വിപണികൾ ഉണർവിൽ; റെക്കോഡുകൾ തകർക്കാൻ സെൻസെക്സും നിഫ്റ്റിയും; ഐ.ടിയിൽ വീണ്ടും പ്രതീക്ഷ
റിലയൻസ് ഇൻഡസ്ടീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ വേർപെടുത്തുന്നു. ഫെഡറൽ ബാങ്കിന്റെ ധനകാര്യ സർവീസസ് സബ്സിഡിയറിയായ ഫെഡ് ഫിന യുടെ ഐപിഒ കാര്യം വീണ്ടും സജീവമായത് ബാങ്കിന്റെ ഓഹരി വില ഉയർത്തി. ഏഞ്ചൽ വൺ ഓഹരി ഇന്നലെയും എട്ടു ശതമാനത്തിലധികം ഇടിഞ്ഞു.
വിപണികൾ പൊതുവേ ഉയർച്ചയിലാണ്. വലിയ ബാങ്കുകൾ പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് നൽകിയത് യുഎസ് വിപണിയെ ഒരു ശതമാനം നേട്ടത്തിലാക്കി. ഏഷ്യൻ വിപണികളും കയറ്റത്തിലായി. കഴിഞ്ഞ ദിവസം ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം 67,000 നു മുകളിൽ നിന്ന് സെൻസെക്സിനെ താഴ്ത്തി. ഇന്നു വീണ്ടും കൊടുമുടി കയറാൻ സെൻസെക്സ് ശ്രമിക്കുമെന്ന പ്രതീക്ഷയിലാണു ബുള്ളുകൾ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,825 വരെ കയറിയിട്ട് 19,803.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,802 ലേക്ക് താണു. ഇന്ത്യൻ വിപണി ഇന്നു ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെ അര ശതമാനത്തിലധികം ഉയർന്നു ക്ലോസ് ചെയ്തു. ആമസാേൺ ഏറ്റെടുക്കാൻ ശ്രമിക്കുന്നെന്ന കിംവദന്തികൾക്കിടെ ബ്രിട്ടീഷ് റീട്ടെയിലർ ഒക്കാഡോയുടെ ഓഹരി 19 ശതമാനം ഉയർന്നു.
മികച്ച ബാങ്ക് റിസൽട്ടുകളുടെ ബലത്തിൽ യുഎസ് വിപണി ഇന്നലെയും നല്ല നേട്ടമുണ്ടാക്കി. തുടർച്ചയായ ഏഴാം ദിവസവും ഡൗ കയറി. ഡൗ ജോൺസ് സൂചിക 366.58 പോയിന്റ് (1.06%) കുതിച്ച് 34,951.93 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 32.19 പോയിന്റ് (0.71%) ഉയർന്ന് 4554.98 ൽ എത്തി. നാസ്ഡാക് 108.69 പോയിന്റ് (0.76%) കയറി 14,353.64 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കുകൾ പ്രതീക്ഷയേക്കാൾ മികച്ച രണ്ടാം പാദ റിസൽട്ടുകൾ പ്രസിദ്ധീകരിച്ചു. മാേർഗൻ സ്റ്റാൻലിയുടെ ലാഭം കുറഞ്ഞെങ്കിലും ഓഹരി ആറു ശതമാനം കയറി. ബാങ്ക് ഓഫ് അമേരിക്കയുടെ വരുമാനവും ലാഭവും കുതിച്ചു, ഓഹരി നാലു ശതമാനം ഉയർന്നു. ജൂണിൽ യുഎസ് റീട്ടെയിൽ വ്യാപാരം 0.2 ശതമാനം വർധിച്ചു. എസ് ആൻഡ് പി 500 ലെ ഇതു വരെ റിസൽട്ട് പ്രസിദ്ധീകരിച്ച 38 കമ്പനികളിൽ 31-ഉം പ്രതീക്ഷയേക്കാൾ മെച്ചപ്പെട്ട കണക്കാണ് അവതരിപ്പിച്ചത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കാര്യമായ മാറ്റം കാണിക്കുന്നില്ല. ഡൗ ജോൺസ് 0.03 ശതമാനം കയറി. എസ് ആൻഡ് പി 0.06 ശതമാനവും നാസ്ഡാക് 0.09 ശതമാനവും താഴ്ന്നു നിൽക്കുന്നു.
