പലിശഭീഷണിയിൽ ആഗോള വിപണികൾ ഇടിയുന്നു; പ്രതിരോധ ഓഹരികൾ കുതിപ്പ് തുടരുന്നു
രൂപയും സ്വർണവും ക്രൂഡ് ഓയിലും താഴ്ചയിൽ
പലിശ ഇനിയും കൂട്ടുമെന്നു യുഎസ് ഫെഡിന്റെ മിനിറ്റ്സിൽ വ്യക്തമാക്കിയത് യുഎസ് ഓഹരികളെ താഴ്ത്തി. ഇന്ന് ഏഷ്യൻ ഓഹരികളും ഇടിഞ്ഞു. ഇന്ത്യൻ വിപണിയും താഴ്ന്ന തുടക്കത്തിലേക്കാണു നീങ്ങുന്നത്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,412 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,356 ലേക്കു താണിട്ടു 19,405 ലേക്കു കയറി. ഇന്ന് താഴ്ന്ന തുടക്കമാകും ഇന്ത്യൻ വിപണിയുടേത് എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ബുധനാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. യുകെയിലെ ചില്ലറ വിലക്കയറ്റം കഴിഞ്ഞ മാസം 6.8 ശതമാനത്തിലേക്കു താഴ്ന്നു. ഒപ്പം പാർപ്പിട വിലയിലെ വർധന 2020 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുമായി.
യുഎസ് വിപണികൾ ബുധനാഴ്ചയും വലിയ വീഴ്ചയിലായി. വിലക്കയറ്റം ഇനിയും കൂടാൻ സാധ്യത ഉണ്ടെന്നും പലിശ വർധിപ്പിക്കേണ്ടി വരുമെന്നും ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) അംഗങ്ങൾ പറഞ്ഞതാണു വിപണിയെ താഴ്ത്തിയത്. കഴിഞ്ഞ ഫെഡ് യോഗത്തിന്റെ മിനിറ്റ്സ് ഇന്നലെ പുറത്തുവന്നു.
ഡൗ ജോൺസ് 180.65 പോയിന്റ് (0.52%) താഴ്ന്ന് 34,765.74 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 33.53 പോയിന്റ് (0.76%) ഇടിഞ്ഞ് 4404.33 ൽ അവസാനിച്ചു.
നാസ്ഡാക് 156.42 പോയിന്റ് (1.15%) വീണ് 13,474.63 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.18 ഉം ശതമാനം താണു.
ജപ്പാനും ചൈനയും അടക്കം ഏഷ്യൻ വിപണികൾ ഇന്ന് തകർച്ചയിലായി. വിപണികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. യുഎസ് പലിശ കൂട്ടൽ ഭീഷണിയാണു പ്രധാന കാരണം. ചൈനീസ് വളർച്ച ലക്ഷ്യത്തിലും കുറവാകും എന്ന സൂചന ഹോങ് കോങ് ഓഹരികളെ രണ്ടു ശതമാനത്തിലധികം ഇടിച്ചു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച രാവിലെ ഇടിയുകയും ഉച്ചയ്ക്കു ശേഷം തിരിച്ചു കയറുകയും ചെയ്തു. തിങ്കളാഴ്ചയുടെ ആവർത്തനം പോലെ തോന്നിച്ച വിപണി മുൻ ദിവസത്തേക്കാൾ കരുത്തുള്ള നേട്ടത്താേടെയാണു ക്ലോസ് ചെയ്തത്.
സെൻസെക്സ് 137.50 പോയിന്റ് (0.21%) കയറി 65,539.42ലും നിഫ്റ്റി 30.45 പോയിന്റ് (0.16%) ഉയർന്ന് 19,465 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.08 ശതമാനം ഉയർന്ന് 37,801.65 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.57 ശതമാനം കയറി 11,728.5 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ഇന്നലെ 722.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രണ്ടു ദിവസത്തെ കനത്ത വിൽപനയ്ക്കു ശേഷമാണ് വിദേശികൾ ഇന്നലെ കാഷ് വിപണിയിൽ വാങ്ങലുകാരായത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2406.19 കോടിയുടെ ഓഹരികളും വാങ്ങി.
