എക്സിറ്റ് പോളുകൾ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും

ആഗോള വിപണികളിലെ അനിശ്ചിതത്വം മാറുമെന്നു പ്രതീക്ഷ; ഡോളർ കയറുന്നു; സോമറ്റോയ്ക്ക് തിരിച്ചടി

Update:2023-05-10 08:44 IST

ഏപ്രിലിലെ അമേരിക്കൻ ചില്ലറ വിലക്കയറ്റ നിരക്ക് ഇന്നു രാത്രി അറിവാകും.വരും ദിവസങ്ങളിലെ വിപണി ഗതി എങ്ങനെ എന്നു നിർണയിക്കുന്ന പ്രധാന സാമ്പത്തിക വിവരമാണത്. പലിശവർധന തുടരാൻ പ്രേരിപ്പിക്കുന്നതാകുമാേ വിലക്കയറ്റം എന്ന ആശങ്ക മിക്കവർക്കും ഉണ്ട്. ഈ ആശങ്ക ഇന്നലെ പാശ്ചാത്യ വിപണികളെ താഴ്ത്തി. ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ചയിലാണ്. എന്നാൽ ഇന്ത്യൻ വിപണി വ്യത്യസ്തമായി നീങ്ങും എന്ന പ്രതീക്ഷ പലർക്കുമുണ്ട്. ഇന്നു വൈകുന്നേരം വരുന്ന എക്സിറ്റ് പോളുകൾ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുന്നതാകും.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വ രാത്രി ഒന്നാം സെഷനിൽ 18,311 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,307.5 ലേക്ക് താഴ്ന്നു. ഇന്നു രാവിലെ 18,345 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ മിക്കതും ഇന്നലെ നഷ്ടത്തിലായിരുന്നു. യുഎസ് വിപണിയും ഇന്നലെ താഴ്ന്നു. ഇന്നു യുഎസ് ചില്ലറ വിലക്കയറ്റ കണക്കുകൾ വന്ന ശേഷമേ വിപണിക്കു ദിശാനിർണയം സാധിക്കു.

ഡൗ ജോൺസ് 56.88 പോയിന്റ് (0.17 ശതമാനം) താഴ്ന്നപ്പോൾ എസ് ആൻഡ് പി 18.95 പോയിന്റും (0.46%) നാസ്ഡാക് 77.36 പോയിന്റും (0.63%) ഇടിവിലായി. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.12 ഉം ശതമാനം ഉയർന്നു.

ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു നഷ്ടത്തിൽ വ്യാപാരമാരംഭിച്ചു. ഇന്നലെ വലിയ വീഴ്ചയിലായ ചെെനീസ് വിപണി തുടക്കത്തിൽ അൽപം താണു. ചൈനീസ് കയറ്റുമതി വളർച്ച മന്ദഗതിയിലായതാണ് ഇന്നലെ ഇടിവിനു കാരണം.

ഇന്ത്യൻ വിപണി 

ചൊവ്വാഴ്ച ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടം കണ്ടു. ചെറിയ നേട്ടത്തിൽ തുടങ്ങി ക്രമമായി ഉയർന്ന സൂചികകൾ ഉച്ചയ്ക്കു ശേഷം താഴോട്ടായി. ഒടുവിൽ നാമമാത്ര നേട്ടവും കോട്ടവുമായി മുഖ്യ സൂചികകൾ അവസാനിച്ചു. സെൻസെക്സ് 2.92 പോയിന്റ് താഴ്ന്ന് 61,761.33 ലും നിഫ്റ്റി 1.55 പോയിന്റ് (0.05%) ഉയർന്ന് 18,265.95 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.04 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.05 ശതമാനം താഴ്ന്നു.

