വിപണികൾ ഉണർവിൽ
മുഖ്യസൂചികകൾ റെക്കോഡിനരികെ; ബാങ്ക് നിഫ്റ്റി റെക്കോഡിൽ; മൊത്തവില ഇടിയുന്നു; കയറ്റുമതി കുറയുന്നു
വിപണികൾ പൊതുവേ ഉണർവിലാണ്. അതിന്റെ തുടർച്ചയായി ഇന്ത്യൻ വിപണി സമീപ ദിവസങ്ങളിലെ കുതിപ്പ് തുടരുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ബാങ്ക് നിഫ്റ്റി സർവകാല റിക്കാർഡിൽ എത്തി. സെൻസെക്സും നിഫ്റ്റിയും സർവകാല റെക്കോഡിൽ നിന്നു 2.7 ശതമാനം മാത്രം താഴെയാണ്. ഒന്നര വർഷത്തിനിടെ പലതവണ ഇതേ പോലെ അടുത്ത് എത്തിയിട്ടും റെക്കോഡ് നില മറികടക്കാതെ സൂചികകൾ പിന്മാറുകയായിരുന്നു.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,403 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,443.5 വരെ കയറി. ഇന്നു രാവിലെ 18,459 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഭിന്നദിശകളിൽ നീങ്ങി. വിലക്കയറ്റം വീണ്ടും വർധിക്കുമെന്ന യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ റിപ്പോർട്ട് വിപണിക്കു ക്ഷീണമായി.
യുഎസ് വിപണി ഇന്നലെ ചെറിയ നേട്ടത്തിൽ അവസാനിച്ചു. യുഎസ് കടത്തിന്റെ പരിധി സംബന്ധിച്ചു ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണ ഉണ്ടാക്കാൻ ഇന്നു ചർച്ച പുനരാരംഭിക്കും എന്നതാണ് ഉയർച്ചയ്ക്കു പ്രേരകം. വിപണിയെ ഉലയ്ക്കാവുന്ന പ്രശ്നമായി കടം തുടരുകയാണ്. ധാരണ ഉണ്ടായില്ലെങ്കിൽ അടുത്ത മാസം യുഎസ് ഗവണ്മെന്റ് കടം തിരിച്ചടവ് മുടങ്ങും എന്നതാണു നില.
തിങ്കളാഴ്ച ഡൗ ജോൺസ് 47.98 പോയിന്റ് ഉയർന്നു. എസ് ആൻഡ് പി 12.2 പോയിന്റും നാസ്ഡാക് 80.47 പോയിന്റും കയറി. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്ടത്തിലാണ്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.11 ഉം ശതമാനം താഴ്ന്നു.
ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു ഭിന്നദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ജപ്പാനിലും കൊറിയയിലും സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങി. ചെെനീസ് വിപണികൾ ഇന്നു തുടക്കത്തിൽ ഗണ്യമായി താണു. ചെെനയിലെ വ്യവസായ ഉൽപാദന, റീട്ടെയിൽ വിൽപന, തൊഴിലില്ലായ്മ കണക്കുകൾ ഇന്നു പുറത്തുവരാനുണ്ട്.
ഇന്ത്യൻ വിപണി
തിങ്കളാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങി കൂടുതൽ നേട്ടത്തിലേക്കു കയറി. സെൻസെക്സ് 317.81 പോയിന്റ് (0.51%) ഉയർന്ന് 62,345.71 ലും നിഫ്റ്റി 84.05 പോയിന്റ് (0.46%) കയറി 18,398.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.74 ഉം സ്മോൾ ക്യാപ് സൂചിക 0.81 ഉം ശതമാനം ഉയർന്നു.
റിയൽറ്റി, ഐടി, വാഹന, മീഡിയ, എഫ്എംസിജി, ബാങ്ക് മേഖലകളാണു വലിയ നേട്ടത്തിലായത്. റിയൽറ്റി സൂചിക ഇന്നലെ നാലു ശതമാനത്തിലധികം ഉയർന്നു. ശോഭ ഡവലപ്പേഴ്സ് ഓഹരി 13 ശതമാനം ഉയർന്നു.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ താണു. ഗ്രൂപ്പിലെ എന്റർപ്രൈസസ് അടക്കമുള്ള കമ്പനികൾ മൂലധന സമാഹരണത്തിനു തീരുമാനിച്ചതിനെ തുടർന്നാണിത്. സമാഹരണം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ
പ്ലേസ്മെൻറ് (ക്യുഐപി) വഴിയാണ്. വലിയ നിക്ഷേപ ഫണ്ടുകൾ പറയുന്ന ഉപാധികൾ സ്വീകരിച്ച് അവർ കണക്കാക്കുന്ന വിലയിൽ വേണ്ടിവരും ഓഹരി നൽകൽ. അദാനി ഗ്രൂപ്പിൽ പ്രൊമോട്ടർ ഗ്രൂപ്പിന്റെ പങ്കാളിത്തം ഗണ്യമായി കുറയ്ക്കുന്ന വിധമാകും ഇതെന്നു വിപണി കരുതുന്നു. അതാണു വിലയിടിവിനു കാരണം.
നിഫ്റ്റിയുടെ കുതിപ്പ് തുടരാൻ അനുകൂലമാണു സാങ്കേതിക ഘടകങ്ങൾ. നിഫ്റ്റിക്കു 18,315 ലും 18,210 ലും സപ്പോർട്ട് ഉണ്ട്. 18,445 ലും 18,555 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ തിങ്കളാഴ്ച 1685.29 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 191.20 കോടിയുടെ ഓഹരികളും വാങ്ങി. ക്രൂഡ് ഓയിൽ വീണ്ടും കയറി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 75.23 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.45 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 75.70 ലേക്കും ഡബ്ള്യുടിഐ 71.53 ലേക്കും കയറി.
