ലോക വിപണികളിൽ ആശങ്ക, ഇന്ത്യൻ ഓഹരി വിപണിയിൽ ആവേശം

ഏഷ്യൻ വിപണികൾ താഴ്ചയിൽ; വിപണിക്കു കുതിപ്പ് തുടരാൻ തടസങ്ങൾ; ഇന്ത്യക്കു കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ കിട്ടുന്നതു നിലയ്ക്കും; ധാന്യങ്ങൾക്കു വില കൂടുന്നു

Update:2023-07-18 08:34 IST

ചൈനീസ് ജിഡിപി വളർച്ച കുറഞ്ഞത് യൂറോപ്യൻ, ഏഷ്യൻ വിപണികളെ താഴ്ത്തി. അതിന്റെ കാറ്റ് ഇന്ത്യൻ വിപണിയിലും എതിർ കാറ്റായി വരുമോ എന്ന ആശങ്കയിലാണ് ഇന്നു വ്യാപാരം തുടങ്ങുന്നത്.

റഷ്യയിൽ നിന്നു കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ കിട്ടുന്നതിന് അവസാനമാകുമെന്ന സൂചന ഇന്ത്യക്കു വാണിജ്യത്തിലും ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലും തിരിച്ചടിയാകും. ധാന്യകയറ്റുമതി കരാർ അവസാനിപ്പിച്ച റഷ്യൻ നടപടി ലോകവിപണിയിൽ ഗോതമ്പ് വില ഉയർത്തി. ഇത് മൊത്തം ധാന്യ വിപണിയെ ബാധിക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,794 വരെ കയറിയിട്ട് 19,780ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,810 ലേക്ക് കയറിയിട്ട് 19,770 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നേരിയ കാഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു. ഫ്രഞ്ച് സൂചികകൾ ഒന്നേകാൽ ശതമാനം വരെ താണു. ചെെനീസ് ജിഡിപി വളർച്ച മുൻ നിഗമനത്തിലും കുറവായത് ബിസിനസ് പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചു. അർജൻക്സ് കമ്പനിയുടെ വെെവ് ഗാർട്ട് എന്ന ഔഷധം മസിൽ ദുർബലമാകുന്ന സിഐഡിപി എന്ന രോഗത്തിന് ഫലപ്രദമാണെന്ന റിസൽട്ട് വന്നത് അർജൻക്സ് ഓഹരിയെ 31 ശതമാനം ഉയർത്തി.

യു.എസ് വിപണി 

യുഎസ് വിപണി ഇന്നലെ നേട്ടമുണ്ടാക്കി. തുടർച്ചയായ ആറാം ദിവസവും ഡൗ കയറി 2023 ലെ ഏറ്റവും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് സൂചിക 76.32 പോയിന്റ് (0.22%) കയറി 34,585.35 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 17.37 പോയിന്റ് (0.39%) ഉയർന്ന് 4522.79ൽ എത്തി. നാസ്ഡാക് 131.24 പോയിന്റ് (0.93%) കുതിച്ച് 14,244.95 ൽ വ്യാപാരം അവസാനിപ്പിച്ചു.

ആപ്പിൾ, ടെസ്ല, ജെപി മോർഗൻ ചേയ്സ് എന്നിവയുടെ ഉയർച്ചയാണ് സൂചികകളെ കയറ്റിയത്. ടെസ്‌ല, നെറ്റ് ഫ്ലിക്സ്, ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്സ്, യുനൈറ്റഡ് എയർലൈൻസ തുടങ്ങിയവ ഈയാഴ്ച റിസൽട്ട് പുറത്തുവിടും. റിസൽട്ടുകൾ അത്ര മെച്ചമായിരിക്കില്ലെന്നാണു നിഗമനം. എസ് ആൻഡ് പി 500 കമ്പനികളുടെ രണ്ടാം പാദത്തിലെ ലാഭത്തിൽ ഏഴു ശതമാനം കുറവുണ്ടാകും എന്നാണു വിലയിരുത്തൽ.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.05 ശതമാനവും. എസ് ആൻഡ് പി 0.09 ശതമാനവും നാസ്ഡാക് 0.14 ശതമാനവും താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ ഓഹരികൾ

