വിലക്കയറ്റത്തിലെ കുതിപ്പ് ആശങ്ക കൂട്ടുന്നു; യു.എസ് ബാങ്ക് ഭീമന്മാർക്കു റേറ്റിംഗ് ഭീഷണി; വിപണികൾ ചുവപ്പിൽ

ക്രൂഡ് ഓയിൽ വില താഴ്ന്നു. സ്വർണം ഇന്നും താഴ്‌ന്നേക്കാം.

Update:2023-08-16 08:17 IST

പടിഞ്ഞാറും കിഴക്കും വിപണികൾ ചുവപ്പിലാണ്. ഇന്ത്യൻ വിപണിയും ഇന്നു താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്. വമ്പൻ യുഎസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസി ഫിച്ച് മുന്നറിയിപ്പ് നൽകിയതാണു ചോരപ്പുഴയിലേക്കു നയിച്ചത്. ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം കണക്കുകൂട്ടലുകളെ മറികടന്ന് 7.44 ശതമാനമായതും വിപണിയെ ദുർബലമാക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,474 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,365 ലേക്കു താണിട്ടു 19,395 ലേക്കു കയറി. ഇന്ന് താഴ്ന്ന തുടക്കമാകും ഇന്ത്യൻ വിപണിയുടേത് എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നേട്ടം ഉണ്ടാക്കിയെങ്കിലും ചൊവ്വാഴ്ച കുത്തനേ താണു. ചൈനയിലെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും ബ്രിട്ടനിലെ വേതന വർധനയും ഒക്കെ വിപണികളെ താഴ്ത്തി.
യുഎസ് വിപണികൾ തിങ്കളാഴ്ച ചെറിയ നേട്ടം കാണിച്ചെങ്കിലും ചൊവ്വാഴ്ച വലിയ ഇടിവിലായി. മൂന്നു ദിവസത്തെ കയറ്റത്തിനു ശേഷം ഡൗ ജോൺസ് സൂചിക താഴ്ചയിലായി. ഡൗ ജോൺസ് 361.24 പോയിന്റ് (1.02%) താഴ്ന്ന് 34,946.39 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 51.86 പോയിന്റ് (1.16%) ഇടിഞ്ഞ് 4437.86 ൽ അവസാനിച്ചു. എസ് ആൻഡ് പി 50 ദിവസത്തെ മൂവിംഗ് ശരാശരിക്കു താഴെയായത് ഇടിവു തുടരാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. നാസ്ഡാക് 157.28 പോയിന്റ് (1.14%) വീണ് 13,631.05 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഡൗ 0.02 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.12 ഉം ശതമാനം കയറി.
ജപ്പാൻ ഒഴികെ ഏഷ്യൻ വിപണികൾ ഇന്നലെ താഴ്ചയിലായിരുന്നു. ജപ്പാനിൽ ജിഡിപി പ്രതീക്ഷയുടെ ഇരട്ടി വേഗം (6%) വളർന്നതു കയറ്റത്തിനു കാരണമായി. കയറ്റുമതിയിലെ കുതിപ്പാണ് ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി വളർച്ചയ്ക്കു വഴിതെളിച്ചത്. ഒന്നാം പാദത്തിൽ 3.7 ശതമാനമായിരുന്നു വളർച്ച.
ഇന്ന് ഏഷ്യൻ വിപണികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. പ്രമുഖ യുഎസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തുമെന്ന മുന്നറിയിപ്പ് ഏഷ്യൻ ബാങ്ക് ഓഹരികളെയും താഴ്ചയിലാക്കി. ചൈനയിലെ വളർച്ച കുറയുമെന്ന ആശങ്കയും ചെെനീസ് റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയും വിപണികളെ ഇനിയും വലിച്ചു താഴ്ത്തുമെന്നാണു ഭീതി.
ചൈന കഴിഞ്ഞ ദിവസം പലിശ നിരക്കിൽ 0.15 ശതമാനം കുറവു വരുത്തി. നിരക്കു മാറ്റുകയില്ലെന്നു നിരീക്ഷകർ കണക്കാക്കിയിരുന്നപ്പാേഴാണ് അപ്രതീക്ഷിതമായ കുറയ്ക്കൽ.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ച രാവിലെ കുത്തനേ ഇടിഞ്ഞ ശേഷം അവസാന മണിക്കൂറിൽ തിരിച്ചു കയറി നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 79.27 പോയിന്റ് (0.12%) കയറി 65,401.92ലും നിഫ്റ്റി 6.25 പോയിന്റ് (0.03%) ഉയർന്ന് 19,434.