യുദ്ധഭീതി മാറ്റിവച്ച് വിദേശ വിപണികള്‍ കുതിപ്പില്‍; നേട്ടത്തോടെ തുടക്കം പ്രതീക്ഷിച്ച് ഇന്ത്യന്‍ വിപണി; ബാങ്ക് റിസല്‍ട്ടുകളില്‍ പ്രതീക്ഷ; ക്രൂഡ് അല്‍പം താഴ്ന്നു
മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം സെപ്റ്റംബറിലും നെഗറ്റീവ് ആയി
പശ്ചിമേഷ്യയിലെ യുദ്ധഭീതിക്കു ചെറിയ ശമനം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേൽ സന്ദർശിക്കും എന്ന പ്രഖ്യാപനം അതുവരെ കരയുദ്ധം ഉണ്ടാവുകയില്ലെന്ന ഉറപ്പു കൂടിയായി. യുഎസ് കമ്പനികളുടെ റിസൽട്ടുകൾ പ്രതീക്ഷയിലും മെച്ചമായത് യുഎസ് വിപണിയെ ഒരു ശതമാനം ഉയർത്തി. ഇന്നു രാവിലെ ഏഷ്യൻ വിപണികളും നല്ല നേട്ടത്തിലാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,811 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,827 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ഉയർന്നു. സ്റ്റോക്സ് 600 ഉം ജർമൻ, ഫ്രഞ്ച് സൂചികകളും കാൽ ശതമാനം വീതമാണു കയറിയത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യമാണ് വിപണിയെ തടയുന്നത്.
യു.എസ് വിപണി തിങ്കളാഴ്ച നേട്ടത്തിൽ തുടങ്ങിയിട്ടു കൂടുതൽ ഉയരത്തിലേക്കു കയറി. കമ്പനികൾ കൂടുതൽ മെച്ചപ്പെട്ട റിസൽട്ടുകൾ പ്രസിദ്ധീകരിക്കുന്നതാണ് വിപണിക്കു സഹായകമായത്. കടപ്പത്രവില താഴുകയും അവയിലെ നിക്ഷേപനേട്ടം കൂടുകയും ചെയ്തത് വിപണി ഇന്നലെ അവഗണിച്ചു. ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവ ഇന്നു റിസൽട്ട് പുറത്തുവിടും. സമ്പദ്ഘടനയുടെ വളർച്ചയ്ക്കു വേഗം കൂടുകയും കമ്പനികൾ ലാഭം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞയാഴ്ച ജെ.പി മോർഗൻ ചേയ്സും ഇന്നലെ ചാൾസ് ഷ്വാബും മികച്ച റിസൽട്ടുകൾ പുറത്തുവിട്ടു.
ഡൗ ജോൺസ് 314 .25 പോയിന്റ് (0.93%) കുതിച്ച് 33,984.54 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 45.85 പോയിന്റ് (1.06%) ഉയർന്ന് 4373.63 ൽ അവസാനിച്ചു. നാസ്ഡാക് 160.75 പോയിന്റ് (1.20%) കയറി 13,567.98ലും ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്നു ശക്തമായ തിരിച്ചു കയറ്റത്തിലാണ്. യുദ്ധം സംബന്ധിച്ചു ചില ആശ്വാസ സൂചനകൾ ലഭിച്ചതാണു കാരണം. ജപ്പാനിൽ നിക്കൈ 1.75 ശതമാനത്തിലധികം ഉയർന്നു. പിന്നീടു നേട്ടം കുറച്ചു. കൊറിയൻ, ഓസ്ട്രേലിയൻ വിപണികൾ ഒരു ശതമാനത്തോളം കയറിയാണു വ്യാപാരം തുടങ്ങിയത്. ചെെനയിൽ ഓഹരികൾ താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴ്ന്നെങ്കിലും ഒരു മണിക്കൂറിനു ശേഷം നേട്ടത്തിലായി. അവസാന അര മണിക്കൂറിൽ വീണ്ടും താഴ്ചയിലേക്കു മാറി. സെൻസെക്സ് 115.81 പോയിന്റ് (0.17%) താഴ്ന്ന് 66,166.93 ൽ അവസാനിച്ചു. നിഫ്റ്റി 19.3 പോയിന്റ് (0.1%) കുറഞ്ഞ് 19,731.75 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 62.05 പോയിന്റ് (0.14%) കുറഞ്ഞ് 44,225.9 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.21 ശതമാനം കയറി 40,590.65 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം ഉയർന്ന് 12,941.65-ൽ അവസാനിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 593.66 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1184.24 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഓട്ടോ, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ മേഖലകൾ ഉയർന്നു. ഐ ടി, എഫ്എംസിജി, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, മീഡിയ തുടങ്ങിയ മേഖലകൾ താണു.
