ഓഹരി വിപണിയിൽ പ്രതീക്ഷയുടെ പുതിയ വാരം
വിലക്കയറ്റ കണക്ക് ആശ്വാസമാകും; ഫെഡ് തീരുമാനം നിർണായകം; മൺസൂൺ ഗതി നിരീക്ഷണത്തിൽ
ചില്ലറ വിലക്കയറ്റ കണക്കും യുഎസ്, യൂറോപ്യൻ പലിശ തീരുമാനങ്ങളും വിപണിയെ നിയന്ത്രിക്കുന്ന ആഴ്ചയ്ക്ക് ഇന്നു തുടക്കം കുറിക്കും. കഴിഞ്ഞയാഴ്ച നഷ്ടത്തിലാണു വിപണി ക്ലോസ് ചെയ്തതെങ്കിലും ആ തളർച്ച ഈയാഴ്ചയുടെ തുടക്കത്തിൽ കാണണമെന്നില്ല. നേട്ടത്തോടെ വിപണി പുതിയ ആഴ്ച തുടങ്ങുമെന്ന സൂചന പ്രബലമായിട്ടുണ്ട്. ബാഹ്യ സൂചനകൾ കയറ്റത്തിനനുകൂലമാണ്. മൺസൂൺ പുരോഗതിയും നിർണായകമാണ്. ഇതുവരെയുള്ള മഴയുടെ ഗതി വരൾച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നതാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെളളി രാത്രി ഒന്നാം സെഷനിൽ 18,610 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,661.5 ലേക്കു കയറി. ഇന്നു രാവിലെ 18,685 ലാണ്. ഇന്ത്യൻ വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഇടിവിലായിരുന്നു. ജർമൻ, ഫ്രഞ്ച്, യുകെ സൂചികകൾ ഗണ്യമായി താണു. സ്റ്റോക്സ് 600 നാമമാത്രമായി താണു. അമേരിക്കയിലും യൂറോപ്പിലും ഈയാഴ്ച വരുന്ന പലിശ തീരുമാനത്തെപ്പറ്റിയുള്ള ആശങ്ക പ്രകടമായിരുന്നു.
യുഎസ് വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിലായിരുന്നു. ഡൗ ജാേൺസ് തുടർച്ചയായ നാലാം ദിവസവും ഉയർന്നു. എസ് ആൻഡ് പി 500 ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന ക്ലോസിംഗ് നില വീണ്ടും ഉയർത്തി. ഡൗ ജോൺസ് 43.17 പോയിന്റ് (0.13%) കയറി 33,876.78 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 4.93 പോയിന്റ് (0.11%) ഉയർന്ന് 4298.86 ലും നാസ്ഡാക് 20.62 പോയിന്റ് (0.16%) കയറി 13,259.14-ലും വ്യാപാരം അവസാനിപ്പിച്ചു.. ബുധനാഴ്ച രാത്രി യുഎസ് ഫെഡ് പലിശ തീരുമാനം പ്രഖ്യാപിക്കും. അതാണ് ഈയാഴ്ച വിപണിയുടെ ഗതി നിർണയിക്കുക.
യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.09 ശതമാനം ഉയർന്നു. നാസ്ഡാക് 0.33 ശതമാനവും എസ് ആൻഡ് പി 0.19 ശതമാനവും കയറി. ഏഷ്യൻ സൂചികകൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഇന്നു രാവിലെ 0.65 ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി നേട്ടത്തിലാണു തുടങ്ങിയത്. കാെറിയൻ വിപണി താഴ്ചയിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച തുടക്കത്തിൽ ഉയർച്ചയിലായിരുന്നു. പിന്നീട് തലേ ദിവസത്തേതു പോലെ ഇടിഞ്ഞ് ഗണ്യമായ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 223.01പോയിന്റ് (0.35%) താഴ്ന്ന് 62,625.63 ലും നിഫ്റ്റി 71.15 പോയിന്റ് (0.38%) ഇടിഞ്ഞ് 18,563.40 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.14 ശതമാനം താഴ്ന്ന് 34,153.05 ലും സ്മോൾ ക്യാപ് സൂചിക 0.12 ശതമാനം ഇടിഞ്ഞ് 10,442.85 ലും ക്ലോസ് ചെയ്തു.
