യു.എസ് കടപരിധി തർക്കം ധാരണയിലേക്ക്; വിപണികൾ ഉണർവിൽ

നിക്ഷേപകർ പ്രതീക്ഷയിൽ; ലോഹങ്ങളും ക്രൂഡ് ഓയിലും ഉയരുന്നു; ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ കയറ്റത്തിൽ

Update:2023-05-18 08:50 IST

യുഎസ് സർക്കാരിന്റെ കടപരിധി ഉയർത്താൻ ധാരണയാകും എന്നും യുഎസ് ഭരണകൂടം കടം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തില്ലെന്നും ഭരണ-പ്രതിപക്ഷനേതൃത്വങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ ആ വിഷയത്തിലെ ആശങ്ക വിപണിയിൽ നിന്നു നീങ്ങി. ധാരണയാകും എന്ന പ്രതീക്ഷ ഇന്നലെ യുഎസ് വിപണിയെ ഉയർത്തിയതാണ്. ഇന്ന് ഏഷ്യൻ വിപണികളും നല്ല ഉണർവിലായി. രണ്ടു ദിവസം കരടികൾ വാണ ഇന്ത്യൻ വിപണിയിൽ നിക്ഷേപകർ ഇന്നു പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്ച രാത്രി ആദ്യ സെഷനിൽ 18,232-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,275.5 വരെ കയറി. ഇന്നു രാവിലെ 18,294 വരെ ഉയർന്നിട്ട് 18,275 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഭിന്ന ദിശകളിലായിരുന്നു. ജർമനിയിൽ വിപണി ഉയർന്നു. എന്നാൽ മറ്റു രാജ്യങ്ങളിലും ബ്രിട്ടനിലും ഇടിവിലായി. കടപരിധി സംബന്ധിച്ച ചർച്ചകളിൽ പുരോഗതി കണ്ടതിനെ തുടർന്ന് ബുധനാഴ്ച ഡൗ ജോൺസ് 408.63 പോയിന്റ് കുതിച്ചു കയറി. എസ് ആൻഡ് പി 48.87 പോയിന്റും നാസ്ഡാക് 157.5 പോയിന്റും ഉയർന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.20 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു കയറ്റത്തിലാണ്. ഓസ്ട്രേലിയൻ വിപണി അര ശതമാനം കയറി. ജപ്പാനിൽ സൂചികകൾ 1.4 ശതമാനം കുതിച്ചു. ചെെനീസ് വിപണി തുടക്കത്തിൽ താണിട്ടു പിന്നീടു കയറി. 

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ബുധനാഴ്ചയും താഴ്ചയിലായി. രണ്ടു ദിവസം കൊണ്ടു സെൻസെക്സ് 785 പോയിന്റും (1.26 ശതമാനം) നിഫ്റ്റി 217 പോയിന്റും (1.18 ശതമാനം) നഷ്‌ടമാക്കി. തിങ്കളാഴ്ച ഉണ്ടാക്കിയ നേട്ടമെല്ലാം വെറുതേ ആയി. ഇന്നലെ സെൻസെക്സ് 371.83 പോയിന്റ് (0.60%) ഇടിഞ്ഞ് 61,560.64 ലും നിഫ്റ്റി 104.75 പോയിന്റ് (0.57%) താഴ്ന്ന് 18,181.75 ലും ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.09 ശതമാനം താഴ്ന്നു. സ്മോൾ ക്യാപ് സൂചിക 0.53 ശതമാനം ഉയർന്നു. വാഹന, എഫ്‌എംസിജി മേഖലകൾ ഒഴികെ എല്ലാ വ്യവസായ വിഭാഗങ്ങളും താഴ്ചയിലായി. ഐടിയും മെറ്റലും ഒരു ശതമാനത്തോളം ഇടിഞ്ഞു. റിയൽറ്റി 1.33 ശതമാനവും മാധ്യമങ്ങൾ 2.09 ശതമാനവും താണു. ബാങ്ക്, ധനകാര്യ മേഖലകൾ ഇടിവിലായിരുന്നു.

