വിപണിയിൽ കരടികൾ നിയന്ത്രണം പിടിക്കുമോ?
യുഎസ് കട പരിധി പുതിയ ആശങ്ക; സ്വർണവും വ്യാവസായിക ലോഹങ്ങളും താഴുന്നു; ജപ്പാൻ വളർച്ചയിൽ, ചെെന മന്ദഗതിയിൽ
അമേരിക്കയിൽ സർക്കാർ കടപരിധി സംബന്ധിച്ച ചർച്ചകൾ നീണ്ടു പോകുന്നത് മാന്ദ്യഭീതി വളർത്തുന്നു. പാശ്ചാത്യ വിപണികൾക്കു പിന്നാലെ ഏഷ്യൻ വിപണികളും താഴ്ചയിലായി. അതിന്റെ തുടർച്ച ഇന്ത്യൻ വിപണിയിൽ ഉണ്ടായാൽ കരടികൾ വിപണിയുടെ നിയന്ത്രണം പിടിക്കും.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി ആദ്യ സെഷനിൽ 18,329.5-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,306 വരെ താണു. ഇന്നു രാവിലെ 18,275 വരെ താണിട്ട് 18,290 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച ഇടിവിലായിരുന്നു. വോഡഫോൺ 11,000 പേരെ പിരിച്ചുവിട്ട വാർത്തയ്ക്കു പിന്നാലെ ഓഹരി ഏഴു ശതമാനം താണു. യൂറോ മേഖലയുടെ ജിഡിപി വളർച്ച ഒന്നാം പാദത്തിൽ 0.1 ശതമാനം മാത്രമായിരുന്നു. ജർമൻ നിക്ഷേപ മനോഭാവം കൂടുതൽ ദുർബലമായി.
യുഎസ് വിപണി നഷ്ടത്തിൽ അവസാനിച്ചു. യുഎസ് കടത്തിന്റെ പരിധി സംബന്ധിച്ചു ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ചർച്ച നടക്കും മുൻപ് വിപണി ക്ലോസ് ചെയ്തു. രാത്രി നടന്ന ചർച്ച വിജയിച്ചില്ല. എങ്കിലും തുടരാൻ തീരുമാനമായി. ഒത്തുതീർപ്പിനു സാധ്യത ഉണ്ടെന്നാണു ചില മാധ്യമ റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച ഡൗ ജോൺസ് 336.46 പോയിന്റ് ഇടിഞ്ഞു. എസ് ആൻഡ് പി 26.38 പോയിന്റും നാസ്ഡാക് 22.16 പോയിന്റും താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.1ഉം എസ് ആൻഡ് പി 0.2 ഉം നാസ്ഡാക് 0.22 ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നും ഭിന്നദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ജപ്പാനിൽ സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങി. ഒന്നാം പാദത്തിലെ ജാപ്പനീസ് ജിഡിപി വളർച്ച 1.6 ശതമാനമായി. ഇതു പ്രതീക്ഷയേക്കാൾ ഗണ്യമായി കൂടുതലാണ്. കഴിഞ്ഞ രണ്ടു പാദങ്ങളിലും ജിഡിപി ചുരുങ്ങുകയായിരുന്നു. ഇത്തവണ ഉപഭോഗത്തിലും മൂലധന നിക്ഷേപത്തിലും പ്രതീക്ഷയേക്കാൾ വർധന ഉണ്ടായി. കാെറിയൻ വിപണി തുടക്കത്തിൽ താണിട്ടു പിന്നീടു കയറി.
ചെെനയിലെ സാമ്പത്തിക വളർച്ച ഞെരുക്കത്തിലൂടെയാണു കടന്നുപോകുന്നതെന്ന് കണക്കുകൾ തെളിയിച്ചു. വ്യവസായ വളർച്ച 5.6 ശതമാനമാണ്. 10.9 ശതമാനം ആയിരുന്നു പ്രതീക്ഷ റീട്ടെയിൽ വ്യാപാരം 21 ശതമാനം വർധിക്കുമെന്നു കരുതിയിടത്തു 18.4 ശതമാനം മാത്രം. ചെെനീസ് സൂചികകൾ ഇടിവിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച അൽപം ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു വലിയ താഴ്ചയിലേക്കു പതിച്ചു. തിങ്കളാഴ്ചത്തെ ഉയർച്ച കൃത്രിമമാണെന്നു കാണിക്കുന്നതായി ഇന്നലത്തെ വിപണി ഗതി.
സെൻസെക്സ് 413. 24 പോയിന്റ് (0.66%) ഇടിഞ്ഞ് 61,932.47 ലും നിഫ്റ്റി 112.35 പോയിന്റ് (0.61%) താഴ്ന്ന് 18,286.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.26 ശതമാനം ഉയർന്നു. സ്മോൾ ക്യാപ് സൂചിക 0.02 ശതമാനം താഴ്ചയിലായി.
