കൊടുമുടി കീഴടക്കി നിഫ്റ്റി; മിഡ്, സ്മാേൾ ക്യാപ് ഓഹരികളിൽ ജാഗ്രത വേണമെന്നു വിദഗ്ധർ; വിലക്കയറ്റ കണക്ക് വൈകുന്നേരം
ഏഷ്യൻ വിപണികൾ താഴ്ചയിൽ
നിഫ്റ്റി 20,000 എന്ന കൊടുമുടി താണ്ടിയതിന്റെ ആവേശത്തിലാണ് ഇന്നു വ്യാപാരം തുടങ്ങുക. ആവേശം നീണ്ടു നിൽക്കുമെന്നും 20,500 കടന്നു മുന്നേറുമെന്നും ബുള്ളുകൾ പ്രത്യാശിക്കുന്നു. സാങ്കേതിക സൂചനകൾ മുന്നേറ്റസാധ്യതയാണു കാണിക്കുന്നത്. എന്നാൽ മിഡ്, സ്മോൾ ക്യാപ് ഓഹരികളെയും അവയുടെ ഫണ്ടുകളെയും പറ്റി ജാഗ്രത പുലർത്തണമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നു വെെകുന്നേരം പുറത്തു വരുന്ന ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റ കണക്ക് നാളെ വിപണിഗതിയെ നിർണയിക്കും. ഏഴു ശതമാനത്തിനടുത്താകും വിലക്കയറ്റം എന്നാണു നിഗമനം.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 20,118-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,140ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച മികച്ച കയറ്റം കാഴ്ചവച്ചു. യൂറോസോണിൽ ജർമനി ഒഴികെയുള്ള രാജ്യങ്ങൾ ഈ വർഷം മാന്ദ്യഭീതിയിൽ അല്ലെന്നു യൂറോപ്യൻ കമ്മീഷന്റെ പുതിയ പഠനം. ജർമനി ചെറിയ മാന്ദ്യത്തിലൂടെയാണു കടന്നു പോകുന്നതെന്നു പഠനം പറയുന്നു. യൂറോ സോൺ ഈ വർഷം 0.8 ശതമാനം വളരുമെന്നു കണക്കാക്കി. നേരത്തേ 1.1 ശതമാനം വളർച്ച പ്രതീക്ഷിച്ചതാണ്.
യുഎസ് വിപണികളും ഇന്നലെ ഉയർന്നു. ഡൗ ജോൺസ് 87.13 പോയിന്റ് (0.25%) കയറി 34,663.7 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.97 പോയിന്റ് (0.67%) ഉയർന്ന് 4487.46 ലും നാസ്ഡാക് 156.37 പോയിന്റ് (1.14%) കയറി 13,917.9 ലും ക്ലോസ് ചെയ്തു. ടെസ്ല ഇന്നലെ 10.5 ശതമാനം കുതിച്ചതാണു നാസ്ഡാകിനെ സഹായിച്ചത്. മാേർഗൻ സ്റ്റാൻലി കമ്പനിയുടെ വളർച്ചപ്രതീക്ഷ ഉയർത്തിയത് ഓഹരി കുതിക്കാൻ കാരണമായി. ആമസാേണും ഉയർന്നു. ചൈനയിലെ നിയന്ത്രണത്തിന്റെ പേരിൽ കഴിഞ്ഞയാഴ്ച താഴ്ന്ന ആപ്പിൾ ഇന്നലെ കയറി. ഇന്നാണ് ഐഫോൺ 15 പുറത്തിറക്കുന്നത്.
യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.18 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ബുധനാഴ്ച ഓഗസ്റ്റിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കുകൾ പുറത്തുവരും. ഇന്ധനവിലകൾ ഉയർന്നു നിൽക്കുന്നതിനാൽ നിരക്ക് കുറയാനിടയില്ല. ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 4.3 ശതമാനം ആയിരിക്കുമെന്നാണു നിഗമനം. ജൂലൈയിൽ 4.7 ശതമാനമായിരുന്നു. രണ്ടു ശതമാനത്തിൽ വിലക്കയറ്റം നിർത്തണം എന്നതാണു യുഎസ് ഫെഡിന്റെ ലക്ഷ്യം.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലായി. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ അര ശതമാനം താഴ്ന്നു. ജാപ്പനീസ് വിപണി ചെറിയ കയറ്റത്തിൽ വ്യാപാരം തുടങ്ങി.
ചൈനയിൽ വായ്പകൾ വർധിച്ചത് വ്യവസായ മേഖലയുടെ തളർച്ച തീരുന്നു എന്നു കാണിക്കുന്നു. ചെെനീസ് കറൻസി യുവാൻ ഇന്നലെ തിരിച്ചു കയറി. ഇന്നലെ ചെെനീസ് വിപണികളും നേട്ടത്തിലായിരുന്നു.
