പലിശപ്പേടി വീണ്ടും; യുഎസ്, യൂറോപ്യൻ വിപണികൾ ഇടിവിൽ; ഏഷ്യയിലും വീഴ്ച; ഒന്നാം പാദ റിസൽട്ടുകളിലേക്കു ശ്രദ്ധ

ഇന്ത്യൻ വിപണി ഇന്നു ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്

Update:2023-07-07 08:30 IST

പലിശവർധന തുടരുമെന്ന് ഉറപ്പായതോടെ യൂറോപ്പിലും യുഎസിലും ഏഷ്യയിലും ഓഹരി വിപണികൾ ഇടിവിലാണ്. 2023 ആദ്യ പകുതിയിലെ നേട്ടങ്ങൾ തുടരാൻ പറ്റാത്ത സാഹചര്യമാണു നിക്ഷേപകർ മുന്നിൽ കാണുന്നത്. ഈ ചിന്താഗതിയെ ചെറുത്താണ് ഇന്നലെ ഇന്ത്യൻ വിപണി വീണ്ടും കയറിയത്. നിഫ്റ്റി തുടർച്ചയായ എട്ടു ദിവസം ഉയർന്നു. അതിൽ ആറു ദിവസവും പുതിയ ഉയരങ്ങളിലേക്കു കയറി. ആ കുതിപ്പിന് ഇന്നു വിരാമം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,488 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,495 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച മൂന്നു ശതമാനത്തോളം ഇടിഞ്ഞു. അമേരിക്കയിൽ തൊഴിൽ വിപണി ഇപ്പോഴും നല്ല കരുത്തു കാണിക്കുന്നത് പലിശവർധന ഒന്നിലേറെ തവണ ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുന്നു എന്നാണു ധാരണ. പിഎംഐ സർവേകൾ യൂറോപ്യൻ വ്യവസായങ്ങൾ മന്ദീഭവിക്കുന്നതായും കാണിക്കുന്നു. യൂറോ സ്റ്റാേക്സ് 600 സൂചിക 2.34 ശതമാനം താണു.

യുഎസ് വിപണി ഒരു ശതമാനം താഴ്ന്നു. ഡൗ ജോൺസ് സൂചിക 366.38 പോയിന്റ് (1.07%) താണ് 33,922 26 - ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 35.23 പോയിന്റും നാസ്ഡാക് 112.61 പോയിന്റും താഴ്ന്ന് അവസാനിച്ചു.

യുഎസിലെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ മാസം 4.97 ലക്ഷം തൊഴിൽ വർധിച്ചെന്ന റിപ്പോർട്ട് പുറത്തു വന്നു. 2.2 ലക്ഷം വർധന പ്രതീക്ഷിച്ച സ്ഥാനത്താണിത്. പലിശ വർധന അനിവാര്യമാണെന്ന് ഈ കണക്കു കാണിച്ചതോടെ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം (yield) കുതിച്ചു കയറി. ഇന്നു താെഴിൽ ഡിപ്പാർട്ട്മെന്റിന്റെ കണക്ക് പുറത്തുവിടും. തൊഴിൽ മേഖല ശക്തമാണെന്ന് അതും കാണിക്കുന്ന പക്ഷം ഓഹരികൾ വീണ്ടും താഴാേട്ടു യാത്ര തുടരും എന്നാണു നിഗമനം.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.07 ശതമാനം താണു. എസ് ആൻഡ് പി 0.09 ശതമാനവും നാസ്ഡാക് 0.16 ശതമാനവും താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ ഓഹരികൾ ഇന്നും താഴ്ചയിലാണ്. ഓസ്ട്രേലിയൻ സൂചിക തുടക്കത്തിൽ ഒന്നര ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലും വലിയ ഇടിവാണ്. കഴിഞ്ഞ ദിവസം ഇടിഞ്ഞ ജാപ്പനീസ് സൂചിക ഇന്നു ചെറിയ താഴ്ചയിലാണ്. ചെെനീസ് വിപണിയും രാവിലെ താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം മികച്ച നേട്ടമുണ്ടാക്കി ക്ലോസ് ചെയ്തു. സെൻസെക്സ് ഇന്നലെ 65,833 വരെയും നിഫ്റ്റി 19,512 വരെയും ഉയർന്നു. സെൻസെക്സ് 339.60 പോയിന്റ് (0.52%) കയറി 65,785.64 ലും നിഫ്റ്റി 98.80 പോയിന്റ് (0.51%) ഉയർന്ന് 19,497.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.97 ശതമാനം ഉയർന്ന് 36,373.10 ലും സ്മോൾ ക്യാപ് സൂചിക 0.80% കയറി 11,167.40 ലും ക്ലോസ് ചെയ്തു.

