ആഗോള സൂചനകൾ നെഗറ്റീവ്; യു.എസിലും ഏഷ്യയിലും ചോരപ്പുഴ; സ്വർണം കയറുന്നു
യുദ്ധം സംബന്ധിച്ച ആശങ്കയോടൊപ്പം സാമ്പത്തിക വളർച്ചയെപ്പറ്റി ഇലോൺ മസ്ക് ഉയർത്തിയ സന്ദേഹങ്ങളും ഏഷ്യൻ വിപണിയെ ബാധിച്ചു
പലിശപ്പേടിയും യുദ്ധഭീതിയും വിപണികളെ നഷ്ടത്തിലാക്കുന്നു. യൂറോപ്പിനും യു.എസിനും പിന്നാലെ ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ കനത്ത താഴ്ചയിലാണ്. ഇന്ത്യയിലും നഷ്ടത്തുടക്കമാണു പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞെങ്കിലും ആശ്വാസത്തിനു വകയില്ല. സ്വർണ വില വീണ്ടും കയറി. യു.എസിൽ കടപ്പത്ര വിലകൾ 4.95 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താണു. പലിശ കൂടുതൽ വർധിപ്പിക്കുമെന്ന് പലരും ഭയപ്പെടുന്നു.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,593.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,570 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ബുധനാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം വ്യാപകമാകുമെന്ന ഭീതിയാണു വിപണിയെ താഴ്ത്തുന്നത്..
യു.എസ് വിപണി ഇന്നലെ വലിയ ഇടിവിലായി. പശ്ചിമേഷ്യയിലെ സംഘർഷവും പലിശനിരക്ക് സംബന്ധിച്ച ആശങ്കയും വിപണിയെ ഉലയ്ക്കുന്നു.
യു.എസ് കടപ്പത്രങ്ങൾക്കു വീണ്ടും വിലയിടിഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.95 ശതമാനത്തിലേക്കു കയറി. 2007 നു ശേഷം നിക്ഷേപനേട്ടം ഇത്രയും ഉയരുന്നത് ആദ്യമാണ്. പലിശനിരക്കുകൾ കൂടുതൽ ഉയരുമെന്ന ഭീഷണിയാണു കടപ്പത്ര വിലയിടിവിൽ ഉള്ളത്.
ഇന്നു യു.എസ് ഫെഡ് ചെയർമാൻ ജെറോം പവൽ ഇക്കണോമിക് ക്ലബ് ഓഫ് ന്യൂയാേർക്കിൽ നടത്തുന്ന പ്രസംഗത്തിലേക്കാണു വിപണി ഉറ്റുനോക്കുന്നത്. പലിശ ഗതി സംബന്ധിച്ച ആധികാരിക കാഴ്ചപ്പാട് പവൽ വ്യക്തമാക്കും എന്നാണു പ്രതീക്ഷ.
മോർഗൻ സ്റ്റാൻലി മുതൽ യുണൈറ്റഡ് എയർലൈൻസ് വരെയുള്ള കമ്പനികൾ പ്രതീക്ഷയിലും മോശം റിസൽട്ടുകളാണ് ഇന്നലെ പുറത്തുവിട്ടത്. ഭാവി പ്രതീക്ഷ മോശമാണെന്നു സൂചിപ്പിച്ച യുനൈറ്റഡ് എയർലൈൻസ് ഓഹരി 10 ശതമാനം ഇടിഞ്ഞു. ലാഭം കുറഞ്ഞത് മോർഗൻ സ്റ്റാൻലിയെ എഴു ശതമാനം താഴ്ത്തി.
പ്രതീക്ഷയിലും കുറഞ്ഞ ലാഭവും ലാഭമാർജിനും ടെസ്‌ല ഓഹരിയെ അഞ്ചു ശതമാനം നഷ്ടത്തിലാക്കി. കമ്പനിയുടെ പ്രതി ഓഹരി വരുമാനം 37 ശതമാനം കുറഞ്ഞു . പ്രതീക്ഷയിലും വളരെ കൂടുതൽ വരിക്കാരെ കിട്ടി ലാഭവും വരുമാനവും വർധിപ്പിച്ച നെറ്റ്ഫ്ലിക്സ് വിപണി അടച്ച ശേഷമാണു റിസൽട്ട് പ്രസിദ്ധീകരിച്ചത്.
