20,000 ത്തിന്റെ പടിവാതിൽക്കൽ നിഫ്റ്റി

ബുള്ളുകളുടെ ആവേശം കെടുത്താൻ ഫണ്ടുകൾക്കു കഴിയുമോ?; ജിയോ ഫൈനാൻസിന്റെ വില ഇന്നറിയാം; ആപ്പിൾ സ്വന്തമായ ജനറേറ്റീവ് എ.ഐ നിർമിക്കുന്നതായി റിപ്പോർട്ട്

Update:2023-07-20 08:19 IST

തുടർച്ചയായി പുതിയ ഉയരങ്ങൾ താണ്ടുകയാണ് ഇന്ത്യൻ വിപണിസൂചികകൾ. സെൻസെക്സ് ഇന്നലെ ആദ്യമായി 67,000 നു മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 20,000 എന്ന നാഴികക്കല്ലിലേക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം ദൂരമേ ഉള്ളൂ. ആഗാേള വിപണികളും ഉയർന്നു നീങ്ങുകയാണ്. ബ്രിട്ടനിലും വിലക്കയറ്റം കുറഞ്ഞതോടെ പലിശഭീതിയിൽ നിന്നു വിപണികൾ മാറുകയാണ്. ബുൾ തരംഗം തുടരാൻ തക്ക അന്തരീക്ഷം നിലനിൽക്കുന്നു. ലാഭമെടുക്കലിനുള്ള വിൽപന സമ്മർദമാണ് പ്രതികൂല ഘടകം.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,840 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,856 ലേക്ക് കയറിയിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. ജർമനിയിലെ ഡാക്സ് സൂചിക മാത്രം അൽപം താണു. യുകെയിലെ ചില്ലറവിലക്കയറ്റം പ്രതീക്ഷയിലധികം കുറഞ്ഞത് ബ്രിട്ടീഷ് സൂചികയെ രണ്ടു ശതമാനം ഉയർത്തി. യൂറോയും ബ്രിട്ടീഷ് പൗണ്ടും താഴ്ന്നു. യുകെയിൽ കടപ്പത്ര വിലകൾ കൂടി. ചില്ലറ വിലക്കയറ്റം മേയിലെ 8.7 ൽ നിന്നു ജൂണിൽ 7.9 ശതമാനമായി പ്രതീക്ഷ 8.2 ശതമാനമായിരുന്നു. കാതൽ വിലക്കയറ്റം 6.9 ശതമാനമായി.

മികച്ച റിസൾട്ടുകളുടെ ബലത്തിൽ യുഎസ് വിപണി ഇന്നലെയും നല്ല നേട്ടമുണ്ടാക്കി. തുടർച്ചയായ എട്ടാം ദിവസവും ഡൗ കയറി. ഡൗ ജോൺസ് സൂചിക 109.28 പോയിന്റ് (0.31%) ഉയർന്ന് 35,061.21 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 10.74 പോയിന്റ് (0.24%) ഉയർന്ന് 4565.72 ൽ എത്തി. നാസ്ഡാക് 4.38 പോയിന്റ് (0.03%) കയറി 14,358.02 ൽ വ്യാപാരം അവസാനിപ്പിച്ചു.

പ്രതീക്ഷയേക്കാൾ മോശപ്പെട്ട റിസൾട്ടാണ് ഗോൾഡ് മാൻ സാക്സ് പുറത്തുവിട്ടത്. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല വിറ്റുവരവും ലാഭവും വർധിപ്പിച്ചു. പക്ഷേ ലാഭമാർജിൻ കുറഞ്ഞു. ഓഹരിവില താഴ്ന്നു. നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണം കുതിച്ചു. പക്ഷേ ഭാവിസാധ്യത അത്ര മെച്ചമല്ലെന്ന മാനേജ്മെന്റ് വിലയിരുത്തൽ ഓഹരിയെ താഴ്ത്തി. വരുമാനം പ്രതീക്ഷയോളം വന്നതുമില്ല. ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ടെക് ഓഹരികൾ നയിക്കുന്ന നാസ്ഡാക് 0.58 ശതമാനം താഴ്ന്നു. ഡൗ ജോൺസ് 0.03 ശതമാനവും എസ് ആൻഡ് പി 0.24 ശതമാനവും താഴ്ന്നു നിൽക്കുന്നു.

ആപ്പിൾ, സ്വന്തമായ ജനറേറ്റീവ് എ.ഐ (നിർമിത ബുദ്ധി) നിർമിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ചാറ്റ് ജിപിടിക്കു ബദൽ ആണ് ആപ്പിൾ ലക്ഷ്യമിടുന്നത്. മറ്റു വമ്പൻ ടെക് കമ്പനികൾ എല്ലാം സ്വന്തം ജനറേറ്റീവ് എഐ പ്ലാറ്റ്ഫോം ഉണ്ടാക്കുകയാേ വാങ്ങി സ്വന്തമാക്കുകയാേ ചെയ്തിട്ടുണ്ട്.

