സംഘർഷഭീതി വിപണികളെ ഉലയ്ക്കുന്നു; ക്രൂഡ് ഓയിൽ 92 ഡോളറിലേക്ക്; സ്വർണവും കയറ്റത്തിൽ
ടെസ്‌ലയും നെറ്റ് ഫ്ലിക്സും ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും
മൂന്നു ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഇന്നലെ നല്ല നേട്ടത്തോടെ ഇന്ത്യൻ വിപണി അവസാനിച്ചു. എന്നാൽ ആ നേട്ടം തുടരാൻ ആഗാേള സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. യുഎസ് വിപണികൾ ഇന്നലെ അനിശ്ചിതത്വത്തിൽ അവസാനിച്ചു. ഏഷ്യൻ വിപണികൾ രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. താഴ്ന്ന ക്രൂഡ് ഓയിൽ വില, ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമായതിനെ തുടർന്നു വീണ്ടും 92 ഡോളറിലേക്കു നീങ്ങി. സ്വർണവും കുതിച്ചു കയറി. യുഎസിൽ കടപ്പത്ര വിലകൾ താണു. പലിശയെപ്പറ്റി വീണ്ടും ആശങ്കയായി. ഇതെല്ലാം വിപണിയെ താഴോട്ടു നീക്കും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,811.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,780 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച നേരിയ കയറ്റവും ഇറക്കവുമായി അവസാനിച്ചു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യവും യു.എസ് റീട്ടെയിൽ വിൽപനയിലെ കുതിപ്പും വിപണിയെ ആശങ്കപ്പെടുത്തുന്നു.
യു.എസ് വിപണി ചൊവ്വാഴ്ച താഴ്ന്നു തുടങ്ങിയിട്ടു തിരികെ ഉയരത്തിലേക്കു കയറി. എന്നാൽ ഉയർന്ന നില തുടരാനായില്ല. മുഖ്യ സൂചികകൾ ചെറിയ നേട്ടവും ചെറിയ കോട്ടവുമായി വ്യാപാരം അവസാനിപ്പിച്ചു.
കമ്പനികളുടെ റിസൽട്ടുകൾ ആവേശകരമായി തുടരുന്നു. ഗോൾഡ്മാൻ സാക്സും ബാങ്ക് ഓഫ് അമേരിക്കയും ബാങ്ക് ഓഫ് ന്യൂയോർക്ക് മെലണും പ്രതീക്ഷയേക്കാൾ മികച്ച ലാഭവും വളർച്ചയും കാണിച്ചു. ഭാവി പ്രതീക്ഷയും മെച്ചമാണ്. എന്നാൽ വ്യാേമയാന കമ്പനി യുണൈറ്റഡ് എയർലൈൻസ് വ്യോമഗതാഗതം കുറയുമെന്നു മുന്നറിയിപ്പ് നൽകി.
ഇതിനിടെ യു.എസ് റീട്ടെയിൽ വ്യാപാരം പ്രതീക്ഷകളെ മറികടന്നു കൂടി. സെപ്റ്റംബറിലെ പ്രതിമാസവർധന 0.7 ശതമാനം. പ്രതീക്ഷിച്ചത് 0.3 ശതമാനം മാത്രം. ഇതോടെ യു.എസ് കടപ്പത്രങ്ങൾക്കു വിലയിടിഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.85 ശതമാനത്തിലേക്കു കയറി. ഒക്ടോബർ ആറിന് എത്തിയ 4.89 ശതമാനത്തെ മറികടക്കുന്ന കുതിപ്പ് ഉണ്ടാകുമെന്നാണു സൂചന. പലിശ നിലവാരം കൂടുതൽ കാലത്തേക്ക് ഉയർന്നു നിൽക്കും എന്ന ഭീഷണി ബലപ്പെടുത്തുന്നതാണ് ഇവയെല്ലാം.
ടെസ്‌ലയും നെറ്റ് ഫ്ലിക്സും ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും. പുതിയ തലമുറ കമ്പനികളുടെ പ്രകടനം എങ്ങനെയാകുമെന്ന സൂചന ഇവയിൽ നിന്നു ലഭിക്കും.