റിയൽ എസ്റ്റേറ്റ്, സ്വകാര്യ ബാങ്കുകൾ എന്നിവ ഒഴികെ എല്ലാ മേഖലകളും വെള്ളിയാഴ്ച താഴ്ചയിലായി. നിഫ്റ്റി 18,600 നു താഴേക്കു വീണത് വിപണിഗതി ഇനിയും താഴോട്ടാകുമെന്നു സൂചിപ്പിക്കുന്നതായി നിക്ഷേപ വിദഗ്ധർ പറയുന്നു. 18,450നു താഴെ സൂചിക വീണാൽ 18,200 -18,180 മേഖല വരെ പോകാം. ഇന്നു നിഫ്റ്റിക്ക് 18,550 ലും 18,475 ലും പിന്തുണ ഉണ്ട്. 18,645 ലും 18,720 ലും തടസം ഉണ്ടാകാം.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ വലിയ തോതിൽ വാങ്ങി. വിദേശികൾ 308.97 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1245.51 കോടിയുടെ ഓഹരികൾ വാങ്ങി.
കഴിഞ്ഞയാഴ്ച വിദേശനിക്ഷേപകർ 3280കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. ജൂണിൽ ഇതുവരെ 9800 കോടി രൂപ അവർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. മേയ് മാസത്തിൽ 43,838 കോടി രൂപ വിദേശികൾ ഇവിടെ നിക്ഷേപിച്ചിരുന്നു.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. അലൂമിനിയം 0.89 ശതമാനം കയറി ടണ്ണിന് 2268 ഡോളറിൽ എത്തി. ചെമ്പ് 1.52 ശതമാനം ഉയർന്ന് ടണ്ണിന് 8368 ഡോളർ ആയി. നിക്കൽ 1.31ശതമാനം, ടിൻ 4.43 ശതമാനം സിങ്ക് 1.13 ശതമാനം, ലെഡ് 1.46 ശതമാനം തോതിൽ കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെന്റ് ഇനം ഒന്നര ശതമാനം താണ് 74.79 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 70.17 ഡോളറിലായി. ഇന്നു രാവിലെ ബ്രെന്റ് 74.11 ലും ഡബ്ല്യുടിഐ 69.57 ഡോളറിലുമാണ്.
സ്വർണവില അൽപം താണു. വെള്ളിയാഴ്ച 1956 - 1974 മേഖലയിൽ കയറിയിറങ്ങിയിട്ട് 1961.7 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1965-1967 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില വെള്ളിയാഴ്ച 320 രൂപ വർധിച്ച് 44,480 രൂപയിൽ എത്തി. ശനിയാഴ്ച 80 രൂപ കുറഞ്ഞ 44,400 രൂപയായി.
ഡോളർ വെള്ളിയാഴ്ചയും ദുർബലമായി. അഞ്ചു പൈസ താഴ്ന്ന് 82.52 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക അൽപം കയറി 103.55 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 103.61ലാണ്.
വിലക്കയറ്റ, വ്യവസായ ഉൽപാദന കണക്കുകൾ ഇന്ന്
ഇന്ന് വൈകുന്നേരം മേയിലെ ചില്ലറ വിലക്കയറ്റത്തിന്റെയും ഏപ്രിലിലെ വ്യവസായ ഉൽപാദനത്തിന്റെയും കണക്കുകൾ പുറത്തു വരും. ചില്ലറവിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷ. ഏപ്രിലിൽ 4.7 ശതമാനമായിരുന്നു. മേയിൽ 4.5 ശതമാനത്തിലേക്കു താഴുമെന്നു പ്രതീക്ഷയുണ്ട്. ജൂണിലും താഴുമെന്നാണു പ്രതീക്ഷ. എന്നാൽ വ്യവസായ ഉൽപാദന സൂചിക (ഐഐപി) മെച്ചമായിരിക്കില്ല എന്നാണു കരുതുന്നത്.
മാർച്ചിൽ വെറും 1.1 ശതമാനമായിരുന്നു ഐഐപിയിലെ വളർച്ച. ഏപ്രിലിൽ ഗണ്യമായ നേട്ടം ഉണ്ടാകുമെന്നു സൂചനയില്ല. കാതൽ മേഖലയുടെ വളർച്ച ഏപ്രിലിൽ 3.5 ശതമാനം മാത്രമായിരുന്നു. മാർച്ചിൽ 3.6 ശതമാനവും. ഐഐപിയിലെ 40 ശതമാനം ഉൾപ്പെട്ടതാണ് കാതൽ മേഖല. ഈ കണക്കുകൾ വിപണിയെ നാളെ സ്വാധീനിക്കും. യുഎസിലെ ചില്ലറ വിലക്കയറ്റ കണക്കും ഇന്നു രാത്രി പുറത്തിറക്കും. അവിടെയും വിലക്കയറ്റം കുറഞ്ഞു വരികയാണ്.