ഏഷ്യൻ ഓഹരികൾ ഇന്നലെ താഴ്ന്ന് തുടങ്ങിയ വ്യാപാരം കൂടുതൽ താഴ്ന്ന് അവസാനിപ്പിച്ചു. ചെെനയാണു കാരണം. ചെെനീസ് ജിഡിപി വളർച്ച പ്രതീക്ഷയിലും താഴെയായി. 7.3 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 6.3 ശതമാനമാണ് രണ്ടാം പാദത്തിലെ വളർച്ച. തലേ പാദത്തിൽ നിന്ന് 0.8 ശതമാനം മാത്രമാണു വളർച്ച. കുറഞ്ഞ വളർച്ച ഇക്കൊല്ലം ചൈന ലക്ഷ്യമിട്ട 5.5 ശതമാനം വളർച്ച സാധിക്കാനിടയില്ലെന്നു കാണിക്കുന്നു. ജൂണിൽ 24 വയസിൽ താഴെയുള്ളവരുടെ തൊഴിലില്ലായ്മ 21.3 ശതമാനമായി കൂടി. നഗരങ്ങളിലെ തൊഴിലില്ലായ്മ 5.2 ശതമാനമുണ്ട്. ജൂണിലെ വ്യവസായ ഉൽപാദന വളർച്ച പ്രതീക്ഷയിലും മെച്ചപ്പെട്ട 4.4 ശതമാനമായി എന്നതു മാത്രമാണ് ഇന്നലത്തെ കണക്കുകളിലെ പോസിറ്റീവ് ഘടകം.

ഇന്നും ഏഷ്യൻ വിപണികൾ താഴ്ചയിലാണ്. ഒപ്പാനിൽ മാത്രം ചെറിയ ഉയർച്ച ഉണ്ട്. ഓസ്ട്രേലിയൻ, കൊറിയൻ സൂചികകൾ അരശതമാനം താണു. ചെെനീസ് വിപണിയും അര ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിൽ രണ്ടു ശതമാനം തകർച്ചയാണ്.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ ചെറിയ നേട്ടത്തിൽ തുടങ്ങി. തുടക്കത്തിൽ അൽപമൊന്നു ചാഞ്ചാടിയിട്ട് കയറ്റത്തിന്റെ വഴിയിലേക്കു കരുത്തോടെ മാറി. പുതിയ റെക്കോർഡ് ഉയരത്തിൽ ക്ലാേസിംഗും നടത്തി. സെൻസെക്സ് 529.03 പോയിന്റ് (0.80%)

നേട്ടത്തിൽ 66,589.93 ലും നിഫ്റ്റി 146.95പോയിന്റ് (0.75%) കയറി 19,711.45 ലും ക്ലോസ് ചെയ്തു. വിശാലവിപണി അത്ര ഉണർവ് കാണിച്ചില്ല. മിഡ് ക്യാപ് സൂചിക 0.36 ശതമാനം കയറി 36,641.25 ലും സ്മോൾ ക്യാപ് സൂചിക 0.88 ശതമാനം ഉയർന്ന് 11,424.10ലും ക്ലോസ് ചെയ്തു.

ടെക് ഓഹരികൾ നേട്ടം തുടർന്നു. എന്നാൽ ബാങ്ക് ഓഹരികളാണ് ഇന്നലെ വിപണിയെ ഉയർത്തിയത്. റിയൽറ്റിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായിരുന്നു.

ക്യാഷ് വിപണിയിൽ വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും നാമമാത്ര വാങ്ങലേ നടത്തിയുള്ളൂ. വിദേശികൾ ക്യാഷ് വിപണിയിൽ 73 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 64.34 കോടിയുടെ ഓഹരികളും വാങ്ങി.