ഡൗ ജോൺസ് 13.11പോയിന്റ് (0.04%) കൂടി 33,997.65 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.43 പോയിന്റ് (0.01%) കുറഞ്ഞ് 4373.2 ൽ അവസാനിച്ചു. നാസ്ഡാക് 34.24 പോയിന്റ് (0.25%) കയറി 13,533.75 ൽ ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു 0.2 മുതൽ 0.3 വരെ ശതമാനം താഴ്ചയിലായി.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് എല്ലാ സൂചികകളും താണു. യുദ്ധം സംബന്ധിച്ച ആശങ്കയിൽ
ജപ്പാനിലെ നിക്കൈ അര ശതമാനത്തിലധികം താഴ്ന്നു. കൊറിയൻ, ഓസ്ട്രേലിയൻ വിപണികളും താഴ്ചയിലാണ്. ചെെനയിലും ഓഹരികൾ താഴ്ന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച നേട്ടത്തോടെ തുടങ്ങി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 261.16 പോയിന്റ് (0.39%) ഉയർന്ന് 66,428.09ൽ അവസാനിച്ചു. നിഫ്റ്റി 1836 പോയിന്റ് (0.40%) കയറി 19,811.50ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 183.6 പോയിന്റ് (0.42%) ഉയർന്ന് 44,409.5 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.35 ശതമാനം കയറി 40,733.35 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.88 ശതമാനം ഉയർന്ന് 13,054.95-ൽ അവസാനിച്ചു.
ചൊവ്വാഴ്ച വിദേശ നിക്ഷേപകർ വീണ്ടും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 263.68 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 112.55 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
എല്ലാ വ്യവസായ മേഖലകളും ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. റിസൽട്ട് മികച്ചത് എന്ന വിലയിരുത്തലിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി 0.84 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു മറ്റു പ്രധാന ബാങ്ക് ഓഹരികളും നേട്ടത്തിൽ അവസാനിച്ചു.
സിയറ്റിന്റെ മികച്ച റിസൽട്ടിനെ തുടർന്ന് ടയർ കമ്പനി ഓഹരികൾ ഉയർന്നു. സിയറ്റും ജെകെയും 11 ശതമാനം വരെ കയറി. അപ്പോളോയും എംആർഎഫും മൂന്നു ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
എഫ്എസിടി ഇന്നലെ 13.83 ശതമാനം കയറി 748.75 ൽ ക്ലോസ് ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു രാസവളവില കൂടുന്നതാണ് ഈ പൊതുമേഖലാ വളം നിർമാണ കമ്പനിയെ ഉയർത്തുന്നത്. ആറു മാസത്തിനിടെ എഫ്എസിടി ഓഹരി 123 ശതമാനം ഉയർന്നിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളായ എസ്ടിസി 7.5 ഉം എംഎംടിസി 4.5 ഉം ഐടിഐ പത്തും ശതമാനം ഉയർന്നു. റെയിൽവേ ഓഹരി ഇർകോൺ ഇന്നലെ ഒൻപതു ശതമാനം നേട്ടമുണ്ടാക്കി. ആർവിഎൻഎലും ഐആർഎഫ്സിയും മൂന്നു ശതമാനത്തിലധികം ഉയർന്നു.
ക്രൂഡ് ഓയിൽ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയവയുടെ അമിത ലാഭ നികുതി വെട്ടിക്കുറച്ചു. ഒഎൻജിസി, ഓയിൽ, ചെന്നെെ പെട്രാേ തുടങ്ങിയവയ്ക്ക് നേട്ടമാണിത്.
ബജാജ് ഓട്ടോ, വിപ്രാേ, മൈൻഡ് ട്രീ, പെഴ്സിസ്റ്റന്റ് സിസ്റ്റംസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബന്ധൻ ബാങ്ക് തുടങ്ങിയ കമ്പനികൾ ഇന്നു റിസൽട്ട് പുറത്തുവിടും.
