പച്ച പുതച്ചു കമ്പോളങ്ങൾ; നല്ല തുടക്കം കാത്തു വിപണി

റിലയൻസിൽ നിന്നു രണ്ട് ഓഹരികൾ കൂടി; വേദാന്തയും ഫോക്സ്കാേണും വഴി പിരിയുന്നു; സിയന്റ് ഡി.എൽ.എം ഇന്നലെ 52 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തു

Update:2023-07-11 08:17 IST

വിപണികൾ വീണ്ടും പച്ചനിറത്തിലായി. ഏഷ്യൻ സൂചികകൾ രാവിലെ മികച്ച നേട്ടത്തിലാണ്. പാശ്ചാത്യ വിപണികളും കയറ്റത്തിലായിരുന്നു. നാളെ വിലക്കയറ്റ കണക്കും വ്യവസായ ഉൽപാദന സൂചികയും ടെക് ഭീമന്മാരുടെ ഒന്നാം പാദ റിസൽട്ടും വരും. അതിന് ആവേശത്തോടെ ഒരുങ്ങാൻ ഇന്ന് വിപണിക്കു കഴിഞ്ഞേക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,456.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,486 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ചെെനയിൽ പണപ്പെരുപ്പം മാറി പണച്ചുരുക്കം (Deflation) തുടങ്ങുന്നതിന്റെ സൂചനകൾ വന്നതു വിപണിയിൽ ആശങ്ക വളർത്തി.

യുഎസ് വിപണി ഇന്നലെ കയറി. ഡൗ ജോൺസ് സൂചിക 209.52 പോയിന്റ് (0.62%) കയറി 33,944.4- ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 10.58 പോയിന്റും (0.24%) നാസ്ഡാക് 24.76 പോയിന്റും (0.18%) ഉയർന്നു ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റിറക്കത്തിലാണ്. ഡൗ ജോൺസ് 0.02 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.05 ശതമാനവും നാസ്ഡാക് 0.07 ശതമാനവും താഴ്ന്നു നിൽക്കുന്നു.

ചൈനയിൽ പണച്ചുരുക്കം? 

ഏഷ്യൻ ഓഹരികൾ ഇന്നു പൊതുവേ നല്ല കയറ്റത്തിലാണ്. ഓസ്ട്രേലിയൻ സൂചിക തുടക്കത്തിൽ ഒരു ശതമാനത്തിലധികം കയറി. ജപ്പാനിൽ നിക്കെെ ഓഹരി സൂചിക 0.7 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിൽ സൂചിക 1.2 ശതമാനം കുതിച്ചു. ഹോങ് കോങ്ങിൽ പ്രധാന സൂചിക ഒരു ശതമാനം നേട്ടത്തിലാണ്. ചൈനയിൽ ചില്ലറ വിലക്കയറ്റം ജൂണിൽ പൂജ്യം ശതമാനമായി. മൊത്തവില സൂചിക 5.4 ശതമാനം ചുരുങ്ങിയിരുന്നു. ചൈന വിലകൾ കുറയുന്ന പണച്ചുരുക്കത്തിലേക്കു നീങ്ങുകയാണെന്ന് പലർക്കും ആശങ്കയുണ്ട്. സാമ്പത്തിക വളർച്ചയ്ക്കു പകരം തളർച്ചയിലേക്കാണോ ചൈന പോകുന്നത് എന്ന ആശങ്കയുമുണ്ട്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ച തുടക്കത്തിൽ ഉയർന്ന ശേഷം താഴ്ന്നു. പിന്നെ ചാഞ്ചാട്ടമായി. ഒടുവിൽ ക്ലോസിംഗിനു തൊട്ടു മുൻപ് നേരിയ നേട്ടത്തിലായി.

സെൻസെക്സ് 63.72 പോയിന്റ് (0.1%) കയറി 65,344 17 ലും നിഫ്റ്റി 24.10 പോയിന്റ് (0.12%) ഉയർന്ന് 19,355.90 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.38 ശതമാനം താഴ്ന്ന് 35,938.05 ലും സ്മോൾ ക്യാപ് സൂചിക 0.58% കുറഞ്ഞ് 11,054.15 . ലും ക്ലോസ് ചെയ്തു.

