കയറ്റുമതിയിൽ വൻ ഇടിവ്, വാണിജ്യ കമ്മി കൂടി
ഫെഡ് നിരക്കിനെപ്പറ്റി വ്യത്യസ്ത വ്യാഖ്യാനങ്ങൾ; യുഎസ് കുതിപ്പിനു പിന്നാലെ ഏഷ്യൻ വിപണികൾ; ഇന്ത്യൻ വിപണിയും പ്രതീക്ഷയോടെ
വിപണികൾ താഴേക്കു പോകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ കയറ്റത്തിനു സഹായിക്കുന്ന വ്യാഖ്യാനങ്ങൾ ചമച്ചു നീങ്ങുകയാണു വലിയ വിപണികൾ. അതിനു പിന്നാലെ ഇന്ത്യൻ വിപണിയും നീങ്ങുന്നു. ഇന്നലെ യുഎസ് വിപണി കുതിച്ചു കയറി. അതിന്റെ പ്രതിഫലനം ഇന്നു രാവിലെ ഏഷ്യൻ വിപണികളിൽ ഉണ്ട്. ഇന്ത്യൻ വിപണിയും ആ വഴിയേ ഉയരാൻ ശ്രമിക്കും.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴം രാത്രി ഒന്നാം സെഷനിൽ 18,760 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,838.5 ലേക്കു കയറി. ഇന്നു രാവിലെ 18,810 നടുത്താണ്. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
കേന്ദ്ര ബാങ്കുകളുടെ പലിശ തീരുമാനങ്ങളോടുള്ള പ്രതികരണമാണ് ഇന്നലെ യൂറോപ്യൻ, യുഎസ് വിപണികളിൽ കണ്ടത്. യുറോപ്പിൽ പലിശ 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) വർധിപ്പിച്ചു. യൂറോപ്യൻ സൂചികകൾ ചെറുതായി താണു.
യുഎസിൽ ഫെഡ് പറഞ്ഞതു പോലെ ഇനി പലിശ വർധിപ്പിക്കില്ലെന്ന വ്യാഖ്യാനവുമായി വിപണി നല്ല കുതിച്ചുചാട്ടം നടത്തി. ഡൗ ജോൺസ് 428.73 പോയിന്റ് (1.26%) ഉയർന്ന് 34,408.06 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി (S&P) 53.25 പോയിന്റ് (1.22%) കയറ്റ 4425.84 ലും നാസ്ഡാക് 156.34 പോയിന്റ് (1.15%) കുതിച്ച് 13,782.80ലും വ്യാപാരം അവസാനിപ്പിച്ചു. എസ് ആൻഡ് പി 13 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. കഴിഞ്ഞ ഒക്ടോബറിലെ താഴ്ചയിൽ നിന്ന് 23 ശതമാനം കയറിയാണ് എസ് ആൻഡ് പി നിൽക്കുന്നത്. നാസ്ഡാക് 2023 - ൽ 31 ശതമാനം ഉയരത്തിലെത്തി.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.12 ശതമാനം താണു. നാസ്ഡാക് 0.29 ശതമാനവും എസ് ആൻഡ് പി 0.20 ശതമാനവും താഴ്ന്നു നിൽക്കുന്നു. ഏഷ്യൻ സൂചികകൾ ഇന്നു ഭിന്നദിശകളിലാണ്. ബാങ്ക് ഓഫ് ജപ്പാന്റെ പലിശ തീരുമാനം വരാനിരിക്കെ
ജപ്പാനിൽ നിക്കൈ സൂചിക രാവിലെ താഴ്ന്നു. ഓസ്ട്രേലിയൻ, കാെറിയൻ വിപണികൾ നേട്ടത്തിലാണ് തുടങ്ങിയത്. ചെെനീസ് വിപണികളും കയറി.ചെെന പലിശ നിരക്ക് 0.1 ശതമാനം താഴ്ത്തിയെങ്കിലും അതു പോരെന്നു വ്യവസായികൾ പറയുന്നു. പുതിയ ഉത്തേജന പദ്ധതി ഇല്ലാതെ അഞ്ചു ശതമാനം വളർച്ച എന്ന ലക്ഷ്യം സാധിക്കില്ലെന്നാണു വിലയിരുത്തൽ.
