ഓഹരി വിലകൾ തിരിച്ചു കയറുമെന്ന പ്രതീക്ഷയിൽ ഐ.ടി കമ്പനികൾ

വിദേശ സൂചനകൾ ദുർബലം; റിസർവ് ബാങ്ക് തീരുമാനം നാളെ; പലിശ കൂട്ടില്ലെന്നു പ്രതീക്ഷ; ഐടി താഴ്ചയുടെ പിന്നിലെ കാര്യങ്ങൾ

Update:2023-06-07 08:49 IST

ചില കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതും യുഎസ് ഫെഡ് നിരക്ക് കൂട്ടുമെന്ന് ഉറപ്പായതും വിദേശവിപണികളെ കരുതലിനു പ്രേരിപ്പിച്ചു. ഏഷ്യൻ വിപണികൾ പലതും ഇന്നു താഴ്ചയിലാണ്.

ഇന്ത്യയിൽ റിസർവ് ബാങ്ക് പണനയ തീരുമാനം നാളെ പ്രഖ്യാപിക്കും. നിരക്ക് മാറ്റമില്ലാത്ത നയമാകും പ്രഖ്യാപിക്കുക എന്നാണു പൊതുനിഗമനം. 

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വ രാത്രി ഒന്നാം സെഷനിൽ 18,679 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,745.5 ലേക്കു കുതിച്ചു കയറി. ഇന്നു രാവിലെ 18,710 ലേക്കു താണു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന. യൂറോപ്യൻ വിപണികൾ ചെറിയ നേട്ടത്തിലാണ് ഇന്നലെ ക്ലാേസ് ചെയ്തത്. ഓയിൽ - ഗ്യാസ് ഓഹരികൾ ഇടിഞ്ഞു.

യുഎസ് വിപണി ഇന്നലെ നാമമാത്ര നേട്ടമേ ഉണ്ടാക്കിയുള്ളു. ഡൗ ജോൺസ് 10.42 പോയിന്റ് (0.03%) കയറി 33,573.28 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 10.06 പോയിന്റ് (0.24%) ഉയർന്നു. നാസ്ഡാക് 46.95 പോയിന്റ് (0.36%) കയറി 13,276.42-ലായി. സേവന മേഖലയിലെ പിഎംഐ താഴ്ന്നത് വിപണിയുടെ കയറ്റത്തിനു തടസമായി. യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്രമായി ഉയർന്നു. ഡൗ 0.03 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 0.02 ശതമാനവും എസ് ആൻഡ് പി 0.06 ശതമാനവും കയറി.

ഏഷ്യൻ സൂചികകൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി നേട്ടത്തിലാണ്. ഓസ്ട്രേലിയൻ കേന്ദ്ര ബാങ്ക് ഇന്നലെ പലിശ 0.25 ശതമാനം കൂട്ടി. ഓസ്ട്രേലിയൻ ജിഡിപി കഴിഞ്ഞ പാദത്തിൽ 2.3 ശതമാനം വളർന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും താണ വളർച്ച നിരക്കാണിത്. ചെെനീസ് വിപണികൾ ഇന്നു തുടക്കത്തിൽ താണിട്ടു കയറ്റത്തിലായി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ കൂടുതൽ സമയവും നഷ്ടത്തിലായിരുന്നു. ക്ലോസിംഗിന് അരമണിക്കൂർ മുൻപാണ് ഉയരത്തിലേക്കു മാറിയത്. ഒടുവിൽ നാമമാത്ര നേട്ടത്തോടെ വിപണി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 5.41 പോയിന്റ് (0.0086%) ഉയർന്ന് 62,792.88 ലും നിഫ്റ്റി 5.15 പോയിന്റ് (0.028%) കയറി 18,599.00 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.06 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54 ശതമാനവും ഉയർന്നു.

ഐടി ഇന്നലെ വലിയ താഴ്ചയിലായി. നിഫ്റ്റി ഐടി 1.88 ശതമാനം ഇടിഞ്ഞു. ഐടി കമ്പനികളുടെ വരുമാനവും ലാഭവും ഇടിയുമെന്ന വിലയിരുത്തലാണു കാരണം. വാഹന കമ്പനികൾ, സ്വകാര്യ ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഫാർമ, ഹെൽത്ത് സർവീസ് തുടങ്ങിയവ നേട്ടം ഉണ്ടാക്കി.

