ജി.എസ്.ടി വര്‍ധന ഗെയിമിംഗ് മേഖലയ്ക്ക് വന്‍ തിരിച്ചടി

വിലക്കയറ്റത്തിലും റിസൽട്ടുകളിലും നോക്കി വിപണി; ഐടി റിസൽട്ടുകൾ ഇന്നു തുടങ്ങും; പ്രതിരാേധ ഓഹരികളിൽ കുതിപ്പ്

Update:2023-07-12 08:18 IST

ഇന്ത്യയിലെയും യുഎസിലെയും ചില്ലറ വിലക്കയറ്റം, ഇന്ത്യയിലെ വ്യവസായ ഉൽപാദന സൂചിക, പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനികളുടെ റിസൽട്ട്, യു എസിൽ പ്രമുഖ ബാങ്കുകളുടെ റിസൽട്ട്. ഇന്നു മുതൽ വിപണിയിൽ തിരക്കാണ്. യുഎസ് ഫെഡ് പലിശ വർധനയുടെ അവസാനത്തിലേക്കു കടന്നു എന്ന സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണു പാശ്ചാത്യ വിപണി. ആ സൂചന ഇന്ത്യൻ വിപണിക്കും മുന്നേറ്റത്തിനു കരുത്തു പകരും.

ഇന്ത്യയിൽ ജൂണിലെ ചില്ലറ വിലക്കയറ്റം മേയിലെ നിലവാരത്തിനടുത്തു നിൽക്കും എന്നാണു പ്രതീക്ഷ. 4.26 ശതമാനമായിരുന്നു മേയിലെ വിലക്കയറ്റം. ഭക്ഷ്യ വിലയിൽ പ്രതീക്ഷിച്ച കുറവ് ഉണ്ടായിട്ടില്ലെന്നാണു നിഗമനം. വെെകുന്നേരം 5.30 നാണു വിലക്കയറ്റ കണക്ക് പുറത്തു വിടുക. ടിസിഎസും എച്ച്സിഎലും ഇന്ന് ഒന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,537 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,530 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ യുകെയിലെ എഫ്ടിഎസ്ഇ സൂചിക നേരിയ കയറ്റമേ നടത്തിയുള്ളു. ബ്രിട്ടനിൽ ശരാശരി വേതന വർധന റെക്കോർഡ് നിലവാരത്തിലായതു വിലക്കയറ്റത്തെപ്പറ്റി ആശങ്ക വളർത്തി.

യുഎസ് വിപണി ഇന്നലെ മികച്ച നേട്ടം ഉണ്ടാക്കി. ഡൗ ജോൺസ് സൂചിക 317.02 പോയിന്റ് (0.93%) കയറി 34,261.42 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.73 പോയിന്റും (0.67%) നാസ്ഡാക് 75.22 പോയിന്റും (0.55%) ഉയർന്നു ക്ലോസ് ചെയ്തു.

ഇന്നു വരുന്ന യുഎസ് ചില്ലറ വിലക്കയറ്റത്തിലാണു വിപണിയുടെ ശ്രദ്ധ. വാർഷികാടിസ്ഥാനത്തിൽ 3.1 ശതമാനവും മാസ അടിസ്ഥാനത്തിൽ 0.3 ശതമാനവും കയറ്റമാണു വിലകളിൽ പ്രതീക്ഷിക്കുന്നത്. ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം അഞ്ചു ശതമാനമാകുമെന്നാണു നിഗമനം.

ഫെഡറൽ റിസർവ് ഈ മാസം പലിശ കൂട്ടുന്നതിനു 92 ശതമാനം സാധ്യത ഉള്ളതായാണു വിലയിരുത്തൽ. പിന്നീടുള്ള പലിശ വർധനയുടെ കാര്യം നിർണയിക്കുന്നതിൽ ജൂണിലെ വിലക്കയറ്റ നിരക്കു പ്രധാനമാണ്.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.12 ശതമാനം താണു. എസ് ആൻഡ് പി 0.03 ശതമാനവും നാസ്ഡാക് 0.04 ശതമാനവും താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ ഓഹരികൾ ഇന്നു ഭിന്നദിശകളിലായി. ഓസ്ട്രേലിയൻ സൂചിക തുടക്കത്തിൽ അര ശതമാനത്തിലധികം കയറി. ജപ്പാനിൽ നിക്കെെ ഓഹരി സൂചിക ഒരു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിൽ സൂചിക കാൽ ശതമാനം താണു. ചെെനീസ് വിപണി താഴ്ചയിലാണ്

