വഴങ്ങാതെ ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം; വിദേശ വിപണികൾ കുതിച്ചു

അമേരിക്കൻ വിലക്കയറ്റം താഴ്ന്നു, ഡോളർ താഴുന്നു, സ്വർണവും ക്രൂഡ് ഓയിലും കയറുന്നു

Update:2023-07-13 08:34 IST

അമേരിക്കയിൽ വിലക്കയറ്റം കുറഞ്ഞു. ലോകമെങ്ങും ഓഹരി വിപണികൾ പച്ചപ്പുതപ്പണിഞ്ഞു. യൂറോപ്പിൽ രണ്ടു ശതമാനം വരെ കയറ്റമുണ്ടായി. ഏഷ്യയിലും രണ്ടു ശതമാനം കുതിപ്പിലേക്കു ചില സൂചികകൾ നീങ്ങി. അമേരിക്കയിലെ പലിശ വർധനയ്ക്ക് ഈ മാസത്തോടെ സമാപനമാകും എന്ന പ്രതീക്ഷ ഉണ്ടായതാണു കാരണം. ഇതാേടെ സ്വർണ വില കുതിച്ചു കയറി, ക്രൂഡ് ഓയിൽ വില 80 ഡോളർ കടന്നു. ഡോളർ താണു. ഇന്ത്യയും ഈ ആവേശം ഏറ്റുവാങ്ങും. അതേസമയം ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം പ്രതീക്ഷയേക്കാൾ കൂടി. വരും മാസങ്ങളിൽ വീണ്ടും കൂടുമെന്നാണു സൂചന. റിസർവ് ബാങ്ക് എന്തു ചെയ്യും എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,565 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,560 ലേക്ക് താഴ്ന്നിട്ടു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ബുധനാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. മുഖ്യ സൂചികകൾ ഒന്നര മുതൽ രണ്ടു വരെ ശതമാനം കയറി. യുഎസ് വിലക്കയറ്റത്തോതു കുറഞ്ഞതാണ് ആവേശത്തിനു കാരണം. ബ്രിട്ടനിൽ പാർപ്പിട വായ്പയുടെ പലിശ അഞ്ചു ശതമാനം വരെ ഉയരാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. കുടിശിക കൂടുമെന്നും അദ്ദേഹം പറഞ്ഞു

യുഎസ് വിപണി ഇന്നലെ ഉത്സാഹത്തിലായിരുന്നു. ഡൗ ജോൺസ് ചെറിയ നേട്ടത്തിൽ നിന്നപ്പോൾ മറ്റു സൂചികകൾ കുതിച്ചു. ഡൗ ജോൺസ് സൂചിക 86.01 പോയിന്റ് (0.25%) കയറി 34,347.43 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 32.90 പോയിന്റ് (0.74%) ഉയർന്ന് 2022 ഏപ്രിലിനു ശേഷമുളള ഏറ്റവും ഉയർന്ന നിലയിൽ (4472.16) എത്തി. നാസ്ഡാക് 158.26 പോയിന്റ് (1.15%) കുതിച്ച് വ്യാപാരം അവസാനിപ്പിച്ചു..

വിപണിയും ധനകാര്യ നിരീക്ഷകരും കണക്കാക്കിയതിലും കുറവായിരുന്നു ജൂണിലെ യുഎസ് ചില്ലറ വിലക്കയറ്റം. 3.1 ശതമാനം വാർഷിക കയറ്റം പ്രതീക്ഷിച്ച സ്ഥാനത്ത് മൂന്നു ശതമാനം മാത്രം. പ്രതിമാസ വർധന 0.3 കണക്കാക്കിയത് 0.2 ശതമാനം മാത്രം. കാതൽ വിലക്കയറ്റവും പ്രതീക്ഷയുടെ താഴെയായി. അഞ്ചു ശതമാനം പ്രതീക്ഷിച്ചിടത്ത് 4.8% മാത്രം. ഇതോടെ പലിശ കൂട്ടൽ സംബന്ധിച്ച നിഗമനങ്ങളിൽ മാറ്റം വന്നു. ജൂലൈ 26ലെ യോഗത്തിൽ ഫെഡറൽ റിസർവ് നിരക്ക് 5.00-5.25 ൽ നിന്ന് 5.25 - 5.50 ശതമാനം ആക്കും എന്ന നിഗമനത്തിൽ മാറ്റമില്ല. സെപ്റ്റംബറിലോ ഡിസംബറിലോ നിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല എന്നാണു പുതിയ നിഗമനം.