ഇന്ത്യൻ വിപണി
ഇന്നലെ ഇന്ത്യൻ വിപണി താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു ചാഞ്ചാട്ടത്തിലായി. ഒടുവിൽ വലിയ താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 310.88 പോയിന്റ് (0.49%) ഇടിഞ്ഞ് 62,917.63 ലും നിഫ്റ്റി 67.80 പോയിന്റ് (0.36%) താഴ്ന്ന 18,688.10 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.21 ശതമാനം ഉയർന്ന് 34,907.00 ലും സ്മോൾ ക്യാപ് സൂചിക 0.15 ശതമാനം കയറി 10,636.60 ലും ക്ലോസ് ചെയ്തു.
എഫ്എംസിജി, വാഹന, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ ഇന്നലെ നേട്ടം ഉണ്ടാക്കി. ബാങ്ക്, ധനകാര്യ, ഐടി, മീഡിയ, റിയൽറ്റി, മെറ്റൽ മേഖലകൾ നഷ്ടത്തിലായി.
വിപണി ചാർട്ടുകൾ ബെയറിഷ് പ്രവണത ശക്തമായെന്നു കാണിക്കുന്നുണ്ട്. ഉയരങ്ങളിൽ ലാഭമെടുക്കാനുള്ള വിൽപന സമ്മർദവും ഇതോടൊപ്പം വിപണിയെ താഴ്ത്തുന്നു. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപം വർധിക്കുകയാണ്. ഇന്നലെ ബിഎസ്ഇ ഓഹരികളുടെ മൊത്തം വിപണിമൂല്യം 295 ലക്ഷം കോടി രൂപ എന്ന റിക്കാർഡിൽ എത്തിയത് ശ്രദ്ധേയമാണ്. വിപണി തിരുത്തലിന് പോകാതെ തിരിച്ചു കയറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇന്നു നിഫ്റ്റിക്ക് 18,665 ലും 18,595 ലും പിന്തുണ ഉണ്ട്. 18,765 ലും 18,845 ലും തടസം ഉണ്ടാകാം. വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ വാങ്ങൽ തുടർന്നു, സ്വദേശി ഫണ്ടുകൾ വിൽപനയും. വ്യാഴാഴ്ച വിദേശികൾ 3085.51 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 297.88 കോടിയുടെ ഓഹരികൾ വിറ്റു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. അലൂമിനിയം 0.18 ശതമാനം താണു ടണ്ണിന് 2249.35 ഡോളറിലും ചെമ്പ് 0.36 ശതമാനം താണു ടണ്ണിന് 8478.65 ഡോളറിലും എത്തി. എന്നാൽ ടിൻ 6.68 ശതമാനം, നിക്കൽ 2.52 ശതമാനം, സിങ്ക് 0.41 ശതമാനം, ലെഡ് 0.71 ശതമാനം എന്നിങ്ങനെ ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഇന്നലെ കയറി. ഡോളർ നിരക്ക് ഇടിഞ്ഞതാണു ക്രൂഡിനു നേട്ടമായത്. ബ്രെന്റ് ഇനം ക്രൂഡ് മൂന്നര ശതമാനം കുതിച്ച് 75.67 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം മൂന്നു ശതമാനം കയറി 70.54 ഡോളറിലായി.
ഡോളർ താണതോടെ സ്വർണം കുതിച്ചു. ഫെഡ് തീരുമാനത്തിനു ശേഷം 1925 ഡോളർ വരെ താഴ്ന്ന സ്വർണം പിന്നീട് 1961 ഡോളർ വരെ കയറി. 1958.40 ഡോളറിൽ ക്ലോസ് ചെയ്തു.
