വാഹന എ.സി കമ്പനി ഓഹരികൾ കുതിക്കുന്നു
ട്രക്ക് കാബിനുകളിൽ എ.സി നിർബന്ധമെന്ന ഗഡ്കരിയുടെ പ്രസ്താവന തുണയായി; ഇന്ത്യൻ ഓഹരി വിപണി മൂല്യം 3.5 ലക്ഷം കോടി ഡോളർ കടന്നു
ഇന്ത്യൻ വിപണി ഇന്നലെ ഉച്ചയ്ക്കു ശേഷം വീണ്ടും സ്വാധീനത്തിലായി. മ്യൂച്വൽ ഫണ്ടുകൾ സൂചികാധിഷ്ഠിത ഓഹരികൾ വാങ്ങാൻ ഉത്സാഹിച്ചത് തുണയായി. ഈ സമീപനം ഇന്നു തുടർന്നാൽ നിഫ്റ്റിയും സെൻസെക്സും പുതിയ ഉയരങ്ങളിലേക്കു കുതിക്കാം. എന്നാൽ അങ്ങനെയൊന്നു പെട്ടെന്നു സംഭവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ വിപണിയിൽ കാണാനില്ല. ഏതായാലും വിപണിയിൽ ആകാംക്ഷ വളർന്നിട്ടുണ്ട്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വ രാത്രി ഒന്നാം സെഷനിൽ 18,883 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,881 ലേക്കു താണു. ഇന്നു രാവിലെ 18,870 നടുത്താണ്. ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വീണ്ടും താഴ്ന്നു. വളർച്ചയും വിലക്കയറ്റവും വീണ്ടും ചിന്താ വിഷയങ്ങളായി. ഫ്രഞ്ച്, ജർമൻ വിപണികൾ ഇന്നലെ അര ശതമാനം വീതം ഇടിഞ്ഞു. സ്റ്റോക്സ് 600 ഉം അര ശതമാനം വരെ താണു.
യു.എസ് വിപണി ഇടിവിൽ
യു.എസ് വിപണി ഇന്നലെയും ഇടിഞ്ഞു. ഡൗ ജോൺസ് 245.25 പോയിന്റ് (0.72%) നഷ്ടത്തിൽ 34,053.87 ൽ അവസാനിച്ചു. എസ് ആൻഡ് പി 20.88 പോയിന്റ് (0.47%) കുറഞ്ഞ് 4358.71 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 22.28 പോയിന്റ് (0.16% ) താണ് 13,667.29 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.05 ശതമാനം താണു. നാസ്ഡാക് 0.06 ശതമാനവും എസ് ആൻഡ് പി 0.04 ശതമാനവും താഴ്ന്നു നിൽക്കുന്നു. ഏഷ്യൻ സൂചികകൾ ഇന്നും താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ സൂചികയും കൊറിയയിലെ കാേസ്പിയും രാവിലെ താഴ്ന്നു. നിക്കൈ പിന്നീടു കയറ്റത്തിലായി. ഓസ്ട്രേലിയൻ വിപണിയും നഷ്ടത്തിലാണ്. ചെെനീസ് വിപണികൾ താഴ്ന്നു.
തിങ്കളാഴ്ച ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത് താഴ്ചയിലാണ്. പിന്നീടു ഗതിമാറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 159.40 പോയിന്റ് (0.25%) കയറി 63,327.70 ലും നിഫ്റ്റി 61.20 പോയിന്റ് (0.33%) ഉയർന്ന് 18,816.70 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.49 ശതമാനം ഉയർന്ന് 35,329.20 ലും സ്മോൾ ക്യാപ് സൂചിക 0.52 ശതമാനം കയറി 10,824.80 ലും ക്ലോസ് ചെയ്തു. സ്മാേൾ ക്യാപ് സൂചിക സർവകാല റിക്കാർഡിലായി. ലാർജ് ക്യാപ് ഓഹരികളിൽ നിന്നു മിഡ്, സ്മോൾ ക്യാപ്പുകളിലേക്കു പണം നീങ്ങുന്നതായി സൂചനയുണ്ട്.
