പലിശയിലെ ആവേശം മാറുന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ; കടപ്പത്രവില കുറയുന്നു; വാഹന വിൽപനയിൽ ഇടിവ്

2027 വരെയുള്ള ഇന്ത്യയുടെ വളർച്ചാ നിഗമനം ഉയർത്തി ഫിച്ച് റേറ്റിംഗ്സ്

Update:2023-11-07 07:59 IST

യു.എസ് ഫെഡ് തീരുമാനവും തൊഴിൽ കണക്കും പകർന്ന ആവേശത്തിന് ഏതാണ്ട് അന്ത്യമായി. വിപണിയിൽ വീണ്ടും ദൗർബല്യം പ്രകടമാകുന്നു. യൂറോപ്യൻ ഓഹരികൾ താഴ്ന്നും യു.എസ് ഓഹരികൾ ഇൻട്രാ ഡേ ഉയരത്തിൽ നിന്നു ഗണ്യമായി ഇടിഞ്ഞും ക്ലാേസ് ചെയ്തു. ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. യു.എസ് കടപ്പത്രവിലകൾ വീണ്ടും താഴുകയും അവയിലെ നിക്ഷേപനേട്ടം ഉയരുകയും ചെയ്തു. ഡോളർ സൂചികയും കയറി. പലിശ ഇനി കൂടുകയില്ല എന്ന നിഗമനത്തിൽ എത്താൻ സമയമായില്ല എന്നു കരുതുന്നവരുടെ എണ്ണം കൂടി വരികയാണ്.

