വിപണി പ്രതീക്ഷയില്‍, നിഫ്റ്റി 21,500 കടക്കുമോ? വിദേശ സൂചനകള്‍ പോസിറ്റീവ്

ക്രൂഡ് ഓയില്‍ വിലയില്‍ ആശങ്ക ഇല്ല

Update:2023-12-20 08:49 IST

യു.എസ് വിപണി ഇന്നലെ മികച്ച കുതിപ്പ് കാഴ്ചവച്ചത് ഇന്ന് ഇന്ത്യന്‍ വിപണിക്ക് ആവേശമാകും. ഏഷ്യന്‍ വിപണികള്‍ എല്ലാം കയറ്റത്തിലായതും വിപണിക്ക് കരുത്തുപകരും. ക്രൂഡ് ഓയില്‍ വില ചെങ്കടലിലെ ആക്രമണഭീഷണിയെ തുടര്‍ന്ന് ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും വിപണി ആശങ്കപ്പെടുന്നില്ല. ഇന്നലെ ചെറുതെങ്കിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത് ബുള്ളുകള്‍ക്കു പ്രതീക്ഷ നല്‍കുന്നു. 21,500ലെ തടസം നിഫ്റ്റിക്കു മറികടക്കാനായാല്‍ തുടര്‍കയറ്റം എളുപ്പമാകുമെന്ന് അവര്‍ കരുതുന്നു.

ഡിസംബറില്‍ തുടങ്ങുന്ന പാദത്തില്‍ ഐ.ടി സേവനത്തിനുള്ള പണം കമ്പനികള്‍ ചുരുക്കുന്നതിനാല്‍ വരുമാനം കുറയുമെന്ന് ആക്‌സഞ്ചര്‍ ഇന്നലെ യു.എസ് വിപണി അടച്ച ശേഷം മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇതിന്റെ പ്രത്യാഘാതം വിപണിയില്‍ ഉണ്ടാകാം.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ചൊവ്വ രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,616ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,610ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ സൂചികകള്‍ ചൊവ്വാഴ്ച ഉയര്‍ന്നു ക്ലോസ് ചെയ്തു. ട്രാവല്‍, ടൂറിസം ഓഹരികള്‍ നേട്ടമുണ്ടാക്കി.

യു.എസ് വിപണി ചൊവ്വാഴ്ച നല്ല നേട്ടത്തില്‍ അവസാനിച്ചു. ഡൗ ജോണ്‍സ് സൂചിക തുടര്‍ച്ചയായ ഒന്‍പതാമതു ദിവസവും ഉയര്‍ന്നു പുതിയ റെക്കോഡ് കുറിച്ചു. നാസ്ഡാക് 2022നു ശേഷം ആദ്യമായി 15,000നു മുകളില്‍ ക്ലോസ് ചെയ്തു. ഈ വര്‍ഷം ഇതുവരെ നാസ്ഡാക് 43.4 ശതമാനവും എസ് ആന്‍ഡ് പി 24.2 ശതമാനവും ഡൗ 13.3 ശതമാനവും കയറി.

ഡൗ ഇന്നലെ 251.90 പോയിന്റ് (0.86%) കയറി 37,557.92ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 27.81 പോയിന്റ് (0.59%) ഉയര്‍ന്ന് 4768.37ല്‍ അവസാനിച്ചു. നാസ്ഡാക് 98.03 പോയിന്റ് (0.66%) നേട്ടത്തില്‍ 15,003.22ലും അവസാനിച്ചു.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നു രാവിലെ 3.93 ശതമാനത്തില്‍ തുടരുന്നു. യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ 0.08ഉം എസ് ആന്‍ഡ് പി 0.07ഉം നാസ്ഡാക് 0.13ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. പലിശ നിരക്കില്‍ മാറ്റം വേണ്ടെന്ന ബാങ്ക് ഓഫ് ജപ്പാന്റെ തീരുമാനത്തെ തുടര്‍ന്ന് ഇന്നലെ ഉയര്‍ന്ന ജാപ്പനീസ് വിപണി ഇന്നും 1.6 ശതമാനം കയറ്റത്തിലായി. ഓസ്‌ട്രേലിയന്‍, കൊറിയന്‍, ചൈനീസ് വിപണികള്‍ നേട്ടത്തില്‍ തുടങ്ങി.

