ആശ്വാസറാലി കാത്തു നിക്ഷേപകർ; വിദേശ സൂചനകൾ പോസിറ്റീവ്; പലിശ കുറയ്ക്കൽ പ്രതീക്ഷ വീണ്ടും; രാഷ്ട്രീയ ആശങ്കകൾ നീങ്ങുന്നില്ല

സ്വർണം തിരിച്ചു കയറുന്നു

Update: 2024-05-10 02:24 GMT

വലിയ തകർച്ചയ്ക്കു ശേഷം ആശ്വാസറാലി പ്രതീക്ഷിക്കുക സ്വാഭാവികമാണ്. ഇന്നാകട്ടെ അതിനു സാഹചര്യവും ഒരുങ്ങി. യു.എസിൽ പലിശ കുറയ്ക്കൽ ഇക്കൊല്ലം തന്നെ തുടങ്ങും എന്ന ഒരു പ്രതീക്ഷ ഉണ്ടായി. യു.എസിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകൾ വർധിച്ചതാണ് ഈ പ്രതീക്ഷയ്ക്കു കാരണം. ഇത് ഓഹരികളെയും സ്വർണത്തെയും ഉയർത്തി. യു.എസ് വിപണിക്കു പിന്നാലെ ഏഷ്യൻ വിപണികളും കുത്തനേ ഉയർന്നു.

വിൽപന സമ്മർദത്തെ മറി കടന്നു നേട്ടം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബുള്ളുകൾ. എന്നാൽ തുടക്കം നല്ല നേട്ടത്തിലായാലും പിന്നീടു വിൽപന സമ്മർദം വിപണിയെ താഴ്ത്തുമെന്നു പലരും കരുതുന്നു. രാഷ്ട്രീയ ആശങ്കകൾ കുറയ്ക്കാവുന്ന സൂചനകൾ ഒന്നും ലഭിക്കുന്നില്ല എന്നാണ് അവർ പറയുന്നത്. വർഷാവസാനം ഉണ്ടാകാവുന്ന യുഎസ് പലിശ കുറയ്ക്കലിനേക്കാൾ ഗൗരവം രാഷ്ട്രീയ ആശങ്കകൾക്ക് ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,128.5ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 22,167.5 ആയി. ഇന്ത്യൻ വിപണി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ നിരക്കിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. ഇതോടെ ഫുട്സീ 100 റെക്കോർഡ് ഉയരം കയറി.

യു.എസിൽ ഇന്നലെ ഓഹരികൾ കയറി. ഡൗ ജോൺസ് സൂചിക തുടർച്ചയായ ഏഴാമത്തെ ദിവസവും നേട്ടം കുറിച്ചു. തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷ കഴിഞ്ഞയാഴ്ച വർധിച്ചു. ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ആനുകൂല്യ അപേക്ഷകൾ. ഇതോടെ 2024 അവസാനിക്കും മുൻപ് കുറച്ചു തുടങ്ങും എന്ന പ്രതീക്ഷ വീണ്ടും വിപണിയിൽ ഉണ്ടായി. ഓഹരികളും സ്വർണവും കയറിയതും യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞതും ഡാേളർ സൂചിക താഴ്ന്നതും ഈ പ്രതീക്ഷയെ തുടർന്നാണ്. അടുത്തയാഴ്ച വരുന്ന ചില്ലറ വിലക്കയറ്റ കണക്ക് കുറഞ്ഞ നിരക്കാണു കാണിക്കുക എന്നാണു നിഗമനം. വിലക്കയറ്റം കുറഞ്ഞില്ലെങ്കിൽ നിരക്കു കുറയ്ക്കൽ നീണ്ടുപോകും.

ഡൗ ജോൺസ് ഇന്നലെ 331.37 പോയിൻ്റ് (0.85%) കയറി 39,387.80ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 26.41 പോയിൻ്റ് (0.51%) ഉയർന്ന് 5214.08ലും നാസ്ഡാക് 43.51 പോയിൻ്റ് (0.27%) കൂടി 16,346.30ലും അവസാനിച്ചു.

യു.എസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.15ഉം എസ് ആൻഡ് പി 0.12ഉം നാസ്ഡാക് 0.10ഉം ശതമാനം ഉയർന്നു നിൽക്കുന്നു. പത്തു വർഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.447 ശതമാനമായി കുറഞ്ഞു. ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 1.6 ഉം ദക്ഷിണ കൊറിയയിൽ കോസ്പി 0.95 ഉം ശതമാനം ഉയർന്നു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വ്യാഴാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം നിരന്തരം ഇടിഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിനു ഭൂരിപക്ഷം കിട്ടാനിടയില്ല എന്ന ധാരണ വിപണിയിൽ പ്രബലമായി. ഇതിൻ്റെ ഫലമായാണ് വിദേശനിക്ഷേപകർ വിൽപന വർധിപ്പിച്ചത്. ഇപ്പോൾ ലാഭത്തിൽ വിൽക്കുന്ന മികച്ച ഓഹരികൾ പിന്നീട് കുറഞ്ഞ വിലയ്ക്കു വാങ്ങാം എന്നാണു വിപണിയിലെ വിലയിരുത്തൽ.