വിപണി പുതിയൊരു ബുൾ തരംഗത്തിൽ പ്രവേശിച്ചതായി വിശ്വസിക്കുന്നവർ ഉണ്ട്. അങ്ങനെ ഒരു നിഗമനത്തിനു സമയമായിട്ടില്ലെന്നാണു ഭൂരിപക്ഷം വിശകലനക്കാരും വിലയിരുത്തുന്നത്. എങ്കിലും വിപണിക്കു തുടർക്കുതിപ്പ് സാധ്യമാണെന്നു പൊതുവേ കരുതപ്പെടുന്നു. സൂചിക പ്രതിദിന ഉയർന്ന നില മാത്രമല്ല താഴ്ന്ന നിലയും ഉയർത്തി വരികയാണ്. ഇതു കുതിപ്പ് തുടരാനുള്ള കരുത്താണു കാണിക്കുന്നതെന്നു വ്യാഖ്യാനിക്കപ്പെടുന്നു. 19,800-20,000 മേഖലയാകും ഇനി നിഫ്റ്റിയുടെ ലക്ഷ്യം.

ഇന്നു നിഫ്റ്റിക്ക് 19,605 -ലും 19,500 ലും പിന്തുണ ഉണ്ട്. 19,735 ലും 19,840 ലും തടസം ഉണ്ടാകാം.

വ്യാവസായിക ലോഹങ്ങൾ തകർച്ചയോടെയാണ് ഈയാഴ്ച വ്യാപാരം തുടങ്ങിയത്. ചൈനീസ് ജിഡിപി വളർച്ച കുറവായതും ഉത്തേജക പദ്ധതി പ്രഖ്യാപിക്കാത്തതും ആണ് വിപണിയുടെ വീഴ്ചയ്ക്കു കാരണം. അലൂമിനിയം 0.61 ശതമാനം താണു ടണ്ണിന് 2254.26 ഡോളറിലായി. ചെമ്പ് 1.35 ശതമാനം ഇടിഞ്ഞു ടണ്ണിന് 8467.85 ഡോളറിൽ എത്തി. നിക്കൽ 2.3. ശതമാനവും ടിൻ 2.21 ശതമാനവും ലെഡ് 1.57 ശതമാനവും സിങ്ക് 2.43 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം കുറഞ്ഞ് 78.50 ഡോളറിലും ഡബ്ള്യുടിഐ ഇനം 74.11 ഡോളറിലും ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ബ്രെന്റ് 78.35 ലേക്കും ഡബ്ള്യുടിഐ 74.02 ഡോളറിലേക്കും താണു.

സ്വർണം അൽപം ഉയർന്ന് 1955.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1956 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻവില 44,000 രൂപയിൽ മാറ്റമില്ലാതെ തുടർന്നു.

ഡോളർ ഇന്നലെ ചാഞ്ചാടിയിട്ട് അൽപം താഴ്ന്നു ക്ലാേസ് ചെയ്തു. ഡോളർ 82.21 രൂപ വരെ ഉയർന്നിട്ട് 82.04 ൽ വ്യാപാരം അവസാനിപ്പിച്ചു.

ഡോളർ സൂചിക 100നു താഴെ തുടരുന്നു. ഇന്നലെ സൂചിക 100 കടന്നെങ്കിലും പിന്നീടു താണ് 99.88 ൽ ക്ലോസ് ചെയ്തു.

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 30,150 ഡോളറിനടുത്താണ്. 

ഷീല ഫോം വലിയ ഏറ്റെടുക്കലിൽ 

രാജ്യത്തെ കിടക്ക വ്യവസായത്തിൽ വലിയ ലയനം. ഒന്നാം സ്ഥാനത്തുള്ള ഷീല ഫോം മുഖ്യ എതിരാളിയായ കുർലോണിനെ വാങ്ങുന്നു. 2150 കോടി രൂപയ്ക്ക് കുർലോൺ എന്റർപ്രൈസസിന്റെ 94.66 ശതമാനം ഓഹരി വാങ്ങും. ഇതോടെ കിടക്ക വിപണിയുടെ 45 ശതമാനം ഷീലേ ഫോമിന്റേതാകും. ഷീല ഫോം ഓഹരി ഇന്നലെ 11 ശതമാനം ഉയർന്നിട്ട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു. കുർലോൺ വാങ്ങുമ്പോൾ നിർണായക ഘടകപദാർഥമായ ടിഡിഐ (ടൊളുവിൻ ഡൈ ഐസോസയനേറ്റ് ) കുറഞ്ഞ വിലയ്ക്കു കിട്ടാനും വഴിയൊരുങ്ങും. സ്ലീപ്പ് വെൽ ബ്രാൻഡ് ഉടമകളായ ഷീല ഫോം ഉത്തരന്ത്യേയിൽ മുൻനിര കമ്പനിയാണ്. കുർലോണിനു ദക്ഷിണേന്ത്യയിൽ വിപണി നേതൃത്വം ഉണ്ട്.

