മുഖ്യ സൂചികകൾ ഉയരങ്ങളിലേക്ക്

വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ വില തിരിച്ചു കയറി; സീയും സുഭാഷ് ചന്ദ്രയും കുരുക്കിൽ; ഒരു ലക്ഷം കീഴടക്കി എംആർഎഫ് ഓഹരി

Update:2023-06-14 08:48 IST

മിക്ക രാജ്യങ്ങളിലും വിലക്കയറ്റം കുറഞ്ഞതു വിപണിക്ക് ആവേശമായി. സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി അകന്നു എന്ന ആശ്വാസവും വിപണികളിലുണ്ട്. ഇന്നു രാത്രി അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാത്ത പണനയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു വിപണികൾ. 

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചാെവ്വ രാത്രി ഒന്നാം സെഷനിൽ 18,785 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,833.5 ലേക്കു കയറി. ഇന്നു രാവിലെ 18,830 നടുത്താണ്. ഇന്ത്യൻ വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന. സർവകാല റിക്കാർഡ് നിലവാരത്തിനു തൊട്ടടുത്താണ് മുഖ്യ ഓഹരി സൂചികകൾ. ചെറിയ കുതിപ്പ് സൂചികകളെ പുതിയ ഉയരത്തിലെത്തിക്കും.

യൂറോപ്യൻ വിപണികൾ നല്ല കയറ്റത്തിലായിരുന്നു. യുകെയിൽ തൊഴിൽ വേതനം ഉയർന്നത് മാന്ദ്യഭീഷണി ദുർബലമാണെന്നു കാണിക്കുന്നതായി. ചില്ലറ വിലക്കയറ്റം കുറഞ്ഞത് പലിശവർധന മാറ്റി വയ്ക്കാൻ ഫെഡ് കമ്മിറ്റിക്കു സഹായകമാകും എന്നതു യുഎസ് ഓഹരികളെ കുതിക്കാൻ പ്രേരിപ്പിച്ചു.

ഡൗ ജാേൺസ് തുടർച്ചയായ ആറു ദിവസം ഉയർന്നു. മേയിലെ ചില്ലാ വിലക്കയറ്റം നാലു ശതമാനത്തിൽ ഒതുങ്ങി. രണ്ടു വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന കയറ്റമാണിത്. എന്നാൽ ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം അങ്ങനെ കുറഞ്ഞില്ല. തലേ മാസത്തേക്കാൾ 0.4 ശതമാനവും തലേ വർഷത്തേക്കാൾ 5.3 ശതമാനവും കൂടുതലാണു കാതൽ വിലക്കയറ്റം. എങ്കിലും ഫെഡ് ഇന്നു രാത്രി പലിശ കൂട്ടുകയില്ലെന്നു വിപണി ഉറച്ചു വിശ്വസിക്കുന്നു.

ഡൗ ജോൺസ് 145.79 പോയിന്റ് (0.43%) കയറി 34,212.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 30.08 പോയിന്റ് (0.69%) ഉയർന്ന് 4369.01 ലും നാസ്ഡാക് 111.40 പോയിന്റ് (0.83%) കുതിച്ച് 13,573.3-ലും വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഡൗ 0.29 ശതമാനം താണു. നാസ്ഡാക് 0.04 ശതമാനവും എസ് ആൻഡ് പി 0.07 ശതമാനവും താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ സൂചികകൾ ഇന്നു നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ജപ്പാനിൽ നിക്കൈ സൂചിക രാവിലെ 1990-നു ശേഷം ആദ്യമായി 33,000 -നു മുകളിൽ എത്തി. ഓസ്ട്രേലിയൻ വിപണിയും ഉയർന്നു. കാെറിയൻ വിപണി നഷ്ടത്തിലാണു തുടങ്ങിയത്. ചെെനീസ് വിപണികൾ കയറി.