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.17 ശതമാനം താണ് 37,770.2 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.73 ശതമാനം ഇടിഞ്ഞ് 11,662.4 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച 2324.23 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1460.:90 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ബെയറിഷ് ആണ്. 50 ദിവസ ഇഎംഎ (എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജ് ) ആയ 19,250 നു താഴേക്കു നിഫ്റ്റി നീങ്ങിയാൽ 18,850 -19,000 മേഖലയിലാകും പിന്തുണ ലഭിക്കുക.
ഇന്നു നിഫ്റ്റിക്ക് 19,305 ലും 19,175 ലും പിന്തുണ ഉണ്ട്. 19,470 ഉം 19,590 ഉം തടസങ്ങളാകാം. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് ഓഹരികൾ താഴ്ചയിലായി. അദാനി പോർട്സിന്റെ ഓഡിറ്റിംഗിൽ നിന്ന് ഡിലോയിറ്റ്, ഹാസ്കിൻസ് രാജി വച്ചതാണ് കാരണം.
കപ്പൽ നിർമാണ, പ്രതിരോധ ഓഹരികൾക്കു വലിയ കയറ്റം ഉണ്ടായി. കൊച്ചിൻ ഷിപ്പ് യാർഡും മസഗോൺ ഡോക്കും ഏഴു ശതമാനം വീതം കയറി. ഗാർഡൻ റീച്ച് 13.5 ശതമാനം ഉയർന്നു. സികാ ഇന്റർനാഷണൽ 19.9 ശതമാനം കയറി.
മോർഗൻ സ്റ്റാൻലി റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്നു മുത്തൂറ്റ് ഫിനാൻസ് ഓഹരി എട്ടു ശതമാനം വരെ താണു.
രജനി കാന്തിന്റെ ജയിലറും സണ്ണി ഡിയോളിന്റെ ഗഡർ രണ്ടും ചിരഞ്ജീവി, അക്ഷയ കുമാർ ചിത്രങ്ങളും ചേർന്നു കഴിഞ്ഞ വാരാന്തത്തിൽ ബാേക്സ് ഓഫീസ് കളക്ഷൻ 360 കോടി രൂപയിലേക്ക് കയറ്റിയത് മൾട്ടിപ്ലെക്സുകൾക്ക് വലിയ നേട്ടമായി. പിവിആർ ഐനോക്സ് ഓഹരി അഞ്ചു ശതമാനം ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഇടിഞ്ഞു. അലൂമിനിയം 0.16 ശതമാനം താഴ്ന്ന് ടണ്ണിന് 2143.78 ഡോളറിലായി. ചെമ്പ് 1.39 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8126.5 ഡോളറിൽ എത്തി. ടിൻ 1.66 ശതമാനവും നിക്കൽ 0.59 ശതമാനവും സിങ്ക് 1.89 ശതമാനവും താണു.
ക്രൂഡ് ഓയിൽ, സ്വർണം, ഡോളർ 
ക്രൂഡ് ഓയിൽ വില താഴ്ന്നു. ചൈനയിൽ വളർച്ച കുറയുന്നതായ സൂചനയാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 84.89 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.98 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 84.62 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 80.85 ഡോളറിലേക്കും താണു.
സ്വർണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താഴ്ന്നു. ഔൺസിന് 1914 ഡോളറിൽ നിന്ന് 1896 വരെ താണിട്ട് ചൊവ്വാഴ്ച 1901.80 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1903.40 ഡോളറിലാണ്.
കേരളത്തിൽ പവൻവില തിങ്കളാഴ്ച 43,720 രൂപയിൽ എത്തിയിട്ട് ഇന്നലെ 43,640 ലേക്കു താണു. ഇന്നും വില താഴ്ന്നേക്കാം. ഡോളറിന്റെ വിനിമയ നിരക്കിനെ ആശ്രയിച്ചാകും സ്വർണവിലയിലെ മാറ്റം.
ഡോളർ തിങ്കളാഴ്ച 25 പെെസ കയറി 83.08 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നും ഡോളർ വില കൂടുമെന്നാണു സൂചന.
ഡോളർ സൂചിക ഈയാഴ്ച 103 നു മുകളിലേക്കു കയറി. തിങ്കളാഴ്ച 103.19 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നലെ 103.20 ആയി. ഇന്നു രാവിലെ 103.28 വരെ കയറിയിട്ട് അൽപം താണു.
ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 29,200 ഡോളറിനടുത്താണ്.
ബാങ്കുകൾക്കു ഫിച്ച് ഭീഷണി