കേരളത്തിൽ പവൻവില ഇന്നലെ 280 രൂപ കുറഞ്ഞ് 43,760 രൂപയായി. രണ്ടു ദിവസം കൊണ്ടു പവന് 560 രൂപ ഇടിഞ്ഞു. ഡോളർ നിരക്കു താഴ്ന്നെങ്കിലും സ്വർണവില ഇന്നു കയറാം.
ഡോളർ ഇന്നലെ കയറിയിറങ്ങി. 82 രൂപയിലേക്ക് ഡോളർ താഴ്ന്നെങ്കിലും പിന്നീട് കയറി 82.18 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മേയ് മാസത്തെ കയറ്റുമതി കുറഞ്ഞതും വാണിജ്യകമ്മി കുതിച്ചുയർന്നതും രൂപയെ ദുർബലമാക്കി. ലോക വിപണിയിൽ ഡോളർ സൂചിക താഴ്ന്ന് 102.12 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 102.15 ലേക്കു സൂചിക കയറി. ഫെഡ് തീരുമാനത്തെ തുടർന്ന് താണ ക്രിപ്റ്റോ കറൻസികൾ ഇന്നലെ അൽപം ഉയർന്നു. ബിറ്റ് കോയിൻ 25,500 ഡോളറിനടുത്തായി.
പലിശ: വ്യത്യസ്ത നടപടികൾ, വ്യത്യസ്ത വ്യാഖ്യാനങ്ങൾ
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശ കാൽ ശതമാനം വർധിപ്പിച്ച് 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാക്കി. പലിശ 3.5 ശതമാനമായതോടെ ഡോളറിനെതിരേ യുറോ ഉയർന്നു. സാഹചര്യം വിലയിരുത്തിയാകും ഇനിയുള്ള നിരക്കുവർധന എന്നാണ് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദ് പറഞ്ഞത്. ഇതേ തുടർന്നു യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്
ഇനി രണ്ടു തവണയെങ്കിലും പലിശ കൂട്ടേണ്ടി വരുമെന്ന് ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും അതുണ്ടാവില്ല എന്നാണ് ഒരു ദിവസം കഴിഞ്ഞപ്പോൾ യുഎസ് വിപണി വിലയിരുത്തിയത്.
വരും നാളുകളിലെ കണക്കുകൾ അനുസരിച്ചാകും പലിശ തീരുമാനം എന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞതാണ് ഈ വ്യാഖ്യാനത്തിന് ആധാരം. പക്ഷേ ഫെഡ് പ്രസ്താവനയും ഒപ്പം നൽകിയ പ്രതീക്ഷിത നിരക്കിന്റെ ചാർട്ടും ഡോട്ട് പ്ലോട്ടുമൊക്കെ നിരക്കുകൂട്ടൽ ഉറപ്പാക്കുന്നവയാണ്. എങ്കിലും വിപണി ഇപ്പോഴത്തെ ബുൾ തരംഗം തുടരാൻ വ്യത്യസ്ത വ്യാഖ്യാനം നൽകി എന്നതാണ് വാസ്തവം.
കയറ്റുമതിയിൽ വലിയ ഇടിവ്, വാണിജ്യകമ്മി കുതിച്ചു
തുടർച്ചയായ നാലാം മാസവും ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി ഇടിഞ്ഞു. മേയ് മാസത്തിലെ കയറ്റുമതി 10.3 ശതമാനം കുറഞ്ഞ 3498 കോടി ഡോളർ ആയി. ഇറക്കുമതി 6.6 ശതമാനം കുറഞ്ഞ് 5710 കോടി ഡോളർ ആയി. വാണിജ്യ കമ്മി 2212 കോടി ഡോളർ.
ഏപ്രിലിൽ കയറ്റുമതി 12.6 ശതമാനം കുറഞ്ഞതാണ്. എങ്കിലും മേയിൽ ആശ്വാസത്തിനു വകയൊന്നുമില്ല. ഏപ്രിലിലേക്കാൾ 0.8 ശതമാനം വർധന മാത്രമേ മേയിലെ കയറ്റുമതിയിൽ ഉള്ളൂ. അതേ സമയം ഇറക്കുമതി ഏപ്രിലിലേക്കാൾ 13.8 ശതമാനം വർധിച്ചു.