പക്ഷേ ഇന്നു ഷാങ്ഹായ് വിപണി താഴ്ചയിലാണ്. ഹോങ് കോങ് വിപണി ഒരു ശതമാനം ഇടിഞ്ഞു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച തുടക്കം മുതൽ ആവേശത്തിലായിരുന്നു. ഗണ്യമായ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു വീണ്ടും കയറ്റമായി. നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി 20,000 കടന്നു. 20,008.15 വരെ കയറിയിട്ട് താഴ്ന്നു. എങ്കിലും ക്ലോസിംഗ് റെക്കാേർഡ് ഉയരത്തിലായിരുന്നു. സെൻസെക്സ് റെക്കാേർഡിൽ നിന്ന് 492 പോയിന്റ് താഴെയാണ് നിൽക്കുന്നത്.
സെൻസെക്സ് 528.17 പോയിന്റ് (0.79%) ഉയർന്ന് 67,127.08 ലും നിഫ്റ്റി 176.4 പോയിന്റ് (0.89%) കയറി 19,996.35 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 414.3 പോയിന്റ് (0.92%) കുതിച്ച് 45,570.7 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയും നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 1.14 ശതമാനം കയറി 41,444.2-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.33 ശതമാനം ഉയർന്ന് 12,982.25ൽ ക്ലോസ് ചെയ്തു.
ഒരാഴ്ച മുഴുവൻ വിൽപനക്കാരായിരുന്ന വിദേശഫണ്ടുകൾ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1473.09 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 366.24 കോടിയുടെ ഓഹരികളാണു വാങ്ങിയത്.
19,900 നു മുകളിൽ വ്യാപാരം നടന്നാൽ 20,100 - 20,500 മേഖലയിലേക്കു നിഫ്റ്റി കയറുമെന്നാണു വിലയിരുത്തൽ.
നിഫ്റ്റിക്ക് ഇന്നു 19,900 ലും 19,815 ലും പിന്തുണ ഉണ്ട്. 20,015 ഉം 20,100 ഉം തടസങ്ങളാകാം.
മീഡിയ ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സൂചിക ഇന്നലെ 3.13 ശതമാനം കുതിച്ചു. മെറ്റൽ, ഓട്ടോ, ഹെൽത്ത് കെയർ, ഐടി മേഖലകളും മികച്ച കുതിപ്പിലായിരുന്നു.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച നല്ല തുടക്കമിട്ടു. അലൂമിനിയം 1.28 ശതമാനം ഉയർന്ന് ടണ്ണിന് 2205.35 ഡോളറിലായി. ചെമ്പ് 1.32 ശതമാനം കയറി ടണ്ണിന് 8332.35 ഡോളറിൽ എത്തി. ലെഡ് 1.26 ശതമാനവും ടിൻ 0.79 ശതമാനവും നിക്കൽ 0.73 ശതമാനവും സിങ്ക് 1.3 ശതമാനവും ഉയർന്നു.
ക്രൂഡ് ഓയിൽ, സ്വർണം
ക്രൂഡ് ഓയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം 90.64 ഡോളറിലും ഡബ്ള്യുടിഐ ഇനം 87.32 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 92.83 ഡോളറിലാണ്. ഇന്നു രാവിലെ ക്രൂഡ് വില അൽപ്പം താണു. ബ്രെന്റ് ഇനം 90.60 ൽ എത്തി.
സ്വർണവില അൽപം ഉയർന്ന് ഔൺസിന് 1922.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1921.40 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ പവൻവില തിങ്കളാഴ്ച മാറ്റമില്ലാതെ 43,880 രൂപയിൽ തുടർന്നു.
രൂപ തിങ്കളാഴ്ച രാവിലെ മികച്ച നേട്ടം ഉണ്ടാക്കിയിട്ട് ഉച്ചയ്ക്കു ശേഷം താഴ്ന്നു. ഡോളർ ഒൻപതു പൈസ കയറി 83.03 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക തിങ്കളാഴ്ച ഗണ്യമായി താണു 104.57 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.63 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 25,150 ഡോളറിനടുത്താണ്.
20,000 എന്ന നാഴികക്കല്ല്
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. നിഫ്റ്റി 50 സൂചിക 20,000 കടന്നു. 1995-ൽ തുടങ്ങിയ സൂചിക 28 വർഷം കൊണ്ടു ശരാശരി 14 ശതമാനം വാർഷികാദായം നൽകിപ്പോന്നു. ഇതിനിടെ കഴിഞ്ഞ 24 വർഷങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണു നിഫ്റ്റി നഷ്ടം കുറിച്ചത്.