ഓയിൽ -ഗ്യാസ് ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഐടി, മീഡിയ, റിയൽറ്റി, എഫ്എംസിജി, വാഹന മേഖലകൾക്ക് വലിയ നഷ്ടം നേരിട്ടു.

5150 ഇലക്ട്രിക് ബസുകൾക്ക് ഓർഡർ ലഭിച്ചതിനെ തുടർന്ന് ഒലെക്ട്രാ ഗ്രീൻടെക് കമ്പനിയുടെ ഓഹരി ഇന്നലെയും 10 ശതമാനം കയറി. സിയന്റ് ഡി.എൽ.എം ഇന്നലെ 52 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തു. 265 രൂപയിൽ ഇഷ്യു നടത്തി. 403 രൂപയിൽ ലിസ്റ്റ് ചെയ്തു.

വാഡിലാൽ ഇൻഡസ്ട്രീസിനെ ഏറ്റെടുക്കാൻ ബെയിൻ കാപ്പിറ്റൽ ധാരണ ഉണ്ടാക്കിയെന്ന റിപ്പോർട്ടിനെ തുടർന്ന് ആ ഓഹരി ഇന്നലെ 15 ശതമാനം കയറി. വാഡിലാലിന്റെ ഐസ്ക്രീo വിപണനം ചെയ്യുന്ന വാഡിലാൽ എന്റർപ്രൈസസിന്റെ ഓഹരി അഞ്ചു ശതമാനം ഉയർന്നു.

ഇന്നലെ ക്യാഷ് വിപണിയിൽ 588.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ കുറേ ദിവസങ്ങൾക്കു ശേഷം വാങ്ങലുകാരായി. അവർ 288.38 കോടിയുടെ ഓഹരികൾ വാങ്ങി.

മുഖ്യ സൂചികകൾ ചെറിയ നേട്ടം കാണിച്ചെങ്കിലും ഇന്നലെ വിപണിയിൽ ബുള്ളുകൾ വീണ്ടും ദുർബലരായി. ഇന്നു നിഫ്റ്റിക്ക് 19,325 - ലും 19,265 ലും പിന്തുണ ഉണ്ട്. 19,415 ലും 19,475 ലും തടസം ഉണ്ടാകാം.

വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിൽ നീങ്ങി. അലൂമിനിയം 0.15 ശതമാനം കയറി ടണ്ണിന് 2146.85 ഡോളറിലായി. ചെമ്പ് 0.15 ശതമാനം താണ് ടണ്ണിന് 8285.85 ഡോളറിൽ എത്തി. നിക്കൽ 1.52 ശതമാനവും സിങ്ക് 0.19 ശതമാനവും ലെഡ് 1.37 ശതമാനവും കയറി. ടിൻ 0.39 ശതമാനം താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെന്റ് ഇനം ക്രൂഡ് ഒരു ശതമാനം താഴ്ന്ന് 77.69 ഡോളറിലും ഡബ്ള്യുടിഐ ഇനം 73.12 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 77.63 ഡോളറിലേക്കു താണു. ചെെനീസ് ഡിമാൻഡ് കുറയുന്നതായ സൂചനയിലാണു വില കുറഞ്ഞത്.

സ്വർണം ഉയർന്നു. 1920 കളിലേക്കു കയറിയാണു വാരാന്ത്യത്തിലേക്കു കടന്നത്. 1925.40 ഡോളറിൽ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1924 ഡോളർ ആയി.

കേരളത്തിൽ പവൻവില ഇന്നലെ 80 രൂപ താണ് 43,560 രൂപയായി.

ഡോളർ തിങ്കളാഴ്ച അൽപം ദുർബലമായി. ആഗോള പ്രവണതകളുടെ ചുവടുപിടിച്ചു ഡോളർ 15 പൈസ താഴ്ന്ന് 82.59 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക 102 നു താഴേക്കു നീങ്ങി. തിങ്കളാഴ്ച സൂചിക 101.97 ൽ ക്ലോസ് ചെയ്തു. ഇന്ന് 101.91 ലേക്കു താണു.

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 30,400 ഡോളറിനടുത്താണ്.



