അദാനിയുടെ വീഴ്ച തുടരുന്നു; രക്ഷയ്ക്കു നേരിട്ട് ഇടപെടാതെ സർക്കാർ; ''അദാനിമുക്ത' വിപണി ഉണർവിൽ; യുഎസ് ടെക് ഭീമന്മാർക്കു ക്ഷീണം; ഡോളർ വീണ്ടും ഉയരുന്നു

അദാനി സംഭവ വികാസങ്ങൾ വിപണിയെ ഇനി എങ്ങോട്ട് കൊണ്ടുപോകും? യുഎസിൽ ടെക് വമ്പന്മാർക്ക് തിരിച്ചടി. ബ്രിട്ടനിലെ ആ രാജിക്ക് പിന്നിലെന്ത്?

Update:2023-02-03 08:55 IST

സെൻസെക്സ് ഉയരുകയും നിഫ്റ്റി താഴുകയും ചെയ്യുന്ന പ്രവണത ഇന്നലെയും. കാരണം നിഫ്റ്റിയിൽ അദാനി ഓഹരികൾ ഉണ്ട്. അവ ഇല്ലാത്തതിനാൽ സെൻസെക്സ് മുന്നേറി. അദാനി ഗ്രൂപ്പിനെ മാറ്റി നിർത്തിയാൽ ഇന്നലെ ഇന്ത്യൻ വിപണി പതിവുപോലെ നീങ്ങി. മെറ്റൽ, ഓയിൽ മേഖലകളിലെ ഇടിവും ഐടി, എഫ്എംസിജി മേഖലകളിലെ കുതിപ്പും ആണ് ഇന്നലെ വിപണിയിൽ ശ്രദ്ധേയമായത്. അഡാനി ഓഹരികൾ വീണ്ടും കൂപ്പുകുത്തി. എന്നാൽ മറ്റു മേഖലകളിലേക്ക് അതിന്റെ ആഘാതം ഇപ്പാേൾ കാണുന്നില്ല.

യൂറോപ്യൻ വിപണികൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും കുറഞ്ഞ പലിശ അരശതമാനം വീതം കൂട്ടി. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. മാർച്ചിൽ ഒരു തവണ കൂടി വർധിപ്പിക്കുമെന്നു രണ്ടു കേന്ദ്ര ബാങ്കുകളും സൂചിപ്പിച്ചു. അതാേടെ നിരക്കു വർധനയ്ക്കു താൽക്കാലിക വിരാമം വരുമെന്നും സൂചനയുണ്ട്.

യുഎസ് വിപണി തലേന്നത്തേതു പോലെ സമ്മിശ്രമായിരുന്നു. എസ് ആൻഡ് പി 1.47 ഉം നാസ്ഡാക് 3.25 ഉം ശതമാനം കുതിച്ചു കയറിയപ്പോൾ ഡൗ ജോൺസ് 0.11 ശതമാനം താഴ്ന്നു. ടെക് മേഖല വലിയ കയറ്റം കാണിച്ചപ്പോൾ ഓയിൽ - ഗ്യാസ്, മെറ്റൽ, ഹെൽത്ത് കെയർ മേഖലകളിലെ ക്ഷീണമാണു ഡൗ സൂചികയെ താഴ്ത്തിയത്.

വ്യാപാര സമയത്തിനു ശേഷം വലിയ ടെക് കമ്പനികളുടെ റിസൽട്ട് വന്നപ്പോൾ കഥ മാറി. ആപ്പിൾ വരുമാനത്തിലും ലാഭത്തിലും വിപണിയുടെ പ്രതീക്ഷയേക്കാൾ മോശമായി. പകൽ 3.7 ശതമാനം ഉയർന്ന ആപ്പിൾ ഓഹരി ഫ്യൂച്ചേഴ്സിൽ മൂന്നു ശതമാനം ഇടിഞ്ഞു. ആമസാേൺ വരുമാനം പ്രതീക്ഷയിലും മെച്ചമായെങ്കിലും ഇപിഎസ് കുറവായി. ഫ്യൂച്ചേഴ്സിൽ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഗൂഗിൾ വരുമാനവും ഇപിഎസും പ്രതീക്ഷയുടെ താഴെയായി.

