ആശങ്കകളോടെ തുടക്കം; വിലക്കയറ്റ, കയറ്റുമതി കണക്കുകളിലേക്കു വിപണി; ചില്ലറ വിലക്കയറ്റം സഹന പരിധി കടന്നേക്കും
ചൈനീസ് റിയൽറ്റി വീണ്ടും കുഴപ്പത്തിൽ
വിലക്കയറ്റത്തിന്റെയും കയറ്റിറക്കുമതിയുടെയും കണക്കുകൾ വിപണിഗതിയെ നിർണയിക്കുന്ന ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. രണ്ടു വിഭാഗം കണക്കുകളും ആശ്വാസം പകരുന്നതാകാൻ സാധ്യത ഇല്ല. അതുകൊണ്ടു തന്നെ വിദേശവിപണികളിലെ ഇടിവിനു പിന്നാലെ നീങ്ങാനാകും ഇന്ത്യൻ വിപണിയും ശ്രമിക്കുക. ചൈനീസ് പ്രോപർട്ടി മാർക്കറ്റ് തകർച്ചയുടെ വക്കിലാണെന്നതും ഈയാഴ്ച വിപണിയെ വിഷമിപ്പിക്കുന്ന ഘടകമാകും.
സ്വാതന്ത്ര്യദിനം പ്രമാണിച്ചു നാളെ വിപണികൾക്ക് അവധി ആയതിനാൽ ഈ വാരം നാലു ദിവസമേ വ്യാപാരമുളളൂ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,479.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,440 ലേക്കു താണിട്ടു ചാഞ്ചാടി. ഇന്ന് താഴ്ന്ന തുടക്കമാകും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം നഷ്ടത്തിൽ അവസാനിച്ചു. രണ്ടാം പാദത്തിലും യുകെ ജിഡിപി വർധിച്ചത് വിപണിയുടെ പ്രതീക്ഷകൾക്കപ്പുറമായി. 0.2 ശതമാനമാണു വളർച്ച. ഒന്നാം പാദത്തിൽ 0.1 ശതമാനം വളർന്നിരുന്നു. യുകെയിലെയും യൂറോസോണിലെയും ചില്ലറ വിലക്കയറ്റ കണക്കുകൾ ഈയാഴ്ച വിപണിഗതിയെ നിർണയിക്കും. യൂറോ മേഖലയിലെ രണ്ടാം പാദ ജിഡിപി കണക്കും ഈയാഴ്ച വരും.
യുഎസ് വിപണികൾ വെള്ളിയാഴ്ച ഭിന്നദിശകളിൽ നീങ്ങി. ഡൗ ജോൺസ് 105.25 പോയിന്റ് (0.30%) കയറി 35,281.40 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 4.78 പോയിന്റ് (0.11%) താഴ്ന്ന് 4464.05 ൽ അവസാനിച്ചു.. നാസ്ഡാക് 93.14 പോയിന്റ് (0.68%) ഇടിഞ്ഞ് 13,644.85 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച ഡൗ 0.62 ശതമാനം നേട്ടമുണ്ടാക്കി തുടർച്ചയായ നാലാമത്തെ ആഴ്ചയിലെ കയറ്റം. എസ് ആൻഡ് പി 0.31 ഉം നാസ്ഡാക് 1.9 ഉം ശതമാനം കയറി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.12 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.22 ഉം നാസ്ഡാക് 0.31 ഉം ശതമാനം കയറി നിൽക്കുന്നു. വോൾ മാർട്ട്, ടാർഗറ്റ്, ഹോം ഡിപ്പോ തുടങ്ങിയ റീട്ടെയിലുകാരുടെ റിസൽട്ടും ജൂലൈയിലെ വിൽപന കണക്കും ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. യുഎസ് ഫെഡ് കമ്മിറ്റിയുടെ മിനിറ്റ്സ് ബുധനാഴ്ച പ്രസിദ്ധീകരിക്കും അടുത്ത യോഗത്തിൽ കമ്മിറ്റിയുടെ സമീപനം എന്താകുമെന്ന സൂചന അതിൽ ലഭിക്കുമോ എന്ന് നിക്ഷേപകർ ശ്രദ്ധിക്കും.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കെെ ഉയർന്നു തുടങ്ങിയിട്ടു നഷ്ടത്തിലേക്കു വീണു. കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ ഗണ്യമായ താഴ്ചയിലാണ്.
