റിസര്‍വ് ബാങ്ക് തീരുമാനം നാളെ, വിപണിയെ ഞെട്ടിക്കുമോ?
ലോഹങ്ങൾക്ക് ഇടിവ്; അദാനി വിൽമറിൽ നിന്ന് പിന്മാറാൻ അദാനി ഗ്രൂപ്പ്. അമേരിക്കയിലെ 10 ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തി മൂഡീസ്
വിദേശ സൂചനകൾ അനുകൂലമല്ലെങ്കിലും ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിന് ഒരുങ്ങുന്നതായാണു സൂചനകൾ. യു.എസ് വിപണി വലിയ നഷ്ടത്തിൽ തുടങ്ങി ചെറിയ നഷ്ടത്തിൽ അവസാനിക്കുകയായിരുന്നു. ഏഷ്യൻ വിപണികൾ വ്യക്തമായ ദിശാബോധം കാണിക്കുന്നില്ലെങ്കിലും തുടക്കത്തിലെ ദൗർബല്യം മാറി.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വ രാത്രി 19,560.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,612 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ ചാെവ്വാഴ്ച വലിയ നഷ്ടത്തിൽ അവസാനിച്ചു. ഇറ്റലിയിൽ ബാങ്കുകൾക്ക് അമിതലാഭ നികുതി (Windfall Tax) ചുമത്തിയത് പൊതുവേ ബാങ്കുകൾക്കു ദോഷമായി. പലിശനിരക്ക് വർധിക്കുന്നതു മൂലമുള്ള അധികലാഭത്തിന് 40 ശതമാനമാണു നികുതി. സ്പെയിനും ഹംഗറിയും ഇതു നേരത്തേ ചുമത്തിയിരുന്നു. മറ്റു രാജ്യങ്ങളും ഇങ്ങനെ നികുതി ചുമത്തുമെന്ന ആശങ്ക വിപണിയിലുണ്ട്.
പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്ന വെഗോവി എന്ന ഔഷധം ഹൃദയാഘാതസാധ്യത 20 ശതമാനം കുറയ്ക്കുമെന്നു കണ്ടെത്തിയത് ഔഷധക്കമ്പനി നോവാേ നോർഡിസ്കിന്റെ ഓഹരിവില 20 ശതമാനം ഉയർത്തി.
ചാെവ്വാഴ്ച യു.എസ് വിപണികൾ വലിയ ഇടിവിൽ വ്യാപാരം തുടങ്ങിയിട്ട് കുറഞ്ഞ നഷ്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് 158.64 പോയിന്റ് (0.45%) താഴ്ന്ന് 35,314.50 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 19.06 പോയിന്റ് (0.42%) കുറഞ്ഞ് 4499.38 ൽ എത്തി. നാസ്ഡാക് 110.07 പോയിന്റ് (0.79%) താഴ്ന്ന് 13,884.30ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.02 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.21 ഉം ശതമാനം ഉയർന്നു.
യുഎസിലെ ചില്ലറ വിലക്കയറ്റം ജൂലൈയിൽ 3.8 ശതമാനത്തിലേക്ക് ഉയർന്നതായാണു നിഗമനം. വ്യാഴാഴ്ചയാണ് അതിന്റെ കണക്ക് വരിക അതിനു മുൻപു തന്നെ കടപ്പത്ര വിലകൾ താഴുകയും നിക്ഷേപ നേട്ടം (yield) കൂടുകയും ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക നേരിയ താഴ്ചയിൽ നിന്നു നേട്ടത്തിലേക്കു മാറി. കൊറിയൻ വിപണി ഒരു ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ വിപണി നേരിയ നേട്ടത്തിലായി. ചെെനീസ് വിപണി താഴ്ചയിലാണ്. ഹോങ് കോങ് വിപണി ഒരു ശതമാനം താണു. ചൈനീസ് ചില്ലറ വിലകൾ കഴിഞ്ഞ മാസം 0.3 ശതമാനം കുറഞ്ഞു. 0.5 ശതമാനം ഇടിവ് പ്രകീക്ഷിച്ചതാണ്. ചൈനീസ് കയറ്റുമതി 14.5 ശതമാനം ഇടിഞ്ഞിരുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി രണ്ടു ദിവസത്തെ നേട്ടത്തിൽ നിന്നു ചൊവ്വാഴ്ച താഴാേട്ടു നീങ്ങി. സെൻസെക്സ് 106.98 പോയിന്റ് (0.16%) താഴ്ന്ന് 65,846.50ലും നിഫ്റ്റി 26.45 പോയിന്റ് (0.13%) കുറഞ്ഞ് 19,570.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.23 ശതമാനം കയറി 37,912.50 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.27 ശതമാനം ഉയർന്ന് 11,755.95 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ വിൽപന തുടർന്നു. അവർ ചൊവ്വാഴ്ച 731.34 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 537.31 കോടിയുടെ ഓഹരികൾ വാങ്ങി.