ഡൗ ജോൺസ് 332.57 പോയിന്റ് (0.98%) താഴ്ന്ന് 33,665.1 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 58.6 പോയിന്റ് (1.34%) കുറഞ്ഞ് 4314.6ൽ അവസാനിച്ചു. നാസ്ഡാക് 219.45 പോയിന്റ് (1.62) ഇടിഞ്ഞ് 13,314.3 ൽ ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു കുത്തനേ ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. യുദ്ധം സംബന്ധിച്ച ആശങ്കയോടൊപ്പം സാമ്പത്തിക വളർച്ചയെപ്പറ്റി ടെസ്‌ല മേധാവി ഇലോൺ മസ്ക് ഉയർത്തിയ സന്ദേഹങ്ങളും വിപണികളെ ബാധിച്ചു. ഒന്നര ശതമാനം താഴ്ചയിലാണു ജപ്പാനിലെ നിക്കെെയും കൊറിയയിലെ കോസ്പിയും ഓപ്പൺ ചെയ്തത്. ചെെനയിലും ഓഹരികൾ ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങി. ചൈനയിൽ പാർപ്പിട വിലകൾ കുത്തനെ താഴുന്നതായ റിപ്പോർട്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച വലിയ താഴ്ചയിലായി. യുദ്ധഭീതിക്കു പുറമേ വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും വിപണിയെ വല്ലാതെ വിഷമിപ്പിക്കുന്നു. സെപ്റ്റംബറിൽ 15,000 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ച വിദേശികൾ ഒക്ടോബറിൽ ഇതുവരെ 10,000 കോടി രൂപ തിരികെ കൊണ്ടുപോയി. യുഎസിൽ കടപ്പത്ര വില ഇടിയുന്നത് മികച്ച ആദായം ഉറപ്പു നൽകുന്ന ഭദ്രമായ നിക്ഷേപത്തിന് അവസരം നൽകുകയാണ്. ഇതാണു വിദേശികളെ പണം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നത്. ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1832 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1470 കോടിയുടെ ഓഹരികൾ വാങ്ങി.
സെൻസെക്സ് 551.07 പോയിന്റ് (0.83%) ഇടിഞ്ഞ് 65,877.02ൽ അവസാനിച്ചു. നിഫ്റ്റി 140.4 പോയിന്റ് (0.71%) താഴ്ന്ന് 19,671.1ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 520.8 പോയിന്റ് (1.17%) ഇടിവിൽ 43,888.7 ൽ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 0.90 ശതമാനം താഴ്ന്ന് 40, 367.18 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.34 ശതമാനം കുറഞ്ഞ് 13,010.45-ൽ അവസാനിച്ചു.
ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, മീഡിയ, വാഹനങ്ങൾ എന്നിവ മാത്രമാണ് ഇന്നലെ ഉയർന്നത്. ബാങ്ക്, ധനകാര്യ സേവന മേഖലകൾക്കായിരുന്നു വലിയ ഇടിവ്. ഐടി, മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ - ഗ്യാസ് എന്നിവയും ഇടിഞ്ഞു.
വിപണി മനോഭാവം നെഗറ്റീവാണ്. ഇന്നു നിഫ്റ്റിക്ക് 19,655 ലും 19,540 ലും പിന്തുണ ഉണ്ട്. 19,800 ഉം 19,900 ഉം തടസങ്ങളാകും.
വ്യാവസായിക ലോഹങ്ങൾ എല്ലാം ബുധനാഴ്ച നേട്ടമുണ്ടാക്കി. ചെെനയുടെ മൂന്നാം പാദ ജി.ഡി.പി പ്രതീക്ഷയിലധികം വളർന്നതാണു കാരണം. അലൂമിനിയം 0.53 ശതമാനം കയറി ടണ്ണിന് 2186.85 ഡോളറിലായി. ചെമ്പ് 0.70 ശതമാനം ഉയർന്ന് ടണ്ണിന് 7901.35 ഡോളറിലെത്തി. ലെഡ് 2.27 ഉം സിങ്ക് 2.27 ഉം നിക്കൽ 1.71 ഉം ടിൻ 2.2 ഉം ശതമാനം നേട്ടം ഉണ്ടാക്കി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഇന്നലെ 93 ഡോളർ തൊട്ട ശേഷം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 91.50 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 88.36 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് 90.95 ഡോളറിലേക്കും ഡബ്ള്യു.ടി.ഐ 88.09 ഡോളറിലേക്കും താഴ്ന്നു. യുഎഇയുടെ മർബൻ ക്രൂഡ് 94.09 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണവില ഇന്നലെ കുതിച്ചു കയറി. യുഎസ് കടപ്പത്ര വില കുറഞ്ഞിട്ടും സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള സ്വർണത്തിന്റെ ആകർഷകത്വത്തിനു മങ്ങൽ ഏറ്റില്ല. 1963 ഡോളർ വരെ കയറിയ സ്വർണം 1947.9 ഡോളറിൽ ക്ലാേസ് ചെയ്തു.
ഇന്നു രാവിലെ വീണ്ടും കയറിയ സ്വർണം 1951.1 ഡോളറിൽ എത്തി.
കേരളത്തിൽ ബുധനാഴ്ച പവൻ വില 400 രൂപ ഉയർന്ന് 44,360 രൂപയായി. ഇന്നും വില കൂടും.