ഇതോടെ യുഎസ് ഡോളറിനു വിലയിടിഞ്ഞു. ഡോളർ സൂചിക താണു, യുറോയും പൗണ്ടും കയറി, സ്വർണം കുതിച്ചു, ക്രൂഡ് ഓയിൽ കയറി. യുഎസ് കടപ്പത്രങ്ങൾക്കു വില കൂടി. ഇവയുടെ പ്രത്യാഘാതം ഇന്ന് ഇന്ത്യൻ വിപണിയിലും ഉണ്ടാകും.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 0.1 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.13 ശതമാനവും നാസ്ഡാക് 0.20 ശതമാനവും കയറി നിൽക്കുന്നു.

ഏഷ്യൻ ഓഹരികൾ ഇന്നു വലിയ ആവേശത്തിലാണ്. ഓസ്ട്രേലിയൻ സൂചിക തുടക്കത്തിൽ ഒരു ശതമാനത്തിലധികം കയറി. ജപ്പാനിൽ നിക്കെെ ഓഹരി സൂചിക 1.25 ശതമാനം കുതിച്ചു.. ദക്ഷിണ കൊറിയയിൽ സൂചിക ഒരു ശതമാനം ഉയർന്നു. ഹോങ്കോംഗിൽ ഹാങ് സെങ് സൂചിക രണ്ടു ശതമാനത്തിലധികം കുതിച്ചു. ചെെനീസ് വിപണി മുക്കാൽ ശതമാനം കയറി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ബുധനാഴ്ച ചെറിയ നേട്ടത്തിൽ തുടങ്ങി. കൂടുതൽ ഉയർന്നു. പക്ഷേ പിന്നീടു ക്രമമായി താണു. 65,812 വരെ കയറിയ സെൻസെക്സ് 223.94 പോയിന്റ് (0.34%) നഷ്ടത്തിൽ 65,393.9 ലും 19,508 വരെ എത്തിയ നിഫ്റ്റി 55.1 പോയിന്റ് (0.28%) ഇടിഞ്ഞ് 19,384.3 ലും ക്ലോസ് ചെയ്തു. വിശാലവിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.43 ശതമാനം കയറി 36,408.15 ലും സ്മോൾ ക്യാപ് സൂചിക 0.76% കുതിച്ച് 11,278.7ലും ക്ലോസ് ചെയ്തു.

കുറേ ദിവസങ്ങൾക്കു ശേഷം വിദേശനിക്ഷേപകർ ഇന്നലെ വിപണിയിൽ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1242.44 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 436.71 കോടിയുടെ ഓഹരികൾ വാങ്ങി.

ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം തുടരുകയാണ്. വിലക്കയറ്റവും റിസൽട്ടുകളും സംബന്ധിച്ച ആശങ്കകളും വിപണിയെ താഴ്ത്തുകയായിരുന്നു. വിദേശികൾ വിൽപനക്കാരായതും മനോഭാവം മാറ്റി.

നിഫ്റ്റി 19,500 മറികടന്നാലേ മുന്നോട്ടുള്ള കുതിപ്പിനു കരുത്തു കിട്ടൂ എന്ന വിശകലനം തുടരുന്നു. ഇന്നു നിഫ്റ്റിക്ക് 19,365 -ലും 19,275 ലും പിന്തുണ ഉണ്ട്. 19,475 ലും 19,565ലും തടസം ഉണ്ടാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്നദിശകളിൽ നീങ്ങി. അലൂമിനിയം 2.74 ശതമാനം കുതിച്ചു കയറി ടണ്ണിന് 2226.62 ഡോളറിലായി. കഴിഞ്ഞ ഒരു മാസം കൊണ്ടു 12 ശതമാനം ഉയർന്ന

ചെമ്പ് ഇന്നലെ 0.06 ശതമാനം കുറഞ്ഞ് ടണ്ണിന് 8365.75 ഡോളറിൽ എത്തി. നിക്കൽ 2.3 ശതമാനവും ലെഡ് 0.3 ശതമാനവും കയറി. ടിൻ 1.03 ശതമാനവും സിങ്ക് 0.04 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും ഡോളറും 

ക്രൂഡ് ഓയിൽ വില 80 ഡോളറിനു മുകളിലായി. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം കൂടി 80.11 ഡോളറിലും ഡബ്ള്യുടിഐ ഇനം ഒരു ശതമാനം കയറി 75.75 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കൂടി. ഡോളർ നിരക്ക് താണതാണ് ക്രൂഡിനെ കയറ്റിയത്.