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ ഉയർന്നു. പക്ഷേ ഉച്ചയ്ക്കു ശേഷം ഗണ്യമായി തിരിച്ചിറങ്ങി. 65,871 വരെ കയറിയ സെൻസെക്സ് 273.67 പോയിന്റ് (0.42%) നേട്ടത്തിൽ 65,617.84 ലും 19,515 വരെ എത്തിയ നിഫ്റ്റി 83.50 പോയിന്റ് (0.42%) ഉയർന്ന് 19,439.40 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.88 ശതമാനം കയറി 36,252.90 ലും സ്മോൾ ക്യാപ് സൂചിക 1..26% കുതിച്ച് 11,193.95 ലും ക്ലോസ് ചെയ്തു.

ബാങ്കുകളും ധനകാര്യ സേവനവും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. ഐടി, എഫ്എംസിജി, വാഹന, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ ഉയർന്നു. തലേന്ന് 52 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്ത സിയന്റ് ഡിഎൽഎം ഇന്നലെ 20 ശതമാനം കൂടി ഉയർന്നു. കഴിഞ്ഞയാഴ്ച ലിസ്റ്റ് ചെയ്ത ഐഡിയഫോർജ് ഇന്നലെയും കുതിച്ചു.

മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ഓഹരി

മൂന്ന് അന്തർവാഹിനികൾക്ക് പ്രതിരോധ മന്ത്രാലയം ഓർഡർ നൽകിയെന്ന റിപ്പോർട്ട് മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ഓഹരിയെ 10 ശതമാനം ഉയർത്തി. 22,000 കോടി രൂപയുടേതാണ് കരാർ. സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ ഫ്രഞ്ച് കമ്പനി നേവലിന്റെ സഹകരണത്തോടെയാണു നിർമിക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ ഉണ്ടാകും. കപ്പൽ നിർമാതാക്കളായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഓഹരി 15.3 ശതമാനവും ഗാർഡൻ റീച്ചിന്റെ ഓഹരി ഏഴു ശതമാനവും ഉയർന്നു.

ഫ്രാൻസിലെ ദസോ കമ്പനിയിൽ നിന്ന് ഇന്ത്യ 26 റഫാൽ പോർവിമാനങ്ങൾ വാങ്ങും. ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിക്കാനാണിത്. ഇതു സംബന്ധിച്ചും മോദിയുടെ സന്ദർശന വേളയിൽ പ്രഖ്യാപനമുണ്ടാകും. ഇതിന്റെ പശ്ചാത്തലത്തിലാണെന്നു പറയുന്നു ഭാരത് ഡെെനമിക്സ്‌ കമ്പനിയുടെ ഓഹരി ഇന്നലെ 18 ശതമാനം ഉയർന്നു.

ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1197.38 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 7.25കോടിയുടെ ഓഹരികൾ വിറ്റു. ഇന്നലെ സർവകാല റെക്കോർഡിനു സമീപത്തേക്ക് മുഖ്യ സൂചികകൾ ഉയർന്നെങ്കിലും ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം അവയെ താഴ്ത്തുകയായിരുന്നു. നിഫ്റ്റി 19,500 മറികടന്നാലേ മുന്നോട്ടുള്ള കുതിപ്പിനു കരുത്തു കിട്ടൂ എന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്. ഇന്നു നിഫ്റ്റിക്ക് 19,410 -ലും 19,345 ലും പിന്തുണ ഉണ്ട്. 19,495 ലും 19,560ലും തടസം ഉണ്ടാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്നദിശകളിൽ നീങ്ങി. എങ്കിലും പ്രധാന വ്യാവസായിക ലോഹങ്ങൾ നല്ല നേട്ടം ഉണ്ടാക്കി. പണച്ചുരുക്കത്തിലേക്കു വീഴും എന്ന നിലയിലായ ചെെന വലിയ ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്ന ധാരണ വിപണിയിൽ ഉണ്ട്. അലൂമിനിയം 0.95 ശതമാനം കയറി ടണ്ണിന് 2167.30 ഡോളറിലായി. ചെമ്പ് 1.02 ശതമാനം ഉയർന്നു ടണ്ണിന് 8370.75 ഡോളറിൽ എത്തി. നിക്കൽ 1.07 ശതമാനവും ടിൻ 0.10 ശതമാനവും താഴ്ന്നു. സിങ്ക് 0.82 ശതമാനവും ലെഡ് 0.28 ശതമാനവും കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെന്റ് ഇനം ക്രൂഡ് 1.2 ശതമാനം കൂടി 79.40 ഡോളറിലും ഡബ്ള്യുടിഐ ഇനം രണ്ടര ശതമാനം കയറി 74.83 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് അൽപം താണു. ചെെന ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ വിപണിയിലുണ്ട്.