ബിഎസ്ഇ യുടെ വിപണിമൂല്യം (ഇവിടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം) ഇന്നലെ 302 ലക്ഷം കോടി രൂപ കടന്നു. വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 2641.05 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 2351.66 കോടിയുടെ ഓഹരികൾ വിറ്റു.

വിപണിയിൽ ബുള്ളുകൾ വീണ്ടും കരുത്തരായി. എന്നാൽ വിദേശത്തു നിന്നുള്ള സൂചനകൾ മറിച്ചാണ്. വിദേശ ഫണ്ടുകൾ എന്തു നിലപാടെടുക്കും എന്നതാണു വിപണിഗതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇന്നു നിഫ്റ്റിക്ക് 19,405 ലും 19,325 ലും പിന്തുണ ഉണ്ട്. 19,515 ലും 19,600 ലും തടസം ഉണ്ടാകാം.

അലൂമിനിയവും ലെഡും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ എല്ലാം ഇന്നലെ ഉയർന്നു. അലൂമിനിയം 1.41 ശതമാനം താണ് ടണ്ണിന് 2128.85 ഡോളറിലായി. ചെമ്പ് 0.34 ശതമാനം കയറി ടണ്ണിന് 8279 ഡോളറിൽ എത്തി. നിക്കൽ 4.74 ശതമാനവും ടിൻ 3.52 ശതമാനവും ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും ഡോളറും 

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം 76.52 ഡോളറിലും ഡബ്ള്യുടിഐ ഇനം 71.83 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 76.43 ഡോളറിലേക്കു താണു.

സ്വർണം താഴ്ചയിലായി. 1901 ഡോളർ മുതൽ 1929 വരെ കയറിയിറങ്ങിയിട്ട് 1911.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1912 ഡോളർ ആയി. കേരളത്തിൽ പവൻവില 43,400 രൂപയിൽ തുടർന്നു. 

ഡോളർ ബുധനാഴ്ച 28 പെെസ ഉയർന്ന് 82.51 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡ് പലിശ വർധിപ്പിക്കുമെന്ന് ഉറപ്പായതും ഇന്ത്യ നിരക്കു കൂട്ടുകയില്ല എന്ന സൂചനയും ആണു രൂപയെ ദുർബലമാക്കിയത്.

ഡോളർ സൂചിക ഇന്നലെ 103.17 ൽ ക്ലോസ് ചെയ്തു. ഇന്ന് 103.11 ലേക്കു താഴ്ന്നു.

ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ചയിലാണ്. ബിറ്റ്കോയിൻ 30,000 ഡോളറിനു താഴെയായി. 

റിസൽട്ടുകൾ വരുന്നു: എണ്ണക്കമ്പനികൾക്കും ബാങ്കുകൾക്കും ലാഭക്കുതിപ്പ്, സ്റ്റീലിൽ തിരിച്ചടി

കമ്പനികളുടെ ഏപ്രിൽ - ജൂൺ ഒന്നാം പാദ ഫലങ്ങൾ പുറത്തു വന്നു തുടങ്ങി. ഓയിൽ മാർക്കറ്റിങ് കമ്പനികൾ മികച്ച ഫലമാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഉയർന്ന വിലയിലാണ് അവ ഇപ്പോഴും ഇന്ധനം വിൽക്കുന്നത്. അതേ സമയം ക്രൂഡ് ഓയിൽ വില താഴ്ന്നു. റഷ്യയിൽ നിന്നു കൂടുതൽ താഴ്ന്ന വിലയ്ക്കു കിട്ടുന്നതാണ് നാലിലൊരു ഭാഗം ക്രൂഡ്.

