പീഡ് 400 ഈ മാസം പകുതിയോടെ ഷോറൂമുകളിലെത്തും. 2.33 ലക്ഷം രൂപയിൽ തുടക്കം. സ്ക്രാoബ്ളർ 400 എക്സ് ഒക്ടോബറിൽ എത്തും. ബൈക്കുകളെപ്പറ്റി നല്ല വിലയിരുത്തലാണ് ഉണ്ടായത്. ബജാജ് ഓട്ടോയുടെ ഓഹരിവില ആറു ശതമാനത്തോളം ഉയർന്നു.

പവർ കൂടിയ ടൂ വീലർ വിപണിയിൽ മത്സരം കടുത്തതായി. ഹീറോ മോട്ടോകോർപ്, യുഎസിലെ ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിൾ ഇവിടെ അവതരിപ്പിക്കുകയാണ്. റോയൽ എൻഫീൽഡ് ബൈക്കുകൾ ഐഷർ ഇറക്കുന്നുണ്ട്. ഐഷറിന്റെ ബുള്ളറ്റിൽ നിന്ന് പ്രീമിയം വിപണിയുടെ പങ്കു പറ്റാനാണ് മറ്റു കമ്പനികളുടെ ശ്രമം. ഹീറാേ ഓഹരി ഇന്നലെയും ഉയർന്നു. ഐഷർ രണ്ടാം ദിവസവും താണു.

പ്രീമിയം യൂട്ടിലിറ്റി വാഹന (യുവി) വിപണിയിൽ മാരുതി സുസുകി ഇന്നലെ ഇൻവിക്ടോ അവതരിപ്പിച്ചു. 24.79 ലക്ഷം രൂപയിൽ തുടങ്ങുന്നതാണ് ഈ വാഹനം. പ്രീമിയം യൂട്ടിലിറ്റി വാഹനങ്ങൾക്കു ഡിമാൻഡ് വർധിച്ചു വരുന്ന വേളയിലാണു മാരുതിയുടെ പുതിയ മോഡൽ. മാരുതി ഓഹരി 10,000 രൂപ മറികടന്ന ദിവസം കൂടിയാണ് ഇന്നലെ. ഒപ്പം മാരുതിയുടെ വിപണിമൂല്യം 10,500 കോടി രൂപയിൽ എത്തുകയും ചെയ്തു.

വാഹന ഘടകങ്ങൾ നിർമിക്കുന്ന സംവർധന മദർസൺ ജപ്പാനിലെ ഹോണ്ടയുടെ ഉപകമ്പനി യാച്ചിയോ ഇൻഡസ്ട്രിയെ സ്വന്തമാക്കി. ഹോണ്ട ഫോർ വീലറുകൾക്കു വേണ്ട സൺ റൂഫുകളും ഫ്യൂവൽ ടാങ്കും നിർമിക്കുന്നതു യാച്ചിയോ ആണ്. ഹോണ്ടയുമായുള്ള സംവർധനയുടെ വ്യാപാരം ഇരട്ടിപ്പിക്കാൻ ഈ വാങ്ങൽ സഹായിക്കും. അറ്റാദായത്തിൽ എട്ടു ശതമാനം വർധനയാണ് ഇതു വഴി കണക്കാക്കുന്നത്. സംവർധന ഓഹരി ഇന്നലെ 10 ശതമാനം വരെ കയറി. ഇനിയും ഗണ്യമായ കയറ്റത്തിനു സാധ്യത ഉണ്ടെന്ന് നൊമൂറ സെക്യൂരിറ്റീസ് വിലയിരുത്തി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വായ്പാ വളർച്ച വിപണിയുടെ പ്രതീക്ഷയോളം വന്നില്ല. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിലും എച്ച്ഡിഎഫ്സിയിലും ലാഭമെടുക്കലിനുള്ള വിൽപന സമ്മർദമായി. ഈ ഓഹരികൾ മൂന്നു ശതമാനം വീതം താണു.

ഓയിൽ മാർക്കറ്റിംഗ് - റിഫൈനിംഗ് കമ്പനികൾ ഈ ദിവസങ്ങളിൽ നല്ല കുതിപ്പിലാണ്. മാർക്കറ്റിംഗ് കമ്പനികളിൽ അവകാശ ഇഷ്യുവും മറ്റും വഴി കേന്ദ്രം ഗണ്യമായ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നതാണ് കുതിപ്പിന് കാരണം. ബിപിസിഎൽ 18,500 കോടി രൂപയുടെ മൂലധന സമാഹരണം നടത്തും. ഐഒസി യുടെ ഡയറക്ടർ ബോർഡ് നാളെ ചേർന്നു മൂലധന സമാഹരണ പരിപാടി പ്രഖ്യാപിക്കും. എച്ച്പിസിഎൽ താമസിയാതെ തീരുമാനമെടുക്കും. മിക്ക ഓയിൽ കമ്പനികളും 52 ആഴ്ചയിലെ ഉയർന്ന വിലയിലാണ്. എംആർപിഎൽ ഇന്നലെ 13 ശതമാനം കയറി. ചെന്നെെ പെട്രോ ഏഴു ശതമാനം ഉയർന്നു.

മേയ് മാസത്തിൽ സേവന മേഖലയുടെ പിഎംഐ (Purchasing Managers' Index (PMI))മൂന്നു മാസത്തെ താഴ്ന്ന നിലയിൽ ആയതു വളർച്ചത്തോത് കുറയുന്നതിന്റെ സൂചനയായി. ഫാക്ടറി ഉൽപാദനത്തിലും വളർച്ച കുറഞ്ഞിരുന്നു.


വിപണി സൂചനകൾ

(2023 ജൂലൈ 05, ബുധൻ)

സെൻസെക്സ് 30 65,446.04 -0.05%

നിഫ്റ്റി 50 19,398.50 +0.05%

ബാങ്ക് നിഫ്റ്റി 45,151.80 -0.33%

മിഡ് ക്യാപ് 100 36,024.65 +0.71%

സ്മോൾക്യാപ് 100 11,078.25 +0.74%

ഡൗ ജോൺസ് 30 34,288.64 -0.38%

എസ് ആൻഡ് പി 500 4446.82 -0.20%

നാസ്ഡാക് 13,791.65 -0.18%

ഡോളർ ($) ₹82.24 + 22 പൈസ

ഡോളർ സൂചിക 103.04 +0.05

സ്വർണം(ഔൺസ്) $1916.10 -$10.60

സ്വർണം(പവൻ ) ₹43,320 +₹ 80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.65 +$0.40

Tags:    

Similar News