ആഴ്ചയുടെ തുടക്കം നഷ്ടത്തിലായെങ്കിലും വിദേശവിപണികളിലെ നേട്ടം ഇന്നു പ്രതീക്ഷ നൽകുന്നു. ഇന്നു നിഫ്റ്റിക്ക് 19,700 ലും 19,650 ലും പിന്തുണ ഉണ്ട്. 19,770 ഉം 19,825 ഉം തടസങ്ങളാകും.
അലൂമിനിയവും ടിന്നും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഉയർന്നു. അലൂമിനിയം 0.63 ശതമാനം താണു ടണ്ണിന് 2180.25 ഡോളറിലായി. ചെമ്പ് 0.55 ശതമാനം കയറി ടണ്ണിന് 7919.15 ഡോളറിലെത്തി. ലെഡ് 1.31 ഉം സിങ്ക് 0.44 ഉം നിക്കൽ 0.68 ഉം ശതമാനം ഉയർന്നു. ടിൻ 0.36 ശതമാനം താണു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 89.65 ഡോളറിലും ഡബ്ള്യുടിഐ ഇനം 86.65 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 89.75 ഡോളറിലേക്കു കയറി. പിന്നീടു താഴ്ന്നു. യു.എ.ഇയുടെ മർബൻ ക്രൂഡ് 92.32 ഡോളറിൽ വ്യാപാരം നടക്കുന്നു.
യുദ്ധഭീഷണിയിൽ ഉയർന്ന സ്വർണവില ഇന്നലെ താഴ്ന്നു. എങ്കിലും 1900 നു മുകളിൽ നിലനിന്നു. 1908 ഡോളർ വരെ താണ സ്വർണം 1919.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1915 ലേക്ക് താഴ്ന്നു.
കേരളത്തിൽ തികളാഴ്ച പവൻവില 240 രൂപ താഴ്ന്ന് 44,080 രൂപയായി. ഇന്നും വില കുറയാം.
ഡോളർ തിങ്കളാഴ്ച രണ്ടു പെെസ കൂടി 83.28 രൂപയിൽ ക്ലോസ് ചെയ്തു. ഇതു ഡോളറിന്റെ വിനിമയ നിരക്കിലെ റെക്കോഡാണ്. യുദ്ധഭീതിയാണു രൂപയെ താഴ്ത്തിയത്. ഡോളർ സൂചിക താണതിനാൽ ഇന്നു രൂപ നേട്ടം ഉണ്ടാക്കിയേക്കാം.
ഡോളർ സൂചിക ഇന്നലെ താഴ്ന്ന് 106.24 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.55 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ കയറി. ബിറ്റ്കോയിൻ 28,350 ഡോളറിലാണ്.