ഈ ദിവസങ്ങളിലെ മുന്നേറ്റത്തിന്റെ കരുത്തു ചോർന്നതു പോലെയാണ് വിപണി ഇന്നലെ പെരുമാറിയത്. നിഫ്റ്റിക്കു 18,235 ലും 18,160 ലും സപ്പോർട്ട് ഉണ്ട്. 18,325 ലും 18,395 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ ഇന്നലെ 1942.19 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 404.7 കോടിയുടെ ഓഹരികൾ വാങ്ങി. ഈ മാസം എല്ലാ ദിവസവും വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വാങ്ങലുകാരായിരുന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ കയറ്റം തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇടയ്ക്കു താഴ്ന്ന ശേഷം 77.28 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 73.49 ഡോളർ ആയി. അമേരിക്കൻ സർക്കാരിന്റെ വായ്പാ പരിധി കൂട്ടുന്നതിന് നടക്കുന്ന ചർച്ചകൾ വിജയിക്കാത്ത സാഹചര്യത്തിൽ സ്വർണവില ഉയർന്നു. ഇന്നലെ 2038.8 വരെ കയറിയ സ്വർണം 2037 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2036- 2038 ഡോളറിൽ വ്യാപാരം നടക്കുന്നു.

കേരളത്തിൽ പവൻ വില 80 രൂപ വർധിച്ച് 45,360 രൂപയായി. ഇന്നു ഡോളർ നിരക്ക് താഴുന്നില്ലെങ്കിൽ സ്വർണ വില ഉയർന്നേക്കും. വ്യാവസായിക ലോഹങ്ങൾ പൊതുവേ ഉയർന്നു. ചെമ്പ് 0.89 ശതമാനം കയറി ടണ്ണിന് 8562 ഡോളർ ആയി. അലൂമിനിയം നാമമാത്രമായി ഉയർന്ന് 2320 ഡോളറിലെത്തി. ലെഡ്, നിക്കൽ, സിങ്ക്, ടിൻ തുടങ്ങിയവ ഒരു ശതമാനം വരെ കയറി. ഇരുമ്പയിര് വില 3.58 ശതമാനം ഉയർന്ന് 107.4 ഡോളർ ആയി.

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടത്തിനു ശേഷം കാര്യമായ വിലമാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 27,600 ഡോളറിലാണ്. വിദേശനിക്ഷേപകരിൽ നിന്നു വലിയ തോതിൽ 

ഡോളർ വരുന്നുണ്ടെങ്കിലും ഇന്നലെ രൂപ അൽപം ദുർബലമായി. ഡോളർ ഇന്നലെ 24 പൈസ നേട്ടത്തിൽ 82.04 രൂപയിലെത്തി. ഡോളർ രാജ്യാന്തര വിപണിയിൽ കരുത്തു നേടുന്ന ദിവസങ്ങളാണിത്. ഡോളർ സൂചിക 101.66 ലേക്കു കയറി. ഇന്നു രാവിലെ 101.51 ആയി. 

സൊമാറ്റോയ്ക്കു തിരിച്ചടി 

യുഎസ് നിക്ഷേപ ഫണ്ട് ഇൻവെസ്കോ സ്വിഗ്ഗിയുടെ മൂല്യനിർണയം മൂന്നിലൊന്നു കുറച്ചത് സൊമാറ്റോയെ ബാധിച്ചു. ഭക്ഷ്യ വിതരണ രംഗത്തുള്ള സ്വിഗ്ഗിയുടെ മൂല്യം രണ്ടാം തവണയാണ് ഇൻവെസ്കോ കുറച്ചത്.ഏപ്രിലിൽ സ്വിഗ്ഗിയിലെ തങ്ങളുടെ നിക്ഷേപത്തിൻ്റെ മൂല്യം ഫണ്ട് 23 ശതമാനം കുറച്ചതാണ്. 2022 ജൂലൈയിൽ ഷെയർ ഒന്നിന് 6212 ഡോളർ കണക്കാക്കിയത് ഒക്ടോബറിൽ 4759 ഡോളറാക്കി. ഇപ്പോൾ അത് 3305 ഡോളറായി കുറച്ചു. വലിയ വിലയ്ക്ക് 2021ൽ ഐപിഒ നടത്തി ലിസ്റ്റ് ചെയ്ത സൊമാറ്റോയുടെ ഓഹരി പിന്നീടു 48 ശതമാനം ഇടിഞ്ഞിരുന്നു. ഇതു കൂടി കണക്കാക്കിയാണ് ഇൻവെസ്കോയുടെ നടപടി. ഈ ത തുടർന്ന് ഇന്നലെ സൊമാറ്റോയുടെ ഓഹരി 64.9 രൂപയിൽ നിന്ന് 6.1 ശതമാനം ഇടിഞ്ഞ് 6.9 രൂപയായി.