ഫർണിച്ചർ നിർമാതാക്കളായ ഫർലെൻകോയെയും ഷീല ഫോം ഇന്നലെ വാങ്ങി. 300 കോടി രൂപയ്ക്കാണ് ഇടപാട്. ഇതോടെ ഫർണിച്ചർ നിർമാണ, വിൽപന മേഖലയിലേക്കും ഷീല ഫോം പ്രവേശിക്കും. 

എച്ച്ഡിഎഫ്‌സി ബാങ്ക് ആഗാേള തലത്തിൽ ഏഴാം സ്ഥാനത്ത് 

ലയന ശേഷമുള്ള ആദ്യ വ്യാപാര ദിനമായ ഇന്നലെ എച്ച്ഡിഎഫ്സി ബാങ്ക് വിപണിമൂല്യത്തിൽ ലോകത്തിലെ ഏഴാമത്തെ വലിയ ബാങ്ക് ആയി. 15,423 കോടി ഡോളർ (12.65 ലക്ഷം കോടി രൂപ) ആണ് ഇന്നലെ വൈകുന്നേരം എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം.

വിപണി മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന ബാങ്കുകൾ ഇവയാണ്.

1. ജെപി മാേർഗൻ ചേയ്സ് 43,767 കോടി ഡോളർ

2. ബാങ്ക് ഓഫ് അമേരിക്ക 23,198 കോടി ഡോളർ

3. ഐ ആൻഡ് സി ബാങ്ക് ഓഫ് ചെെന 22,369 കോടി ഡോളർ

4. അഗ്രി ബാങ്ക് ഓഫ് ചൈന 17,200 കോടി ഡോളർ

5. വെൽസ് ഫാർഗോ 15,977 കോടി ഡോളർ

6. എച്ച്എസ്ബിസി 15, 870 കോടി ഡോളർ

മുൻനിരയിലുള്ള ബാങ്കുകൾ മൂന്നര മുതൽ പത്തു വരെ  പി ഇ അനുപാതത്തിലാണു വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 17.1പി ഇ അനുപാതത്തിലായിരുന്നു ഇന്നലെ.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ 53.93 ശതമാനം ഓഹരി ഉണ്ട്.

ഇന്ത്യയിൽ ബിസിനസ് കണക്കാക്കിയാൽ ഒന്നാം സ്ഥാനത്തുള്ള എസ്ബിഐ വിപണി മൂല്യത്തിൽ ലോകത്ത് 22ാം സ്ഥാനത്താണ്. 6400 കോടി ഡോളറാണ് എസ്ബിഐയുടെ വിപണി മൂല്യം. ഐസിഐസിഐ ബാങ്ക് 8200 കോടി ഡോളർ വിപണി മൂല്യവുമായി പതിനാറാം സ്ഥാനത്താണ്.


വിപണി സൂചനകൾ

(2023 ജൂലൈ 17, തിങ്കൾ)

സെൻസെക്സ് 30 66,589.93 +0.80%

നിഫ്റ്റി 50 19,711.45 +0.75%

ബാങ്ക് നിഫ്റ്റി 45,449.75 +1.41%

മിഡ് ക്യാപ് 100 36,641.25 +0.31%

സ്മോൾക്യാപ് 100 11,424.10 +0.88%

ഡൗ ജോൺസ് 30 34,585.35 +0.22%

എസ് ആൻഡ് പി 500 4522.79 +0.39%

നാസ്ഡാക് 14,244.95 +0.93%

ഡോളർ ($) ₹82.04 -12 പൈസ

ഡോളർ സൂചിക 99.88 -0.03

സ്വർണം(ഔൺസ്) $1955.50 +$01.20

സ്വർണം(പവൻ ) ₹44,000 00.00

Tags:    

Similar News