ഇന്ത്യൻ വിപണി 

കുതിപ്പാേടെയാണ് ഇന്നലെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. പിന്നീട്  വലിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 418.05 പോയിന്റ് (0.67%) കയറി 63,143.16 ലും നിഫ്റ്റി 114.65 പോയിന്റ് (0.62%) ഉയർന്ന് 18,716.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.22 ശതമാനം ഉയർന്ന് 34,761 ലും സ്മോൾ ക്യാപ് സൂചിക 0.70 ശതമാനം കുതിച്ച് 10,607.20 ലും ക്ലോസ് ചെയ്തു.

വാഹനങ്ങൾ ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലായിരുന്നു. റിയൽറ്റി, മീഡിയ, ഫാർമ, ഹെൽത്ത് കെയർ, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയ മേഖലകൾ കുതിപ്പിനു മുന്നിൽ നിന്നു.

നിഫ്റ്റി 18,700 നു മുകളിൽ ക്ലോസ് ചെയ്തതാേടെ ഹ്രസ്വകാല കയറ്റത്തിനുള്ള പ്രധാന തടസം മറികടന്നതായി വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 18,650 ലും 18,595 ലും പിന്തുണ ഉണ്ട്. 18,730 ലും 18,790 ലും തടസം ഉണ്ടാകാം.

വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വീണ്ടും വാങ്ങലുകാരായി. സ്വദേശി ഫണ്ടുകൾ വിൽപന തുടങ്ങി. ചൊവ്വാഴ്ച വിദേശികൾ 1677.60 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 203.32 കോടിയുടെ ഓഹരികൾ വിറ്റു.

തിങ്കളാഴ്ച താഴ്ചയിലായിരുന്ന വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച തിരിച്ചു കയറി. അലൂമിനിയം 0.22 ശതമാനം ഉയർന്നു ടണ്ണിന് 2232.68 ഡോളറിൽ എത്തി. ചെമ്പ് 1.62 ശതമാനം കുതിച്ച് ടണ്ണിന് 8421.10 ഡോളർ ആയി. നിക്കൽ 0.77 ശതമാനം, ടിൻ 1.04 ശതമാനം സിങ്ക് 1.09 ശതമാനം, ലെഡ് 0.75 ശതമാനം എന്നിങ്ങനെ കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വിലയും തിരിച്ചു കയറി. അമേരിക്കൻ എണ്ണ ശേഖരത്തിൽ പ്രതീക്ഷയിലും കുറഞ്ഞ വർധനയേ ഉള്ളൂ എന്നതാണു കാരണം. ബ്രെന്റ് ഇനം മൂന്നര ശതമാനം കയറി 74.29 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം നാലര ശതമാനം കയറി 69.21 ഡോളറിലായി. ഇന്നു രാവിലെ ബ്രെന്റ് 74.02 ലേക്കും ഡബ്ള്യുടിഐ 69.10 ലേക്കും താഴ്ന്നു.

സ്വർണവില താണു. ഇന്നലെ 1939-1973 മേഖലയിൽ കയറിയിറങ്ങിയിട്ട് 1943.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1945-1947 ഡോളറിലാണു വ്യാപാരം. തുർക്കിയുടെ കേന്ദ്ര ബാങ്ക് 63 ടൺ സ്വർണം ഇന്നലെ വിറ്റു. യുഎസ് ഫെഡ് പലിശ കൂട്ടുകയില്ലെന്ന വിലയിരുത്തലും സ്വർണത്തെ താഴ്ത്തുന്നു. കേരളത്തിൽ പവൻവില ഇന്നലെ മാറ്റമില്ലാതെ 44,320 രൂപയിൽ തുടർന്നു.

ഡോളർ ഇന്നലെയും ദുർബലമായി. എട്ടു പൈസ താഴ്ന്ന് 82.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക 103.31 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 103.29 ലാണ്.

