റിസർവ് ബാങ്കിന്റെ തീരുമാനം കാത്ത് ഓഹരി വിപണി
വിപണികൾ ഭിന്നദിശകളിൽ; റിസർവ് ബാങ്കിന്റെ പണനയം നിർണായകം; ചില്ലറ വിലക്കയറ്റത്തിൽ ശ്രദ്ധിച്ച് വിപണികൾ
പാശ്ചാത്യ വിപണികളുടെ ഫ്യൂച്ചേഴ്സ് ഉയരുകയാണെങ്കിലും ഏഷ്യൻ വിപണികൾ തിങ്കളാഴ്ച ഇടിവിലാണ്. വിപണിയിലെ അനിശ്ചിതത്വം കാണിക്കുന്നതാണ് ഭിന്നദിശകളിലുള്ള ഈ നീക്കങ്ങൾ. ഇന്ത്യൻ വിപണി റിസർവ് ബാങ്കിന്റെ പണനയ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കുന്നതിനെ കാത്തിരിക്കുന്നു. യുഎസിലും ചെെനയിലും ചില്ലറവിലക്കയറ്റ കണക്കു വ്യാഴാഴ്ച വരുന്നതിലാണു ശ്രദ്ധ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,588.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,610 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വെളളിയാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകൾ 0.75 ശതമാനം വരെ കയറി. കഴിഞ്ഞയാഴ്ച സ്റ്റാേക്സ് 600 സൂചിക 2.7 ശതമാനം താഴ്ചയിലായി. യൂറോപ്യൻ കേന്ദ്ര ബാങ്ക് ഇനി പലിശ വർധന തുടരില്ലെന്ന കൊമേഴ്സ് ബാങ്കിന്റെ വിലയിരുത്തൽ വിപണിക്കു ചെറിയ ആശ്വാസമായി.
വെള്ളിയാഴ്ചയും യുഎസ് വിപണികൾ താഴ്ചയിലായി. ഡൗ ജോൺസ് 150.27 പോയിന്റ് (0.43%) താഴ്ന്ന് 35,065.62 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 23.86 പോയിന്റ് (0.53%) ഇടിഞ്ഞ് 4478.03 ൽ എത്തി. നാസ്ഡാക് 50.48 പോയിന്റ് (0.36%) ഇടിഞ്ഞ് 13,909.24ൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച ഡൗ 1.1 ശതമാനം താണു. നാസ്ഡാക് 2.9 ശതമാനം ഇടിഞ്ഞപ്പോൾ എസ് ആൻഡ് പി 2.3 ശതമാനം താഴ്ചയിലായി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ 0.24 ശതമാനം കയറി. എസ് ആൻഡ് പി 0.35 ഉം നാസ്ഡാക് 0.51 ഉം ശതമാനം ഉയർന്നു.
ജൂലൈയിലെ ചില്ലറവിലക്കയറ്റവും മൊത്തവിലക്കയറ്റവുമാണ് വിപണി ഈയാഴ്ച പ്രധാനമായി ശ്രദ്ധിക്കുക. ചില്ലറ വിലക്കയറ്റ കണക്കു വ്യാഴാഴ്ച വരും. അടുത്തതു വെള്ളിയാഴ്ചയും. ചില്ലറ വിലക്കയറ്റത്തിൽ ഈ മാസവും ആശ്വാസം പ്രതീക്ഷിക്കുന്നുണ്ട്. സെപ്റ്റംബറിലെ ഫെഡ് യോഗം നിരക്കുകൾ വർധിപ്പിക്കാതിരിക്കാൻ അതു സഹായിക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞയാഴ്ച വന്ന തൊഴിൽകണക്കും നിരക്കുവർധന തുടരാതിരിക്കാൻ സഹായിക്കുന്നതാണ്. നിരീക്ഷകർ പ്രതീക്ഷിച്ചത്ര തൊഴിൽ കൂടിയില്ല. എന്നാൽ വേതനത്തിൽ കൂടുതൽ വർധന ഉണ്ടായി.
ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കെെ സൂചിക ഒരു ശതമാനം താണിട്ടു നഷ്ടം അൽപം കുറച്ചു. കൊറിയൻ 0.4 ശതമാനം നഷ്ത്തിലായി. ഓസ്ട്രേലിയൻ വിപണി 0.20 ശതമാനം താഴ്ന്നു. ചെെനീസ് വിപണി 0.8 ശതമാനം താഴ്ചയിലാണ്. ഹോങ് കോങ് വിപണിയും താണു. ഈയാഴ്ച ചൈനീസ് വിലക്കയറ്റത്തിന്റെയും കയറ്റുമതിയുടെയും കണക്കുകൾ വരുന്നതിലാണു വിപണിയുടെ ശ്രദ്ധ.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി മൂന്നു ദിവസത്ത നഷ്ടങ്ങൾക്കു ശേഷം വെള്ളിയാഴ്ച നേട്ടം ഉണ്ടാക്കി. സെൻസെക്സ് 480.57 പോയിന്റ് (0.74%) നേട്ടത്തിൽ 65,721,25-ലും നിഫ്റ്റി 135.35 പോയിന്റ് (0.70%) കയറി 19,517 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.82 ശതമാനം കയറി 37,630.66 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.76 ശതമാനം ഉയർന്ന് 11,698.05 ൽ ക്ലോസ് ചെയ്തു.
ഇക്കഴിഞ്ഞ ആഴ്ച മൊത്തം എടുത്താൽ സെൻസെക്സും നിഫ്റ്റിയും 0.66 ശതമാനം വീതം താഴ്ന്നു. ഐടി മേഖലയാണു കാര്യമായ നേട്ടമുണ്ടാക്കിയത്. റിയൽറ്റിയും ബാങ്കുകളും താഴ്ചയിലായി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വിൽപന തുടർന്നു. അവർ 556.32 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 366.61 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞയാഴ്ച വിദേശികൾ 3545.64 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പാേൾ സ്വദേശി ഫണ്ടുകൾ 5617.33 കോടിയുടെ നിക്ഷേപം നടത്തി.
നിഫ്റ്റിക്ക് 19,500 നു മുകളിൽ നിലനിൽക്കാൻ കഴിയുമോ എന്നാണ് ഇന്നു ശ്രദ്ധിക്കുക. വെള്ളിയാഴ്ചത്തെ കയറ്റം തുടർന്നു 19,600 - 19,800 മേഖലയിലേക്കു കടന്നാൽ മാത്രമേ പുൾ ബായ്ക്ക് റാലി തുടങ്ങി എന്നു കരുതാനാകൂ എന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 19,700 നു താഴെ പാർശ്വ നീക്കമാണു കൂടുതൽ പേർ പ്രതീക്ഷിക്കുന്നത്. ഇന്നു നിഫ്റ്റിക്ക് 19,455 ലും 19,395 ലും പിന്തുണ ഉണ്ട്. 19,535 ഉം 19,600 ഉം തടസങ്ങളാകാം.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്ന ദിശകളിലായിരുന്നു. വിപണിക്കു ദിശാബാേധം നഷ്ടമായതാണു കാരണം. അലൂമിനിയം 0.11 ശതമാനം ഉയർന്നു ടണ്ണിന് 2232.70 ഡോളറിലായി. ചെമ്പ് 1.40 ശതമാനം താഴ്ന്നു ടണ്ണിന് 8450.50 ഡോളറിൽ എത്തി. ടിൻ ഒരു ശതമാനം ഉയർന്നു. സിങ്ക് 0.79 ശതമാനം കയറി. ലെഡും നിക്കലും താഴ്ന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില മൂന്നര ശതമാനം കുതിച്ചു. സൗദി അറേബ്യ ഉൽപാദനം കുറയ്ക്കൽ തുടരും എന്നു പ്രഖ്യാപിച്ചതിന്റെ ശേഷം വില ആറു ശതമാനത്തോളം കയറി. ബ്രെന്റ് ഇനം ക്രൂഡ് 86.40 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.91 ഡോളറിലും ക്ലോസ് ചെയ്തു.
സ്വർണം വെള്ളിയാഴ്ച അൽപം ഉയർന്നു. എങ്കിലും വിപണി ചൂടുപിടിച്ചിട്ടില്ല. വ്യാഴാഴ്ച യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് വന്ന ശേഷമേ വിപണിഗതി വ്യക്തമാകൂ. ഔൺസിന് 1943.60 ലേക്കു കയറിയാണ് സ്വർണം വാരാന്ത്യത്തിലേക്കു കടന്നത്. ഇന്നു രാവിലെ സ്വർണം 1943.60 ഡോളറിലാണ്.
കേരളത്തിൽ പവൻവില ശനിയാഴ്ച 44,120 രൂപയിൽ എത്തി. ഡോളർ വെള്ളിയാഴ്ച 10 പെെസ കയറി 82.84 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച ഡോളറിന് 59 പൈസ നേട്ടം ഉണ്ടായി. ഡോളർ സൂചിക വെള്ളിയാഴ്ച 102.02 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.09 ലാണ്. ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 29,100 ഡോളറിനടുത്തായി.