ഇന്നു ഏഷ്യൻ വിപണികൾ ഉയർച്ചയിലാണ്. ജപ്പാനിൽ നിക്കെെ സൂചിക ഒരു ശതമാനം ഉയർന്നു. ചെെനീസ് വിപണി നാമമാത്രമായ നേട്ടത്തിലാണ്. ഹാേങ്കോംഗ് വിപണി ഒന്നര ശതമാനം ഇടിഞ്ഞു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിൽ തുടങ്ങി. ഇടയ്ക്ക് വലിയ നേട്ടത്തിൽ എത്തിയ ശേഷം ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്. ലാഭമെടുക്കാൻ മ്യൂച്വൽ ഫണ്ടുകളും മറ്റും വിൽപനയ്ക്കു തിരക്കുകൂട്ടി. സെൻസെക്സ് 67,007.02-ലും നിഫ്റ്റി 19,819.45 ലും കയറി റെക്കോർഡ് കുറിച്ചിട്ടാണു വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 205. 21 പോയിന്റ് (0.31%) നേട്ടത്തിൽ 66,795.14 ലും നിഫ്റ്റി 37.80 പോയിന്റ് (0.19%) കയറി 19,749.25 ലും ക്ലോസ് ചെയ്തു. വിശാലവിപണി താഴ്ചയിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.14 ശതമാനം താണ് 36,591.40 ലും സ്മോൾ ക്യാപ് സൂചിക 0.94 ശതമാനം ഇടിഞ്ഞ് 11,317.20ലും ക്ലോസ് ചെയ്തു.
ടെക് മേഖലയും റിലയൻസുമാണ് ഇന്നലെ വിപണിയെ ഉയർത്തി നിർത്തിയത്. ഐടി സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു. ഇൻഫോസിസിന് 200 കോടി ഡോളറിന്റെ നിർമിതബുദ്ധി കരാർ ലഭിച്ചത് ഐടി മേഖലയിൽ വലിയ കരാറുകൾ വീണ്ടും സാധാരണമാകുമെന്ന പ്രതീക്ഷ ജനിപ്പിച്ചു. ഇൻഫോസിസ് ഓഹരി 3.6 ശതമാനം ഉയർന്നു.
സ്വകാര്യ ബാങ്കുകളും ഓയിൽ -ഗ്യാസ് കമ്പനികളും നേട്ടം ഉണ്ടാക്കി. മറ്റു മേഖലകൾ താഴ്ചയിലായിരുന്നു.
വിദേശനിക്ഷേപകർ ഇന്നലെ ആവേശപൂർവം ഓഹരികൾ വാങ്ങി. 2115.84 കോടി രൂപയാണ് അവർ ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1317.56 കോടിയുടെ ഓഹരികൾ വിറ്റു. വിദേശ നിക്ഷേപകർ ഈ മാസം ഇതു വരെ 36.000 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.
ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം
വിപണിയിൽ ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം തുടരുകയാണ്. സൂചികകൾ ഉയരുംതോറും വിൽപന സമ്മർദം ഉയരും. എങ്കിലും ബുള്ളിഷ് കുതിപ്പ് തുടരുമെന്നാണു നിഗമനം. നിഫ്റ്റിക്കു 19,800-19,850 മേഖലയിൽ കടുത്ത പ്രതിരോധം പ്രതീക്ഷിക്കാം. അതു മറികടന്നാൽ 20,000 നു മുകളിൽ ലക്ഷ്യം വയ്ക്കാം. ഇന്നു നിഫ്റ്റിക്ക് 19,700-ലും 19,625 ലും പിന്തുണ ഉണ്ട്. 19,805 ലും 19,885 ലും തടസം ഉണ്ടാകാം.
വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലാണ്. അലൂമിനിയം 2.27 ശതമാനം ഇടിഞ്ഞു ടണ്ണിന് 2203.15 ഡോളറിലായി. ചെമ്പ് 0.69 ശതമാനം താണു ടണ്ണിന് 8409 ഡോളറിൽ എത്തി. നിക്കൽ 1.07 ശതമാനം താണപ്പോൾ ടിൻ 0.43 ശതമാനവും ലെഡ് 0.68 ശതമാനവും സിങ്ക് 1.01 ശതമാനവും ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം കയറി 79.63 ഡോളറിലും ഡബ്ള്യുടിഐ ഇനം 75.89 ഡോളറിലും ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ബ്രെന്റ് 79.55 ലേക്കും ഡബ്ള്യുടിഐ 75.52 ഡോളറിലേക്കും താണു.
സ്വർണം ഇന്നലെ കുതിച്ചുയർന്ന് 1978.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1977.20 ഡോളറിലേക്കു താണു.
കേരളത്തിൽ പവൻവില 80 രൂപ കയറി 44,080 രൂപയിൽ എത്തി. വില ഇന്നു വീണ്ടും കയറാം.
ഡോളർ ഇന്നലെ ചാഞ്ചാടിയിട്ട് വ്യത്യാസമില്ലാതെ 82.04 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഡോളർ സൂചിക 100നു താഴെ തുടരുന്നു. ഇന്നലെയും സൂചിക 100 കടന്നെങ്കിലും പിന്നീടു താണ് 99.94 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.96 ലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 30,050 ഡോളറിനടുത്താണ്.
കമ്പനികൾ, വാർത്തകൾ
അമര രാജാ ബാറ്ററീസിന്റെ ഓഹരി ഇന്നലെ ആറു ശതമാനം ഇടിഞ്ഞു. കമ്പനിയിലെ നിക്ഷേപകരായ ക്ലാരിയോസ് തങ്ങളുടെ പക്കലുള്ള 14 ശതമാനം ഓഹരി വിറ്റതാണു കാരണം. സ്വദേശിയും വിദേശിയുമായ മ്യൂച്വൽ ഫണ്ടുകളും ഇൻഷ്വറൻസ് കമ്പനികളും ചേർന്ന് ഈ ഓഹരി വാങ്ങി.
കർലോണിനെ വാങ്ങി കിടക്ക വിപണിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച ഷീല ഫോം ഓഹരി ഇന്നലെ 10 ശതമാനം വരെ ഉയർന്നിട്ട് നാലു ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
കല്യാൺ ജ്വല്ലേഴ്സ് ഓഹരി ഇന്നലെ 3.75 ശതമാനം താഴ്ന്നു. 52 ആഴ്ചത്തെ ഉയർന്ന വിലയ്ക്കു സമീപം എത്തിയ ശേഷമാണു താഴ്ന്നത്. ഒരു വർഷത്തിനുള്ളിൽ 142 ശതമാനം നേട്ടമുണ്ടാക്കിയതാണ് ഓഹരി.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 135.40 രൂപ വരെ കയറിയിട്ട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്കിന്റെ ധനകാര്യ സർവീസസ് സബ്സിഡിയറിയായ ഫെഡ് ഫിന യുടെ ഐപിഒ കാര്യം വീണ്ടും സജീവമായതു വില ഉയരാൻ സഹായിച്ചു. കഴിഞ്ഞ വർഷം 200 കോടി രൂപയുടെ ഐപിഒയ്ക്കു ശ്രമിച്ചിട്ടു മാറ്റിവച്ചതാണ്. ഈ വർഷം എത്രയാണു ലക്ഷ്യം എന്നറിയിച്ചിട്ടില്ല. പുതിയ ഓഹരികളും ഫെഡറൽ ബാങ്കിന്റെ പക്കലുള്ള കുറേ ഓഹരികളും വിൽക്കും. ബാങ്ക് നേരത്തേ പ്രഖ്യാപിച്ച 4000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിനു പുറമേയാണിത്.