വിപണിയുടെ സ്വഭാവം ബെയറിഷ് ആയി മാറി. 18,300 - 18,400 മേഖലയെ മറികടക്കാനുള്ള ശ്രമം വിജയിപ്പിക്കാൻ നിഫ്റ്റിക്കു കഴിയുന്നില്ല. നിഫ്റ്റിക്കു 18,265 ലും 18,160 ലും സപ്പോർട്ട് ഉണ്ട്. 18,395 ലും 18,495 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച 1406.86 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 886.17 .കോടിയുടെ ഓഹരികൾ വിൽക്കുകയും ചെയ്തു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 74.91 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 70.62 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 74.51 ലേക്കും ഡബ്ള്യുടിഐ 70.46 ലേക്കും താഴ്ന്നു.
യുഎസ് സർക്കാരിന്റെ കടപരിധി സംബന്ധിച്ച അനിശ്ചിതത്വത്തിൽ സ്വർണവില 2000 ഡോളറിനു താഴേക്ക് ഇടിഞ്ഞു. 2018 ഡോളർ വരെ രാവിലെ കയറിയ സ്വർണം 1985 ൽ എത്തിയ ശേഷം 1990.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1987 -1988 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻ വില 80 രൂപ കൂടി 45,400 രൂപയിൽ എത്തി. ഇന്നു വില കുറയും.
അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. അലൂമിനിയം 0.12 ശതമാനം കയറി 2265.5 ഡോളറിലെത്തി. ചെമ്പ് 1.73 ശതമാനം താണു ടണ്ണിന് 8076.00 ഡോളർ ആയി. . ടിൻ മൂന്നു ശതമാനം ഇടിഞ്ഞ് 24,899 ഡോളർ ആയി. നിക്കൽ 3.6 ഉം സിങ്ക് 1.76 ഉം ശതമാനം താണു.
ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 27,000 ഡോളറിലാണ്. ഡോളർ ഇന്നലെ 15 പൈസ ഉയർന്ന് 82.31 രൂപയിലെത്തി. ഡോളർ സൂചിക 102.61 ലേക്കു കയ. ഇന്നു രാവിലെ 102.65 ആയി.
കമ്പനികൾ, വാർത്തകൾ
ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) നാലാം പാദത്തിൽ അറ്റാദായം 67 ശതമാനം വർധിപ്പിച്ച് 10,059 കോടി രൂപയാക്കി. വരുമാനം 10 ശതമാനം കൂടി 2.26 ലക്ഷം കോടി രൂപയിലെത്തി. അനാലിസ്റ്റുകളുടെ പ്രതീക്ഷയേക്കാൾ വളരെ കൂടുതലാണു നേട്ടം. കഴിഞ്ഞ ധനകാര്യ വർഷം ഐഒസിയുടെ റിഫൈനിംഗ് മാർജിൻ വീപ്പയ്ക്ക് 19.52 ഡോളറായി. തലേ വർഷം 11.25 ഡോളറായിരുന്നു.
ഭാരതി എയർടെലിന്റെ നാലാം പാദ ലാഭം 49 ശതമാനം വർധിച്ച് 3006 കോടി രൂപയായി. വരുമാനം 14.3 ശതമാനം കൂടി 36,009 കോടി രൂപയിലെത്തി. നാലാം പാദത്തിൽ ഇന്ത്യൻ ബിസിനസ് 12.2 ശതമാനം വളർന്നു. കഴിഞ്ഞ ധനകാര്യ വർഷം മൊത്തം ഇന്ത്യയിലെ വളർച്ച 19 ശതമാനമാണ്. ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) 178 രൂപയിൽ നിന്ന് 193 രൂപയായി. റിലയൻസിന്റെ എആർപിയു 178.8 രൂപയാണ്.
ബാങ്ക് ഓഫ് ബറോഡ നാലാം പാദത്തിൽ അറ്റാദായം 168 ശതമാനം വർധിപ്പിച്ച് 4775 കോടി രൂപയാക്കി. വാർഷിക അറ്റാദായം 94 ശതമാനം കൂടി 11,525 കോടി രൂപയിലെത്തി. മാെത്തം എൻപിഎ 6.61 ശതമാനത്തിൽ നിന്ന് 3.79 ശതമാനമായും അറ്റ എൻപിഎ 1.72 ൽ നിന്ന് 0.89 ശതമാനമായും കുറഞ്ഞു. അറ്റ പലിശ മാർജിൻ 3.03 - ൽ നിന്നു 3.31 ശതമാനമായി വർധിച്ചു.
വിപണി സൂചനകൾ
(2023 മേയ് 16, ചൊവ്വ)
സെൻസെക്സ് 30 61,932.47 -0.66%
നിഫ്റ്റി 50 18,286.50 -0.61%
ബാങ്ക് നിഫ്റ്റി 43,903.70 -0.38%
മിഡ് ക്യാപ് 100 32,792.85 +0.26%
സ്മോൾക്യാപ് 100 9885.45 -0.02%
ഡൗ ജോൺസ്30 33,012.14 -1.01%
എസ് ആൻഡ് പി500 4109.90 -0.64%
നാസ്ഡാക് 12,343.05 -0.18%
ഡോളർ ($) ₹82.31 +15 പൈസ
ഡോളർ സൂചിക 102.61 +0.18
സ്വർണം(ഔൺസ്) $ 1990.20 -$26.50
സ്വർണം(പവൻ ) ₹45,400 +₹0.80
ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.91 -$0.31