തലേ വ്യാപാര ദിവസം പോലെ ഇന്നലെയും 19,300 ലെ പിന്തുണനിലവാരത്തിൽ നിന്ന് നിഫ്റ്റി തിരിച്ചു കയറുകയായിരുന്നു. ഈ പിന്തുണ ഭേദിക്കപ്പെട്ടാൽ 19,000 നു താഴെയാകും പിന്തുണ ലഭിക്കുക എന്നാണു വിലയിരുത്തൽ.
നിഫ്റ്റിക്ക് ഇന്ന് 19,355 ലും 19,255 ലും പിന്തുണ ഉണ്ട്. 19,490 ഉം 19,590 ഉം തടസങ്ങളാകാം.
അദാനി ഗ്രൂപ്പ് ഓഹരികൾ താഴ്ന്നു
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലയും താഴ്ന്നു. അദാനി പവറിന്റെ 8.1ശതമാനം ഓഹരി അമേരിക്കയിലെ ജിക്യുജി പാർട്ട്നേഴ്സ് ഇന്നലെ വാങ്ങി. 9000 കോടി രൂപയ്ക്കാണ് 31.2 കോടി ഓഹരികൾ വാങ്ങിയത്. കമ്പനിയിൽ 74.97 ശതമാനം ഓഹരി പ്രാെമോട്ടർമാരുടെ പക്കലായിരുന്നു.
അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികളിലും ജിക്യൂജി പാർട്ട്നേഴ്സ് (GQG Partners)ഓഹരി എടുത്തിട്ടുണ്ട്. രാജീവ് ജെയിൻ സ്ഥാപിച്ച ഈ കമ്പനി ഇതുവരെ 34,000 കോടിയാേളം അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുണ്ട്.
പ്രതിരോധ മേഖലയിലെ കപ്പൽ നിർമാണ കമ്പനികൾക്ക് ഇന്നലെയും വലിയ കയറ്റം ഉണ്ടായി. തലേന്ന് ഏഴു ശതമാനം കുതിച്ച കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ 19 ശതമാനം കയറി 822 രൂപ വരെ എത്തി. തലേന്ന് 13.5 ശതമാനം ഉയർന്ന ഗാർഡൻ റീച്ച് ഇന്നലെ 18 ശതമാനം കയറി.
ഒരു മാസത്തിനിടെ 62 ശതമാനം നേട്ടമുണ്ടാക്കിയ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷന്റെ (ഐആർഎഫ്സി) ഓഹരികൾ ഒഎഫ്എസ് (ഓഫർ ഫോർ സെയിൽ) വഴി വിൽക്കാൻ ഗവണ്മെന്റ് ഉദ്ദേശിക്കുന്നു. 86.36 ശതമാനം ഓഹരി ഗവണ്മെന്റിന്റെ പക്കലാണ്. അതിൽ 11.36 ശതമാനം വിൽക്കുകയാണു ലക്ഷ്യം. അതുവഴി പൊതുവിപണിയിലെ ഓഹരി 25 ശതമാനമാക്കാം. ഇപ്പോഴത്തെ വിപണി വിലയിൽ 7600 കോടി രൂപ ഗവണ്മെന്റിനു കിട്ടും.
ഒന്നാം പാദ റിസൽട്ട് മോശമാവുകയും കമ്പനി കുറേ ദിവസത്തേക്കു പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടർന്ന് ഹിന്ദുസ്ഥാൻ ഓയിൽ എക്സ്പ്ലൊറേഷൻ കോർപറേഷൻ (എച്ച്ഒഇസി) ഓഹരി ഇന്നലെ 20 ശതമാനം ഇടിഞ്ഞു.
വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ആശ്വാസ റാലിയിലായിരുന്നു. അലൂമിനിയം 0.04 ശതമാനം കയറി ടണ്ണിന് 2144.63 ഡോളറിലായി. ചെമ്പ് 0.06 ശതമാനം ഉയർന്നു ടണ്ണിന് 8131 ഡോളറിൽ എത്തി. ടിൻ 0.71 ശതമാനവും നിക്കൽ 0.79 ശതമാനവും ലെഡ് 1.13 ശതമാനവും ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 83.45 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.38 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 83.15 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 79.05 ഡോളറിലേക്കും താണു.
സ്വർണം വീണ്ടും താഴ്ന്നു. ഔൺസിന് 1892.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 1890.40 ഡോളറിലാണ്.
കേരളത്തിൽ പവൻവില ഇന്നലെ 43,560 രൂപയിലേക്കു താണു. ഇന്നും വില താണേക്കാം. ഡോളറിന്റെ വിനിമയ നിരക്കിനെ ആശ്രയിച്ചാകും സ്വർണവിലയിലെ മാറ്റം.
ഡോളർ സൂചിക ഇന്നലെ 103.42-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.48 വരെ കയറിയിട്ട് അൽപം താണു. രൂപയുടെ നിരക്ക് ഗണ്യമായി താഴുമെന്നാണു സൂചന.
ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 28,600 ഡോളറിനടുത്താണ്.
യുഎസ് പലിശ കൂട്ടിയാൽ...
ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) മിനിറ്റ്സ് വിപണിയുടെ ആശങ്കകൾ സ്ഥിരീകരിച്ചു. വിലക്കയറ്റം ഇനിയും കൂടാം എന്നും അതു നേരിടാൻ പലിശ കൂട്ടും എന്നും ഉറപ്പായി. യുഎസ് ഫെഡ് സെപ്റ്റംബറിലും ഒരു പക്ഷേ പിന്നീടും നിരക്കു കൂട്ടാം എന്നു വ്യക്തം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 0.0 -0.25 ശതമാനമാണു ഫെഡ് ലക്ഷ്യമിട്ടിരുന്ന പലിശ നിരക്ക്. കഴിഞ്ഞ മാസം അത് 5.25 - 5.50 ശതമാനമായി. 22 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്. അവിടെ നിന്ന് ഇനിയും കയറും എന്നാണു സൂചന.
യുഎസ് പലിശ കൂട്ടിയാൽ എന്താണു സംഭവിക്കുക? ഓഹരികളിൽ നിന്നു പണം അമേരിക്കൻ കടപ്പത്രങ്ങളിലേക്കു നീങ്ങും , മറ്റു രാജ്യങ്ങളിലെ നിക്ഷേപങ്ങളും യുഎസിലേക്കു നീങ്ങുമ്പോൾ ഡോളർ കയറും, രൂപയടക്കം മറ്റു കറൻസികൾ ദുർബലമാകും, സ്വർണത്തിനും മറ്റു നിക്ഷേപ ആസ്തികൾക്കും വില കുറയും. ഇതൊക്കെ ഇന്നലെ വിപണിയിൽ കണ്ടു. വരും ദിവസങ്ങളിൽ ഈ പ്രവണത തുടരാം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കും പലിശവർധന തുടരേണ്ടി വരാം. അല്ലെങ്കിൽ കറൻസി തകർച്ച നേരിടാം.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 16, ബുധൻ)
സെൻസെക്സ് 30 65,539.42 +0.21%
നിഫ്റ്റി 50 19,465.00 +0.16%
ബാങ്ക് നിഫ്റ്റി 43,946.40 -0.33%
മിഡ് ക്യാപ് 100 37,801.65 +0.08%
സ്മോൾക്യാപ് 100 11,728.50 +0.57%
ഡൗ ജോൺസ് 30 34,765.74 - 0.52%
എസ് ആൻഡ് പി 500 4404.33 -0.76%
നാസ്ഡാക് 13,474.63 -1.15%
ഡോളർ ($) ₹83.08 0.00
ഡോളർ സൂചിക 103.43 +0.22
സ്വർണം(ഔൺസ്) $1892.40 -$9.40
സ്വർണം(പവൻ) ₹43,560 -₹ 80
ക്രൂഡ് (ബ്രെന്റ്)ഓയിൽ $83.37 -$1.52