ഇന്ത്യൻ വിപണി നിർണായക മുഹൂർത്തത്തിലാണ്. സെൻസെക്സും നിഫ്റ്റിയും സർവകാല റെക്കോഡിന് തൊട്ടടുത്ത് നിൽക്കുന്നു. കഴിഞ്ഞ ഡിസംബർ ഒന്നിലെ റിക്കാർഡ് നിലയിൽ നിന്ന് ഒരു ശതമാനത്തിൽ താഴെ മാത്രം അകലെയാണ് മുഖ്യ സൂചികകൾ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡിലായി.
ഇന്നു രാവിലെ പത്തിനു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പണനയ പ്രഖ്യാപനം നടത്തും. രാജ്യത്തു പലിശ നിരക്കുകളുടെ താക്കോൽ നിരക്ക് എന്നു പറയാവുന്ന റീപോ നിരക്കിൽ മാറ്റം വരുത്തുകയില്ലെന്നാണു വിപണിയുടെ നിഗമനം. ആഗ്രഹവും അതു തന്നെ. പണലഭ്യതയുടെ കാര്യത്തിൽ എന്തു സമീപനമാകും റിസർവ് ബാങ്ക് കെെക്കൊള്ളുക എന്നതും വിപണി ഉറ്റുനോക്കുന്നു.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 18,812 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,823 ലേക്കു കയറി. ഇന്നു രാവിലെ 18,820 ലാണ്. ഇന്ത്യൻ വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ചെറിയ നഷ്ടത്തിലാണ് ഇന്നലെ ക്ലാേസ് ചെയ്തത്. റീട്ടെയിൽ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. യുഎസ് വിപണി ഇന്നലെ വിരുദ്ധ ദശകളിൽ നീങ്ങി. ഡൗ ജാേൺസ് സൂചിക അൽപം ഉയർന്നപ്പോൾ നാസ്ഡാക് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. എസ് ആൻഡ് പി നിർമിത ബുദ്ധിയും മറ്റും പകർന്ന ആവേശം നാസ്ഡാകും എസ് ആൻഡ് പിയും കൈവിട്ട നിലയാണ്. യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടിയാൽ എന്താകും എന്നതാണു വിപണിയുടെ ചിന്ത. രണ്ടു ദിവസം മുൻപ് ഓസ്ട്രേലിയയും ഇന്നലെ കാനഡയും പലിശ കൂട്ടി.
ഡൗ ജോൺസ് 91.74 പോയിന്റ് (0.27%) കയറി 33,665.02 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.33 പോയിന്റ് (0.38%) താഴ്ന്നു 4267.52 ലും നാസ്ഡാക് 171.52 പോയിന്റ് (1.29%) ഇടിഞ്ഞ് 13,104.89-ലും എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്രമായി കയറിയിറങ്ങി. ഡൗ 0.03 ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക് 0.04 ശതമാനവും എസ് ആൻഡ് പി 0.03 ശതമാനവും കയറി.
ഏഷ്യൻ സൂചികകൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ആദ്യം താഴ്ന്നിട്ടു പിന്നീടു കയറി. ഓസ്ട്രേലിയൻ, കാെറിയൻ വിപണികൾ താഴ്ചയിലാണു തുടങ്ങിയത്. ചെെനീസ് വിപണികൾ ഇന്നു തുടക്കത്തിൽ താണു. ചെെനയുടെ കഴിഞ്ഞ മാസത്തെ കയറ്റുമതി 7.5 ശതമാനം ഇടിഞ്ഞു. ഇതു വിപണിയുടെ നിഗമനത്തേക്കാൾ വളരെ കൂടുതലായി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ തുടക്കം മുതൽ ഉയർച്ചയിലായിരുന്നു. ക്രമമായി കയറി ഒടുവിൽ മികച്ച നേട്ടത്തോടെ വിപണി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 350.08 പോയിന്റ് (0.56%) ഉയർന്ന് 63,142.96 ലും നിഫ്റ്റി 127.4 പോയിന്റ് (0.68%) കയറി 18,726.40 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.12 ശതമാനം കയറി 34,390.1 ലും സ്മോൾ ക്യാപ് സൂചിക 1.32 ശതമാനം ഉയർന്ന് 10,555.55 ലും ക്ലോസ് ചെയ്തു.