ഫെഡ് പലിശനിരക്ക് കൂട്ടില്ലെന്ന് പ്രതീക്ഷ
ചാെവ്വ, ബുധൻ ദിവസങ്ങളിൽ യുഎസ് കേന്ദ്ര ബാങ്കിന്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം ചേരും. ഇത്തവണയും പലിശ കൂട്ടും എന്ന് നേരത്തേ കരുതിയിരുന്നെങ്കിലും ഇപ്പോൾ ആ കാഴ്ചപ്പാട് മാറി. 73 ശതമാനം സാധ്യത പലിശ നിരക്കിൽ മാറ്റം വരുത്താതിരിക്കുന്നതിനാണെന്ന് ഇപ്പോൾ വിലയിരുത്തുന്നു.
15 മാസം മുൻപ് 0.0-0.25 ശതമാനം ആയിരുന്ന ഫെഡറൽ ഫണ്ട്സ് റേറ്റ് ഇപ്പോൾ 5.0 -5.25 ശതമാനമാണ്. വിലക്കയറ്റം സഹന പരിധിയെല്ലാം കടന്നു മുന്നോട്ടു പോയപ്പോഴാണ് കഴിഞ്ഞ വർഷം പലിശനിരക്ക് കൂട്ടിത്തുടങ്ങിയത്. ഇപ്പോൾ നില മാറി. യുഎസിലെ ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിൽ താഴെയാകുമെന്ന് ഉറപ്പായി. അതേ സമയം ജിഡിപി വളർച്ച തുടരുകയും തൊഴിലില്ലായ്മ കുറയുകയും ചെയ്യുമെന്ന് ഇപ്പോൾ എല്ലാവരും കണക്കാക്കുന്നു.
മാന്ദ്യം ഉണ്ടായില്ല, പവൽ ഹീറാേ
ഫെഡ് എപ്പോൾ പലിശ കുറച്ചു തുടങ്ങും എന്നാണ് ഇപ്പോഴത്തെ വലിയ വിവാദം. വിപണിയും നിക്ഷപ ഫണ്ടുകളുമായി ബന്ധപ്പെട്ട വിദഗ്ധർ സെപ്റ്റംബറോടെ പലിശ കുറയ്ക്കണമെന്ന നിലപാടിലാണ്. അല്ലാത്തവർ 2024ലേക്ക് അതു നീട്ടുന്നു.
എന്തായാലും യുഎസ് സമ്പദ്ഘടന അശുഭ പ്രവചനങ്ങളെയെല്ലാം തള്ളി ഉയർന്ന പലിശയും മോശമല്ലാത്ത വളർച്ചയും കുറഞ്ഞ തൊഴിലില്ലായ്മയും എന്ന സ്വപ്ന തുല്യമായ അവസ്ഥയിലാണിപ്പോൾ. പലിശകൂട്ടൽ മാന്ദ്യത്തിലേക്കും വലിയ തൊഴിലില്ലായ്മയിലേക്കും നയിക്കും എന്നാണു വലിയ സംഖ്യ ധനശാസ്ത്രജ്ഞർ പ്രവചിച്ചത്.
ഇപ്പോൾ ആ പ്രവാചകർ നിശബ്ദരായിരിക്കുന്നു. ഫെഡ് ചെയർമാൻ ജെറോം പവൽ ആഗ്രഹിച്ച സോഫ്റ്റ് ലാൻഡിംഗ് നടന്നു. പഴയ റിപ്പബ്ലിക്കൻ ആയ പവലിന് ഇതുവരെയും താരപരിവേഷം നൽകാൻ ആരും തയാറായിട്ടില്ലെങ്കിലും നിർണായക ഘട്ടത്തിൽ പ്രതിസന്ധിയിലേക്കു നീക്കാതെ സമ്പദ്ഘടനയെ നയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
വിപണി സൂചനകൾ
(2023 ജൂൺ 09, വെള്ളി)
സെൻസെക്സ് 30 62,625.63 -0.35%
നിഫ്റ്റി 50 18,563.40 -0.38%
ബാങ്ക് നിഫ്റ്റി 43,989.00 -0.01%
മിഡ് ക്യാപ് 100 34,153.05 - 0.14%
സ്മോൾക്യാപ് 100 10,442.85 -0.12%
ഡൗ ജോൺസ് 30 33,876.80 +0.13%
എസ് ആൻഡ് പി 500 4298.86 +0.11%
നാസ്ഡാക് 13,259.10 +0.16%
ഡോളർ ($) ₹82.52 - 05 പൈസ
ഡോളർ സൂചിക 103.55 +0.23
സ്വർണം(ഔൺസ്) $1961.70 -$ 03.10
സ്വർണം(പവൻ ) ₹44,400 -₹80.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.79 -$1.17