വിപണിയുടെ സ്വഭാവം ബെയറിഷ് ആയി തുടർന്നു. നിഫ്റ്റിക്കു 18,125 ലും 18,005 ലും സപ്പോർട്ട് ഉണ്ട്. 18,275 ലും 18,395 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ ചൊവ്വാഴ്ച 149.33 കോടി രൂപയുടെ ഓഹരികൾ മാത്രമാണു വാങ്ങിയത്. സ്വദേശി ഫണ്ടുകൾ 203.87 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 2.6 ശതമാനം കയറി 76.96 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യു.ടി.ഐ ഇനം 72.82 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 76.70 ലേക്കും ഡബ്ള്യുടിഐ 72.60 ലേക്കും നീങ്ങി.

യുഎസ് സർക്കാരിന്റെ കടപരിധി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും ഡോളർ കയറിയതും സ്വർണത്തെ വീണ്ടും താഴ്ത്തി. 1993 ഡോളർ വരെ കയറിയ സ്വർണം 1983.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1983 -1985 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻ വില 360 രൂപ കുറഞ്ഞ് 45,040 രൂപയിൽ എത്തി. തുടർച്ചയായ വീഴ്ചകൾക്കു ശേഷം വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉണർവിലായി. അലൂമിനിയം 1.96 ശതമാനം കയറി 2310 ഡോളറിലെത്തി. ചെമ്പ് 1.23 ശതമാനം ഉയർന്നു ടണ്ണിന് 8175.35 ഡോളർ ആയി. ടിൻ 0.91 ശതമാനവും സിങ്ക് 1.92 ശതമാനവും ഉയർന്നു.

ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 26,700 ഡോളറിലാണ്. ഡോളർ ഇന്നലെ 18 പൈസ ഉയർന്ന് 82.38 രൂപ ആയി. ഡോളർ സൂചിക 103-നു മുകളിൽ എത്തിയിട്ട് 102.86 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.83 ലാണ്. 

എൽഐസി ഓഹരിയുടെ ''ദീർഘകാലം"എന്നു വരും?

എൽഐസി ഓഹരി ലിസ്റ്റ് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു. നിക്ഷേപകർക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന ലിസ്റ്റിംഗ് വിപണിയിലേക്കു ലക്ഷക്കണക്കിനു പുതിയ നിക്ഷേപകരെ വരുത്തുകയും ചെയ്തു. എന്നാൽ ഈ മെഗാ ലിസ്റ്റിംഗ് അതിന്റെ ആവേശം നിലനിർത്തിയില്ല. ഓഹരി ഇപ്പോൾ 40 ശതമാനം താഴ്ചയിലാണ്. തുടക്കത്തിൽ നിന്ന് വിപണിമൂല്യം രണ്ടര ലക്ഷം കോടി രൂപ കണ്ടു കുറവായി. 949 രൂപയ്ക്കു നൽകിയ ഓഹരി ഇന്നലെ 568 രൂപയിലായിരുന്നു.

എന്തു കൊണ്ട് ഇങ്ങനെ എന്ന ചോദ്യം എങ്ങും ഉയരുന്നുണ്ട്. പക്ഷേ യുക്തിസഹമായ വിശദീകരണം ലഭിച്ചിട്ടില്ല. ലൈഫ് ഇൻഷ്വറൻസ് മേഖലയ്ക്കു പൊതുവേ ഉള്ള ക്ഷീണം മുതൽ അദാനി ഗ്രൂപ്പിലെ എൽഐസി നിക്ഷേപം വരെ പല തരം വിശദീകരണങ്ങൾ വിപണിയിൽ ഉണ്ട്. ഗവണ്മെന്റ് നിയന്ത്രണം എൽഐസിയെ ബിസിനസ് അധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നു തടയുമെന്ന വിമർശനവും പ്രസക്തമാണ്. ഗവണ്മെന്റിന്റെ പക്കലാണ് സിംഹഭാഗം ഓഹരി എന്നതിനാൽ വിപണിക്കുള്ള താൽപര്യക്കുറവും ഓഹരിവിലയെ താഴ്ത്തി നിർത്തുന്ന കാര്യമാണ്.