ദിവസങ്ങളായി താഴുകയാണെങ്കിലും വിപണി ഇനിയും ഗൗരവമായ തിരുത്തലിലേക്കു നീങ്ങിയിട്ടില്ല. സെൻസെക്സ് 75,124.28 എന്ന ഉന്നതിയിൽ നിന്ന് 2720.11 പോയിൻ്റ് (3.62%) മാത്രമേ താണിട്ടുള്ളു. നിഫ്റ്റി 22,744.70ൽ നിന്ന് 837.20 പോയിൻ്റ് (3.67%) മാത്രം താഴെയാണ്. അഞ്ചു ശതമാനത്തിലധികം ഇടിവു വരുമ്പോഴേ തിരുത്തലിലേക്കു നീങ്ങുന്നു എന്നു പറയാനാകൂ. തെരഞ്ഞെടുപ്പുഫലത്തെപ്പറ്റിയുള്ള ആശങ്കയിൽ വിപണി വലിയ തിരുത്തലിൽ എത്താനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. 2004ൽ അന്നത്തെ സർക്കാർ തോറ്റപ്പോൾ വിപണി 20 ശതമാനം വരെ ഇടിഞ്ഞതാണ്. അവിടെ നിന്നു പെട്ടെന്നു തന്നെ തിരിച്ചു കയറുകയും ചെയ്തു.

വ്യാഴാഴ്ച സെൻസെക്സ് 1062.22 പോയിൻ്റ് (1.45%) താഴ്ചയോടെ 72,404.17 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 345 പോയിൻ്റ് (1.55%) ഇടിഞ്ഞ് 21,957.50ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 533.20 പോയിൻ്റ് (1.11%) നഷ്ടത്തിൽ 47,487.90ൽ ക്ലോസ് ചെയ്തു. മുഖ്യ സൂചികകളേക്കാൾ വലിയ ഇടിവാണ് വിശാല വിപണിക്ക് ഉണ്ടായത്. മിഡ്ക്യാപ് സൂചിക 927.15 പോയിൻ്റ് (1.85%) ഇടിഞ്ഞ് 49,109.15ലും സ്മോൾക്യാപ് സൂചിക 465.35 പോയിൻ്റ് (2.83%) താഴ്ന്ന് 15,995.70ലും അവസാനിച്ചു.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 6,994.86 കോടി രൂപയുടെ ഓഹരികൾ വിറ്റു. തലേ ദിവസം അവർ 6,669 കോടിയുടെ വിൽപന നടത്തിയതാണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5,642.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

22,000നു താഴേക്കു നിഫ്റ്റി നീങ്ങിയത് പിന്തുണനില 21,750ലേക്കു താഴ്ത്തി. അതു നഷ്ടപ്പെട്ടാൽ ഏപ്രിലിലെ താഴ്ന്ന നിലവാരമായ 21,500 പരീക്ഷിച്ചേക്കാം. മറിച്ച് ഇന്നു പിടിച്ചു നിൽക്കായാൽ 22,100 - 22,200ലേക്കു തിരിച്ചു കയറാൻ ശ്രമം ഉണ്ടാകും. ഇന്നു നിഫ്റ്റിക്ക് 21,920ലും 21,835ലും പിന്തുണ ഉണ്ട്. 21,995 -ഉം 22,300 ഉം തടസങ്ങൾ ആകാം.

വാഹന കമ്പനികൾ മാത്രമാണ് ഇന്നലെ വിപണിയിൽ ഉയർന്നത്. ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, എഫ്.എം.സി.ജി, ഫാർമ, റിയൽറ്റി, ഹെൽത്ത്, ബാങ്ക്, ധനകാര്യ സർവീസ് മേഖലകൾ വലിയ താഴ്ചയിലായി.

കമ്പനികൾ, ഓഹരികൾ

വായ്പ നൽകുമ്പോൾ 20,000 രൂപയിലധികം പണമായി നൽകരുതെന്ന വ്യവസ്ഥ കർക്കശമാക്കുന്നത് എൻ.ബി.എഫ്.സികൾക്ക് ക്ഷീണമാകും. മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും രാവിലെ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ക്ലാേസിംഗിൽ മണപ്പുറം ഏഴരയും മുത്തൂറ്റ് 3.7 ഉം ശതമാനം നഷ്ടത്തിലാണ്. ചോളമണ്ഡലം, ശ്രീറാം ഫിനാൻസ് തുടങ്ങിയവയും മൂന്നര ശതമാനത്തിലധികം താഴ്ന്നു. റിസൽട്ട് മോശമായതിനെ തുടർന്നു പിരമൽ എൻ്റർപ്രൈസസ് പത്തുശതമാനത്തോളം ഇടിഞ്ഞു. 