സീയും സുഭാഷ് ചന്ദ്രയും വലിയ കുരുക്കിൽ

സീ എന്റർടെയിൻമെന്റിന്റെ പ്രാെമോട്ടർമാരായ സുഭാഷ് ചന്ദ്രയും പുനിത് ഗോയങ്കയും ലിസ്റ്റഡ് കമ്പനികളുടെ ഡയറക്ടർമാരാകുന്നതിന് സെബി വിലക്കു പ്രഖ്യാപിച്ചതു സീക്കു വലിയ തിരിച്ചടിയായി.. ഇവർ കമ്പനികളിൽ മാനേജ്മെന്റ് പദവികളും വഹിക്കാൻ പാടില്ല. സീ എന്റർടെയ്ൻമെന്റിൽ നിന്നു സുഭാഷ് ചന്ദ്ര പണം ചോർത്തി എന്നതാണു കേസ്.

ഈ ഇടക്കാല വിധിക്കെതിരേ ഇരുവരും അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വിശദീകരണം തേടാതെയാണു വിധി എന്ന് അവർ വാദിക്കുന്നു.

സീ ക്കു പുറമെ ഡിഷ് ടിവി, സിറ്റി കേബിൾ നെറ്റ് വർക്സ്, ഇപിഎൽ (എസെൽ പ്രാേ പായ്ക്ക്) എസെൽ ഇൻഫ്രാ തുടങ്ങി നിരവധി കമ്പനികൾ ഉള്ളതാണ് എസെൽ ഗ്രൂപ്പ്. സീ ഓഹരി വില ആറു ശതമാനത്തോളം കുറഞ്ഞു. അപ്പീൽ നൽകിയതിനെ തുടർന്ന് വില കുറേ മെച്ചപ്പെട്ടു.

സീ എന്റർടെയിൻമെന്റിന്റെ സോണി ഗ്രൂപ്പുമായുള്ള ലയനകാര്യവും ഇതാേടെ അനിശ്ചിതത്വത്തിലായി. സാങ്കേതിക വിഷയങ്ങളല്ല, പണം ചോർത്തലാണു നടപടിക്ക് ആധാരം എന്നതു കൊണ്ടു ലയനകാര്യം സമഗ്രമായി പുനപരിശോധിക്കാൻ സോണി നിർബന്ധിതമാകും. സുഭാഷ് ചന്ദ്രയുടെ വിശ്വാസ്യതയാണു സംശയത്തിലായിരിക്കുന്നത്. സീയുടെ കണക്കുകളിൽ ഫാെറൻസിക് ഓഡിറ്റ് നടത്താൻ സോണി നിർബന്ധിക്കും എന്നാണു സൂചന.


ഒരു ലക്ഷം കീഴടക്കി എംആർഎഫ് ഓഹരി

എംആർഎഫ് ഓഹരി ഇന്നലെ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ കടന്നു. ഇത്രയും വില എത്തിയ ആദ്യ ഇന്ത്യൻ ഓഹരിയായി എംആർഎഫ്. ഏതാനുമാഴ്ച മുൻപ് ഫ്യൂച്ചേഴ്സിൽ ഈ ഓഹരി ഒരു ലക്ഷം കടന്നതാണ്. പക്ഷേ ഇന്നലെയാണ് ക്യാഷ് മാർക്കറ്റിൽ വില ലക്ഷം കടക്കുന്നത്. രാവിലെ 1.25 ശതമാനം ഉയർന്ന് 1,00,439.95 രൂപവരെ കയറി. പിന്നീടു താണു. ക്ലോസിംഗ് വില 99,900 രൂപ.

പത്തു രൂപ മുഖവിലയുള്ള 42.41 ലക്ഷം ഓഹരികളാണ് എംആർഎഫിനുള്ളത്. ഇതിൽ 30.6 ലക്ഷം ഓഹരികൾ പൊതുജനങ്ങളുടെ പക്കലാണ്. 42,370 കോടി രൂപയാണു കമ്പനിയുടെ വിപണിമൂല്യം. 1824 രൂപയാണു കഴിഞ്ഞ വർഷത്തെ പ്രതി ഓഹരി വരുമാനം. പി ഇ അനുപാതം 55.വില ഇനിയും ഉയരുമെന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്.