തലേന്നു വലിയ ഇടിവുണ്ടായ ഐടി ഓഹരികൾ ഇന്നലെ ഗണ്യമായി തിരിച്ചു കയറി. റിയൽറ്റി, മെറ്റൽ, എഫ്എംസിജി, ഹെൽത്ത് കെയർ, ഐടി മേഖലകൾ മികച്ച മുന്നേറ്റം കാണിച്ചു. ബാങ്ക് സൂചികയും നേട്ടത്തിലായി.
നിഫ്റ്റിയുടെ കയറ്റത്തിന് തടസമായിരുന്ന 18,600 - 18,700 മേഖല ഇന്നലെ മറികടന്നു. നിഫ്റ്റിക്കു 18,660 ലും 18,600 ലും സപ്പോർട്ട് ഉണ്ട്. 18,740 ലും 18,805 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ കൂടുതൽ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും വാങ്ങലുകാരായി. വിദേശികൾ ഇന്നലെ 1,382.57 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 392.30 കോടിയുടെ ഓഹരികളും വാങ്ങി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിൽ നീങ്ങി. അലൂമിനിയം 0.29 ശതമാനം കയറി ടണ്ണിന് 2218.96 ഡോളറിൽ എത്തി. ചെമ്പ് 0.50 ശതമാനം ഉയർന്ന് ടണ്ണിന് 8352 ഡോളർ ആയി. നിക്കലും ടിന്നും മുക്കാൽ ശതമാനം താഴ്ന്നപ്പാേൾ സിങ്കും ലെഡും രണ്ടര ശതമാനം വരെ കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെന്റ് ഇനം 76.29 ഡോളറിൽ നിന്ന് 76.95 ലേക്കു കയറി ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 72.45 ഡോളറിലായി.
സ്വർണവില താഴ്ന്നു. ഇക്കൊല്ലം കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ കുറയ്ക്കുമെന്നും അതിനാൽ ആവശ്യം ഒൻപതു ശതമാനം കുറയുമെന്നും മെറ്റൽസ് ഫോക്കസ് റിപ്പോർട്ട് ചെയ്തതു വിപണിയെ ഇടിച്ചു. ഇന്നലെ1972 ൽ നിന്ന് 1939 ഡോളറിലേക്കു വില താണു. ഇന്നു രാവിലെ 1945-1947 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില ഇന്നലെ മാറ്റമില്ലാതെ 44,480 രൂപയിൽ തുടർന്നു.
ഡോളർ ഇന്നലെ നാലു പൈസ താണ് 82.57 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക അൽപം താഴ്ന്ന് 104.11 ആയി. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾക്കെതിരേ യുഎസ് എസ്ഇസി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ) എടുത്ത നടപടികളെ തുടർന്നു ക്രിപ്റ്റോ കറൻസികൾ ഇടിഞ്ഞു. ബിറ്റ് കാേയിൻ ഇന്നലെ മൂന്നു ശതമാനം താണ് 26,300 ഡോളറായി. ബിനാൻസ് കാേയിൻ, പോളിഗൺ, കാർഡാനോ തുടങ്ങിയവ ഒരാഴ്ച കൊണ്ട് 15 ശതമാനം ഇടിഞ്ഞു.
വിപണി സൂചനകൾ
(2023 ജൂൺ 07, ബുധൻ)
സെൻസെക്സ് 30 63,142.96 +0.56%
നിഫ്റ്റി 50 18,726.40 +0.68%
ബാങ്ക് നിഫ്റ്റി 44,275.30 +0.25%
മിഡ് ക്യാപ് 100 34,390.10 +1.04%
സ്മോൾക്യാപ് 100 10,555.55 +1.35%
ഡൗ ജോൺസ് 30 33,665.02 +0.27%
എസ് ആൻഡ് പി 500 4267.52 -0.38%
നാസ്ഡാക് 13,104.85 -1.29%
ഡോളർ ($) ₹82.57 -0.04പൈസ
ഡോളർ സൂചിക 104.11 -0.02
സ്വർണം(ഔൺസ്) $1942.70 -$22.20
സ്വർണം(പവൻ ) ₹44,480 ₹00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.95 +$0.66