സെമി കണ്ടക്ടർ ചിപ് നിർമാണം: വേദാന്തയും ഫോക്സ്കോണും വഴി പിരിഞ്ഞു

ഇന്ത്യയിൽ സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിന് വേദാന്തയുമായി സംയുക്ത കമ്പനി ഉണ്ടാക്കാനുള്ള ദൗത്യത്തിൽ നിന്ന് ഫോക്സ്കോൺ പിന്മാറി. തായ്‌ വാൻ കമ്പനിയുടെ പിന്മാറ്റം ഇന്ത്യയുടെ ചിപ് പ്രതീക്ഷയ്ക്ക് ആഘാതമാകും. അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പിനും കനത്ത അടിയാണിത്.

ഗുജറാത്തിൽ ചിപ്പ് പ്ലാന്റ് തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. രണ്ടു ഗ്രൂപ്പിനും ചിപ്പ് നിർമാണ സാങ്കേതികവിദ്യയോ പരിചയമോ ഇല്ല. ടെക്നോളജിക്കായി പലരെയും സമീപിച്ചിരുന്നു. 2000 കോടി ഡോളർ മുതൽമുടക്കു വേണ്ടി വരുന്ന പ്ലാന്റിൽ വേദാന്തയുമായി സഹകരിക്കാൻ പലർക്കും മടിയാണ്. വേദാന്തയുടെ കടബാധ്യതയും അവരെ സംബന്ധിച്ചുള്ള വിമർശനങ്ങളും ഇതിനു കാരണമാണ്.

ഫോക്സ്കോണും വേദാന്തയും ചിപ് നിർമണ പ്ലാന്റിനായി പ്രവർത്തനം തുടരുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ടെക്നോളജി ആർക്കു കിട്ടും എന്നതാണു നിർണായക ചോദ്യം. സർക്കാരിന്റെ നിലപാടും പ്രധാനമാണ്. രണ്ടു പേരും തുടങ്ങട്ടെ എന്നാകാം ഗവണ്മെന്റ് സമീപനം എന്ന സൂചനയാണു മന്ത്രി രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഉണ്ടായത്. 

റിലയൻസ് റീട്ടെയിലും ഫിനാൻസും ലിസ്റ്റിംഗിന് ഒരുങ്ങുന്നു

റിലയൻസിൽ നിന്നു വാരാന്ത്യത്തിലും ഇന്നലെയും ഉണ്ടായ പ്രഖ്യാപനങ്ങൾ വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. റിലയൻസ് റീട്ടെയിലും ഫിനാൻഷ്യൽ സർവീസസും പ്രത്യേക കമ്പനികളാക്കി ലിസ്റ്റ് ചെയ്യുന്നതിന് ഒരുക്കം തുടങ്ങി. ഇവയുടെ ഓഹരികൾ റിലയൻസ് ഓഹരി ഉടമകൾക്കു ലഭിക്കും. അതിലെ ലാഭപ്രതീക്ഷയിൽ റിലയൻസ് ഓഹരി ഇന്നലെ നാലര ശതമാനം കുതിച്ചു.

റിലയൻസ് റീട്ടെയിലിന്റെ ഓഹരികളിൽ പ്രൊമോട്ടർമാരുടെ പക്കൽ അല്ലാതെയുള്ളവ കാൻസൽ ചെയ്യാൻ കമ്പനി തീരുമാനിച്ചു. ഇവ ഓഹരി ഒന്നിന് 1362 രൂപ വീതം നൽകിയാണു വാങ്ങുക. വിപണിയുടെ കണക്കു കൂട്ടൽ തെറ്റിച്ചതായി ഈ തീരുമാനം. അനൗപചാരിക വിപണിയിൽ 2500 രൂപയ്ക്കു മുകളിലായിരുന്നു ഇവ കഴിഞ്ഞ ദിവസങ്ങളിൽ. ഇതിൽ പണം മുടക്കിയവർക്കു കമ്പനിയുടെ തീരുമാനം വലിയ നഷ്ടം വരുത്തും. റീട്ടെയിൽ ഓഹരിക്ക് 1000 രൂപയാണു നിക്ഷേപ ബാങ്കുകൾ പ്രതീക്ഷിക്കുന്ന വില.