ഇന്നലെ വിപണി അടച്ച ശേഷം റിസൽട്ട് പുറത്തുവിട്ട ബി.പി.സി.എൽ, എച്ച്.പി.സി.എൽ ഓഹരികൾ നാലര ശതമാനം നഷ്ടത്തിലായിരുന്നു. ബോണസ് പ്രതീക്ഷയിൽ ഈ വർഷമാദ്യം മുതൽ 30 ശതമാനത്തോളം കയറിയ ഓഹരികളാണ് അവ. ബി.പി.സി.എൽ ഒന്നിന് ഒന്നു വച്ചും എച്ച്.പി.സി.എൽ രണ്ടിന് ഒന്നു വച്ചും ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. എച്ച്.പി.സി.എൽ നഷ്ടത്തിൽ നിന്നു നല്ല ലാഭത്തിലേക്കു കയറി. ബി.പി.സി.എൽ നാമമാത്ര വാർഷികലാഭത്തിൽ നിന്നു തകർപ്പൻ ലാഭത്തിൽ എത്തി. നാലാം പാദത്തിൽ രണ്ടു കമ്പനികളുടെയും അറ്റാദായം കുറയുകയാണു ചെയ്തത്.

എസ്.ബി.ഐ നാലാം പാദത്തിൽ 24 ശതമാനം അറ്റാദായ വർധന കാണിച്ചു. എന്നാൽ അറ്റ പലിശ മാർജിൻ അൽപം കുറഞ്ഞു. വായ്പാനഷ്ടത്തിനുള്ള വകയിരുത്തൽ ഗണ്യമായി കൂടി. നിഷ്ക്രിയ ആസ്തിയിൽ കുറവുണ്ട്. വായ്പാ വർധന 15.24 ശതമാനമുണ്ട്.

സ്വർണം തിരിച്ചു കയറുന്നു

സ്വർണം താഴോട്ടുള്ള യാത്ര നിർത്തി കയറ്റത്തിലായി തുടരുകയാണ്. ഇന്നലെ 2,306 ഡോളർ വരെ താഴ്ന്ന സ്വർണം 2,346.90 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഒന്നര ശതമാനത്തിലധികം കുതിപ്പ്. യു.എസിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകൾ കൂടിയത് പലിശ കുറയ്ക്കൽ നേരത്തേ ആക്കുമെന്ന വ്യാഖ്യാനമാണു കയറ്റത്തിനു കാരണം. ഇന്നു രാവിലെ 2,351 ഡോളറിലേക്കു സ്വർണം കയറി.

കേരളത്തിൽ ഇന്നലെ സ്വർണം പവന് 80 രൂപ കുറഞ്ഞ് 52,920 രൂപയായി. ഇന്നു വില ഗണ്യമായി കൂടും. അക്ഷയ തൃതീയ ദിനമായ ഇന്നു മികച്ച വ്യാപാരം പ്രതീക്ഷിച്ചപ്പോഴാണു വില വീണ്ടും കയറുന്നത്.

രൂപ ഇന്നലെ രാവിലെ കരുത്തു കാണിച്ചെങ്കിലും ഒടുവിൽ ഡോളർ നേടി. ഒരു പൈസ നഷ്ടത്തോടെ 83.51 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ താഴ്ന്ന് 105.23 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.28 ലേക്കു കയറി. ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ് കോയിൻ 68,800 ഡോളറിനു മുകളിലായി. ഈഥർ 3025 ഡോളറിലേക്കു കയറി.

ക്രൂഡ് ഓയിൽ കയറി

ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ്  ക്രൂഡ് 84.17 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ്  84.22 ഡോളർ ആയി കയറി. ഡബ്ള്യു.ടി.ഐ 79.64 ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 84.52 ലുമാണ്.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 0.42 ശതമാനം കൂടി ടണ്ണിന് 9,780.44 ഡോളറിൽ എത്തി. അലൂമിനിയം 0.85 ശതമാനം ഉയർന്ന് ടണ്ണിന് 2,570.35 ഡോളർ ആയി. നിക്കൽ, സിങ്ക്, ലെഡ്, ഇരുമ്പയിര്, ടിൻ എന്നിവ താഴ്ന്നു.

വിപണിസൂചനകൾ (2024 മേയ് 09, വ്യാഴം)

സെൻസെക്സ്30 72,404.17 -1.45%

നിഫ്റ്റി50 21,957.50 -1.55%

ബാങ്ക് നിഫ്റ്റി 47,487.90 -1.11%

മിഡ് ക്യാപ് 100 49,109.15 -1.85%

സ്മോൾ ക്യാപ് 100 15,995.70 -2.83%

ഡൗ ജോൺസ് 30 39,387.80 +0.85%

എസ് ആൻഡ് പി 500 5214.08 +0.51%

നാസ്ഡാക് 16,346.30 +0.27%

ഡോളർ($) ₹83.51 -₹0.01

ഡോളർ സൂചിക 105.23 -0.32

സ്വർണം (ഔൺസ്) $2346.90 +$38.30

സ്വർണം (പവൻ) ₹52,920 -₹80

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $84.17 +$0.40

Tags:    

Similar News