ഇന്ത്യൻ ഓഹരി ലോകത്ത് അഞ്ചാം സ്ഥാനത്ത്
ഇന്ത്യൻ ഓഹരി വിപണിയുടെ മൊത്തം മൂല്യം 3.5 ലക്ഷം കോടി (ട്രില്യൺ) ഡോളർ കടന്നു ലോകത്ത് അഞ്ചാം സ്ഥാനത്തായി. ജൂൺ മാസത്തെ കുതിപ്പിൽ യുകെ (3.1 ട്രില്യൺ)യെയും ഫ്രാൻസി (3.3 ട്രില്യൺ) നെയും ഇന്ത്യ മറികടന്നു. അമേരിക്ക (46.83 ട്രില്യൺ), ചെെന (10.36 ട്രില്യൺ), ജപ്പാൻ (6.02 ട്രില്യൺ), ഹോങ് കോങ് (5.31 ട്രില്യൺ) എന്നിവയാണു മുന്നിലുള്ളത്.
ബാങ്ക്, മെറ്റൽ, റിയൽറ്റി, വാഹന, ധനകാര്യ മേഖലകൾ ഇന്നലെ നേട്ടം ഉണ്ടാക്കി. ടാറ്റാ മോട്ടോഴ്സ് ഓഹരി ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. 2023 ൽ ഇതു വരെ 50 ശതമാനം നേട്ടം ടാറ്റാ മോട്ടാേഴ്സിനുണ്ടായി.
എഫ്.എ.സി.ടി ഓഹരി ഇന്നലെ 10 ശതമാനത്തിലധികം ഉയർന്ന് 433 രൂപ വരെ എത്തി. ഒരു മാസത്തിനകം 40 ശതമാനം നേട്ടം ഈ ഓഹരിക്കുണ്ടായി. വില വർധിക്കുന്നതിനനുസരിച്ച് വ്യാപാര വ്യാപ്തവും വർധിക്കുന്നുണ്ട്. മറ്റു രാസവള കമ്പനികളിൽ ഇതേ പോലെ കയറ്റം കാണുന്നില്ല.
ട്രക്കുകളിൽ ഡ്രൈവർ കാബിൻ എയർ കണ്ടീഷൻ ചെയ്യണമെന്നതു നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് - ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത് സുബ്രാേസ് ഓഹരിയെ 20 ശതമാനം ഉയർത്തി. വാഹന എസികളിൽ ഒന്നാം സ്ഥാനത്തുള്ള സുബ്രാേസ് 1985-ൽ ആരംഭിച്ചതാണ്. മാരുതി സുസുകി (12%), ജപ്പാനിലെ ഡെൻസോ കോർപറേഷൻ (20%) എന്നിവയും സൂരി കുടുംബ (36.8%) വുമാണു മുഖ്യ ഓഹരി ഉടമകൾ. കഴിഞ്ഞ വർഷം 2807 കോടി രൂപ വിറ്റുവരവിൽ 48.5 കോടി രൂപയുടെ അറ്റാദായം സുബ്രോസ് ഉണ്ടാക്കി.
വാഹന എയർ കണ്ടീഷനിംഗ് രംഗത്തുള്ള അംബർ എന്റർപ്രൈസസ് ഓഹരി എട്ടു ശതമാനത്തിലധികം ഉയർന്നു. ജോൺസൺ കൺട്രോൾസ് (ഹിറ്റാച്ചി), ബ്ലൂ സ്റ്റാർ, വോൾട്ടാസ് എന്നിവയും ഈ ബിസിനസിലുള്ളവയാണ്.
സൂചികകൾ സർവകാല ഉയരത്തിൽ
ട്രക്കുകളുടെ വിലയിൽ 50,000 രൂപ വർധിപ്പിക്കുന്നതാണ് നിർബന്ധിത എ.സി. വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ വിൽപന തുടർന്നു. അവർ 1942.62 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1972.51 കോടിയുടെ ഓഹരികൾ വാങ്ങി.