റിലയൻസിന്റെ ധനകാര്യ സേവന വിഭാഗം ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന പേരിൽ വേർതിരിച്ച് കമ്പനിയാക്കാൻ കമ്പനികാര്യ ട്രൈബ്യൂണലിൽ നിന്ന് അനുമതി നേടിക്കഴിഞ്ഞു. റിലയൻസ് ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് ജിയോ ഫിനാൻസിന്റെ 10 രൂപ മുഖവിലയുള്ള ഓരോ ഓഹരി കിട്ടും. ജിയോ ഓഹരിക്കു തുടക്കത്തിൽ 190 രൂപ വിലയുണ്ടാകാം എന്നാണു മോട്ടിലാൽ ഓസ്വാൾ കണക്കാക്കുന്നത്.

റിലയൻസ് ഓഹരി ഇന്നലെ നാലര ശതമാനത്തിലധികം ഉയർന്ന് 2756 രൂപ വരെ എത്തി. 13 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണത്. 2856 രൂപയാണ് റിലയൻസിന്റെ സർവകാല റെക്കോഡ് വില. യുഎസ് ബ്രോക്കറേജ് ജെ പി മാേർഗൻ 2960 രൂപയാണു റിലയൻസിനു കാണുന്ന വില. 

ചില്ലറ വിലക്കയറ്റം നാളെ അറിയാം; അധിക മഴ വില കൂട്ടും 

ജൂണിലെ ചില്ലറ വിലക്കയറ്റ കണക്ക് നാളെ പുറത്തു വരും. മേയിലെ വ്യവസായ ഉൽപാദന കണക്കും നാളെത്തന്നെയാണ് വരിക.

ചില്ലറവിലക്കയറ്റം മേയിൽ 4.5 ശതമാനമായിരുന്നു. 25 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്. ജൂണിൽ നിരക്ക് 4.5 ശതമാനത്തിനടുത്താകും എന്നാണു നിഗമനം. തുടർച്ചയായി നാലു മാസം കുറഞ്ഞ വിലക്കയറ്റം ജൂണിൽ അൽപം വർധിച്ചിരിക്കാം എന്നു ചിലർ കരുതുന്നു.

ഭക്ഷ്യവിലകൾ നേരത്തേ കരുതിയതു പോലെ താഴുന്നില്ല എന്നാണ് ഇപ്പോൾ മനസിലാകുന്നത്. ജൂലൈയിലേക്കും നിരക്ക് കൂടും എന്നാണു സൂചന.

ഉത്തരേന്ത്യയിൽ ഈ ദിവസങ്ങളിൽ ഉണ്ടായ അസാധാരണ പ്രളയവും മറ്റു മഴക്കെടുതികളും പല ഖാരിഫ് കൃഷികൾക്കും ദോഷമായി. 10 മുതൽ 15 വരെ ശതമാനം നഷ്ടമായി എന്നാണു പ്രാഥമിക വിലയിരുത്തൽ. രാജസ്ഥാനിലും ഗുജറാത്തിലും ഹിമാലയൻ സംസ്ഥാനങ്ങളിലുമുള്ള പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, പച്ചക്കറികൾ തുടങ്ങിയവയ്ക്കും പരുക്കൻ ധാന്യങ്ങൾക്കുമാണു വലിയ നഷ്ടം നേരിടുക. വിലക്കയറ്റം കൂടാൻ ഇതു കാരണമാകും. 

വിപണി സൂചനകൾ

(2023 ജൂലൈ 10, തിങ്കൾ)

സെൻസെക്സ് 30 65,344.17 +0.10%

നിഫ്റ്റി 50 19,355.90 +0.12%

ബാങ്ക് നിഫ്റ്റി 44,860.85 -0.14.%

മിഡ് ക്യാപ് 100 35,938.05 -0.38%

സ്മോൾക്യാപ് 100 11,054.15 -0.58%

ഡൗ ജോൺസ് 30 33,944.40 +0.62%

എസ് ആൻഡ് പി 500 4409.53 +0.24%

നാസ്ഡാക് 13,685.48 +0.18%

ഡോളർ ($) ₹82.59 - 15 പൈസ

ഡോളർ സൂചിക 101.97 -0.30

സ്വർണം(ഔൺസ്) $1926.10 +$0.70

സ്വർണം(പവൻ ) ₹43,560 - 80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $78.47 +$1.95

Tags:    

Similar News