നാസ്ഡാക് ഫ്യൂച്ചേഴ്സ് ഒന്നര ശതമാനം ഇടിഞ്ഞു. ഡൗ 0.2 ഉം എസ് ആൻഡ് പി 0.6 ഉം ശതമാനം താണു. ഇന്ത്യൻ ഐടി കമ്പനികൾ ഇന്നു ക്ഷീണത്തിലായേക്കാം. ഏഷ്യൻ വിപണികൾ ഇന്നു സമ്മിശ്രമാണ്. ജപ്പാനിൽ നല്ല നേട്ടത്തിലാണു തുടക്കം. കാെറിയയിൽ താഴ്ചയാണ്. ചൈനീസ് വിപണി വലിയ താഴ്ചയിലാണു വ്യാപാരം ആരംഭിച്ചത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,639 - ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,685 ൽ എത്തി. ഇന്നു രാവിലെ സൂചിക 17,705 ലേക്ക് ഉയർന്നിട്ടു താണു.. ഇന്ന് ഇന്ത്യൻ വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

സെൻസെക്സ് ഇന്നലെ 224.16 പോയിന്റ് (0.38%) ഉയർന്ന് 59,932.24ൽ ക്ലോസ് ചെയ്തു. അതേ സമയം നിഫ്റ്റി 5.90 പോയിന്റ് (0.03%) താഴ്ന്ന് 17,610.4-ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.15 ശതമാനവും സ്മാേൾ ക്യാപ് സൂചിക 0.59 ഉം ശതമാനം ഉയർന്നു. ഐടിയും എഫ്എംസിജിയും ഒഴികെയുള്ള ഒരു മേഖലയും നേട്ടമുണ്ടാക്കിയില്ല. മെറ്റൽ സൂചിക 4.35 ശതമാനം ഇടിഞ്ഞു. ഓയിൽ രണ്ടു ശതമാനം താണു.

വിദേശ നിക്ഷേപകർ വീണ്ടും വിൽപനയിലായി. അവർ 3065.35 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2371.36 കാേടിയുടെ ഓഹരികൾ വാങ്ങി. വിപണി നേരിയ ബുള്ളിഷ് സൂചനകൾ നൽകുന്നു. നിഫ്റ്റിക്ക് 17,490 ലും 17,360 ലും പിന്തുണ ഉണ്ട്. ഉയർന്നാൽ 17,650 ലും 17,780 ലും തടസം നേരിടാം. ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ തുടരുന്നു. ഇന്നലെ ബ്രെന്റ് ഇനം 82.12 ഡോളറിലേക്കു താണു. വ്യാവസായിക ലോഹങ്ങൾ പാെതുവേ ചെറിയ മാറ്റങ്ങളിലായിരുന്നു. ഇരുമ്പയിര് വില ടണ്ണിന് 126 ഡോളറിലേക്കു കയറി.

സ്വർണം വലിയ ചാഞ്ചാട്ടത്തിലായി. ഇന്നലെ 1966 ഡോളറിലെത്തിയ സ്വർണം ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം മൂലം വലിയ തോതിൽ ഇടിഞ്ഞു. പിന്നീടു ഡോളർ സൂചിക 101.7 ലേക്കു കയറിയതോടെ വീണ്ടും താണു. 1910 ഡോളർ വരെ എത്തി സ്വർണം. ഇന്നു രാവിലെ സ്വർണം 1917-1919 ഡോളറിലേക്കു കയറി.

കേരളത്തിൽ പവന് ഇന്നലെ 480 രൂപ വർധിച്ച് 42,880 രൂപ എന്ന പുതിയ റിക്കാർഡ് കുറിച്ചു. ഇന്നു വില അൽപം കുറഞ്ഞേക്കും. രൂപ ഇന്നലെ ഇടിഞ്ഞു. ഡോളർ വീണ്ടും 82 രൂപയ്ക്കു മുകളിൽ കയറി. 25 പൈസ നേട്ടത്തിൽ 82.17 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഡോളർ സൂചിക 101.22 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 101.86 ൽ എത്തി. ഡോളർ വീണ്ടും കരുത്തുകൂട്ടുകയാണ്.

ഇതു വരെ അദാനി ഗ്രൂപ്പിന്റെ നഷ്ടം 8.86 ലക്ഷം കോടി രൂപ

അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിലെ നഷ്ടം 10,800 കോടി ഡോളർ (8.86 ലക്ഷം കോടി രൂപ) ആയി. ഗ്രൂപ്പിന്റെ വിപണിമൂല്യം 19.2 ലക്ഷം കോടി രൂപയിൽ നിന്ന് 10.34 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. ഗ്രൂപ്പിന്റെ ഭാവി എന്ത് എന്നു വിപണിയിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. ബാങ്കിംഗ് അടക്കം മറ്റു മേഖലകളിലേക്കു പ്രശ്നം വ്യാപിക്കുമാേ എന്ന ആശങ്ക ഇനിയും മാറിയിട്ടില്ല.

തൽക്കാലം അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ അവിടം കൊണ്ടു തീരും എന്ന ധാരണ പരത്താനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അങ്ങനെയായാൽ ഓഹരിവിപണിയിൽ വിശാല തകർച്ച ഒഴിവാകും എന്നു സർക്കാർ കരുതുന്നു. ബാങ്കുകൾക്കു യാതൊരു കുഴപ്പവും വരില്ല എന്നും അധികൃതർ ആവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ബാങ്കുകളിൽ വിദേശത്തു ഷോർട്ട് സെല്ലിംഗ് നടത്താൻ ശ്രമമുണ്ടെന്ന കിംവദന്തികൾ ഉണ്ടെങ്കിലും അതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

വ്യാഴാഴ്ച രാത്രിയും വിദേശ വിപണികളിൽ അദാനി ഗ്രൂപ്പ് ബോണ്ടുകൾക്കു വിലയിടിഞ്ഞു. മിക്ക ബാേണ്ടുകളും 30 ലധികം ശതമാനം താഴ്ന്ന വിലയിലാണ്.