ഡോളർ ഇന്നലെ മാറ്റമില്ലാതെ 83.26 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ ഉയർന്ന് 106.57 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.54 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 28,380 ഡോളറിലാണ്.
റിസൽട്ടുകൾ, കമ്പനികൾ
വിപ്രോയുടെ രണ്ടാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായി. വരുമാനം തലേ വർഷത്തെക്കാൾ 4.8 ഉം തലേ പാദത്തേക്കാൾ രണ്ടും ശതമാനം കുറഞ്ഞു. അറ്റാദായം കഴിഞ്ഞ പാദത്തേക്കാൾ 7.5 ശതമാനം കുറവായി. സ്ഥിരകറൻസിയിൽ അടുത്ത പാദത്തിലെ വരുമാനം 3.5 ശതമാനം വരെ കുറയാമെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞ പാദത്തിൽ ജീവനക്കാരുടെ എണ്ണം 5051 കണ്ടു കുറഞ്ഞു. മൊത്തം 2.45 ലക്ഷം ജീവനക്കാർ ഉണ്ട്.
ഇൻഡസ് ഇൻഡ് ബാങ്കിന്റെ ലാഭം 22 ശതമാനം കൂടി 2200 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 18 ശതമാനം ഉയർന്നു. വായ്പകൾ 21 ശതമാനം വർധിച്ചപ്പോൾ ബാങ്കിലെ നിക്ഷേപങ്ങൾ 14 ശതമാനമേ വർധിച്ചുള്ളു.
ഐ.ടി.സി, ഹിന്ദുസ്ഥാൻ യൂണി ലീവർ, അൾട്രാ ടെക് സിമന്റ്, സൗത്ത് ഇന്ത്യൻ ബാങ്ക് , നെസ്ലെ ഇന്ത്യ, എംഫാസിസ്, ജിൻഡൽ സ്റ്റെയിൻലെസ് തുടങ്ങിയവയുടെ റിസൽട്ട് ഇന്നു വരും.
പൊതുമേഖലാ കമ്പനികൾ
പൊതുമേഖലാ സ്ഥാപനമായ ഹഡ്കോയുടെ ഏഴു ശതമാനം ഓഹരികളുടെ വിൽപന ഇന്നലെ ആരംഭിച്ചു. ഓഫർ ഫോർ സെയിൽ രീതിയിലാണു വിൽപന. ഇന്നലെ ഓഫർ ചെയ്ത ഓഹരികൾക്കു നല്ല സ്വീകരണം ലഭിച്ചു. വിപണി വിലയിലും 12 ശതമാനം താഴ്ത്തിയായിരുന്നു ഓഫർ. തുടർന്നു വിപണിവിലയും അതിനടുത്തായി. വിൽപനയ്ക്കു ശേഷവും കേന്ദ്രസർക്കാരിന് 75 ശതമാനം ദാഹത ഉണ്ടാകും.
25 ശതമാനം ഓഹരി എങ്കിലും പൊതു വിപണിയിൽ വിറ്റിരിക്കണം എന്ന വ്യവസ്ഥ പാലിക്കാനായി കേന്ദ്രം ഏതാനും കമ്പനികളുടെ ഓഹരികൾ കൂടി താമസിയാതെ ഓഫർ ഫോർ സെയിലിൽ വിൽക്കും. പ്രതിരോധ, റെയിൽവേ മേഖലകളിലെ ഓഹരികൾ അതിൽ പെടും.
എം.എം.ടി.സി, എസ.ടി.സി എന്നിവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതായി റിപ്പോർട്ട് ഉണ്ട്. എസ്ടിസി മൂന്നു വർഷമായി വ്യാപാരമൊന്നും നടത്തുന്നില്ല. കമ്പനികൾ അടച്ചുപൂട്ടി ഓഹരികൾ തിരിച്ചു വാങ്ങി നിക്ഷേപകരുടെ പണം മടക്കി നൽകും.
വിപണി സൂചനകൾ
(2023 ഒക്ടോബർ 18, ബുധൻ)
സെൻസെക്സ് 30 65,877.02 -0.83%
നിഫ്റ്റി 50 19,671.10 -0.71%
ബാങ്ക് നിഫ്റ്റി 43,888.70 -1.17%
മിഡ് ക്യാപ് 100 40,367.15 -0.90%
സ്മോൾ ക്യാപ് 100 13,010. 45 -0.34%
ഡൗ ജോൺസ് 30 33,665.08 -0.98%
എസ് ആൻഡ് പി 500 4314.60 -1.34%
നാസ്ഡാക് 13,314.30 -1.62%
ഡോളർ ($) ₹83.28 +₹0.02
ഡോളർ സൂചിക 106.57 +0.32
സ്വർണം (ഔൺസ്) $1947.90 +$ 24.10
സ്വർണം (പവൻ) ₹44,360 -₹400.00
ക്രൂഡ് ബ്രെന്റ് ഓയിൽ $91.50 +$1.60