ഇന്നു നിഫ്റ്റിക്ക് 19,785 ലും 19,735 ലും പിന്തുണ ഉണ്ട്. 19,840 ഉം 19,885 ഉം തടസങ്ങളാകും.
വ്യാവസായിക ലോഹങ്ങൾ എല്ലാം ചൊവ്വാഴ്ച താഴ്ചയിലായി. അലൂമിനിയം 0.23 ശതമാനം താണു ടണ്ണിന് 2175.31 ഡോളറിലായി. ചെമ്പ് 0.92 ശതമാനം താഴ്ന്ന് ടണ്ണിന് 7846.40 ഡോളറിലെത്തി. ലെഡ് 0.45ഉം സിങ്ക് 2.36 ഉം നിക്കൽ 1.62 ഉം ശതമാനം ടിൻ 0.13 ഉം ശതമാനം താണു.
ക്രൂഡ് ഓയിൽ വില ഇന്നലെ ചെറിയ ചാഞ്ചാട്ടത്തിനു ശേഷം കാര്യമായ മാറ്റമിലാതെ തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് 89.90 ഡോളറിലും ഡബ്ള്യുടിഐ ഇനം 87.92 ഡോളറിലും ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ കാര്യങ്ങൾ മാറി. പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമായതോടെ ക്രൂഡ് വില കുതിച്ചു. ക്രൂഡ് സ്റ്റോക്ക് കുറഞ്ഞതും വില കൂടാൻ നിമിത്തമായി. ബ്രെന്റ് 91.70 ഡോളറിലേക്കും ഡബ്ള്യുടിഐ 88.57 ഡോളറിലേക്കും കയറി. ഇനിയും കൂടുമെന്നാണു സൂചന. യുഎഇയുടെ മർബൻ ക്രൂഡ് 93.51 ഡോളറിൽ വ്യാപാരം നടക്കുന്നു.
യുദ്ധഭീഷണിയിൽ ഉയർന്ന സ്വർണവില ഇന്നലെ ഇറങ്ങിക്കയറി. യുഎസ് കടപ്പത്ര വില കുറഞ്ഞതു സ്വർണത്തിന്റെ കയറ്റത്തിനു തടസമായി. 1908 ഡോളർ വരെ താണിട്ട് 1933 വരെ കയറിയ സ്വർണം 1923.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും സ്വർണത്തെ 1940 ഡോളറിലേക്ക് കയറ്റി.
കേരളത്തിൽ ചൊവ്വാഴ്ച പവൻ വില 120 രൂപ താഴ്ന്ന് 43,960 രൂപയായി. ഇന്നു വില കൂടും.
ഡോളർ ചൊവ്വാഴ്ച രണ്ടു പെെസ കുറഞ്ഞ് 83.26 രൂപയിൽ ക്ലോസ് ചെയ്തു. ഇന്ന് ഡോളർ കയറാം.
ഡോളർ സൂചിക ഇന്നലെ നാമമാത്രമായി കയറ്റ 106.25 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.29 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 28,350 ഡോളറിലാണ്.
വിപണി സൂചനകൾ
(2023 ഒക്ടോബർ 17, ചൊവ്വ)
സെൻസെക്സ് 30 66,428.09 +0.39%
നിഫ്റ്റി 50 19,811.50 +0.40%
ബാങ്ക് നിഫ്റ്റി 44,409.50 -0.42%
മിഡ് ക്യാപ് 100 40,733.35 +0.35%
സ്മോൾ ക്യാപ് 100 13,054.95 +0.88%
ഡൗ ജോൺസ് 30 33,997. 65 +0.04%
എസ് ആൻഡ് പി 500 4373.20 +1.06%
നാസ്ഡാക് 13,567.98 -0.01%
ഡോളർ ($) ₹83.26 -₹0.02
ഡോളർ സൂചിക 106.25 +0.01
സ്വർണം (ഔൺസ്) $1923.80 +$04.10
സ്വർണം (പവൻ) ₹43,960 -₹120.00
ക്രൂഡ് ബ്രെന്റ് ഓയിൽ $89.90 +$0.25