ഒക്ടോബറിലെ വാഹനവിൽപന പ്രതീക്ഷയിലും കുറവായി എന്നു റീട്ടെയിൽ വാഹന വ്യാപാരികളുടെ ഫെഡറേഷൻ (ഫാഡ) അറിയിച്ചു. തലേ ഒക്ടോബറിനെ അപേക്ഷിച്ച് 7.73 ശതമാനം കുറവുണ്ട്. ടൂ വീലർ വിൽപന 1.18 ലക്ഷം (12.6 ശതമാനം) കുറവായി. കാർ വിൽപനയിൽ 1.36 ശതമാനം കുറവുണ്ട്. നവംബറിൽ സ്ഥിതി മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,476ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,450 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. സ്റ്റാേക്സ് 600 ഉം ഡാക്സും സിഎസിയും താഴ്ന്നു. ഈ വർഷം ഡിവിഡൻഡ് നൽകാനാകുമെന്നു റയാൻ എയർ അറിയിച്ചതു മാത്രമാണു വിപണിയിൽ ലഭിച്ച നല്ല വാർത്ത.
2023 ലെ ഏറ്റവും മികച്ച ആഴ്ചയ്ക്കു ശേഷം ഇന്നലെ യുഎസ് വിപണി ചാഞ്ചാട്ടത്തിലായി. ഒടുവിൽ ചെറിയ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. നാസ്ഡാക് ജനുവരിക്കു ശേഷം ആദ്യമായി തുടർച്ചയായ ഏഴു ദിവസം ഉയർന്നു.
യു.എസ് കടപ്പത്ര വിലകൾ ഇന്നലെ കുറയുകയും അവയിലെ നിക്ഷേപനേട്ടം 4.633 ശതമാനമായി ഉയരുകയും ചെയ്തു. പലിശക്കാര്യത്തിലെ ആദ്യത്തെ ആവേശത്തിനു ശേഷം വിപണി യാഥാർഥ്യ ബോധത്തിലേക്കു തിരിച്ചു വരുന്നതാണു കാണുന്നത്. 
ഡൗ ജോൺസ് 34.5 4 പോയിന്റ് (0.10%) കയറി 34,095.86 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.64 പോയിന്റ് (0.18%) ഉയർന്ന് 4365.98 ൽ അവസാനിച്ചു. നാസ്ഡാക് 40.50 പോയിന്റ് (0.30%) കയറി 13,518.78 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.20 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.15 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ ആദ്യ മണിക്കൂറിൽ 0.66 ശതമാനം താണു. ഷോർട്ട് വ്യാപാരം വിലക്കിയതിനെ തുടർന്ന് തിങ്കളാഴ്ച നാലുശതമാനം കുതിച്ച ദക്ഷിണ കൊറിയൻ വിപണി ഒരു ശതമാനം ഇടിഞ്ഞു പിന്നീടു നഷ്ടം രണ്ടു ശതമാനമായി. ചൈനീസ് സൂചികകളും താഴ്ന്നു. ഓസ്ട്രേലിയൻ കേന്ദ്ര ബാങ്ക് ഇന്നു പലിശ നിരക്ക് കാൽ ശതമാനം ഉയർത്തും എന്ന സൂചനയുണ്ട്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ച നല്ല കുതിപ്പ് നടത്തി. പൊതുമേഖലാ ബാങ്കുകൾ ഒഴികെ എല്ലാ വ്യവസായ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 594.91 പോയിന്റ് (0.92%) കുതിച്ച് 64,958.69 ൽ അവസാനിച്ചു. നിഫ്റ്റി 181.15 പോയിന്റ് (0.94%) കയറി 19,411.75 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 301.15 പോയിന്റ് (0.70%) ഉയർന്ന് 43,619.40ൽ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 0.88 ശതമാനം ഉയർന്ന് 39,937.10 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1. 39 ശതമാനം കുതിച്ച് 13,144.65-ൽ അവസാനിച്ചു.
ഇന്നു നിഫ്റ്റിക്ക് 19,335 ലും 19,265 ലുമാണു പിന്തുണ.19,425 ലും 19,500 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, മീഡിയ, ബാങ്ക്, വാഹന, ഓയിൽ, ഐടി മേഖലകൾ ഇന്നലെ കൂടുതൽ നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ വിൽപന തുടർന്നു. ഇന്നലെ വിദേശികൾ ക്യാഷ് വിപണിയിൽ 549.37 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 595.70 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
2027 വരെയുള്ള ഇന്ത്യയുടെ വളർച്ചാ  നിഗമനം ഫിച്ച് റേറ്റിംഗ്സ് ഉയർത്തി. 5.5 ശതമാനത്തിൽ നിന്ന് 6.2 ശതമാനത്തിലേക്കാണ് ഉയർത്തൽ. അതേ സമയം ചെെനയുടെ വളർച്ച നിഗമനം 5.3 ൽ നിന്ന് 4.6 ശതമാനമായി കുറച്ചു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഉയർന്നു ക്ലോസ് ചെയ്തു. അലൂമിനിയം 1.46 ശതമാനം കയറി ടണ്ണിന് 2287.25 ഡോളറിലായി. ചെമ്പ് 0.82 ശതമാനം ഉയർന്ന് ടണ്ണിന് 8136.25 ഡോളറിലെത്തി. ലെഡ് 0.11 ഉം നിക്കൽ 0.31 ഉം ടിൻ 0.57 ഉം സിങ്ക് 2.63 ഉം ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും 
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 85.18 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.02 ഡോളറിലും ക്ലാേസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 86.45 ഡോളറിൽ വ്യാപാരം നടക്കുന്നു. സൗദി അറേബ്യയും റഷ്യയും എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നു പ്രസ്താവിച്ചത് വില കയറാൻ സഹായിച്ചു.
സ്വർണം കൂടുതൽ താഴ്ചയിലായി. കയറ്റിറക്കങ്ങൾക്കു ശേഷം തിങ്കളാഴ്ച 1978.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1976.70 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ പവൻവില തിങ്കളാഴ്ച 120 രൂപ കറഞ്ഞ് 45,080 രൂപയിലെത്തി. ഇന്നും കുറയാം.
ഡോളർ തിങ്കളാഴ്ച ഏഴു പൈസ താഴ്ന്ന് 83.22 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക 105 നു മുകളിൽ നീങ്ങുകയാണ്. ഇന്നലെ 105.02 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 105.34 ലേക്കു കയറി. കടപ്പത്ര വില കുറയുന്നതു ഡോളറിനു വീണ്ടും കരുത്തു കൂട്ടുകയാണ്.
ക്രിപ്‌റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 35,000 നു താഴെയായി. 
വിപണി സൂചനകൾ
(2023 നവംബർ 06, തിങ്കൾ)
സെൻസെക്സ്30 64,958.69 +0.92%
നിഫ്റ്റി50 19,411.75 +0.94%
ബാങ്ക് നിഫ്റ്റി 43,619.40 +0.70%
മിഡ് ക്യാപ് 100 39,937.10 +0.88%
സ്മോൾ ക്യാപ് 100 13,144.65 +1.39%
ഡൗ ജോൺസ് 30 34,095.90 +0.10%
എസ് ആൻഡ് പി 500 4365.98 +0.18%
നാസ്ഡാക് 13,518.80 +0.30%
ഡോളർ ($) ₹83.22 -₹0.06
ഡോളർ സൂചിക 105.02 - 0.05
സ്വർണം (ഔൺസ്) $1978.50 -$14.70
സ്വർണം (പവൻ) ₹45,080 -₹120.00
ക്രൂഡ് ബ്രെന്റ് ഓയിൽ $85.18 +$0.29


Tags:    

Similar News