അദാനിയെ വിട്ടു മുന്നേറാൻ ശ്രമം.?

അദാനി ഗ്രൂപ്പിനെ മാറ്റിനിർത്തി മുന്നേറാൻ തുനിയുകയാണോ ഇന്ത്യൻ വിപണി? രണ്ടു ദിവസമായി വിപണിയുടെ പെരുമാറ്റം ആ ചോദ്യം ഉന്നയിക്കാൻ പ്രേരിപ്പിക്കുന്നു. അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ കൊണ്ടു തകരുന്നതല്ല ഇന്ത്യൻ വിപണി എന്ന് ഒരു കേന്ദ്ര മന്ത്രി പറഞ്ഞതും അദാനി കമ്പനികൾ ഇല്ലാത്ത സെൻസെക്സ് ഉയരുന്നതും സെബിയും റിസർവ് ബാങ്കും ചില നടപടികൾ അദാനി കമ്പനികൾക്കെതിരേ തുടങ്ങി വയ്ക്കുന്നതും ചേർത്തു വായിക്കുമ്പാേൾ അങ്ങനെ ചോദ്യം ഉയരുന്നതു സ്വാഭാവികം.

അദാനി ഗ്രൂപ്പിനുള്ള വായ്പകളെപ്പറ്റി റിസർവ് ബാങ്ക് വാണിജ്യബാങ്കുകളാടു റിപ്പാേർട്ട് തേടിയതു പതിവു കാര്യം മാത്രം. റിസർവ് ബാങ്കിന്റെ പക്കൽ ഉള്ള വിവരങ്ങൾ മാത്രമേ ബാങ്കുകളിൽ നിന്നു കിട്ടാനുള്ളു എന്നതാണു വസ്തുത.

അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അംബുജ സിമന്റ്സ് എന്നിവയിൽ ഷോർട്ട് സെല്ലിംഗ് നിയന്ത്രിക്കാൻ അവയെ എൻഎസ് ഇ അധിക നിരീക്ഷണ സംവിധാനത്തിൽ (എഎസ്എം) ആക്കിയതും പതിവു സാങ്കേതിക നടപടി മാത്രം. ഓഹരികളിലെ ചാഞ്ചാട്ടത്തെപ്പറ്റി സെബി അന്വേഷണം തുടങ്ങി എന്ന റിപ്പോർട്ടിനും കൂടുതൽ പ്രധാന്യം ഇപ്പോൾ ഇല്ല.

അദാനി ഗ്രൂപ്പ് കമ്പനികളുടെ കാര്യം അന്വേഷിക്കലല്ല റെഗുലേറ്ററി സംവിധാനങ്ങളുടെ ജോലി എന്ന് ധനമന്ത്രാലയത്തിലെ ഒരു സെക്രട്ടറി പറഞ്ഞതും ശ്രദ്ധേയമായി. ഒറ്റപ്പെട്ട സംഭവം എന്ന മട്ടിൽ നിസാരവൽക്കരിക്കാനാണ് സെക്രട്ടറി ശ്രമിച്ചത്. ഗവണ്മെന്റ് വിഷയത്തിൽ നിന്നു വിട്ടു നിൽക്കുന്നു എന്ന ധാരണ ജനിപ്പിക്കാനാണു ശ്രമിക്കുന്നത്. രാഷ്ട്രീയ നേതൃത്വം വിഷയത്തിൽ വാ തുറന്നിട്ടേയില്ല.

ബ്രിട്ടനിൽ ഒരു 'അദാനി രാജി'

ഇതിനിടെ അദാനിയുടെ എഫ്പിഒയിൽ ലീഡ് മാനേജർ ആയിരുന്ന എലാറ കാപ്പിറ്റൽ എന്ന ബ്രിട്ടീഷ് - മൗറീഷ്യൻ നിക്ഷേപ ബാങ്കിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹാേദരൻ ജോ രാജിവച്ചു. ബ്രിട്ടനിൽ മൂന്നുതവണ മന്ത്രിയായിരുന്ന ജോ മുൻപ് ഡൽഹിയിലടക്കം മാധ്യമ പ്രവർത്തകനും നിക്ഷേപ ബാങ്കറും ആയിരുന്നു. അദാനി ഗ്രൂപ്പിനു വലിയ നിക്ഷേപങ്ങൾ എലാറ വഴി ലഭിച്ചിട്ടുണ്ട്.

Tags:    

Similar News