ഹണിവെൽ ഓട്ടാേമേഷൻ (41,000 രൂപ), പേജ് ഇൻഡസ്ട്രീസ് (38,130 രൂപ), ത്രീ എം ഇന്ത്യ ( 26,500 രൂപ), ശ്രീ സിമന്റ് (25,700 രൂപ), നെസ്ലെ (22,300 രൂപ) തുടങ്ങിയവയാണ് ഇന്ത്യൻ വിപണിയിലെ മറ്റു വിലപിടിച്ച ഓഹരികൾ.

ക്രൂഡിൽ നേട്ടം

ക്രൂഡ് ഓയിൽ വില താണു നിൽക്കുന്നതു മൂലം പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ ഓഹരിവില വീണ്ടും കയറി. ഏഷ്യൻ, ബെർജർ, ആക്സോ നൊബേൽ, കൻസായ് നെരോലാക് തുടങ്ങിയ പെയിന്റ് കമ്പനികളുടെ ഓഹരികൾ ഇന്നലെ മൂന്നു ശതമാനം വരെ കയറി. പിഡിലൈറ്റും കുതിച്ചു. പെട്രോളിയം ഉൽപന്നങ്ങളാണ് ഈ കമ്പനികളുടെ മുഖ്യ ഉൽപാദന ഘടകം.

ഇൻഡിഗോ ഓഹരികൾക്കു ക്ഷീണം

ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ തുടർച്ചയായി താഴുകയാണ്. ഒരു വർഷത്തെ ഉയർന്ന വിലയിൽ നിന്ന് ഏഴു ശതമാനം താഴ്ന്നു.

കമ്പനിയുടെ സഹസ്ഥാപകരായ ഗാംഗ്വാൽ കുടുംബം എട്ടു ശതമാനത്തോളം ഓഹരി വിൽക്കുമെന്ന റിപ്പോർട്ടാണു വില താഴ്ത്തുന്ന പ്രധാനഘടകം. കമ്പനിയുടെ 30 ശതമാനത്തിലധികം ഓഹരികൾ ഈ കുടുംബത്തിന്റെ പക്കലുണ്ട്.

ഇന്ത്യൻ വ്യോമയാനത്തിൽ 55 ശതമാനം പങ്ക് ഇൻഡിഗോയ്ക്കുണ്ട്. ടാറ്റാ ഗ്രൂപ്പ് പൂർണ സജ്‌ജമാകുന്നതോടെ ഇതു ക്രമേണ കുറയുമെന്നു ചില ബ്രോക്കറേജുകൾ വിലയിരുത്തുന്നു. വ്യോമയാനത്തിൽ മത്സരം കൂടുന്നതോടെ നഷ്ടവും വർധിക്കുമെന്ന് പലരും കണക്കുകൂട്ടുന്നു.



വിപണി സൂചനകൾ

(2023 ജൂൺ 13, ചൊവ്വ)

സെൻസെക്സ് 30 63,143.16 +0.67%

നിഫ്റ്റി 50 18,716.15 +0.62%

ബാങ്ക് നിഫ്റ്റി 44,079.85 +0.31%

മിഡ് ക്യാപ് 100 34,761.00 +1.22%

സ്മോൾക്യാപ് 100 10,607.20 +0.70%

ഡൗ ജോൺസ് 30 34,212.12 +0.43%

എസ് ആൻഡ് പി 500 4369.01 +0.69%

നാസ്ഡാക് 13,573.32 +0.83%

ഡോളർ ($) ₹82.35 - 08 പൈസ

ഡോളർ സൂചിക 103.31 -0.32

സ്വർണം(ഔൺസ്) $1943.70 -$15.30

സ്വർണം(പവൻ ) ₹44,320 ₹00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.29 +$2.18

Tags:    

Similar News