ഒന്നു വ്യക്തമാണ്. ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കാൻ എൽഐസി ഓഹരി കൊള്ളാം എന്ന് എല്ലാവരും സമ്മതിക്കുന്നു. പക്ഷേ ദീർഘകാലം എന്നത് എത്ര കാലമാണെന്ന് അറിയാത്തതാണു നിക്ഷേപകരുടെ വിഷയം.


പ്രധാന കാർഷിക മേഖലകളിൽ മഴ കുറവാകുമെന്നു പ്രവചനം

കാലവർഷം തുടങ്ങാറായി. ജൂൺ നാലിന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തും എന്നാണു പ്രവചനം. ഈ വർഷം എൽ നിനോ പ്രതിഭാസം ഉള്ളതിനാൽ രാജ്യത്തു കാലവർഷം മോശമാകാൻ ഇടയുണ്ടെന്ന് പല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇനിയും എൽ നിനോ ആഘാതത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കുടുതൽ പഠനങ്ങൾക്കു ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഔപചാരിക നിലപാട്.

എന്നാൽ മറ്റു പലരും കടുത്ത മുന്നറിയിപ്പുകളാണു നൽകുന്നത്. ദക്ഷിണ കൊറിയയിലെ ബുസാൻ ആസ്ഥാനമായുള്ള എപിഇസി ക്ലൈമറ്റ് സെന്റർ (എപിസിസി) പറയുന്നത് ഇന്ത്യയിൽ ഭൂരിപക്ഷം പ്രദേശത്തും ജൂൺ - ഓഗസ്റ്റ് കാലയളവിൽ മഴ തീരെ കുറവാകും എന്നാണ്. പടിഞ്ഞാറൻ തീരത്തും ഒഡീഷ - ഛത്തീസ്ഗഡ് മേഖലയിലും ജമ്മു- കാഷ്മീർ - ലഡാഖ് മേഖലയിലും മാത്രമേ കാര്യമായ മഴ ലഭിക്കുകയുള്ളത്രെ.

ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഉൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കാലാവസ്ഥാ വിദഗ്ധരുടെ കൂട്ടായ്മയായ സാസ്കാേഫ് (സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം) കഴിഞ്ഞ ദിവസം വിലയിരുത്തിയത് മധ്യേന്ത്യയിലും ഉത്തരേന്ത്യയിലും ഇത്തവണ മഴ തീരെ കുറവാകുമെന്നാണ്. കേരളമടക്കം ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും പതിവിലധികം മഴ ലഭിക്കുമെന്നാണു പ്രവചനം.

ഈ വിലയിരുത്തലുകളും പ്രവചനങ്ങളും ഒട്ടും സന്താേഷകരമല്ല. രാജ്യത്തെ പ്രധാന കാർഷിക മേഖലകളിൽ മഴ കുറവാകുന്നത് ഭക്ഷ്യ - കാർഷികോൽപന്ന വിലകൾ വർധിക്കാൻ കാരണമാകും. അതു സാമ്പത്തിക വളർച്ചയെയും ബാധിക്കാം.

വിപണി സൂചനകൾ

(2023 മേയ് 17, ബുധൻ)

സെൻസെക്സ് 30 61,560.64 -0.60%

നിഫ്റ്റി 50 18,181.75 -0.57.%

ബാങ്ക് നിഫ്റ്റി 43,698.70 -0.47%

മിഡ് ക്യാപ് 100 32,762.75 -0.09%

സ്മോൾക്യാപ് 100 9937.50 +0.53%

ഡൗ ജോൺസ്30 33,420.77 +1.24%

എസ് ആൻഡ് പി500 4158.77 + 1.19%

നാസ്ഡാക് 12,500.57 +1.28%

ഡോളർ ($) ₹82.38 +18 പൈസ

ഡോളർ സൂചിക 102.86 +0.25

സ്വർണം(ഔൺസ്) $1983.50 -$06.70

സ്വർണം(പവൻ ) ₹45,040 -₹360.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.96 +$2.൦൫

Tags:    

Similar News