സ്വർണം ഇന്നലെ ഉയർന്ന് 1930 കളിലേക്കു കടന്നു. 1939.60 വരെ ഉയർന്നിട്ട് 1933.20 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1938 ഡോളർ ആയി. ഡോളറിന്റെ ദൗർബല്യവും കടപ്പത്ര വിലയിലെ കയറ്റവും സ്വർണത്തിനു സഹായമായി.

കേരളത്തിൽ പവൻവില ഇന്നലെ മാറ്റമില്ലാതെ 43,560 രൂപയിൽ തുടർന്നു. ഇന്നു വില വർധിക്കാം.

ഡോളർ തിങ്കളാഴ്ചയും ദുർബലമായി. ആഗോള പ്രവണതകളുടെ ചുവടുപിടിച്ചു ഡോളർ 20 പൈസ താഴ്ന്ന് 82.37 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 102 നു താഴെ തുടരുന്നു. ഇന്നലെ സൂചിക 101.73 ൽ ക്ലോസ് ചെയ്തു. ഇന്ന് രാവിലെ 101.50 ലേക്കു താണു.

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 30,600 ഡോളറിനടുത്താണ്.


ഓൺലൈൻ ഗെയിമിംഗിന് കനത്ത ജി. എസ്.ടി ; കമ്പനികൾക്ക് ആഘാതം

ഓൺലെെൻ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി ചുമത്താൻ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ഗെയിമിംഗ് കമ്പനികൾക്കു വലിയ ആഘാതമാണു തീരുമാനം. ഗെയിമിംഗ് കമ്പനികളുടെ ഫെഡറേഷൻ പറയുന്നതു കമ്പനികൾ പൂട്ടിപ്പാേകുകയും ലക്ഷക്കണക്കിനു പേർ തൊഴിൽ രഹിതരാകുകയും ചെയ്യുമെന്നാണ്.

വിദേശ ഗെയിമിംഗ് കമ്പനികളും അനധികൃത ഗെയിമിംഗ് പ്ലാറ്റ് ഫോമുകളും നേട്ടമുണ്ടാക്കുന്നതാണ് ഇതിന്റെ ഫലമെന്ന് അവർ പറയുന്നു. നസറ ടെക്‌നോളജീസിന് ജിഎസ്ടി വലിയ പ്രഹരമാകും. മുഴുവൻ പന്തയത്തുകയ്ക്കും ആണ് 28 ശതമാനം നികുതി. ഇപ്പോൾ 1.8 ശതമാനം ആയിരുന്ന നികുതിയാണ് ഇത്ര കണ്ട് ഉയർത്തിയത്. കുതിരപ്പന്തയത്തിനും ലോട്ടറിക്കും ചൂതാട്ടത്തിനും ഈടാക്കുന്ന അതേ നികുതി നിരക്ക് ഓൺ ലൈൻ ഗെയിമുകൾക്കും നൽകണം.

വിപണി സൂചനകൾ

(2023 ജൂലൈ 11, ചൊവ്വ)


സെൻസെക്സ് 30 65,617.84 +0.42%

നിഫ്റ്റി 50 19,439.40 +0.42%

ബാങ്ക് നിഫ്റ്റി 44,745.05 -0.26%

മിഡ് ക്യാപ് 100 36,252.90 +0.88%

സ്മോൾക്യാപ് 100 11,193.95 +1.26%

ഡൗ ജോൺസ് 30 34,261.42 +0.93%

എസ് ആൻഡ് പി 500 4439.26 +0.67%

നാസ്ഡാക് 13,760.70 +0.55%

ഡോളർ ($) ₹82.37 - 20പൈസ

ഡോളർ സൂചിക 101.73 -0.25

സ്വർണം(ഔൺസ്) $1933.20 +$7.10

സ്വർണം(പവൻ ) ₹43,560 00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $79.40 +$0.95

Tags:    

Similar News