യുദ്ധഭീതിയിൽ വിപണികൾ; ഏഷ്യൻ വിപണികൾ ചുവപ്പിൽ; ക്രൂഡ് ഓയിലും സ്വർണവും കുതിച്ചു കയറി
വിദേശ നിക്ഷേപകർ വീണ്ടും വാങ്ങലിന്
ആഗോള സംഘർഷഭീതി വിപണികളെ വലിച്ചു താഴ്ത്തുകയാണ്. ഇസ്രയേൽ ഗാസയിലേക്ക് കടന്നാൽ തങ്ങൾ ഇടപെടുമെന്ന ഇറാന്റെ മുന്നറിയിപ്പും യുഎസിന്റെ രണ്ടു വിമാനവാഹിനികൾ യുദ്ധമേഖലയിൽ എത്തിയതും സംഘർഷഭീതി വളർത്തുന്നു. ക്രൂഡ് ഓയിൽ വില 90 ഡോളർ കടന്നു. സ്വർണവും കുതിച്ചു കയറി.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ വലിയ ഇടിവിലാണു വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച യുഎസിലെ വലിയ ബാങ്കുകൾ മികച്ച റിസൽട്ട് പുറഞ്ഞുവിട്ടെങ്കിലും വിപണി അത്രകണ്ട് ഉയർന്നില്ല.
ഈയാഴ്ച ചൈനയുടെ ജിഡിപി അടക്കമുള്ള കണക്കുകൾ വരുന്നുണ്ട്. ഇന്ത്യയിൽ ഇന്ന് എച്ച്ഡിഎഫ്സി ബാങ്ക് അടക്കം പുറത്തു വിടുന്ന റിസൽട്ടുകളും മൊത്തവില സൂചികയും വിപണിഗതിയെ നിർണയിക്കും. മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലസൂചിക ആറു മാസത്തിനു ശേഷം ഉയർച്ച കാണിക്കും എന്നാണു പ്രതീക്ഷ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,700 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,727 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ്വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ഇടിഞ്ഞു. സ്റ്റോക്സ് 600 ഒരു ശതമാനവും ജർമൻ, ഫ്രഞ്ച് സൂചികകൾ ഒന്നര ശതമാനം വീതവും താണു. യൂറോപ്പ് മാന്ദ്യത്തിന്റെ വക്കിൽ നിന്ന് ഇക്കൊല്ലം കയറുമെന്ന് ഐഎംഎഫിന്റെ യൂറോപ്യൻ ഡയറക്ടർ ആൽഫ്രഡ് കാമർ പറഞ്ഞു.
യുഎസ് വിപണി വെള്ളിയാഴ്ച നേട്ടത്തിൽ തുടങ്ങിയിട്ടു ഭിന്നദിശകളിലായി. വിലക്കയറ്റം വർധിക്കുമെന്നും ഉപഭാേക്തൃ വിശ്വാസം താഴോട്ടാണെന്നും കാണിക്കുന്ന സർവേ ഫലങ്ങൾ വിപണിയെ താഴ്ത്തി. ഒപ്പം ക്രൂഡ് ഓയിൽ വിലക്കയറ്റവും വിപണിക്കു ക്ഷീണമായി.
ഡൗ ജോൺസ് 39.15 പോയിന്റ് (0.12%) കയറി 33,670.29 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.83 പോയിന്റ് (0.50%) താഴ്ന്ന് 4327.78 ൽ അവസാനിച്ചു. നാസ്ഡാക് 166.99 പോയിന്റ് (1.23%) ഇടിവിൽ 13,407.23ലും ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ ഒന്നര ശതമാനത്തിലധികം താഴ്ന്നു. കൊറിയൻ വിപണി മുക്കാൽ ശതമാനത്തോളം താഴ്ന്നു. ചെെനയിലും ഓഹരികൾ താഴ്ചയിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച വലിയ താഴ്ചയിൽ തുടങ്ങിയിട്ട് ഇടയ്ക്കു കയറിയെങ്കിലും നേട്ടം നിലനിർത്താനായില്ല. ചെറിയ നഷ്ടത്തിൽ വിപണി ക്ലോസ് ചെയ്തു. സെൻസെക്സ് 125.65 പോയിന്റ് (0.19%) താഴ്ന്ന് 66,282.74 ൽ അവസാനിച്ചു. നിഫ്റ്റി 42.95 പോയിന്റ് (0.22%) കുറഞ്ഞ് 19,751.05 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 311.25 പോയിന്റ് (0.70%) ഇടിഞ്ഞ് 44,287.95 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.12 ശതമാനം താഴ്ന്ന് 40,506.15 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.44 ശതമാനം താണ് 12,894.05-ൽ അവസാനിച്ചു.
ദിവസങ്ങൾക്കു ശേഷം വെള്ളിയാഴ്ച വിദേശ നിക്ഷേപകർ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 317.01 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 102.88 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞ ആഴ്ചയിൽ വിദേശികൾ 9800 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു.
ഓട്ടോ, എഫ്എംസിജി, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ മേഖലകൾ മാത്രമാണ് ഉയർന്നത്.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവനം, മീഡിയ തുടങ്ങിയവ താണു.
