പുതിയ ഉയരങ്ങൾ നോക്കി സെൻസെക്സും നിഫ്റ്റിയും
വിദേശ സൂചനകൾ നെഗറ്റീവ്; ചൈനീസ് ഉത്തേജകവും പലിശ കുറയ്ക്കലും കാത്തു കമ്പാേളങ്ങൾ
വെള്ളിയാഴ്ചത്തെ കുതിപ്പോടെ സർവകാല ഉയരങ്ങൾക്കു തൊട്ടടുത്താണ് ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ താണ്ടുന്നതു കാത്താണ് ഇന്നു വിപണി തുറക്കുക. എന്നാൽ ഏഷ്യൻ വിപണികളിലെ ക്ഷീണം ആവേശത്തിനു കുറവു വരുത്തിയിട്ടുണ്ട്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളി രാത്രി ഒന്നാം സെഷനിൽ 18,898 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,901.5 ലേക്കു കയറി. ഇന്നു രാവിലെ 18,890 നടുത്താണ്. ഇന്ത്യൻ വിപണിക്കു ദുർബലമായ തുടക്കമാണ് ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച നേട്ടത്താേടെ ക്ലോസ് ചെയ്തു. യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ ഉയർത്തിയതും ഇനിയും ഉയർത്തുമെന്നു പറഞ്ഞതും പ്രതീക്ഷിച്ചിരുന്നവയാണ്. യുഎസ് ഫെഡ് പലിശ കൂട്ടാത്തതിനാൽ യുറോ ഉയർന്നു.
ഇനി ഫെഡ് പലിശ കൂട്ടില്ലെന്ന വ്യാഖ്യാനവുമായി വ്യാഴാഴ്ച കുതിച്ചുകയറിയ യുഎസ് സൂചികകൾ വെള്ളിയാഴ്ച നഷ്ടത്തിലായി. ഡൗ ജോൺസ് 108.94 പോയിന്റ് (0.32%) താഴ്ന്ന് 34,299.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.25 പോയിന്റ് (0.37%) താണ് 4409.59 ലും നാസ്ഡാക് 93.25 പോയിന്റ് (0.68%) ഇടിഞ്ഞ് 13,689.60ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നു യുഎസ് വിപണിക്ക് അവധിയാണ്.
ആറു ദിവസത്തെ തുടർച്ചയായ കുതിപ്പിനാണ് എസ് ആൻഡ് പി വിരാമമിട്ടത്. എങ്കിലും ആഴ്ചയിൽ 2.6 ശതമാനം ഉയർച്ച ഉണ്ട്. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയാണു സൂചിക ഉയർന്നു ക്ലോസ് ചെയ്തത്. നാസ്ഡാക് കഴിഞ്ഞ ആഴ്ച 3.3 ശതമാനം നേട്ടം ഉണ്ടാക്കി. തുടർച്ചയായ എട്ടാമത്തെ പ്രതിവാരനേട്ടം. നിർമിത ബുദ്ധിയുടെ ശോഭയിൽ തിളങ്ങുന്ന എൻവിഡിയ കഴിഞ്ഞയാഴ്ച 10 ശതമാനം ഉയർന്നു. മൈക്രോസോഫ്റ്റ് 4.7 ശതമാനം ഉയർന്നു പുതിയ റിക്കാർഡ് കുറിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ഡൗ 0.10 ശതമാനം താണു. നാസ്ഡാക് 0.12 ശതമാനവും എസ് ആൻഡ് പി 0.02 ശതമാനവും താഴ്ന്നു നിൽക്കുന്നു. ഏഷ്യൻ സൂചികകൾ ഇന്നു താഴ്ചയിലാണ്. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കിൽ മാറ്റം വരുത്താത്തതു യെന്നിനു ദൗർബല്യമായി. ജപ്പാനിലെ നിക്കൈ സൂചികയും കൊറിയയിലെ കാേസ്പിയും രാവിലെ താഴ്ന്നു. ഓസ്ട്രേലിയൻ വിപണി നേട്ടത്തിലാണ് തുടങ്ങിയത്. ചെെനീസ് വിപണികൾ താഴ്ന്നു.
ചൊവ്വാഴ്ച ചെെനീസ് കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനം വരാനുണ്ട്. കഴിഞ്ഞയാഴ്ച ചെെന ഹ്രസ്വ, മധ്യകാല പലിശനിരക്കുകൾ 0.1 ശതമാനം വീതം കുറച്ചിരുന്നു. അതു വേണ്ടത്ര ആയില്ലെന്നാണു പൊതു വിലയിരുത്തൽ. നാളെ കുറേക്കൂടി വലിയ കുറയ്ക്കൽ പ്രതീക്ഷിക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെയ്ജിംഗിൽ നടത്തുന്ന ചർച്ചകൾ വൻശക്തികൾക്കിടയിൽ മഞ്ഞുരുക്കുമോ എന്നും വിപണികൾ ഉറ്റു നോക്കുന്നു.