ഇന്നു ഏഷ്യൻ വിപണികൾ ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക 0.65 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി കയറ്റത്തിലാണ്. ചെെനീസ് വിപണി ഉയർന്നു. ഹാേങ്കോംഗ് വിപണി ഒന്നര ശതമാനം കയറി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെയും നേട്ടത്തിൽ തുടങ്ങി. വ്യാപാരത്തിനിടയ്ക്കു സൂചികകൾ കുത്തനേ താഴ്ന്നു നഷ്ടത്തിലായെങ്കിലും ഉച്ചയ്ക്കു ശേഷം തിരിച്ചു കയറി നല്ല ഉയരത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുക്കൽ തുടരുമ്പോഴും വിപണിയിലേക്കു പണം ഒഴുകുകയാണ്.

സെൻസെക്സ് ഇന്നലെ 67,171.38-ലും നിഫ്റ്റി 19,851.70 ലും കയറി റെക്കോർഡ് കുറിച്ചിട്ടാണു വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 302.30 പോയിന്റ് (0.45%) നേട്ടത്തിൽ 67,097.44 ലും നിഫ്റ്റി 83.90 പോയിന്റ് (0.42%) കയറി 19,833.15 ലും ക്ലോസ് ചെയ്തു. വിശാലവിപണിയും നല്ല കയറ്റത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.68 ശതമാനം കയറി 36,839.00 ലും സ്മോൾ ക്യാപ് സൂചിക 0.78 ശതമാനം കുതിച്ച് 11,404.95ലും ക്ലോസ് ചെയ്തു.

ഐടി, വാഹന മേഖലകൾ ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ ഉയരത്തിലായിരുന്നു. പിഎസ് യു ബാങ്ക് സൂചിക 1.95 ശതമാനം കയറി. സർവകാല റെക്കോഡ് വിലയിൽ എത്തിയ റിലയൻസും വിപണിയുടെ കുതിപ്പിനു കരുത്തു പകർന്നു.

വിദേശനിക്ഷേപകർ ഇന്നലെ1165.47 കോടി രൂപയാണ് ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2134.54 കോടിയുടെ ഓഹരികൾ വിറ്റു.

വിപണിയിൽ വിൽപന സമ്മർദം തുടരുകയാണെങ്കിലും ബുള്ളിഷ് കുതിപ്പിന് തടസമില്ലെന്നാണു നിഗമനം. ഇന്നു നിഫ്റ്റിക്ക് 19,755 ലും 19,680 ലും പിന്തുണ ഉണ്ട്. 19,855 ലും 19,925 ലും തടസം ഉണ്ടാകാം.

പ്രധാന വ്യാവസായിക ലോഹങ്ങൾ താഴാേട്ടു യാത്ര തുടരുകയാണ്. അലൂമിനിയം 0.40 ശതമാനം താണു ടണ്ണിന് 2194.28 ഡോളറിലായി. ചെമ്പ് 0.66 ശതമാനം താഴ്ന്നു  ടണ്ണിന് 8353.65 ഡോളറിൽ എത്തി. ടിൻ 1.99 ശതമാനവും ലെഡ് 0.59 ശതമാനവും സിങ്ക് 1.19 ശതമാനവും ഇടിഞ്ഞു. നിക്കൽ 0.49 ശതമാനം കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 79.46 ഡോളറിലും ഡബ്ള്യുടിഐ ഇനം 75.35 ഡോളറിലും ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ബ്രെന്റ് 79.40 ലേക്കും ഡബ്ള്യുടിഐ 75.23 ഡോളറിലേക്കും താഴ്ന്നു.

സ്വർണം ഇന്നലെ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഔൺസിന് 1977.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1978.90 ഡോളറിലേക്കു കയറി.

കേരളത്തിൽ പവൻവില 400 രൂപ ഉയർന്ന് 44,480 രൂപയിൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഡോളർ ഇന്നലെ നാലു പൈസ കയറി 82.08 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഡോളർ സൂചിക 100നു മുകളിലായി. യുറോയും പൗണ്ടും താഴ്ന്നതാണു കാരണം. ഡോളർ സൂചിക 100.29 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.14 ലേക്കു താഴ്ന്നു. 

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 29,850 ഡോളറിനടുത്താണ്. 