സൂചികകൾ സർവകാല റെക്കോഡിന് അടുത്ത് എത്തും തോറും ലാഭമെടുക്കാനുള്ള വിൽപന സമ്മർദ്ദം കൂടുകയാണ്. ഇന്നു നിഫ്റ്റിക്ക് 18,700 -ലും 18,595 ലും പിന്തുണ ഉണ്ട്. 18,840 ലും 18,950 ലും തടസം ഉണ്ടാകാം.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലാണു നീങ്ങിയത്. ചൈനയിൽ നിന്നു പ്രതീക്ഷിച്ച ഉത്തേജക പദ്ധതിയോ ഉദ്ദേശിച്ചത്ര പലിശ കുറയ്ക്കലോ ഉണ്ടായില്ല. ചെെനീസ് പാർപ്പിട മേഖലയുടെ തളർച്ച നീക്കാൻ നടപടി ഉണ്ടാകും വരെ ലോഹങ്ങൾ ദിശാബോധം ഇല്ലാത്ത നീക്കങ്ങളിലാകും എന്നാണു നിഗമനം. അലൂമിനിയം ഇന്നലെ 0.18 ശതമാനം താണു ടണ്ണിന് 2236.90 ഡോളറിലായി. ചെമ്പ് 0.19 ശതമാനം കയറി ടണ്ണിന് 8562.35 ഡോളറിൽ എത്തി. നിക്കൽ 2.83 ശതമാനവും സിങ്ക് 1.93 ശതമാനവും ഇടിഞ്ഞു. ടിൻ 1.85 ശതമാനം ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വിലയും ചെറിയ മേഖലയിൽ കയറിയിറങ്ങുകയാണ്. ചെെന ഉത്തേജക പദ്ധതി പ്രഖ്യാപിച്ചില്ല. പലിശ തീരുമാനവും തൃപതികരമായില്ല. ഇതു വില താഴ്ത്തി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 75.90 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 70.50 ഡോളറിലേക്കു താണു.
സ്വർണം വീണ്ടും താഴ്ചയിലാണ്. ഔൺസിന് 1937.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 1935 -1937 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില 80 രൂപ കുറഞ്ഞ് 44,000 രൂപ ആയി. ഇന്നു വില കുറഞ്ഞേക്കാം. ഡോളർ ഇന്നലെ 82 രൂപയ്ക്കു മുകളിലേക്കു തിരിച്ചു കയറി.
18 പൈസ നേട്ടത്തിൽ 82.12 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. ലോക വിപണിയിൽ ഡോളർ സൂചിക നാമമാത്രമായി കയറി 102.54 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 102.55 ലേക്കുയർന്നു. ക്രിപ്റ്റോ കറൻസികൾ ഇന്നലെയും കയറ്റം തുടർന്നു. ബിറ്റ് കോയിൻ 28,300 ഡോളർ കടന്നു.
വിപണി സൂചനകൾ
(2023 ജൂൺ 20, ചൊവ്വ)
സെൻസെക്സ് 30 63,327.70 +0.25%
നിഫ്റ്റി 50 18,816.70 +0.33%
ബാങ്ക് നിഫ്റ്റി 43,766.50 +0.30%
മിഡ് ക്യാപ് 100 35,329.20 +0.49%
സ്മോൾക്യാപ് 100 10,824.80 +0.52%
ഡൗ ജോൺസ് 30 34,053.90 -0.72%
എസ് ആൻഡ് പി 500 4388.71 -0.47%
നാസ്ഡാക് 13,667.30 -0.16%
ഡോളർ ($) ₹82.12 +18 പൈസ
ഡോളർ സൂചിക 102.54 +0.02
സ്വർണം(ഔൺസ്) $1937.60 -$14.20
സ്വർണം(പവൻ ) ₹44,000 -₹ 80.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.90 -$0.22