ചെെനീസ് വിപണി ഒരു ശതമാനത്തിലധികം താഴ്ചയിലായി. ഹോങ് കാേങ് വിപണി രണ്ടു ശതമാനം ഇടിഞ്ഞു. ചൈനയിലെ പാർപ്പിട മേഖലയിലെ പ്രശ്നങ്ങൾ ആണു കാരണം. വലിയ പല ബിൽഡർമാരും തകർച്ചയിലാണ്. ഗവണ്മെന്റ് ആശ്വാസ നടപടികൾ വാഗ്ദാനം ചെയ്തെങ്കിലും പ്രസക്തമായ നടപടികൾ ഉണ്ടായിട്ടില്ല.
ഈയാഴ്ച ജപ്പാനിലും ചൈനയിലും നിന്ന് സുപ്രധാന കണക്കുകൾ വരാനുണ്ട്. ചൊവ്വാഴ്ച ജപ്പാനിലെ രണ്ടാം പാദ ജിഡിപി കണക്കും വെള്ളിയാഴ്ച വിലക്കയറ്റ കണക്കും പുറത്തുവിടും. ചൈനയിലെ വ്യവസായ ഉൽപാദന, റീട്ടെയിൽ വിൽപന, പാർപ്പിടവില കണക്കുകൾ ചൊവ്വാഴ്ചയാണു വരിക. ഇവയെല്ലാം വിപണിഗതിയെ സ്വാധീനിക്കുന്നവയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച രാവിലെ മുതൽ ദുർബലമായിരുന്നു. സെൻസെക്സ് 365.53 പോയിന്റ് (0.56%) ഇടിഞ്ഞ് 65,322.65 ലും നിഫ്റ്റി 114.8 പോയിന്റ് (0.59%) താഴ്ന്ന് 19,428.30 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.45 ശതമാനം താണ് 37,836.15 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.18 ശതമാനം താണ് 11,748.35 ൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ ആഴ്ച സെൻസെക്സ് 0.61 ഉം നിഫ്റ്റി 0.45 ഉം ശതമാനം താഴ്ന്നു. മൂന്നാഴ്ച കൊണ്ടു നിഫ്റ്റി 317 പോയിന്റും സെൻസെക്സ് 1362 പോയിന്റും നഷ്ടപ്പെടുത്തി.
വിദേശനിക്ഷേപകർ കഴിഞ്ഞയാഴ്ച 4700 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2224 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ബെയറിഷ് ആണ്. 19,430 -19,330 മേഖലയ്ക്കു താഴെ വന്നാൽ 18,850 -19,000 മേഖലയിലാകും പിന്തുണ ലഭിക്കുക. ഇന്നു നിഫ്റ്റിക്ക് 19,410 ലും 19,320 ലും പിന്തുണ ഉണ്ട്. 19,520 ഉം 19,610 ഉം തടസങ്ങളാകാം.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. അലൂമിനിയം 1.33 ശതമാനം താഴ്ന്ന് ടണ്ണിന് 2174.48 ഡോളറിലായി. ചെമ്പ് 2.17 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8241 ഡോളറിൽ എത്തി. ടിൻ 3.73 ശതമാനവും നിക്കൽ 1.00 ശതമാനവും സിങ്ക് 2.74 ശതമാനവും ലെഡ് 0.19 ശതമാനവും താണു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 86.81 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.19 ഡോളറിലും ക്ലോസ് ചെയ്തു. തിങ്കൾ രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 86.42 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 82.85 ഡോളറിലേക്കും താണു.
സ്വർണം വെള്ളിയാഴ്ച നാമമാത്രമായി ഉയർന്നു. ഔൺസിന് 1914.10 ഡോളറിലേക്ക് കയറി. പക്ഷേ ഇന്നു രാവിലെ താഴ്ന്ന് 1913.30 ഡോളറിലായി.
കേരളത്തിൽ പവൻവില വെള്ളിയാഴ്ച 120 രൂപ കുറഞ്ഞ് 43,640 രൂപയിൽ എത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണത്. പിറ്റേന്ന് 80 രൂപ കൂടി 43,720 രൂപയായി.