ഇന്ത്യൻ വിപണി
വെള്ളിയാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങി. ഒടുവിൽ വലിയ കയറ്റത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 466.95 പോയിന്റ് (0.74%) കുതിച്ച് 63,384.58 ലും നിഫ്റ്റി 137.90 പോയിന്റ് (0.74%) ഉയർന്ന് 18,826.00 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.68 ശതമാനം ഉയർന്ന് 35,144.30 ലും സ്മോൾ ക്യാപ് സൂചിക 0.98 ശതമാനം കയറി 10,740.50 ലും ക്ലോസ് ചെയ്തു.
ഐടി, റിയൽറ്റി മേഖലകൾ മാത്രം വെള്ളിയാഴ്ച നഷ്ടത്തിലായി. ബാങ്ക്, ധനകാര്യ സേവന ഓഹരികൾ മികച്ച നേട്ടം ഉണ്ടാക്കി.
നിഫ്റ്റി 18,887 എന്ന സർവകാല ഉയരം മറികടക്കാവുന്ന നിലയിലാണ് എത്തിയിരിക്കുന്നതെന്നു വിശകലന വിദഗ്ധർ പറയുന്നു. അവിടം കടന്നാൽ 19,100 -19,250 ആകും അടുത്ത ലക്ഷ്യം എന്നാണു വിലയിരുത്തൽ. എങ്കിലും 18, 887 കടക്കുക അനായാസമല്ലെന്നു കരുതപ്പെടുന്നു. നിഫ്റ്റിക്ക് 18,740 - ലും 18,645 ലും പിന്തുണ ഉണ്ട്. 18,860 ലും 18,955 ലും തടസം ഉണ്ടാകാം.
വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും ക്യാഷ് വിപണിയിൽ വാങ്ങൽ തുടർന്നു. വിദേശികൾ 794.78 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 681.33 കോടിയുടെ ഓഹരികൾ വാങ്ങി.
വ്യാവസായിക ലോഹങ്ങൾ കയറ്റത്തിലായിരുന്നു. അലൂമിനിയം 0.86 ശതമാനം കയറി ടണ്ണിന് 2268.74 ഡോളറിലും ചെമ്പ് 0.90 ശതമാനം ഉയർന്ന് ടണ്ണിന് 8554.85 ഡോളറിലും എത്തി. എന്നാൽ ടിൻ 2.06 ശതമാനം താണ് 28,301 ഡോളർ ആയി. നിക്കൽ 1.88 ശതമാനം, സിങ്ക് 0.97 ശതമാനം, ലെഡ് 0.57 ശതമാനം തോതിൽ ഉയർന്നു. ചൈന പലിശ കുറയ്ക്കുകയും ഉത്തേജക പദ്ധതി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന മോഹത്തിലാണു വിപണികൾ.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ചയും കയറി.ചെെന ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്നും അപ്പോൾ ഡിമാൻഡ് കൂടുമെന്നുമുള്ള ഊഹമാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം കുതിച്ച് 76.61 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം രണ്ടു ശതമാനം കയറി 71.78 ഡോളറിലായി. ഇന്നു രാവിലെ വില ഇടിഞ്ഞു. ബ്രെന്റ് 75.69 ഡോളറായി.
സ്വർണം നേരിയ ഉയർച്ചയോടെ വാരാന്ത്യത്തിലേക്കു കടന്നു. ഔൺസിന് 1959.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 1955 -1957 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില വെള്ളിയാഴ്ച 320 രൂപ വർധിച്ച് 44,080 രൂപയായി. ഡോളർ വെള്ളിയാഴ്ച താണു. 21 പൈസ കുറഞ്ഞ് 81.97 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. ലോക വിപണിയിൽ ഡോളർ സൂചിക താഴ്ന്ന് 102.24 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 102.34 ലേക്കു സൂചിക താണു. ക്രിപ്റ്റോ കറൻസികൾ കയറ്റം തുടർന്നു. ബിറ്റ് കോയിൻ 26,400 ഡോളറിനടുത്തായി.
വിപണി സൂചനകൾ
(2023 ജൂൺ 16, വെള്ളി)
സെൻസെക്സ് 30 63,384.58 +0.74%
നിഫ്റ്റി 50 18,826.00 +0.74%
ബാങ്ക് നിഫ്റ്റി 43,938.15 +1.14%
മിഡ് ക്യാപ് 100 35,144.30 +0.68%
സ്മോൾക്യാപ് 100 10,740.50 +0.98%
ഡൗ ജോൺസ് 30 34,299.10 - 0.32%
എസ് ആൻഡ് പി 500 4409.59 -0.37%
നാസ്ഡാക് 13,689.60 -0.68%
ഡോളർ ($) ₹81.97 - 21 പൈസ
ഡോളർ സൂചിക 102.24 -0.09
സ്വർണം(ഔൺസ്) $1959.20 +$00.80
സ്വർണം(പവൻ ) ₹44,080 +₹320.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.61 +$0.94