കഴിഞ്ഞ ആഴ്ച സെൻസെക്സ് 0.44 ശതമാനവും നിഫ്റ്റി 0.50 ശതമാനവും ഉയർന്നു. റിയൽറ്റി, മെറ്റൽ, ഓട്ടോ, എഫ്എംസിജി, ഓയിൽ എന്നിവ മികച്ച പ്രതിവാര നേട്ടം ഉണ്ടാക്കി. ഐടിക്കു ഗണ്യമായ വീഴ്ച ഉണ്ടായി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച വാങ്ങലുകാരായതിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്ന ബുള്ളുകൾ തിരിച്ചുകയറ്റ സാധ്യത മുന്നിൽ കാണുന്നു. എന്നാൽ യുദ്ധം അടക്കമുള്ള ഭൗമ - രാഷ്ട്രീയ സാഹചര്യങ്ങൾ വിപണിക്കു മേൽ കരിനിഴൽ വീഴ്ത്തുന്നു. ഇന്നു നിഫ്റ്റിക്ക് 19,665 ലും 19,560 ലും പിന്തുണ ഉണ്ട്. 19,795 ഉം 19,900വും തടസങ്ങളാകും.
ടിൻ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു , അലൂമിനിയം 0.27 ശതമാനം താണു ടണ്ണിന് 2194 ഡോളറിലായി. ചെമ്പ് 1.49 ശതമാനം ഇടിവിൽ ടണ്ണിന് 7875.85 ഡോളറിലെത്തി. ലെഡ് 1.76 ഉം സിങ്ക് 0.87 ഉം നിക്കൽ 0.56 ഉം ശതമാനം താഴ്ന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച കുതിച്ചു. ബ്രെന്റ് ഇനം ക്രൂഡ് അഞ്ചു ശതമാനം ഉയർന്ന് 90.89 ഡോളറിലും ഡബ്ള്യുടിഐ ഇനം 87.69 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 90.72 ഡോളറിലേക്കു താണു. യുഎഇയുടെ മർബൻ ക്രൂഡ് 93.19 ഡോളറിൽ വ്യാപാരം നടക്കുന്നു.
യുദ്ധഭീഷണി വലിയ നിക്ഷേപകരെ സ്വർണത്തിലേക്കു നയിച്ചു. വെള്ളിയാഴ്ച സ്വർണ വില കുതിച്ചു കയറി. ഓൺസിന് 64 ഡോളർ കയറി 1932.5 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1922 ലേക്ക് താണു.
കേരളത്തിൽ ശനിയാഴ്ച പവൻവില 1,120 രൂപ ഉയർന്ന് 44,320 രൂപയിൽ എത്തി. ഇത്രയും വലിയ ഏകദിന കയറ്റം മുൻപ് ഉണ്ടായിട്ടില്ല.
ഡോളർ വെള്ളിയാഴ്ച രണ്ടു പെെസ കൂടി 83.26 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 106.65 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.55 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 27,150 ലാണ്.
റിസൽട്ടുകൾ
ഈയാഴ്ച പ്രതീക്ഷിക്കുന്ന പ്രധാന കമ്പനി റിസൽട്ടുകൾ:
ഒക്ടോബർ 16: എച്ച്ഡിഎഫ്സി ബാങ്ക്, ജിയോ ഫിനാൻഷ്യൽ, സിയറ്റ്.
17: ബജാജ് ഫിനാൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്, വിഎസ്ടി ഇൻഡസ്ട്രീസ്
18: വിപ്രോ, എൽടി മൈൻഡ് ട്രീ, ബജാജ് ഓട്ടോ
19: ഹിന്ദുസ്ഥാൻ യൂണിലീവർ, ഐടിസി, അൾട്രാടെക് സിമന്റ്, നെസ്ലെ.
20: സിഎസ്ബി ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ.
21: ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്.
വരുമാനവും ലാഭമാർജിനും മെച്ചപ്പെടും: ക്രിസിൽ
ഇപ്പോൾ പുറത്തു വരുന്ന കമ്പനി റിസൽട്ടുകൾ കമ്പനികളുടെ വിറ്റുവരവിൽ എട്ടു മുതൽ 10 വരെ ശതമാനം വളർച്ച കാണിക്കുമെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ കണക്കുകൂട്ടുന്നു. ഒരു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്രയും വരുമാനവർധന. ജൂണിലവസാനിച്ച പാദത്തിൽ ഏഴു ശതമാനമായിരുന്നു വരുമാന വർധന. വാഹനങ്ങൾ, നിർമാണം, ഐടി മേഖലകളിലാണു ക്രിസിൽ കാര്യമായ വരുമാന വർധന പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ പാദത്തിൽ കമ്പനികളുടെ ലാഭമാർജിനും മെച്ചപ്പെടുമെന്നു ക്രിസിൽ റിപ്പോർട്ടിൽ പറയുന്നു.
300 കമ്പനികളെ വിശകലനം ചെയ്താണ് ക്രിസിൽ ഈ നിഗമനങ്ങളിൽ എത്തിയത്.
വിപണി സൂചനകൾ
(2023 ഒക്ടോബർ 13, വെള്ളി)
സെൻസെക്സ് 30 66,282.74 -0.19%
നിഫ്റ്റി 50 19,751.0 5 -0.22%
ബാങ്ക് നിഫ്റ്റി 44,287.95 -0.70%
മിഡ് ക്യാപ് 100 40,506.15 -0.12%
സ്മോൾ ക്യാപ് 100 12,894.05 -0.44%
ഡൗ ജോൺസ് 30 33,670.30 +0.12%
എസ് ആൻഡ് പി 500 4327.78 -0.50%
നാസ്ഡാക് 13,407.20 -1.23%
ഡോളർ ($) ₹83.26 +₹0.02
ഡോളർ സൂചിക 106.65 +00.05
സ്വർണം(ഔൺസ്) $1932.50 +$64.0.0
സ്വർണം(പവൻ) ₹44,320 +₹1120.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $90.89 +$4.89