വിപണിയുടെ കയറ്റത്തിന് 18,600 - 18,700 മേഖല വലിയ പ്രതിബന്ധമായി തുടരുകയാണ്. നിഫ്റ്റിക്കു 18,550 ലും 18,495 ലും സപ്പോർട്ട് ഉണ്ട്. 18,640 ലും 18,675 ലും തടസങ്ങൾ നേരിടാം.

ദിവസങ്ങൾക്കു ശേഷം വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ വാങ്ങലുകാരായി. സ്വദേശി ഫണ്ടുകൾ വിൽപനയിലേക്കും മാറി. വിദേശികൾ ഇന്നലെ 385.71 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 489.02 കോടിയുടെ ഓഹരികൾ വിറ്റു.

അലൂമിനിയം ഒഴികെയുള്ള ലോഹങ്ങൾ ഇന്നലെ ഉയർന്നു. അലൂമിനിയം 1.41 ശതമാനം താണ് ടണ്ണിന് 2212.48 ഡോളറിൽ എത്തി. ചെമ്പ് 0.55 ശതമാനം കയറി ടണ്ണിന് 8310.65 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ഒന്നു മുതൽ മൂന്നു വരെ ശതമാനം ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെന്റ് ഇനം 75 ഡോളർ വരെ താണിട്ടു തിരിച്ചു കയറി 76.29 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 76.42 ലേക്കു കയറി. ഡബ്ള്യുടിഐ ഇനം 70 ഡോളറിനടുത്തു വരെ കുറഞ്ഞിട്ടു കയറി 71.87 ലായി.

സ്വർണവില ഉയർന്നു നിൽക്കുന്നു. ക്രിപ്റ്റോ കറൻസിക്കെതിരായ യുഎസ് അധികൃതരുടെ നടപടി പിന്നീടു വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല. സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങി. ഇന്നലെ1954 ൽ നിന്ന് 1968 ഡോളർ വരെ വില കയറി. ഇന്നു രാവിലെ 1964 -1966 1 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻവില ഇന്നലെ 240 രൂപ വർധിച്ച് 44,480 രൂപയിൽ എത്തി. ഡോളർ ഇന്നലെ ആറു പൈസ താണ് 82.61 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക അൽപം ഉയർന്ന് 104.12 ആയി.


ക്രിപ്റ്റോ കറൻസികൾ ദുർബലമാകുന്നു 

ക്രിപ്റ്റോ കറൻസികൾക്കെതിരായ യുഎസ് നീക്കം തുടരുകയാണ്. ബിനാൻസിനു പിന്നാലെ കോയിൻ ബേസ് എന്ന എക്സ്ചേഞ്ചിന് എതിരെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) കേസ് എടുത്തു. അമേരിക്കയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ആണു കോയിൻ ബേസ്. ബിനാൻസ് ലാേകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചും.

എക്സ്ചേഞ്ചുകൾക്കെതിരായ നടപടി ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഇടിച്ചു. ബിറ്റ് കോയിൻ വില 25,000 ഡോളറിനടുത്തേക്കു താണിട്ട് ഇന്ന് 27,000 ലേക്കു കയറി.

ബിനാൻസ് കോയിൻ, പോളിഗൺ, കാർഡാനോ തുടങ്ങിയ ക്രിപ്‌റ്റോകൾ ഒരാഴ്ച കൊണ്ടു 10 ശതമാനം താണു. ക്രിപ്റ്റോകളിൽ നിന്നു വലിയ നിക്ഷേപകർ പിൻവലിയുകയാണ്.


ഐ ടി യിൽ സംഭവിച്ചത്

അമേരിക്കയിലെ ഐടി സേവന കമ്പനിയായ എപാം (EPAM Systems)തങ്ങളുടെ ഈ പാദത്തിലെയും വരുന്ന പാദങ്ങളിലെയും വരുമാന പ്രതീക്ഷ വെട്ടിക്കുറച്ചതാണ് ഇന്നലെ ഐടി ഓഹരികളെ ഇടിവിലാക്കിയത്.