സ്വർണം ഇന്നലെ വലിയ കുതിപ്പ് നടത്തി 1950 ഡോളറിനു മുകളിലായി. യുഎസ് വിലക്കയറ്റത്തിലെ

ഇടിവിനെ തുടർന്ന് ഡോളർ നിരക്കു താഴ്ന്നതാണ് കാരണം. സ്വർണം ഔൺസിന് 1960.50 വരെ ഉയർന്നിട്ട് 1958.30 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1957 ഡോളർ ആയി.

കേരളത്തിൽ പവൻവില ഇന്നലെ 160 രൂപ വർധിച്ച് 43,720 രൂപയിൽ എത്തി. ഇന്നും വില വർധിക്കാം. ഡോളർ വീണ്ടും ദുർബലമായി. ആഗോള പ്രവണതകളുടെ ചുവടുപിടിച്ചു ഡോളർ അഞ്ചു പൈസ താഴ്ന്ന് 82.32 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് വിലക്കയറ്റം കുറഞ്ഞ സാഹചര്യത്തിൽ രാത്രി ഡോളർ വിവിധ കറൻസികളുമായുള്ള വിനിമയത്തിൽ താഴോട്ടു പോയി. ഇന്നു ഡോളർ ഗണ്യമായി താഴ്ന്നേക്കും.

ഡോളർ സൂചിക 101നു താഴെയായി. ഇന്നലെ സൂചിക 100.52 ൽ ക്ലോസ് ചെയ്തു. ഇന്ന് രാവിലെ 100.44 ലേക്കു താഴ്ന്നു. ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 30,400 ഡോളറിനടുത്താണ്.


വിലക്കയറ്റം കുതിക്കുന്നു

ജൂണിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായി. മേയിലെ നിലവാരത്തിനടുത്താകുമെന്നു കരുതിയെങ്കിലും അവിടെ നിന്നു കൂടുതൽ കയറിയാണു വിലസൂചിക എത്തിയത്. മേയിലെ 4.31 ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിലേക്കു ജൂണിലെ വിലക്കയറ്റം ഉയർന്നു. നഗര മേഖലകളിൽ അഞ്ചും ഗ്രാമങ്ങളിൽ 4.7 ഉം ശതമാനമാണു വിലക്കയറ്റം.

പച്ചക്കറികൾ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണു വില്ലൻ. മേയിൽ മൂന്നു ശതമാനമായിരുന്ന ഭക്ഷ്യ വിലക്കയറ്റം ജൂണിൽ 4.5 ശതമാനമായി.

മേയിലെ വ്യവസായ ഉൽപാദനത്തിൽ 5.2 ശതമാനം വർധന ഉണ്ട്. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിർമാണമേഖലയിലും അടിസ്ഥാന സൗകര്യമേഖലയിലുമുള്ള കുതിപ്പ് നേട്ടത്തിനു സഹായിച്ചു.

റിസർവ് ബാങ്ക് എന്തു ചെയ്യും? 

നാലു മാസം തുടർച്ചയായി താഴ്ന്നു വന്ന വിലക്കയറ്റം വീണ്ടും വർധിച്ചതു നയരൂപീകരണരംഗത്തു വെല്ലുവിളി ഉയർത്തും. ഒന്നാം പാദത്തിലെ വിലക്കയറ്റം റിസർവ് ബാങ്ക് കണക്കാക്കിയ 4.6 ശതമാനത്തിൽ നിന്നു. എന്നാൽ രണ്ടാം പാദത്തിൽ പ്രതീക്ഷിക്കുന്ന 5.2 ശതമാനത്തിൽ വിലക്കയറ്റം നിൽക്കുകയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ജൂലൈയിൽ ചില്ലറ വിലക്കയറ്റം 5.5 ശതമാനത്തിലേക്കു കയറുമെന്ന വിലയിരുത്തലാണു മിക്ക നിരീക്ഷകർക്കും ഉള്ളത്.

മൺസൂൺ ഗതിയും ആശ്വാസം പകരുന്നതല്ല. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിൽ മഴ തീരെ കുറവായി. മഴ ലഭിച്ച സംസ്ഥാനങ്ങളിൽ അമിത മഴ കൃഷിക്കു വലിയ നാശവും വരുത്തി. കാർഷികോൽപാദനത്തിൽ വലിയ കുറവ് വരും എന്നാണു പൊതുവായ വിലയിരുത്തൽ. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ലഭ്യതയിൽ ആശങ്ക ഉണ്ട്. ഇവയുടെ ലഭ്യത കുറയുമ്പോൾ വില സൂചിക കുതിച്ചു കയറും.