വിദേശരാജ്യങ്ങളിൽ സാമ്പത്തിക വളർച്ച കുറവായതാണു കയറ്റുമതി കുറയാനുള്ള പ്രധാന കാരണമായി വാണിജ്യ മന്ത്രാലയം പറയുന്നത്. ഇനിയുള്ള മാസങ്ങളിൽ കയറ്റുമതി വർധിക്കുമെന്ന് പ്രതീക്ഷയുണ്ട്. ലോകവാണിജ്യ വളർച്ച ഇക്കൊല്ലം ഒരു ശതമാനം എന്ന പഴയ നിഗമനം ലോകവ്യാപാര സംഘടന 1.7 ശതമാനം എന്നു വർധിപ്പിച്ചതു പ്രതീക്ഷയ്ക്കു കരുത്തു പകരുന്നു.
കഴിഞ്ഞ മാസങ്ങളിൽ പെട്രാേളിയം ഉൽപന്നങ്ങളുടെയും എൻജിനിയറിംഗ് സാമഗ്രികളുടെയും കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. ആ സാഹചര്യം മാറിയിട്ടുണ്ട്.
സ്മാർട്ട് ഫാേൺ കയറ്റുമതി വർധിച്ചു വരുന്ന ഇനമാണ്. ഏപ്രിലിൽ ആ ഇനം കയറ്റുമതി 100 കോടി ഡോളർ കടന്നു. കഴിഞ്ഞ ധനകാര്യ വർഷം 1000 കോടി ഡോളറായിരുന്നു ഇവയുടെ കയറ്റുമതി.
ഹീറോ മോട്ടോകോർപ്പിനെതിരെ അന്വേഷണം
മുൻജാൽ ഗ്രൂപ്പിന്റെ ഹീറോ മോട്ടോ കോർപിനെതിരേ കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഏതാനും മാസം മുൻപേ നടന്ന ആദായ നികുതി പരിശോധനയുടെ തുടർച്ചയാണിത്. കമ്പനിയുമായി ബന്ധമുള്ള എസ്ഇഎംപിഎൽ എന്ന സപ്ലയർ ഗ്രൂപ്പ് വഴി കമ്പനിയുടെ പണം ചോർത്തുന്നു എന്ന ആരോപണമുണ്ട്. നികുതി വെട്ടിപ്പ് ആരോപണവും ഉണ്ട്. മാസങ്ങളായി നടന്നു വരുന്ന അന്വേഷണങ്ങൾ ഉന്നത തലത്തിൽ വിശകലനം ചെയ്തിട്ടാണ് പുതിയ അന്വേഷണം.
രാജ്യത്തെ ഏറ്റവും വലിയ ടൂ വീലർ കമ്പനിയാണു ഹീറോ. പുതിയ അന്വേഷണം വളരെ ഗൗരവമേറിയതാണ്. കമ്പനി ഓഹരി ഇന്നലെ 3.6 ശതമാനം ഇടിഞ്ഞു. ഇനിയും ഇടിയാം എന്നാണു സംസാരം.
വിപണി സൂചനകൾ
(2023 ജൂൺ 15, വ്യാഴം,)
സെൻസെക്സ് 30 62,917.63 -0.49%
നിഫ്റ്റി 50 18,688.10 -0.36%
ബാങ്ക് നിഫ്റ്റി 43,443.60 -1.24%
മിഡ് ക്യാപ് 100 34,907.00 +0.21%
സ്മോൾക്യാപ് 100 10,636.60 +0.15%
ഡൗ ജോൺസ് 30 34,408.10 +1.26%
എസ് ആൻഡ് പി 500 4425.84 +1.22%
നാസ്ഡാക് 13,782.80 +1.15%
ഡോളർ ($) ₹82.18 +08 പൈസ
ഡോളർ സൂചിക 102.15 -0.87
സ്വർണം(ഔൺസ്) $1958.40 +$14.80
സ്വർണം(പവൻ ) ₹43,760 -₹ 280.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.67 +$2.30