ഓതറൈസ്ഡ് പേഴ്സൺസ് വിഷയത്തിൽ എൻഎസ്ഇയിൽ ആറു മാസത്തെ വിലക്കു നേരിടുന്ന ഏഞ്ചൽ വൺ ഓഹരി ഇന്നലെയും എട്ടു ശതമാനത്തിലധികം ഇടിഞ്ഞു.
ജിയോ ഫിനാൻഷ്യൽ വരുന്നത് ഇങ്ങനെ
റിലയൻസ് ഇൻഡസ്ടീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ വേർപെടുത്തുന്നു. ഇതിനായി നാളെ എൻഎസ്ഇയിൽ ഒരു പ്രീ ട്രേഡ് സെഷൻ ഉണ്ട്. റിലയൻസ് ഓഹരിയുടെ ഇന്നത്തെ ക്ലാേസിംഗ് വിലയും ജിയോ ഇല്ലാത്ത റിലയൻസ് ഓഹരിയുടെ നാളത്തെ ട്രേഡിംഗിലെ വിലയും തമ്മിലുള്ള വ്യത്യാസമാകും ജിയോ ഓഹരിയുടെ തുടക്കവില.
നാളെ റിലയൻസ് ഓഹരി കൈവശമുള്ളവർക്ക് ഒന്നിന് ഒന്ന് എന്ന അനുപാതത്തിൽ ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി കിട്ടും. ജിയോയുടെ ലിസ്റ്റിംഗ് മറ്റൊരു ദിവസമാകും.
എൻഎസ്ഇയുടെ നിഫ്റ്റി സൂചികകളിലെല്ലാം ജിയാേ തുടക്കത്തിൽ തന്നെ സ്ഥാനം പിടിക്കും. ഇതിനായി ചട്ടങ്ങൾ തിരുത്തി. നിഫ്റ്റി 50 യിൽ 50 ഓഹരി എന്നതു തൽക്കാലം 51 ഓഹരിയായിരിക്കും. ഔപചാരികമായ ലിസ്റ്റിംഗിനു ശേഷം സൂചികകൾ അഴിച്ചു പണിയും.
തുടക്കത്തിൽ മൂലധന വലുപ്പം കൊണ്ട് ധനകാര്യ കമ്പനികളിൽ അഞ്ചാം സ്ഥാനം ഉണ്ടാകും ജിയാേയ്ക്ക്.
വിപണി സൂചനകൾ
(2023 ജൂലൈ 18, ചൊവ്വ)
സെൻസെക്സ് 30 66,795.14 +0.31%
നിഫ്റ്റി 50 19,749.25 +0.19%
ബാങ്ക് നിഫ്റ്റി 45,410.85 -0.09%
മിഡ് ക്യാപ് 100 36,591.40 -0.14%
സ്മോൾക്യാപ് 100 11,317.20 - 0.94.%
ഡൗ ജോൺസ് 30 34,951.93 +1.06%
എസ് ആൻഡ് പി 500 4554.98 +0.71%
നാസ്ഡാക് 14,353.64 +0.76%
ഡോളർ ($) ₹82.04 00 പൈസ
ഡോളർ സൂചിക 99.94 +0.06
സ്വർണം(ഔൺസ്) $1978.70 +$ 23.20
സ്വർണം(പവൻ ) ₹44,080 +₹80
ക്രൂഡ് (ബ്രെന്റ്)ഓയിൽ $79.63 +$1.13