ഇന്ത്യന്‍ വിപണി

ചൊവ്വാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു വ്യാപാരം തുടങ്ങി. പക്ഷേ ആ നേട്ടം നിലനിര്‍ത്തിയില്ല. പിന്നീടു തിരിച്ചു കയറിയെങ്കിലും എത്തിയ ഉയരത്തില്‍ നിന്നു താഴ്ന്നു മിതമായ നേട്ടത്തിലാണു ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 122.10 പോയിന്റ് (0.17%) കയറി 71,437.19ലും നിഫ്റ്റി 34.45 പോയിന്റ് (0.16%) ഉയര്‍ന്ന് 21,453.10ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 3.20 പോയിന്റ് (0.01%) കയറി 47,870.90ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.38 ശതമാനം താണ് 45,512.45ലും സ്‌മോള്‍ ക്യാപ് സൂചിക 0.12 ശതമാനം താണ് 14,951.20ലും അവസാനിച്ചു.

ഐ.ടി, റിയല്‍റ്റി, മെറ്റല്‍, മീഡിയ, വാഹന മേഖലകള്‍ ഇന്നലെ താഴ്ചയിലായി. എഫ്.എം.സി.ജി, പൊതുമേഖലാ ബാങ്ക്, ഫാര്‍മ, ഓയില്‍-ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഹെല്‍ത്ത്, ഓയില്‍-ഗ്യാസ് മേഖലകള്‍ നേട്ടം ഉണ്ടാക്കി.

വിദേശ നിക്ഷേപ ഫണ്ടുകള്‍ ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വില്‍പന നടത്തി. അവര്‍ 601.52 കോടിയുടെ ഓഹരികള്‍ ക്യാഷ് വിപണിയില്‍ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 294.35 കോടിയുടെ ഓഹരികള്‍ വാങ്ങി.

ഇന്നലെ വിശാലവിപണി താഴുകയും മുഖ്യസൂചികകള്‍ നേരിയ നേട്ടത്തില്‍ ഒതുങ്ങുകയും ചെയ്‌തെങ്കിലും വിപണി ബുള്ളിഷ് ആവേശം കൈവിട്ടിട്ടില്ല എന്നാണു വിലയിരുത്തല്‍. അനുകൂല അന്തരീക്ഷം വന്നാല്‍ സാന്താ റാലി പുനരാരംഭിക്കും എന്നാണു പ്രതീക്ഷ. 21,500ലെ പ്രതിരോധം മറികടക്കാന്‍ നിഫ്റ്റിക്കു കഴിയുമാേ എന്നാണു വിപണി ഇന്ന് ഉറ്റുനോക്കുന്നത്. അവിടം കടന്നാല്‍ വിപണിഗതി കൂടുതല്‍ വേഗത്തിലാകും.

നിഫ്റ്റിക്ക് ഇന്ന് 21,370ലും 21,270ലും പിന്തുണ ഉണ്ട്. 21,495ഉം 21,600ഉം തടസങ്ങളാകാം.

ജെ.എസ്.ഡബ്‌ള്യു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡലിനെതിരേ മോഡലും ഡോക്ടറുമായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിക്കു വിപണി രണ്ടാം ദിവസവും വലിയ ഗൗരവം കൊടുത്തില്ല. ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ ജെ.എസ്.ഡബ്‌ള്യു സ്റ്റീല്‍ ഇന്നലെ 0.36 ശതമാനവും ജെ.എസ്.ഡബ്‌ള്യു ഹോള്‍ഡിംഗ്‌സ് 0.62 ശതമാനവും ഉയര്‍ന്നു ക്ലോസ് ചെയ്തു. എന്നാല്‍ ഗ്രൂപ്പിലെ ശിവ സിമന്റ് 2.4ഉം ജെ.എസ്.ഡബ്‌ള്യു എനര്‍ജി 1.02ഉം ജെ.എസ്.ഡബ്‌ള്യു ഇന്‍ഫ്രാ 2.87ഉം ശതമാനം ഇടിഞ്ഞു.

എഥനോള്‍ നയം പഞ്ചസാര മില്ലുകള്‍ക്ക് അനുകൂലമായി തിരുത്തിയെങ്കിലും എഥനോള്‍ ലഭ്യത സംബന്ധിച്ച അനിശ്ചിതത്വം മാറിയിട്ടില്ല. അതിനാല്‍ എണ്ണ വില്‍പന കമ്പനികള്‍ ഇന്ത്യാ ഗ്ലൈക്കോള്‍സില്‍ നിന്ന് എഥനോളിനു ദീര്‍ഘകാല കരാര്‍ ഉണ്ടാക്കി. 1164 കോടി രൂപയുടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാ ഗ്ലൈക്കോള്‍സ് ഓഹരി 11 ശതമാനം വരെ ഉയര്‍ന്നു. കമ്പനിയുടെ സ്‌പെഷാലിറ്റി കെമിക്കല്‍സ് ഡിവിഷനും നല്ല വളര്‍ച്ച കാണിക്കുന്നുണ്ട്.