ജിയോയുടെ വിലനിർണയം ഇന്ന്

റിലയൻസിൽ നിന്നു വേർപെടുത്തുന്ന ജിയോ ഫൈനാൻഷ്യൽ സർവീസസിന്റെ ഓഹരി വില നിർണയിക്കാനുള്ള പ്രത്യേക വ്യാപാരം ഇന്നു നടക്കും. റിലയൻസ് ഇന്നലെ 2853 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്നു പ്രത്യേക വ്യാപാരത്തിൽ ജിയോ ഇല്ലാത്ത റിലയൻസിന് നിക്ഷേപകർ കൽപിക്കുന്ന വില ഈ 2853 രൂപയിൽ നിന്നു കുറയ്ക്കുമ്പോൾ ജിയോയുടെ വില കിട്ടും.

ഉദാഹരണമായി റിലയൻസ് 2700 രൂപയിൽ ക്ലോസ് ചെയ്താൽ ജിയോയുടെ വില 153 രൂപ എന്നു കണക്കാക്കും. ഈ വിലയാണു വരും ദിവസങ്ങളിൽ വിവിധ സൂചികകൾ കണക്കിലെടുക്കുക. രണ്ടു മൂന്നു മാസത്തിനു ശേഷം ജിയോ ലിസ്റ്റ് ചെയ്യുമ്പോൾ മാത്രമാണു സൂചികകൾ പുനർ ക്രമീകരിക്കുക. സൂചികകൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകൾക്കും മറ്റും നഷ്ടം വരാതിരിക്കാനാണ് ഈ ക്രമീകരണം.

റിലയൻസിൽ 6.1 ശതമാനം ഓഹരി പങ്കാളിത്തത്താേടു കൂടിയാണു ജിയാേ ഇന്നു സ്വന്തമായ അസ്തിത്വം പ്രഖ്യാപിക്കുന്നത്. ജിയായുടെ പ്രാരംഭമൂല്യം ഒന്നര ലക്ഷം കോടി രൂപയ്ക്കു മുകളിലാകുന്നത് അതുകൊണ്ടാണ്. ഇതനുസരിച്ച് ജിയോ ഓഹരിക്ക് 140 രൂപയ്ക്കും 240 രൂപയ്ക്കുമിടയിൽ വില പ്രതീക്ഷിക്കുന്നു. ധനകാര്യ സേവന മേഖലയിൽ ജിയാേയുടെ വരവ് വലിയ മാറ്റം കുറിക്കുമെന്നാണു വിലയിരുത്തൽ.

ഫെഡറൽ ബാങ്ക് ക്യു.ഐ.പി തുടങ്ങി 

ഫെഡറൽ ബാങ്ക് മൂലധനഫണ്ട് സമാഹരണത്തിനുള്ള ക്യു.ഐ.പി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ് ) തുടങ്ങി. 132.59 രൂപയാണ് ഓഹരിയുടെ തറവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ നിന്ന് അഞ്ചു ശതമാനം വരെ ഡിസ്കൗണ്ട് നൽകാം. ഇന്നലെ 135.70 രൂപയിലാണു ഫെഡറൽ ബാങ്ക് ക്ലോസ് ചെയ്തത്. ക്യുഐപിയും പ്രിഫറൻഷ്യൽ അലോട്ട്മെന്റും വഴി 4000 കോടി രൂപയാണു സമാഹരിക്കുക. ക്യുഐപി യിൽ ഓഹരിയും കടപ്പത്രങ്ങളും ഉൾപ്പെടാം.

ലോകബാങ്ക് സഹസ്ഥാപനമായ ഐഎഫ്സി പ്രിഫറൻഷ്യൽ ഓഹരി വാങ്ങും എന്നു റിപ്പോർട്ട് ഉണ്ട്. 2021-ൽ ഐഎഫ്സി ബാങ്കിൽ 4.99 ശതമാനം ഓഹരി എടുത്തതാണ്.

പുതിയ ശാഖകൾ തുടങ്ങുന്നതടക്കം റീറ്റെയ്ൽ  ബിസിനസ് വർധിപ്പിക്കുന്നതിനാണ് മൂലധന സമാഹരണം. 

വിപണി സൂചനകൾ

(2023 ജൂലൈ 19, ബുധൻ)

സെൻസെക്സ് 30 67,097.44 +0.45%

നിഫ്റ്റി 50 19,833.15 +0.42%

ബാങ്ക് നിഫ്റ്റി 45,669.30 +0.57%

മിഡ് ക്യാപ് 100 36,839.00 +0.68%

സ്മോൾക്യാപ് 100 11,404.92 +0.78 %

ഡൗ ജോൺസ് 30 35,061.21 +0.31%

എസ് ആൻഡ് പി 500 4565.72 +0.24%

നാസ്ഡാക് 14,358.02 +0.03%

ഡോളർ ($) ₹82.08 +04 പൈസ

ഡോളർ സൂചിക 100.29 +0.35

സ്വർണം(ഔൺസ്) $1977.50 -$01.20

സ്വർണം(പവൻ ) ₹44,480 +₹8400

ക്രൂഡ് (ബ്രെന്റ്)ഓയിൽ $79.46 -$0.17

Tags:    

Similar News