കമ്പനി പാദ ഫലങ്ങളിൽ കണ്ണും നട്ട് ഓഹരി വിപണി
ലാഭമെടുക്കലിനു ഫണ്ടുകൾ; വിദേശികൾ വീണ്ടും വാങ്ങലുകാർ; ചൈനീസ് ഉത്തേജകം കാത്തു ലോഹങ്ങൾ
വിപണികൾ ശാന്തമാണ്. നയങ്ങളിലുള്ള അനിശ്ചിതത്വവും ആശങ്കയും മാറിയതായി വിപണി കരുതുന്നു. ഇനി കമ്പനികളുടെ പാദ ഫലങ്ങൾ ആണ് വിപണിഗതിയെ നിർണയിക്കുക. അപ്രതീക്ഷിതമായ ചലനങ്ങൾ അവയിൽ ഉണ്ടാകാനിടയില്ല.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,554 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,545 ലേക്ക് താണു. ഇന്ത്യൻ വിപണി ഇന്നു ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ചയും നേട്ടത്തിൽ ക്ലോസ് ചെയ്തു. മുഖ്യ സൂചികകൾ ഒരു ശതമാനം വരെ കയറി. ബ്രിട്ടീഷ് സമ്പദ്ഘടന മേയിൽ 0.1 ശതമാനമേ ചുരുങ്ങിയുള്ളു എന്ന റിപ്പോർട്ട് ആശ്വാസമായി. 0.3 ശതമാനം ചുരുങ്ങുമെന്നായിരുന്നു നിഗമനം.
യുഎസ് വിപണി ഇന്നലെയും നല്ല ഉത്സാഹത്തിലായിരുന്നു. തലേന്നത്തേതു പോലെ ഡൗ ജോൺസ് ചെറിയ നേട്ടത്തിൽ മാത്രം നിന്നപ്പോൾ മറ്റു സൂചികകൾ കുതിച്ചു. ഡൗ ജോൺസ് സൂചിക 47.71 പോയിന്റ് (0.14%) കയറി 34,395.14 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.88 പോയിന്റ് (0.85%) ഉയർന്ന് 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ (4510.04) എത്തി. നാസ്ഡാക് 219.61 പോയിന്റ് (1.58%) കുതിച്ച് 14,138.57 ൽ വ്യാപാരം അവസാനിപ്പിച്ചു..
ജൂണിലെ യുഎസ് ചില്ലറ വിലക്കയറ്റത്തിനു പിന്നാലെ മൊത്തവിലയിലെ കയറ്റവും കുത്തനെ താണു. 0.2 ശതമാനം കയറ്റം പ്രതീക്ഷിച്ച സ്ഥാനത്ത് 0.1 ശതമാനം മാത്രം ഉയർന്നു. ജൂലൈ 26ലെ യോഗത്തിൽ ഫെഡറൽ റിസർവ് നിരക്ക് 5.00-5.25 ൽ നിന്ന് 5.25 - 5.50 ശതമാനം ആക്കും എന്ന നിഗമനം തുടരുന്നു. പിന്നീട് നിരക്കു കൂട്ടുകയില്ല എന്ന നിഗമനം ശക്തിപ്പെട്ടു.
അമേരിക്കയിലെ പ്രമുഖ ബാങ്കുകളുടെ ഏപ്രിൽ - ജൂൺ പാദത്തിലെ റിസൽട്ട് ഇന്നു പുറത്തുവിടും. ജെപി മോർഗൻ, വെൽസ് ഫാർഗാേ, സിറ്റി എന്നിവ ഇന്നു രാവിലെ റിസൽട്ട് അറിയിക്കും. യുഎസ് ഡോളറിന്റെ ഇടിവ് തുടർന്നു. ഡോളർ സൂചിക 100 നു താഴെയായി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോൺസ് 0.21 ശതമാനവും. എസ് ആൻഡ് പി 0.17 ശതമാനവും നാസ്ഡാക് 0.14 ശതമാനവും താഴ്ന്നു നിൽക്കുന്നു.
ജപ്പാൻ ഒഴികെ ഏഷ്യൻ ഓഹരികൾ ഇന്നു കയറ്റത്തിലാണ്. ഡോളർ ദുർബലവും യെൻ ശക്തവുമാകുന്നതു കയറ്റുമതിക്കു തടസമാകും എന്നതാണു ജാപ്പനീസ് വിപണി താഴാൻ കാരണം.