ഇന്ത്യൻ ഐടി സേവന കമ്പനികളുമായി മത്സരിച്ചു പ്രവർത്തിക്കുന്ന എപാം സിസ്റ്റംസ് ഇതു രണ്ടു മാസത്തിനിടയിൽ രണ്ടാം തവണയാണ് വരുമാന പ്രതീക്ഷ താഴ്ത്തുന്നത്.

സേവനം ആവശ്യപ്പെടുന്ന കമ്പനികൾ (Software as a service)കരാറായ ജോലികൾ ഉപേക്ഷിക്കുകയും പുതിയ കരാറുകൾ വൈകിക്കുകയും ചെയ്യുന്നു എന്നാണ് എപാം പറയുന്നത്. കമ്പനികൾ ചെലവ് കുറയ്ക്കുന്നതിനാണു മുൻഗണന നൽകുന്നത്. സാസ് (SAS) കമ്പനികൾക്കും ഡിജിറ്റൽ കമ്പനികൾക്കും ഒരേ പോലെ വരുമാനം കുറയുന്ന സാഹചര്യമാണു നിലവിലുള്ളത്.

എപാമിന്റെ മുന്നറിയിപ്പ് വലിയ ഐടി സേവന ദാതാക്കളുടെ ഓഹരി വില ഒന്നു മുതൽ രണ്ടു വരെ ശതമാനം താഴ്ത്തി. മിഡ് ക്യാപ് ഐടി കമ്പനികൾക്ക് അഞ്ചു ശതമാനം വരെ ഇടിവുണ്ടായി. പെർസിസ്റ്റന്റ് (Persistent Systems), എംഫസിസ് (Mphasis). സിയന്റ്(Cyient), കോഫാേർജ് (Coforge), സെൻസാർ (Zensar), മെെൻഡ് ട്രീ (Mindtree), ബിർലാ സോഫ്റ്റ് (Birlasoft Limited) തുടങ്ങിയവയ്ക്കു വലിയ താഴ്ച ഉണ്ടായി.

എപാമിന്റെ വിലയിരുത്തൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് അതേപടി ബാധകമല്ലെന്ന വ്യാഖ്യാനവും ഉണ്ട്. ഇന്ത്യൻ കമ്പനികളുടെ ഇടപാടുകാരും അമേരിക്കൻ കമ്പനിയുടെ ഇടപാടുകാരും വ്യത്യസ്തരാണ്. എപാം  സിസ്റ്റംസിന്റെ ഓഹരി ഇന്നലെ 2.72 ശതമാനം ഉയർന്നു. ഇവ കഴിഞ്ഞ കുറേ ദിവസങ്ങളായി താഴ്ന്നു വരികയായിരുന്നു. ഐടി കമ്പനികൾ ഇന്നു തിരിച്ചു കയറ്റം പ്രതീക്ഷിക്കുന്നുണ്ട്.

വിപണി സൂചനകൾ

(2023 ജൂൺ 06, ചൊവ്വ)

സെൻസെക്സ് 30 62,792.88 +0.01%

നിഫ്റ്റി 50 18,599.00 +0.03%

ബാങ്ക് നിഫ്റ്റി 44,164.55 +0.14%

മിഡ് ക്യാപ് 100 34,035.90 +0.06%

സ്മോൾക്യാപ് 100 10,415.52 +0.54%

ഡൗ ജോൺസ് 30 33,573.28 +0.03%

എസ് ആൻഡ് പി 500 4283.85 +0.24%

നാസ്ഡാക് 13,276.42 +0.36%

ഡോളർ ($) ₹82.61 -0.06പൈസ

ഡോളർ സൂചിക 104.13 +0.13

സ്വർണം(ഔൺസ്) $1964.90 +$1.50

സ്വർണം(പവൻ ) ₹44,480 +₹240.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.29 -$0.42

Tags:    

Similar News