ഫുഡ് ഡെലിവറി ബിസിനസിൽ സൊമാറ്റോ ഇതുവരെ ലാഭത്തിലായിട്ടില്ല. 2026 ലേക്കാണു ലാഭം Jതീക്ഷിക്കുന്നത്. ബിസിനസിൽ പുതിയ വെല്ലുവിളികൾ ഉയരുന്നുമുണ്ട്. ഗവണ്മെൻ്റിൻ്റെ ഒഎൻഡിസി (ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് ) ഹോട്ടലുകാർക്ക് ഇടനിലക്കാരില്ലാതെ ഓൺലൈൻ വ്യാപാരം അനുവദിക്കുന്നതും സൊമാറ്റോയെ ബാധിക്കുന്ന വിഷയമാണ

ഇന്ത്യാ ബുൾസ് ഓഹരിക്കു വൻ തകർച്ച 

എംബസി ഗ്രൂപ്പിന്റെ വിവിധ റിയൽ എസ്റ്റേറ്റ് പദ്ധതികൾ ഏറ്റെടുത്ത ഇന്ത്യാ ബുൾസ് റിയൽ എസ്റ്റേറ്റിനു തിരിച്ചടി. കമ്പനി നിയമ ബോർഡിന്റെ ചണ്ഡീഗഡ് ബെഞ്ച് ലയനത്തിന് അംഗീകാരം നിഷേധിച്ചു. നേരത്തേ ബംഗലൂരു ബെഞ്ച് ലയനം അംഗീകരിച്ചതായിരുന്നു. ആദായനികുതി വകുപ്പ് മൂല്യനിർണയത്തെപ്പറ്റി തർക്കമുന്നയിച്ചതിനെ തുടർന്നാണിത്.

ഇന്ത്യാ ബുൾസ് റിയൽ എസ്റ്റേറ്റ് ഓഹരി ഇതേ തുടർന്ന് 20 ശതമാനം ഇടിഞ്ഞു. എംബസി ഗ്രൂപ്പിലെ നാം എസ്റ്റേറ്റ്സ്, എംബസി വൺ എന്നീ കമ്പനികളെയാണ് ഇന്ത്യാ ബുൾസിൽ ലയിപ്പിച്ചത്. പുതിയ സാഹചര്യത്തെ നിയമപരമായി മറികടക്കാനാകുമെന്ന വിശ്വാസം ഇന്ത്യാ ബുൾസ് പ്രകടിപ്പിച്ചു. 

വിപണി സൂചനകൾ

(2023 മേയ് 09, ചൊവ്വ)

സെൻസെക്സ് 30 61,761.33 +0.00%

നിഫ്റ്റി 50 18,265.95 +0.01%

ബാങ്ക് നിഫ്റ്റി 43,198.15 -0.20%

മിഡ് ക്യാപ് 100 32,488.50: +0.04%

സ്മോൾക്യാപ് 100 9815.45 -0.05%

ഡൗ ജോൺസ്30 33,561.80 -0.17%

എസ് ആൻഡ് പി500 4119.17 -0.46%

നാസ്ഡാക് 12,179 .50 -0.63%

ഡോളർ ($) ₹82.04 + 24 പൈസ

ഡോളർ സൂചിക 101.66 +0.28

സ്വർണം(ഔൺസ്) $2037.00 +$14.80

സ്വർണം(പവൻ ) ₹45,360 +₹80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $77.28 +$0.27

Tags:    

Similar News