ഓസ്ട്രേലിയൻ സൂചിക തുടക്കത്തിൽ അര ശതമാനത്തിലധികം കയറി. ദക്ഷിണ കൊറിയയിൽ സൂചിക ഒരു ശതമാനം ഉയർന്നു. ഹോങ്കോംഗിൽ ഹാങ് സെങ് സൂചിക അര ശതമാനത്തിലധികം കയറി. ചെെനീസ് വിപണി നേട്ടത്തിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച നേട്ടത്തിൽ തുടങ്ങി. കൂടുതൽ ഉയർന്നു പുതിയ ഉയരങ്ങളിൽ എത്തി. സെൻസെക്സ് ആദ്യമായി 66,000 കടന്നു. 66,064.21 എന്ന ഇൻട്രാഡേ റെക്കോർഡ് കുറിച്ചു. നിഫ്റ്റി 19,567 വരെ എത്തി. പക്ഷേ നേട്ടം നിലനിർത്താനായില്ല. ഉച്ചയ്ക്കു ശേഷം വിൽപനസമ്മർദത്തിൽ സൂചികകൾ ഇടിഞ്ഞു. സെൻസെക്സ് 164.99 പോയിന്റ് (0.25%) നേട്ടത്തിൽ 65,558.89 ലും നിഫ്റ്റി 29.45പോയിന്റ് (0.15%) കയറി 19,413.75. ലും ക്ലോസ് ചെയ്തു. വിശാലവിപണി നഷ്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.81 ശതമാനം താണ് 36,114.35 ലും സ്മോൾ ക്യാപ് സൂചിക ഒരു ശതമാനം ഇടിഞ്ഞ് 11,165.85ലും ക്ലോസ് ചെയ്തു.
കൂടുതൽ ജോലി കരാറുകൾ നേടിയത് ടിസിഎസ് ഓഹരിക്കു നല്ല കുതിപ്പിനു കാരണമായി. 1020 കോടി ഡോളറിനുള്ള കരാറുകൾ ഒന്നാം പാദത്തിൽ നേടി. ചില ബ്രോക്കറേജുകൾ ഓഹരിയുടെ ലക്ഷ്യവില താഴ്ത്തിയെങ്കിലും ഭൂരിപക്ഷം ബ്രോക്കറേജുകൾ ലക്ഷ്യവില ഉയർത്തി.
അതേ സമയം എച്ച്സിഎൽ ടെക് ഓഹരി കയറിയിറങ്ങി. കമ്പനിയുടെ വളർച്ചത്തോത് കുറയുമെന്നാണു ബ്രാേക്കറേജുകൾ വിലയിരുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ട സോഫ്റ്റ് വേർ സേവനങ്ങൾ നൽകുന്ന ജർമൻ കമ്പനി അസാപിനെ 25.1 കോടി യൂറോ നൽകി വാങ്ങാൻ എച്ച്സിഎൽ തീരുമാനിച്ചു. യൂറോപ്പിൽ സമീപ കാലത്തു കമ്പനി നടത്തുന്ന നാലാമത്തെ ഏറ്റെടുക്കലാണിത്.
വിപ്രാേയുടെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയേക്കാൾ മോശമായി. വരുമാനം തലേ പാദത്തിൽ നിന്ന് 2.8 ശതമാനം കുറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ ഡോളർ വരുമാനം 1.1 ശതമാനം വർധിക്കുമെന്നാണു മാനേജ്മെന്റ് പറയുന്നത്. ലാഭമാർജിനും കുറവായി.
ഫെഡറൽ ബാങ്കിന്റെ ഒന്നാം പാദ വരുമാനം 41.1 ശതമാനവും അറ്റാദായം 42.1 ശതമാനവും ഉയർന്നു. ബാങ്കിലെ നിക്ഷേപങ്ങൾ 21.4 ശതമാനം കൂടിയപ്പോൾ വായ്പകൾ 20.9 ശതമാനം വർധിച്ചു. ബാങ്കിന്റെ
മാെത്തം എൻപിഎ 2.69-ൽ നിന്ന് 2.38 ശതമാനവും അറ്റ എൻപിഎ 0.94 ൽ നിന്ന് 0.69 ശതമാനവുമായി കുറഞ്ഞു. റിസൽട്ട് മികച്ചതായെങ്കിലും ഓഹരി ഇന്നലെ ആറു ശതമാനത്തോളം ഇടിഞ്ഞു. അറ്റ പലിശ വരുമാനം കാര്യമായി വർധിക്കില്ലെന്ന മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണു വിലയിടിച്ചത്.
വിദേശനിക്ഷേപകർ ഇന്നലെ വീണ്ടും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 2237.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 1196.68 കോടിയുടെ ഓഹരികൾ വിറ്റു.