9,500 ന്റെ പിന്തുണ നിലനിർത്തിക്കൊണ്ട് ഇന്നു വ്യാപാരം തുടരുമെന്ന പ്രതീക്ഷയിലാണു വിപണി. നാളെ റിസർവ് ബാങ്ക് പണനയ പ്രഖ്യാപനത്തിൽ അപ്രതീക്ഷിതമായ ഒന്നും സംഭവിക്കുന്നില്ലെങ്കിൽ 19,500 -19,700 മേഖലയിലെ സമാഹരണവും ()ആണു കണക്കുകൂട്ടുന്നത്. stabilisation
ഇന്നു നിഫ്റ്റിക്ക് 19,540 ലും 19,475 ലും പിന്തുണ ഉണ്ട്. 19,615 ഉം 19,680 ഉം തടസങ്ങളാകാം.
വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. ചെെനയിൽ വലിയ ഉത്തേജന പദ്ധതി പ്രഖ്യപിക്കാതെ ഡിമാൻഡ് ഉയരുകയില്ല എന്ന വിലയിരുത്തലിലാണു വിപണി. ഡോളറിന്റെ നിരക്ക് കൂടുന്നതും വില താഴ്ത്തുന്നുണ്ട്. ഈ നില തുടർന്നാൽ ഖനന വ്യവസായത്തിനും ദൗർബല്യമാകും. അലൂമിനിയം 1.67 ശതമാനം താണു ടണ്ണിന് 2194.35 ഡോളറിലായി. ചെമ്പ് 2.57 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8276 ഡോളറിൽ എത്തി. ടിൻ 1.07 ശതമാനം, സിങ്ക് 2.5 ശതമാനം നിക്കൽ 2.88 ശതമാനം ലെഡ് 1.56 ശതമാനം എന്നിങ്ങനെ താഴ്ന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെന്റ് ഇനം ക്രൂഡ് ഒരു ശതമാനം ഉയർന്ന് 86.17 ഡോളറിലും ഡബ്ള്യു.ടി.ഐ. ഇനം 82.75 ഡോളറിലും ക്ലോസ് ചെയ്തു. ചെെനീസ് ഡിമാൻഡ് കുറയുന്നതിനെ തുടർന്നു താഴ്ന്ന ക്രൂഡ് വില പാശ്ചാത്യ അനിശ്ചിതത്വങ്ങളെ തുടർന്നു കയറുകയായിരുന്നു.
സ്വർണം ചൊവ്വാഴ്ചയും താഴ്ന്നു. ഔൺസിന് 1937.40 ഡോളറിൽ നിന്ന് 1926 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1,928 ഡോളറിലാണ്.
കേരളത്തിൽ പവൻവില ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 44,040 രൂപയിൽ എത്തി. ഇന്നു വീണ്ടും കുറയാം.
ഡോളർ ചൊവ്വാഴ്ച പത്തു പെെസ ഉയർന്ന് 82.84 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ചൊവ്വാഴ്ച 102.53 ലേക്കു കയറി ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.50 ലാണ്.
ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 29,800 ഡോളറിനു മുകളിലായി. യുഎസ് ബാങ്കിംഗ് ആശങ്കകളാണു ക്രിപ്റ്റോകളെ സഹായിക്കുന്നത്.
ആർ.ബി.ഐ - പണനയക്കമ്മിറ്റി ഞെട്ടിക്കുമോ?
റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി നാളെ തീരുമാനം എടുക്കും. രാവിലെ പത്തിനു ഗവർണർ ശക്തികാന്ത ദാസ് തീരുമാനം പരസ്യപ്പെടുത്തും. പൊതുവായ നിഗമനം റീപോ നിരക്ക് കൂട്ടുകയില്ലെന്നാണ്. കഴിഞ്ഞ വർഷം മേയ് മുതൽ ആറു തവണകളായി റീപോ നിരക്ക് നാലിൽ നിന്ന് 6.5 ശതമാനമായി കൂട്ടിയിരുന്നു. ചില്ലറ വിലക്കയറ്റത്തിൽ ആശ്വാസം കണ്ടതിനാൽ ഫെബ്രുവരിക്കു ശേഷം നിരക്കു കൂട്ടിയില്ല.
ചില്ലറ വിലക്കയറ്റം (retail inflation) വീണ്ടും ഉയരുകയാണ്. മേയിൽ 4.31 ശതമാനം വരെ താണ വിലക്കയറ്റം ജൂണിൽ 4.81 ശതമാനത്തിലേക്കു തിരിച്ചു കയറി. ജൂലൈയിലെ നിരക്ക് 6.7 ശതമാനമാകാം എന്നു ചിലർ കണക്കാക്കുന്നു. ആറു ശതമാനത്തിനു മുകളിലാകും എന്നതിൽ എല്ലാ വിഭാഗം നിരീക്ഷകരും യോജിക്കുന്നു. അതിനാൽ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിക്കും എന്ന് ഒരു ന്യൂനപക്ഷം കരുതുന്നു. അങ്ങനെ വന്നാൽ വിപണിക്ക് കനത്ത ഞെട്ടൽ ആകും.
ഓഹരികൾ ഇടിയാനും മറ്റും വഴിതെളിക്കും. പലിശ കൂടുന്നത് കമ്പനികളുടെ ലാഭം കുറയ്ക്കും. മൂലധനനിക്ഷേപം കുറയ്ക്കും. ജനങ്ങൾ വായ്പയെടുക്കൽ കുറയ്ക്കും. അതു വളർച്ച താഴ്ത്തും. ഗവണ്മെന്റ് പലിശ കൂട്ടലിനെ അനുകൂലിക്കുന്നില്ല. പക്ഷേ വിലക്കയറ്റ പ്രവണത വർധിച്ചു വരുന്നതിനെ റിസർവ് ബാങ്കിനു കാണാതിരിക്കാനാവില്ല.
റീപോ എന്ന താക്കോൽ നിരക്ക്
അടിയന്തര സാഹചര്യങ്ങളിൽ (emergency) വാണിജ്യ ബാങ്കുകൾ, സർക്കാർ കടപ്പത്രം പണയമായി നൽകി ഏകദിന വായ്പ എടുക്കുമ്പാേൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റീപോ നിരക്ക് (repo rate). രാജ്യത്തെ പലിശ നിരക്കുകളുടെ താക്കോൽ നിരക്കാണു റീപോ. അവധി ദിവസങ്ങൾ വന്നാൽ ഏകദിനം എന്നതു മൂന്നു ദിവസം വരെ ആകാം. ഇതേ പോലെ ബാങ്കുകൾ മിച്ചമുള്ള പണം റിസർവ് ബാങ്കിൽ ഏൽപിക്കുമ്പോൾ കിട്ടുന്ന പലിശയാണു റിവേഴ്സ് റീപാേ.
റീപോ നിരക്ക് മാറ്റുമ്പോൾ ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി നിരക്ക് തുടങ്ങിയ മറ്റു പ്രധാന നിരക്കുകളിലും മാറ്റം വരും.
ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ നിരക്കും ഇതിന്റെ തുടർച്ചയായി മാറും. ഭവനവായ്പയുടെ നിരക്ക് ഉയരുമ്പോൾ പ്രതിമാസ തിരിച്ചടവ് (EMI) തുക കൂട്ടിയാേ ഗഡുക്കളുടെ എണ്ണം (കാലാവധി) കൂട്ടിയോ ആണ് അതു നടപ്പാക്കുന്നത്.
യുഎസ് ബാങ്കിംഗിൽ വീണ്ടും പ്രശ്നം
റേറ്റിംഗ് ഏജൻസി മൂഡീസ് (Moody's)അമേരിക്കയിലെ 10 ബാങ്കുകളുടെ റേറ്റിംഗ് (Rating)താഴ്ത്തി. വേറേ 18 എണ്ണത്തിന്റെ കാര്യം പുന:പരിശോധനയിലാണെന്നും അറിയിച്ചു. ഇടത്തരം, പ്രാദേശിക ബാങ്കുകളുടെ റേറ്റിംഗാണു താഴ്ത്തിയത്.
താഴ്ത്തും എന്ന മുന്നറിയിപ്പ് ലഭിച്ചവയിൽ ബാങ്ക് ഓഫ് ന്യൂയോർക്ക് മെലൺ, യുഎസ് ബാങ്ക് കോർപ്, സ്റ്റേറ്റ് സ്ട്രീറ്റ്, ട്രീയിസ്റ്റ് ഫിനാൻഷ്യൽ തുടങ്ങിയ വലിയ ബാങ്കുകളും പെടുന്നു.
ലാഭക്ഷമത കുറയുന്നതും വാണിജ്യ റിയൽറ്റിക്കു നൽകിയ വായ്പകൾ പ്രശ്നത്തിലായതും അടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് നടപടി. യു.എസ് ബാങ്ക് ഓഹരികൾ ഇന്നലെ ശരാശരി മൂന്നു ശതമാനം താണു. വലിയ തകർച്ച ഉണ്ടായില്ലെങ്കിലും ബാങ്കു മേഖല ദുർബലമാണെന്നു പൊതുവേ ധാരണ പരന്നു. മൂന്നാം പാദ റിസൽട്ട് വരുമ്പോഴേക്കു കുറേ ബാങ്കുകൾ കരുത്തുള്ളവയിൽ ലയിക്കേണ്ടി വരും. എങ്കിലും മാർച്ച് - ഏപ്രിലിലേതു പോലെ വലിയ കോളിളക്കം പ്രതീക്ഷിക്കുന്നില്ല.
അദാനി വിൽമർ- അദാനി ഗ്രൂപ്പ് വേർപിരിയൽ
അദാനി വിൽമറിൽ നിന്നു പിന്മാറാൻ ഗൗതം അദാനി ആലോചിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകൾക്കു വേണ്ടത്ര മൂലധനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സിംഗപ്പൂർ കമ്പനിയാണു വിൽമർ. 2022-ൽ അദാനി -വിൽമർ പ്രാരംഭ ഓഹരി വിൽപ്പന (IPO) വഴി 3500 കോടി രൂപ സമാഹരിച്ചതാണ്. അദാനി ഗ്രൂപ്പും വിൽമറും 44 ശതമാനം വീതം ഓഹരി കൈവശം വച്ചിട്ടുണ്ട്. ഇപ്പോൾ 620 കോടി ഡോളർ വിപണിമൂല്യം ഉള്ള കമ്പനിയിൽ അദാനിയുടെ പങ്ക് 270 കോടി ഡോളർ വരും.