ഡോളർ വെള്ളിയാഴ്ച 13 പെെസ കയറി 82.84 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക വെള്ളിയാഴ്ച 102.84 ലേക്കു കയറി ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 103 വരെ കയറി.
ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 29,200 ഡോളറിനടുത്താണ്.
ആശ്വാസം പ്രതീക്ഷിക്കാതെ കണക്കുകളിലേക്ക്
ജൂലെെയിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു വെെകുന്നേരം പ്രസിദ്ധീകരിക്കും. മൊത്തവില കണക്ക് ഉച്ചയ്ക്കാണു പുറത്തുവിടുക. വിദേശ വ്യാപാര കണക്ക് നാളെ പ്രസിദ്ധപ്പെടുത്തും.
ജൂണിൽ ചില്ലറ വിലക്കയറ്റം 4.81 ശതമാനത്തിലേക്ക് ഉയർന്നതാണ്. തലേ മാസം 4.31 ശതമാനമായിരുന്നു. നാലു മാസം തുടർച്ചയായി താഴ്ന്ന ശേഷമാണ് ജൂണിൽ വിലക്കയറ്റം കൂടിയത്. ജൂലൈയിൽ ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിനു മുകളിലാകും എന്നാണു നിരീക്ഷകരുടെ നിഗമനം.
ചിലർ 6.7 ശതമാനം വരെ കൂടുമെന്നു കണക്കാക്കുന്നു. ചില്ലറ വിലക്കയറ്റം രണ്ടു മുതൽ നാലു വരെ ശതമാനം പരിധിയിൽ നിർത്തണം എന്നാണു റിസർവ് ബാങ്കിനു പാർലമെന്റ് നൽകിയിട്ടുള്ള നിർദേശം. സഹനപരിധിയായി ആറു ശതമാനവും നിർണയിച്ചു. ഇപ്പോൾ ഒറ്റയടിക്കു സഹനപരിധി മറികടക്കുന്ന കയറ്റമാണു വരുന്നത്. ഇത് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും മൂലമുള്ള താൽക്കാലിക കയറ്റമാണെന്ന വിലയിരുത്തലാണ് റിസർവ് ബാങ്കിന്റേത്.
മൊത്തവിലയിലെ ഗതി ജൂൺ വരെ താഴോട്ടായിരുന്നു. ഏപ്രിലിൽ 3.48 ശതമാനം, മേയിൽ 3.6 ശതമാനം, ജൂണിൽ 4.12 ശതമാനം എന്നിങ്ങനെ മൊത്തവില സൂചിക താഴ്ന്നു വന്നു. ജൂലൈയിൽ താഴ്ച തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കയറ്റിറക്കുമതി കണക്കുകൾ മാസങ്ങളായി നിരാശപ്പെടുത്തുന്നതാണ്. ജൂണിൽ ഉൽപന്ന കയറ്റുമതി 22.02 ശതമാനം കുറഞ്ഞ് എട്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. കയറ്റുമതി 3297 കോടി ഡോളർ, ഇറക്കുമതി 5310 കോടി ഡോളർ, വ്യാപാര കമ്മി 2013 കോടി ഡോളർ എന്നതായി ജൂണിലെ നില. ജൂലൈയിൽ കയറ്റുമതി കണക്കിൽ ആശ്വാസം ഉണ്ടാകുമോ എന്നാണു വിപണി ഉറ്റു നോക്കുക.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 11, വെള്ളി)
സെൻസെക്സ് 30 65,322.65 -0.56%
നിഫ്റ്റി 50 19,428.30 -0.59%
ബാങ്ക് നിഫ്റ്റി 44,199.10 -0.77%
മിഡ് ക്യാപ് 100 37,836.15 -0.45%
സ്മോൾക്യാപ് 100 11,748.35 -0.18%
ഡൗ ജോൺസ് 30 35,281.40 +0.30%
എസ് ആൻഡ് പി 500 4464.05 -0.11%
നാസ്ഡാക് 13,644.85 -0.68%
ഡോളർ ($) ₹82.84 +13 പൈസ
ഡോളർ സൂചിക 102.84 +0.32
സ്വർണം(ഔൺസ്) $1914.10 +$01.30
സ്വർണം(പവൻ) ₹43,640 -₹120
12 ശനി ₹43,720 +₹80
ക്രൂഡ് (ബ്രെന്റ്)ഓയിൽ $86.81 +$0.40