56 വ്യാപാര ദിനങ്ങൾ കൊണ്ടാണ് നിഫ്റ്റി 19,000-ൽ നിന്ന് 20,000-ൽ എത്തിയത്. ഇതോടെ എൻഎസ്ഇയുടെ മൊത്തം വിപണിമൂല്യം 321.9 ലക്ഷം കോടി രൂപയായി. സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള ശുഭപ്രതീക്ഷയും ജി - 20 ആവേശവും ഒക്കെ ചേർന്നതാണ് ഇപ്പോഴത്തെ കുതിപ്പ്.
മ്യൂച്വൽ ഫണ്ടുകൾ നയിച്ച റാലി
വിദേശനിക്ഷേപകരുടെ വലിയ പിന്തുണ ഇല്ലാതെയാണ് 20,000 ലേക്കുള്ള കയറ്റം. ചില്ലറ നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളുമാണ് വിപണിയെ കയറ്റിയത്. ഓഗസ്റ്റിൽ മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി സ്കീമുകളിലേക്ക് റെക്കോർഡ് പണമൊഴുക്കായിരുന്നു. ജൂലൈയിലെ 7626 കോടിയുടെ സ്ഥാനത്ത് ഓഗസ്റ്റിൽ 20,246 കോടി രൂപ അവയിൽ എത്തി.
അഞ്ചു പുതിയ ഫണ്ടുകൾ 5002 കോടി രൂപ സമാഹരിച്ചു. സ്മോൾ ക്യാപ് ഫണ്ടുകളിലേക്കു 4265 കോടി എത്തി. സിപ് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴി 15, 800 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിൽ എത്തിയത്.
ഇത്രയും പി.ഇ ആകാമോ?
വിപണി റെക്കാേർഡ് ഉയരത്തിൽ എത്തിയതോടെ വിലനിലവാരത്തെപ്പറ്റി ആശങ്കയും ഉയരുന്നുണ്ട്. ഒരു വർഷം കഴിഞ്ഞു പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ (ഇപിഎസ്) 20.7 മടങ്ങ് (പിഇ അനുപാതം) ആണ് നിഫ്റ്റി 50 യുടെ നിലവാരം. മിഡ് ക്യാപ് 100 ആകട്ടെ 29.5 മടങ്ങ് വിലയിലും. സ്മോൾ ക്യാപ് 19.4 പിഇ യിലാണ്. യു എസും ജപ്പാനും ഒഴികെ ഒരിടത്തും ഇത്ര ഉയർന്ന പിഇ യിൽ വ്യാപാരം നടക്കുന്നില്ല എന്നാണു പലരും ചൂണ്ടിക്കാട്ടുന്നത്.
ബാങ്കിംഗ്, ധനകാര്യ, ഇൻഷ്വറൻസ് കമ്പനികൾ ഒഴികെ മിഡ് ക്യാപ് മേഖലയിൽ ഇപ്പോൾ വളർച്ച സാധ്യത ഉള്ള കമ്പനികൾ ഇല്ലെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വിലയിരുത്തി. സ്മാേൾ ക്യാപ് ഓഹരികളും അപായ മേഖലയിലാണെന്നാണു വിലയിരുത്തൽ.
മിഡ്, സ്മോൾ ക്യാപ് ഫണ്ടുകളിലും ഓഹരികളിലും നിന്നു പിന്മാറാൻ ഉപദേശിക്കുന്ന നിക്ഷേപ വിശകലനക്കാരുടെ എണ്ണം കൂടി വരികയാണ്. പല ഓഹരികളും യുക്തിസഹമല്ലാത്ത നിലവാരത്തിൽ എത്തിയിരിക്കുന്നു എന്നാണു വിമർശനം.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 11, തിങ്കൾ)
സെൻസെക്സ് 30 67,127.08 +0.79%
നിഫ്റ്റി 50 19,996.35 +0.89%
ബാങ്ക് നിഫ്റ്റി 45,570.70 +0.92%
മിഡ് ക്യാപ് 100 41,444.20 +1.14%
സ്മോൾ ക്യാപ് 100 12,982.25 +1.33%
ഡൗ ജോൺസ് 30 34,663.70 +0.25%
എസ് ആൻഡ് പി 500 4487.46 +0.67%
നാസ്ഡാക് 13,917.90 +1.14%
ഡോളർ ($) ₹83.03 +0.09
ഡോളർ സൂചിക 104.57 -00.52
സ്വർണം(ഔൺസ്) $1922.80 +$03.10
സ്വർണം(പവൻ) ₹43,880 ₹ 00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $90.64 -$0.01