റിസർവ് ബാങ്കിന്റെ തീരുമാനം
റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) നാളെ ത്രിദിന യോഗം തുടങ്ങും. വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിക്കും. റീപോ നിരക്ക് വർധിപ്പിക്കാൻ ഇടയില്ലെന്നാണു പൊതുനിഗമനം.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ ഫെബ്രുവരി വരെ പലതവണയായി നിരക്ക് 250 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. 4.00 ശതമാനത്തിൽ നിന്ന് 6.50 ശതമാനത്തിലേക്ക്. വിലക്കയറ്റം പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തിലാണ് റിസർവ് ബാങ്ക് ഈ താക്കോൽ നിരക്ക് ഉയർത്തിയത്. ഈ നിരക്ക് കൂട്ടുമ്പോൾ ബാങ്ക് മേഖലയിലെ മറ്റു പലിശ നിരക്കുകൾ കൂടും, റീപോ കുറയ്ക്കുമ്പോൾ മറ്റു പലിശ നിരക്കുകൾ ഉയരും.
രാജ്യത്തെ ചില്ലറവിലക്കയറ്റം ഒൻപതു ശതമാനത്തിനടുത്തു നിന്ന് 4.25 ശതമാനത്തിലേക്കു താഴ്ത്താൻ കഴിഞ്ഞിരുന്നു. എന്നാൽ മേയിലെ ഈ താഴ്ചയിൽ നിന്ന് ജൂണിൽ 4.81 ശതമാനത്തിലേക്ക് നിരക്ക് കയറി. പച്ചക്കറികൾ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണു കാരണം. ജൂലൈയിൽ ചില്ലറ വിലക്കയറ്റം 6.7 ശതമാനം ആയി കുതിക്കാൻ സാധ്യത ഉണ്ടെന്നാണു വിലയിരുത്തൽ. ശനിയാഴ്ചയാണ് ആ കണക്ക് പുറത്തുവിടുക. ഇങ്ങനെ ഉയർന്ന തോതിലേക്കു വിലക്കയറ്റം കൂടിയാലും തൽക്കാലം നിരക്കു കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിക്കില്ല എന്നാണു പൊതുവേ കണക്കാക്കുന്നത്. കാരണം സാമ്പത്തിക വളർച്ച നിരക്ക് താഴരുതെന്നു ഗവണ്മെന്റും റിസർവ് ബാങ്കും ആഗ്രഹിക്കുന്നു.
നിഗമനങ്ങൾ തിരുത്തുമോ?
പലപ്പോഴും പൊതുനിഗമനങ്ങൾക്കു വിരുദ്ധമായി തീരുമാനങ്ങൾ എടത്തിട്ടുള്ള ചരിത്രം റിസർവ് ബാങ്കിനുണ്ട്. അങ്ങനെയൊരവസരമായി ഈ യോഗം മാറുമാേ എന്നു സംശയിക്കുന്നവരും കുറവല്ല. എന്തായാലും വ്യാഴാഴ്ച രാവിലെ പത്തിനു . റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തുന്ന പ്രഖ്യാപനം ഇന്ത്യൻ വിപണിക്കു നിർണായകമായിരിക്കും.
പലിശനിരക്ക് കൂട്ടിയില്ലെങ്കിലും ഈ വർഷത്തെ പലിശപ്രതീക്ഷ റിസർവ് ബാങ്ക് കൂട്ടും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അത്ര സമയം ജിഡിപി വളർച്ച സംബന്ധിച്ച നിഗമനം മാറ്റാനിടയില്ല.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 04, വെള്ളി)
സെൻസെക്സ് 30 65,721.25 +0.74%
നിഫ്റ്റി 50 19,517.00 +0.70%
ബാങ്ക് നിഫ്റ്റി 44,879.50 +0.82%
മിഡ് ക്യാപ് 100 37,630.60 +0.82%
സ്മോൾക്യാപ് 100 11,698.05 +0.76%
ഡൗ ജോൺസ് 30 35,065.62 -0.43%
എസ് ആൻഡ് പി 500 4478.03 -0.53%
നാസ്ഡാക് 13,909. 24 -0.36%
ഡോളർ ($) ₹82.84 +10 പൈസ
ഡോളർ സൂചിക 102.02 -0.45
സ്വർണം(ഔൺസ്) $1943.60 +$09.30
സ്വർണം(പവൻ)
04 വെളളി ₹43,960 +₹ 00
05 ശനി ₹44,120 +₹160
ക്രൂഡ് (ബ്രെന്റ്)ഓയിൽ $86.40 +$3.20