റിസർവ് ബാങ്ക് വിലക്കയറ്റത്തിനെതിരായ പോരാട്ടം തുടരുമെങ്കിലും ഉടനേ റീപാേ നിരക്ക് കൂട്ടുകയില്ലെന്നാണു പ്രതീക്ഷ. 6.5 ശതമാനമാണു റീപോ നിരക്ക്. ഓഗസ്റ്റ് 8-10 തീയതികളിലെ പണനയ കമ്മിറ്റി യോഗം വിലക്കയറ്റത്തെപ്പറ്റി പുതിയ നിഗമനത്തിലേക്കു മാറാൻ സാധ്യതയുണ്ട്. രണ്ടാം പാദത്തിൽ വിലക്കയറ്റം പരിധി വിട്ടു പോവുകയും കാർഷികോൽപാദനം കുറയും എന്നു വ്യക്തമാകുകയും ചെയ്താൽ ഒക്ടോബറിൽ നിരക്കു വർധന ഉണ്ടായേക്കും.

ടെക് റിസൽട്ടുകൾ തുടങ്ങി 

ടെക് കമ്പനികളുടെ റിസൽട്ട് സീസണു തുടക്കം കുറിച്ച് ടിസിഎസ് തരക്കേടില്ലാത്ത റിസൽട്ട് ഇന്നലെ പുറത്തുവിട്ടു. രൂപയിൽ 12.6 ശതമാനവും ഡോളറിൽ 6.6 ശതമാനവും വർധനയാണ് ജൂൺ പാദത്തിൽ ഉണ്ടായത്. അമേരിക്കയിലും യുറോപ്പിലും വരുമാനം ശരാശരിയിലും കുറവായി. ഈ വർഷം ഇരട്ടയക്ക വളർച്ച സാധിക്കാനിടയില്ലെന്നു കമ്പനി സൂചിപ്പിച്ചു.

ലാഭ വർധനയും കുറവാകും. ഒന്നാം പാദ അറ്റാദായം 11,392 കോടി രൂപയാണ്. ഇതു തലേ പാദത്തിലേക്കാൾ മൂന്നു ശതമാനം കുറവാണ്. എന്നാൽ തലേ വർഷം ഒന്നാം പാദത്തേക്കാൾ 16.8 ശതമാനം കൂടുതലാണ്. കമ്പനി ഷെയർ ഒന്നിന് ഒൻപതു രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു.

ടിസിഎസിലെ പുതിയ റിക്രൂട്ടുകളെ ജോലിയിൽ കയറ്റുന്നത് മൂന്നു മാസം കൂടി നീട്ടി വയ്ക്കാൻ കമ്പനി തീരുമാനിച്ചു. എച്ച്സിഎൽ ടെക്നോളജീസ് ഒന്നാം പാദത്തിൽ വരുമാനം 12 ശതമാനവും അറ്റാദായം 7.6 ശതമാനവും വർധിച്ചതായി അറിയിച്ചു. തലേ പാദത്തെ അപേക്ഷിച്ച് അറ്റാദ്യായത്തിൽ 11.3 ശതമാനം ഇടിവുണ്ട്.

വിപണി സൂചനകൾ

(2023 ജൂലൈ 12, ബുധൻ)

സെൻസെക്സ് 30 65,393.90 -0.34%

നിഫ്റ്റി 50 19,384.30 -0.28%

ബാങ്ക് നിഫ്റ്റി 44,639.45 -0.24%

മിഡ് ക്യാപ് 100 36,408.15 +0.43%

സ്മോൾക്യാപ് 100 11,278.70 +0.76%

ഡൗ ജോൺസ് 30 34,347.43 +0.25%

എസ് ആൻഡ് പി 500 4472.16 +0.74%

നാസ്ഡാക് 13,918.96 +1.15%

ഡോളർ ($) ₹82.32 - 05പൈസ

ഡോളർ സൂചിക 100.52 -1.18

സ്വർണം(ഔൺസ്) $1958.30 +$25.10

സ്വർണം(പവൻ ) ₹43,720 +160.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $80.11 +$0.70

Tags:    

Similar News