സീ-സോണി ലയനനീക്കത്തിലെ അനിശ്ചിതത്വം തുടരുന്നു. പവന്‍ ഗോയങ്കയെ എം.ഡിയാക്കണം എന്ന ഉപാധിയില്‍ നിന്ന് സീ പിന്മാറിയില്ലെങ്കില്‍ ലയനം നടക്കില്ല എന്നാണു സൂചന. സീ എന്റര്‍ടെയ്ന്‍മെന്റ് 3.2ഉം സീ മീഡിയ 2.42ഉം ശതമാനം ഇടിഞ്ഞു.

കല്‍ക്കരി ഇറക്കുമതിക്ക് അമിതവില ഈടാക്കിയ വിഷയത്തില്‍ അദാനി, എസാര്‍ ഗ്രൂപ്പുകള്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി സി.ബി.ഐക്കു നിര്‍ദേശം നല്‍കിയത് ഇന്നലെ മിക്ക അദാനി കമ്പനികളുടെയും വില താഴ്ത്തി.

ചെങ്കടല്‍ ആക്രമണം

ചെങ്കടല്‍ വഴിയുള്ള കപ്പല്‍നീക്കം ആക്രമണ ഭീഷണിയിലായതിനെ തുടര്‍ന്ന് ജി.ഇ ഷിപ്പിംഗ് അടക്കം കപ്പല്‍ ഗതാഗത കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ജി.ഇ ഓഹരി 6.72 ശതമാനം കയറിയാണു ക്ലോസ് ചെയ്തത്. രണ്ടു ദിവസം കൊണ്ട് ഓഹരി 14 ശതമാനം ഉയര്‍ന്നു.ചെങ്കടല്‍ മേഖലയില്‍ ഹൗതി ഭീകരരുടെ ഡ്രാേണ്‍ ആക്രമണത്തെ യു.എസ് നാവികസേന ചെറുക്കുന്നുണ്ട്.

ചെങ്കടല്‍ പ്രശ്‌നം ഇന്നലെയും ക്രൂഡ് ഓയില്‍ വില ഉയര്‍ത്തി. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 79.23 ഡോളറിലും ഡബ്‌ള്യു.ടി.ഐ ഇനം 73.44 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 79.31ലേക്കു കയറി. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 79.16 ഡോളറില്‍ വ്യാപാരം നടക്കുന്നു.

സ്വര്‍ണവില

ചൊവ്വാഴ്ച ലോകവിപണിയില്‍ സ്വര്‍ണവില 0.65 ശതമാനം കയറി ഔണ്‍സിന് 2041.14 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2038.20 ഡോളര്‍ ആയി താണു. കേരളത്തില്‍ പവന്‍വില ചൊവ്വാഴ്ച മാറ്റമില്ലാതെ 45,920 രൂപയില്‍ തുടര്‍ന്നു.

ഡോളര്‍ സൂചിക ചൊവ്വാഴ്ച താണു: 102.56ല്‍ നിന്ന് 102.17ലേക്ക്. ഇന്നു രാവിലെ 102.22ലേക്കു കയറി. ഡോളര്‍ ചൊവ്വാഴ്ച തുടക്കത്തില്‍ ദുര്‍ബലമായ ശേഷം 12 പൈസ നേട്ടത്തോടെ 83.18 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്റ്റോ കറന്‍സികള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 42,400 ഡോളറിനു സമീപമാണ്.

വിപണിസൂചനകള്‍

(2023 ഡിസംബര്‍ 19, ചൊവ്വ)

സെന്‍സെക്‌സ്30 71,437.19 +0.17%

നിഫ്റ്റി50 21,453.10 +0.16%

ബാങ്ക് നിഫ്റ്റി 47,870.90 +0.01%

മിഡ് ക്യാപ് 100 45,512.45 -0.38%

സ്‌മോള്‍ ക്യാപ് 100 14,951.20 -0.12%

ഡൗ ജോണ്‍സ് 30 37,557.92 +0.86%

എസ് ആന്‍ഡ് പി 500 4768.37 +0.59%

നാസ്ഡാക് 15,003.22 +0.66%

ഡോളര്‍ ($) ?83.18 +?0.12

ഡോളര്‍ സൂചിക 102.17 -0.38

സ്വര്‍ണം (ഔണ്‍സ്) $2041.14 +$13.74

സ്വര്‍ണം (പവന്‍) ?45,920 +?00.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $79.23 +$3.18

Tags:    

Similar News