ഇന്ത്യയിലെ ചില്ലറ വിൽപനയിലും പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിലും ലാഭം വർധിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ മൊത്തം ഒന്നാം പാദ ലാഭം 22,100 കോടി രൂപ വരുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് കണക്കാക്കുന്നത്. ജനുവരി - മാർച്ചിൽ 20,800 കോടി ലാഭം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 18,500 കോടിയുടെ നഷ്ടം വന്നതാണ്.

കഴിഞ്ഞ വർഷം പെട്രാേൾ ഒരു ലിറ്ററിൽ 10.2 രൂപ നഷ്ടം ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ഒൻപതു രൂപയുടെ ലാഭം ഉണ്ടായി. ജനുവരി - മാർച്ചിൽ 6.8 രൂപയായിരുന്നു ഒരു ലിറ്ററിൽ ലാഭം. ഡീസലിന് ഒന്നാം പാദത്തിൽ ലിറ്ററിന് 8.6 രൂപ ലാഭമുണ്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 12.5 രൂപ നഷ്ടമായിരുന്നു. 

സ്റ്റീൽ കമ്പനികൾക്ക് ഒന്നാം പാദത്തിലെ ലാഭമാർജിൻ കുത്തനെ താണതായി കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വിലയിരുത്തുന്നു. സ്റ്റീൽ വിലയും വിൽപനയും കുറഞ്ഞതും ഉൽപാദന ഘടകങ്ങളുടെ വില കൂടിയതുമാണു കാരണം. ഓരോ ടണ്ണിലും ലാഭ മാർജിൻ 2000 മുതൽ 3000 വരെ രൂപ കുറഞ്ഞു. ഒരു വർഷം മുൻപത്തേതിലും 17 ശതമാനം കുറവാണ് എച്ച്ആർ കോയിലിന്റെ വില. കഴിഞ്ഞ പാദത്തിൽ നിന്നു മൂന്നു ശതമാനം കുറഞ്ഞു.

ബാങ്കുകൾക്കു വളരെ മികച്ചതായിരുന്നു ഒന്നാം പാദം എന്നാണു ബ്ലൂംബർഗ് സർവേയിൽ കാണുന്നത്. ബാങ്കുകളുടെ അറ്റ പലിശ വരുമാനം (Net Interest Income) 28.8 ശതമാനം വർധിച്ചു. ഇതു ലാഭ മാർജിൻ കുത്തനെ കൂട്ടി. പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 90 ശതമാനവും സ്വകാര്യ ബാങ്കുകളുടേത് 24 ശതമാനവും കൂടുമെന്നാണു വിശകലനം. എസ്ബിഐക്കു 13,220 കാേടിയും എച്ച്ഡിഎഫ്സി ബാങ്കിന് 11,080 കോടിയുമാണു വിശകലനക്കാരുടെ ലാഭപ്രതീക്ഷ. 

വിപണി സൂചനകൾ

(2023 ജൂലൈ 06, വ്യാഴം)

സെൻസെക്സ് 30 65,785.64 +0.52%

നിഫ്റ്റി 50 19,497.30 +0.51%

ബാങ്ക് നിഫ്റ്റി 45,339.90 +0.42%

മിഡ് ക്യാപ് 100 36,373.10 +0.97%

സ്മോൾക്യാപ് 100 11,167.40 +0.80%

ഡൗ ജോൺസ് 30 33,922.26 -1.07%

എസ് ആൻഡ് പി 500 4411.59 -0.79%

നാസ്ഡാക് 13,679.04 -0.82%

ഡോളർ ($) ₹82.51 + 28 പൈസ

ഡോളർ സൂചിക 103.17 +0.13

സ്വർണം(ഔൺസ്) $1911.80 -$04.30

സ്വർണം(പവൻ ) ₹43,400 00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.52 -$0.13

Tags:    

Similar News