യുഎസ് പലിശവർധന സംബന്ധിച്ച അനിശ്ചിതത്വത്തിൽ ഡോളർ താഴ്ന്നു, സ്വർണവില കയറി. തിങ്കളാഴ്ച 2016.70 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2016 - 2018 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻ വില 45,320 രൂപയിൽ തുടർന്നു.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിൽ നീങ്ങി. ചെമ്പ് 0.25 ശതമാനം താണു ടണ്ണിന് 8218.25 ഡോളർ ആയി. അലൂമിനിയം 0.82 ശതമാനം കയറി 2262.85 ഡോളറിലെത്തി. ടിൻ 2.64 ശതമാനം കയറി 25,674 ഡോളർ ആയി. നിക്കലും ലെഡും ഉയർന്നപ്പാേൾ സിങ്ക് അൽപം താണു.
ക്രിപ്റ്റോ കറൻസികൾ അൽപം ഉയർന്നു. ബിറ്റ്കോയിൻ 27,300 ഡോളറിലാണ്. ഡോളർ ഇന്നലെ 15 പൈസ ഉയർന്ന് 82.31 രൂപയിലെത്തി. ഡോളർ സൂചിക 102.43 ലേക്കു താണു. ഇന്നു രാവിലെ 102.40 ആയി.
മൊത്തവിലയിലെ കയറ്റം മാറി ഇടിവ് തുടങ്ങുമ്പോൾ
മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ -0.92 ശതമാനമായി. വിലകൾ കയറുന്നതിനു പകരം കുറഞ്ഞു എന്നർഥം. ഫാക്ടറി ഉൽപന്നങ്ങൾക്ക് 2.42 ശതമാനം വില കുറഞ്ഞതും ഇന്ധന, വൈദ്യുത, ഭക്ഷ്യവിലകൾ താഴ്ന്നതുമാണ് കാരണം.
ഏറ്റവും പ്രധാന കാര്യം കഴിഞ്ഞ വർഷം ഏപ്രിലിൽ മൊത്തവിലക്കയറ്റം 15.4 ശതമാനം എന്ന റിക്കാർഡ് നിലവാരം ആയിരുന്നതാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ വിലനിലവാരം കുറഞ്ഞു എന്നാണ് സൂചിക താഴ്ന്നതിന്റെ അർഥം.
തുടർച്ചയായ 11-ാം മാസമാണു മൊത്തവിലക്കയറ്റത്തിൽ കുറവു വരുന്നത്. ഇത്തവണ കയറ്റത്തിനു പകരം ശോഷണം ആയി. എങ്കിലും നാണ്യപ്പെരുപ്പം (Inflation) മാറി നാണ്യച്ചുരുക്കം (Deflation) വന്നു എന്നു പറയാറായിട്ടില്ല. ചില്ലറ വിലക്കയറ്റം ഈ രീതിയിൽ ഏതാനും മാസം കുറഞ്ഞാലേ അതു പറയാനാവൂ.
കയറ്റുമതിയിൽ വലിയ ഇടിവ്
പാശ്ചാത്യ വിപണികളിൽ മാന്ദ്യത്തിനു സമാനമായ സാഹചര്യമായത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുന്നു. ഏപ്രിലിലെ ഉത്പന്ന കയറ്റുമതി 12.7 ശതമാനം ഇടിഞ്ഞു. ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കയറ്റുമതി (3466 കോടി ഡോളർ) ആണ് ഏപ്രിലിൽ സാധിച്ചത്. ഇറക്കുമതി 14 ശതമാനം കുറഞ്ഞതിനാൽ വാണിജ്യ കമ്മി കുറഞ്ഞു. ഇറക്കുമതി 4990 കോടി ഡോളർ. കമ്മി 1524 കോടി ഡോളർ. മാർച്ചിലെ റിക്കാർഡ് കയറ്റുമതിയായ 4190 കോടി ഡോളറിൽ നിന്നു 17.3 ശതമാനം കുറവാണ് ഏപ്രിലിലെ കയറ്റുമതി.
ഉൽപന്ന വിലയിടിവും കുറയുന്ന ഡിമാൻഡുമാണു കയറ്റുമതിയെ ബാധിച്ചത്. ക്രൂഡ് ഓയിലിന്റെയും പെട്രോളിയം ഉൽപന്നങ്ങളുടെയും വില കഴിഞ്ഞ വർഷം ഏപ്രിലിനെ അപക്ഷിച്ച് ഗണ്യമായി കുറഞ്ഞത് ഇറക്കുമതിയിലും കയറ്റുമതിയിലും ഒരേ പോലെ കുറവു വരുത്തി.
വിപണി സൂചനകൾ
(2023 മേയ് 15, തിങ്കൾ)
സെൻസെക്സ് 30 62,345.71 +0.51%
നിഫ്റ്റി 50 18,398.85 +0.46%
ബാങ്ക് നിഫ്റ്റി 44,072.10 +0.64%
മിഡ് ക്യാപ് 100 32,709.40 +0.74%
സ്മോൾക്യാപ് 100 9887.05 +0.81%
ഡൗ ജോൺസ്30 33,348.60 +0.14%
എസ് ആൻഡ് പി500 4136.28 +0.30%
നാസ്ഡാക് 12,365.20 +0.66%
ഡോളർ ($) ₹82.31 +15 പൈസ
ഡോളർ സൂചിക 102.43 +0.34
സ്വർണം(ഔൺസ്) $2016.70 +$05.20
സ്വർണം(പവൻ ) ₹45,320 ₹0.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.23 +$1.06