ജെപി മോർഗൻ ചേയ്സ് അടക്കമുള്ള വമ്പൻ യുഎസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തേണ്ടി വരുമെന്നാണു ഫിച്ച് റേറ്റിംഗ്സ് മുന്നറിയിപ്പ് നൽകിയത്. യുഎസ് ബാങ്കിംഗ് വ്യവസായത്തിന്റെ മൊത്തം ആരോഗ്യ നിലവാരം വളരെ മോശമാണെന്ന് ജൂണിലെ വിലയിരുത്തലിൽ ഫിച്ച് പറഞ്ഞിരുന്നു. പക്ഷേ റേറ്റിംഗ്സ് താഴ്ത്താത്തതിനാൽ അതു ശ്രദ്ധിക്കപ്പെട്ടില്ല.
ബാങ്കിംഗിനു മൊത്തം ഡബിൾ എ നെഗറ്റീവ് ആണു നിലവിലെ റേറ്റിംഗ്. ഇതു താഴ്ത്തിയാൽ എ പ്ലസ് മാത്രമാകും. അതോടെ ഓരോ ബാങ്കിന്റെയും റേറ്റിംഗ് താഴ്ത്തേണ്ടി വരും. അതു വലിയ കുഴപ്പങ്ങളിലേക്കു നയിക്കും. ബാങ്കുകൾ കൂടുതൽ മൂലധനം കണ്ടെത്തേണ്ടി വരും. റേറ്റിംഗ് താണാൽ ബാങ്ക് ബോണ്ടുകൾക്കു കൂടുതൽ പലിശ നൽകേണ്ടിവരും. അതു ലാഭത്തെ ബാധിക്കും.
ഏതാനും ദിവസം മുൻപ് മൂഡീസ് 10 ചെറുകിട ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തിയിരുന്നു. വേറേ 18 ഇടത്തരം ബാങ്കുകൾക്ക് റേറ്റിംഗ് താഴ്ത്തപ്പെടാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും നൽകി.
അതിനു മുൻപ് ഫിച്ച് യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ റേറ്റിംഗ് താഴ്ത്തി. അത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. ജെപി മാേർഗന്റെ സാരഥി ജെയ്മീ ഡെെമൺ അന്ന് ഫിച്ച് നടപടിയെ അപലപിച്ചതാണ്. പുതിയ ഭീഷണി പട്ടികയിൽ
ഡെെമന്റെ ബാങ്കും പെടുന്നു. ഫിച്ചിന്റെ മുന്നറിയിപ്പിനെ തുടർന്നു പ്രമുഖ ബാങ്കുകളുടെ ഓഹരികൾ മൂന്നു ശതമാനം വരെ ഇടിഞ്ഞു.
വരുതിയിൽ നിൽക്കാതെ ചില്ലറ വിലക്കയറ്റം
ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം ജൂലൈയിൽ 7.44 ശതമാനമായി. 6.5 ശതമാനം ആകും എന്നു നിരീക്ഷകർ കണക്കാക്കിയിരുന്നപ്പോഴാണ് ഇത്. ജൂലൈ - സെപ്റ്റംബർ പാദത്തിലേക്ക് 6.2 ശതമാനം വിലക്കയറ്റം കണക്കാക്കിയ റിസർവ് ബാങ്കിന്റെ വിലയിരുത്തലും പാളി. ഓഗസ്റ്റിലെ വിലക്കയറ്റവും ഏഴു ശതമാനത്തിനടുത്താകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
പച്ചക്കറികളുടെ അപ്രതീക്ഷിത വിലക്കയറ്റമാണ് പരിധിവിട്ട വിലക്കയറ്റത്തിനു കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഭക്ഷ്യ - ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റവും 5.2 ശതമാനം എന്ന ഉയർന്ന നിലയിലാണ്. ചില്ലറവിലക്കയറ്റം നാല് ശതമാനത്തിൽ, പരമാവധി ആറു ശതമാനത്തിൽ നിർത്തണമെന്നാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം.
മേയിൽ 4.31 ഉം ജൂണിൽ 4.87 ഉം ശതമാനം (രണ്ടും പുതുക്കിയ കണക്ക്) ആയിരുന്നു വിലക്കയറ്റം. ഇതു പെട്ടെന്ന് 7.44 ആയതു താൽക്കാലികം ആണെന്ന വിലയിരുത്തലാണു റിസർവ് ബാങ്കിന്റേത്. ഒന്നു രണ്ടു മാസം കൊണ്ട് പച്ചക്കറി വിലകൾ താഴും എന്നു ബാങ്ക് കരുതുന്നു. എന്നാൽ ധാന്യങ്ങൾ, പയറുവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ക്ഷീരാേൽപന്നങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം പെട്ടെന്നു ശമിക്കുന്നതായ സൂചന ഇല്ല.
ജൂലെെയിലെ മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം പ്രതീക്ഷിച്ചത്ര കുറഞ്ഞില്ല. തലേ മാസം 4.12 ശതമാനം കുറഞ്ഞ സ്ഥാനത്ത് 1.36 ശതമാനം മാത്രം കുറവ്. വരും മാസങ്ങളിൽ ചില്ലറ വിലക്കയറ്റം വർധിച്ച തോതിൽ തുടരുമെന്നാണ് ഇതിലെ സൂചന.
വിലക്കയറ്റം കുറയ്ക്കാൻ പലിശ കൂട്ടുന്ന നടപടിക്ക് റിസർവ് ബാങ്ക് തയാറാകില്ല എന്നാണു പരക്കെയുള്ള നിഗമനം. വിലകൾ ഉദ്ദേശിക്കുന്ന വേഗം താഴ്ന്നില്ലെങ്കിൽ 2022 മേയിലേതു പോലെ തിരക്കിട്ടു നിരക്കു കൂട്ടേണ്ട സാഹചര്യം ഉണ്ടാകാം.

വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 14, തിങ്കൾ)

സെൻസെക്സ് 30 65,401.92 +0.12%

നിഫ്റ്റി 50 19,434.25 +0.03%

ബാങ്ക് നിഫ്റ്റി 44,090.95 -0.24%

മിഡ് ക്യാപ് 100 37,770.20 -0.17%

സ്മോൾക്യാപ് 100 11,662.40 -0.73%

ഡൗ ജോൺസ് 30 35,307.63 +0.07%

എസ് ആൻഡ് പി 500 4489.72 +0.58%

നാസ്ഡാക് 13,788.33 +1.05%

ഡോളർ ($) ₹83.08 + 25 പൈസ

ഡോളർ സൂചിക 103.19 +0.35

സ്വർണം(ഔൺസ്) $1906.80 -$07.30

സ്വർണം(പവൻ) ₹43,720 +₹ 0.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $86.21 -$0.60


(2023 ഓഗസ്റ്റ് 14, തിങ്കൾ)


ഡൗ ജോൺസ് 30 34,946.39 -1.02%

എസ് ആൻഡ് പി 500 4437.86 -1.16%

നാസ്ഡാക് 13,631.05 -1.14%

ഡോളർ സൂചിക 103.20 +0.01

സ്വർണം(ഔൺസ്) $1901.80 -$05.00

സ്വർണം(പവൻ) ₹43,640 -₹ 80

ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.89 -$1.32


Tags:    

Similar News