ലാഭം വർധിപ്പിച്ച് ബാങ്ക് റിസൽട്ടുകൾ
ഫെഡറൽ ബാങ്ക് രണ്ടാം പാദത്തിൽ അറ്റാദായം 35.5 ശതമാനം വർധിപ്പിച്ച് റെക്കോഡ് തുകയായ 953.8 കോടി രൂപയിൽ എത്തിച്ചു. നിക്ഷേപത്തിൽ 23 ഉം വായ്പയിൽ 19.6 ഉം ശതമാനം വർധനയുണ്ട്. അറ്റപലിശ വരുമാനം 16.72 ശതമാനം വർധിച്ചു. റിസൽട്ടിനു ശേഷം ഓഹരിവില അരശതമാനം താഴ്ന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക് ജൂലൈ - സെപ്റ്റംബർ പാദത്തിൽ അറ്റാദായം 51 ശതമാനം വർധിപ്പിച്ച് 15,976 കോടി രൂപയാക്കി. എച്ച്.ഡി.എഫ്.സിയെ ബാങ്കിൽ ലയിപ്പിച്ച ശേഷമുള്ള ആദ്യ റിസൽട്ടിൽ ലാഭം പ്രതീക്ഷയേക്കാൾ മെച്ചമായി. എന്നാൽ ബാങ്കിന്റെ എൻപിഎ (നിഷ്ക്രിയ ആസ്തി) കൂടി. എച്ച്.ഡി.എഫ്.സിയിൽ നിന്നു വായ്പയെടുത്ത ഹൗസിംഗ് കമ്പനികളുടെ കിട്ടാക്കടങ്ങളാണ് എൻ.പി.എ 31,578 കോടിയിലേക്കു (1.34 ശതമാനം) വർധിപ്പിച്ചത്. ലയനം മൂലം അറ്റപലിശ വരുമാനവും കുറഞ്ഞു. എച്ച്.ഡി.എഫ്.സി നിക്ഷേപങ്ങൾക്കു കൂടുതൽ പലിശ നൽകിയിരുന്നതാണു കാരണം.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം 72 ശതമാനം കൂടി 920 കോടിയായി. അറ്റപലിശ വരുമാനം 28.9 ശതമാനം വർധിച്ചു.
മൊത്തവിലയിൽ ഇടിവു തുടരുന്നു
മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം സെപ്റ്റംബറിലും നെഗറ്റീവ് ആയി. തുടർച്ചയായ ആറാം മാസമാണു മൊത്തവിലക്കയറ്റത്തിൽ കുറവു വരുന്നത്. എങ്കിലും വിലകൾ ഉയർന്നു വരുകയാണ്. ഓഗസ്റ്റിൽ 0.56 ശതമാനം കുറവായ സ്ഥാനത്തു സെപ്റ്റംബറിൽ 0.26 ശതമാനം കുറവേ ഉള്ളൂ.
ഭക്ഷ്യവിലയിലെ കയറ്റം 5.62 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറഞ്ഞു. പയറുവർഗങ്ങൾക്കു 17.7 ഉം സവാളയ്ക്ക് 55 ഉം ശതമാനം വിലക്കയറ്റം ഉണ്ട്. പാൽ വിലക്കയറ്റം 8.6 ശതമാനത്തിലേക്കു വർധിച്ചു. ധാന്യവിലക്കയറ്റം 7.3 ഉം ഗോതമ്പ് വിലക്കയറ്റം 6.3 ഉം ശതമാനമായി ഉയർന്നതു നല്ല സൂചനയല്ല. ഒക്ടോബറിലും മൊത്തവിലകൾ കുറയുമെന്നാണു റേറ്റിംഗ് ഏജൻസി ഇക്രയുടെ നിഗമനം.
വിപണി സൂചനകൾ
(2023 ഒക്ടോബർ 16, തിങ്കൾ)
സെൻസെക്സ് 30 66,166.93 -0.17%
നിഫ്റ്റി 50 19,731.75 -0.10%
ബാങ്ക് നിഫ്റ്റി 44,225.90 -0.14%
മിഡ് ക്യാപ് 100 40,590.65 +0.21%
സ്മോൾ ക്യാപ് 100 12,941.65 +0.37%
ഡൗ ജോൺസ് 30 33,984.54 +0.93%
എസ് ആൻഡ് പി 500 4373.63 +1.06%
നാസ്ഡാക് 13,567.98 +1.20%
ഡോളർ ($) ₹83.28 +₹0.02
ഡോളർ സൂചിക 106.24 - 0.41
സ്വർണം (ഔൺസ്) $1919.70 -$12.80
സ്വർണം (പവൻ) ₹44,080 -₹240.00
ക്രൂഡ് ബ്രെന്റ് ഓയിൽ $89.65 -$1.24