ഹിൻഡൻബർഗ് റിപ്പോർട്ട് വന്ന ശേഷം അദാനി ഗ്രൂപ്പ് പ്രധാന കമ്പനികളിലെ ഓഹരി വിറ്റ് 35,000-ൽപരം കോടി രൂപ സമാഹരിച്ചിരുന്നു. ഗ്രൂപ്പ് കമ്പനികളുടെ ഭീമമായ കടബാധ്യത കുറയ്ക്കാനായിരുന്നു അത്. ധാന്യ ബിസിനസിലുള്ള അദാനി വിൽമറിൽ നിന്നു പിന്മാറിയാലും ചെറിയൊരു ഓഹരിപങ്കാളിത്തം ഗൗതം അദാനി സ്വന്തനിലയിൽ തുടർന്നേക്കും എന്നാണു റിപ്പോർട്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് തുറന്നുവിട്ട കൊടുങ്കാറ്റിന്റെ ആഘാതം തുടരുകയാണെന്ന് ഈ നീക്കം കാണിക്കുന്നു.
കമ്പനികൾ, വാർത്തകൾ
ഹീറോ മോട്ടാേ കോർപ് ഇന്നലെ നാലര ശതമാനം വരെ കയറി. കമ്പനി നിർമിക്കുന്ന ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്കു പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട ഡിമാൻഡ് കണ്ടതിനെ തുടർന്നാണിത്. എക്സ് 440 (Harley-Davidson X440)മോഡലിന് 25,000 ബുക്കിംഗ് ലഭിച്ചു. 2,69,000 രൂപയാണ് ഇവയുടെ വില. ഈ മോഡലിന് ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയാണിത്. കമ്പനി ഇതിന്റെ വില 10,000 രൂപ കണ്ടു വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ബാങ്ക് ഈയിടത്തെ കയറ്റം തുടർന്നു. രണ്ടു മാസം കൊണ്ട് 35 ശതമാനം ഉയർന്ന ഓഹരി ഇന്നലെ 13.5 ശതമാനം വരെ കയറിയിട്ട് അൽപം താണു ക്ലോസ് ചെയ്തു. ലാഭത്തിലും വരുമാനത്തിലും പലിശ വരുമാനത്തിലും മികച്ച വളർച്ച ബാങ്കിനുണ്ട്.
ഗ്ലാൻഡ് ഫാർമ
മികച്ച റിസൽട്ടും വിദേശത്തെ വ്യാപാരത്തിലുള്ള കുതിപ്പും ഗ്ലാൻഡ് ഫാർമ ഓഹരിയെ 20 ശതമാനം ഉയർത്തി. ചൈനീസ് കമ്പനി ഫോസുൻ ഭൂരിപക്ഷ ഓഹരി കൈയാളുന്ന ഗ്ലാൻഡ് ഫാർമ ഹൈദരാബാദ് ആസ്ഥാനമായാണു പ്രവർത്തിക്കുന്നത്. ഫ്രാൻസിലെ സെനക്സിയെ ഏറ്റെടുത്തതു കമ്പനിയുടെ യൂറോപ്പിലെ വിറ്റുവരവ് അഞ്ചിരട്ടിയാക്കി. അമേരിക്കൻ ബിസിനസിലും വലിയ വർധന ഉണ്ട്.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 08, ചൊവ്വ)
സെൻസെക്സ് 30 65,846.50 -0.16%
നിഫ്റ്റി 50 19,570.85 -0.13%
ബാങ്ക് നിഫ്റ്റി 44,964.45 +0.28%
മിഡ് ക്യാപ് 100 37,912.50 +0.23%
സ്മോൾക്യാപ് 100 11,755.95 +0.27%
ഡൗ ജോൺസ് 30 35,314.50 - 0.45%
എസ് ആൻഡ് പി 500 4499.38 -0.42%
നാസ്ഡാക് 13,88,4.30 -0.79%
ഡോളർ ($) ₹82.84 +10 പൈസ
ഡോളർ സൂചിക 102.53 +0.48
സ്വർണം(ഔൺസ്) $1926.00 -$11.40
സ്വർണം(പവൻ) ₹44,040 -₹ 80
ക്രൂഡ് (ബ്രെന്റ്)ഓയിൽ $86.17 +$0.83