ഓഹരിവില റെക്കാേർഡ് നിലവാരത്തിലാകുമ്പോൾ മ്യൂച്വൽ ഫണ്ടുകളും മറ്റും ലാഭമെടുക്കാനായി വിൽപനയ്ക്കു തിരക്കു കൂട്ടും. അതാണ് ഈയിടെ കാണുന്നത്. നിഫ്റ്റി 19,500 മറികടന്നാലേ മുന്നോട്ടുള്ള കുതിപ്പിനു കരുത്തു കിട്ടൂ എന്ന വിശകലനം തുടരുന്നു. ഇന്നു നിഫ്റ്റിക്ക് 19,385 -ലും 19,275 ലും പിന്തുണ ഉണ്ട്. 19,525 ലും 19,635ലും തടസം ഉണ്ടാകാം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ വലിയ കുതിപ്പ് നടത്തി. അലൂമിനിയം 2.46 ശതമാനം കുതിച്ചു കയറി ടണ്ണിന് 2281.35 ഡോളറിലായി. ചെമ്പ് ഇന്നലെ 2.61 ശതമാനം കയറി ടണ്ണിന് 8583.85 ഡോളറിൽ എത്തി. നിക്കൽ 1.07 ശതമാനവും ലെഡ് 1.83 ശതമാനവും ടിൻ 3.43 ശതമാനവും സിങ്ക് 4.32 ശതമാനവും കുതിച്ചു. ചെെന ഉത്തേജക പദ്ധതി പ്രഖ്യാപിക്കാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ലോഹങ്ങൾക്ക് നേട്ടമായത്.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില 80 ഡോളറിനു മുകളിൽ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം കൂടി 81.36 ഡോളറിലും ഡബ്ള്യുടിഐ ഇനം അര ശതമാനം കയറി 77.21 ഡോളറിലും ക്ലോസ് ചെയ്തു.
സ്വർണം ഇന്നലെയും ഉയർന്നു. 1964.5 ഡോളർ വരെ ഉയർന്നിട്ട് 1961 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1963 ഡോളർ ആയി. കേരളത്തിൽ പവൻവില ഇന്നലെ 280 രൂപ വർധിച്ച് 44,000 രൂപയിൽ എത്തി. ജൂൺ 20 നു ശേഷം ആദ്യമാണു പവനു 44,000 രൂപ ആകുന്നത്.
ഡോളർ വീണ്ടും ദുർബലമായി. ആഗോള പ്രവണതകളുടെ ചുവടുപിടിച്ചു ഡോളർ 25 പൈസ താഴ്ന്ന് 82.07 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 100നു താഴെയായി. യുഎസ് ഫെഡ് പലിശവർധനയുടെ ചക്രം പൂർത്തിയാക്കുന്നു എന്ന ധാരണയാണു ഡോളറിനെ താഴ്ത്തുന്നത്. ഇന്നലെ സൂചിക 99.76 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.64 ലേക്കു താണു. യൂറോ 1.1225 ഡോളറിലേക്കും പൗണ്ട് 1.3131 ഡോളറിലേക്കും കയറി.
ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ മൂന്നര ശതമാനം കയറി 31,400 ഡോളറിനടുത്താണ്.
ചൈനീസ് വളർച്ചയുടെ കണക്കും കാര്യവും
ചൈനയുടെ രണ്ടാം പാദ (ഏപ്രിൽ - ജൂൺ) ജിഡിപി വളർച്ച 7.3 ശതമാനം ആകുമെന്നു പ്രവചനം. ഒന്നാം പാദത്തിൽ 4.5 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ വളർച്ച കേവലം 0.5 ശതമാനമായിരുന്നതു കൊണ്ടാണ് ഇത്തവണ ഉയർന്ന വളർച്ച കാണുന്നത്.
എന്നാൽ ജനുവരി - മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ച 0.5 ശതമാനം മാത്രമാണ്. ആ താരതമ്യത്തിൽ ജനുവരി - മാർച്ചിലെ വളർച്ച 2.2 ശതമാനം ഉണ്ട്. അതായത് രണ്ടാം പാദത്തിലെ വളർച്ചക്കണക്ക് തെറ്റിധരിപ്പിക്കുന്നതാണ്. യഥാർഥ വളർച്ച വളരെ ചെറിയ തോതിലാണ്.
വളർച്ച ത്വരിതപ്പെടുത്താൻ ആഭ്യന്തരഘടകങ്ങൾ ശക്തമല്ലെന്ന് റോയിട്ടേഴ്സ് സർവേയിൽ പങ്കെടുത്ത ധനശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഉത്തേജക പാക്കേജ് വേണമെന്ന് അവർ പറയുന്നു.
വിപണി സൂചനകൾ
(2023 ജൂലൈ 13, വ്യാഴം)
സെൻസെക്സ് 30 65,558.89 +0.25%
നിഫ്റ്റി 50 19,413.75 +0.15%
ബാങ്ക് നിഫ്റ്റി 44,665.05 +0.06%
മിഡ് ക്യാപ് 100 36,114.35 -0.81%
സ്മോൾക്യാപ് 100 11,165.85 - 1.00%
ഡൗ ജോൺസ് 30 34,395.14 +0.14%
എസ് ആൻഡ് പി 500 4510.04 +0.85%
നാസ്ഡാക് 14,138.57 +1.58%
ഡോളർ ($) ₹82.07 - 25പൈസ
ഡോളർ സൂചിക 99.76 -0.76
സ്വർണം(ഔൺസ്) $1961.00 +$01.70
സ്വർണം(പവൻ ) ₹44,000 + 280.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $81.36 +$1.25