ആഗോള വിപണികളിൽ ഉണർവ്; ടെക് കമ്പനികൾ കുതിക്കുന്നു; ജിയോ ഫിൻ തുടക്കം താഴ്ചയോടെ
യുഎസിൽ പലിശനിരക്ക് ഇനിയും കൂടുമെന്നും കൂടുതൽ കാലം ഉയർന്ന നിരക്ക് തുടരുമെന്നുമാണു വിപണിയുടെ നിഗമനം
വിപണികൾ പൊതുവേ ശാന്തമായി. പുതിയ ആഴ്ചയുടെ തുടക്കം ആശങ്കയോടെ ആയിരുന്നെങ്കിലും രണ്ടാം ദിവസത്തേക്ക് കടക്കുന്നതു കൂടുതൽ പ്രത്യാശയോടെയാണ്. യുഎസിൽ പലിശനിരക്കുകൾ ഉയരുകയാണെങ്കിലും വിപണികൾ നിരാശ കാണിക്കുന്നില്ല. ടെക് കമ്പനികൾ നല്ല റിസൽട്ട് നൽകിക്കൊണ്ട് വിപണിയെ സന്തോഷിപ്പിച്ചു. ഇന്ത്യൻ വിപണിയിലും ഇന്നലെ ഐടി ഓഹരികൾ നല്ല നേട്ടമുണ്ടാക്കി.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,388.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,390 ലേക്കു കയറി. ചെറിയ നേട്ടത്തിൽ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. യുകെയിലെ പ്രമുഖ ബിൽഡറായ ക്രെസ്റ്റ് നിക്കോൾസൺ ലാഭപ്രതീക്ഷ താഴ്ത്തിയത് റിയൽറ്റി ഓഹരികളെ മൊത്തം ദുർബലമാക്കി.
യുഎസ് വിപണികൾ ഭിന്ന ദിശകളിലായി. ഡൗ ജോൺസ് 36.97 പോയിന്റ് (0.11%) താഴ്ന്ന് 34,463.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 30.06 പോയിന്റ് (0.69%) കയറി 4399.77 ൽ അവസാനിച്ചു. നാസ്ഡാക് 206.81 പോയിന്റ് (1.56%) കുതിച്ച് 13,497.60 ൽ ക്ലോസ് ചെയ്തു. ടെക് ഓഹരികളിലെ കുതിപ്പാണ് വിപണിയെ ഉയർത്തിയത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ചൈനീസ് വിപണി ഇന്നലെ ഇടിഞ്ഞു. പ്രതീക്ഷിച്ചതു പോലെയുള്ള കുറവ് പലിശ നിരക്കിൽ വരുത്താത്തതാണു കാരണം. മറ്റ് ഏഷ്യൻ വിപണികൾ തിങ്കളാഴ്ച നേട്ടത്തിൽ അവസാനിച്ചു. ഓസ്ട്രേലിയ ഒഴിച്ചുള്ള വിപണികളെല്ലാം ഇന്നു കയറ്റത്തിലാണ്. ചെെനീസ് വിപണിയും ഉയർന്നാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി രണ്ടു ദിവസത്തെ നഷ്ടകഥ മാറ്റി ഇന്നലെ നേട്ടത്തിലായി തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം വിപണി കയറ്റത്തിലേക്കു മാറി. സെൻസെക്സ് 267.43 പോയിന്റ് (0.41%) ഉയർന്ന് 65,216.09ലും നിഫ്റ്റി 83.45 പോയിന്റ് (0.43%) കയറി 19,393.60 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.82 ശതമാനം ഉയർന്ന് 38,126.4 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.63 ശതമാനം കയറി 11,756.8 ൽ ക്ലോസ് ചെയ്തു.
വിദേശ ഫണ്ടുകൾ തിങ്കളാഴ്ചയും ക്യാഷ് വിപണിയിൽ വിൽപനക്കാരായി. അവർ 1901.1 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 626.25 കോടിയുടെ ഓഹരികൾ വാങ്ങി.
തിങ്കളാഴ്ചത്തെ കയറ്റം വിപണിയിലെ ബുള്ളുകൾക്ക്
ആശ്വാസമായി. എന്നാൽ തുടർ മുന്നേറ്റം ഉറപ്പായിട്ടില്ല. നിഫ്റ്റി ചെറിയ മേഖലയിൽ പാർശ്വ നീക്കം നടത്തുമെന്നാണു നിഗമനം. നിഫ്റ്റിക്ക് 19,320 ലും 19,245 ലും പിന്തുണ ഉണ്ട്. 19,420 ഉം 19,500 ഉം തടസങ്ങളാകാം.
ജിയോ ഫൈനാൻഷ്യൽ സർവീസസ്
റിലയൻസിന്റെ ജിയോ ഫൈനാൻഷ്യൽ സർവീസസ് ഇന്നലെ 262 രൂപയിൽ ലിസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം കണ്ടെത്തിയ വിലയാണത്. ഇന്നലെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞ് ലോവർ സർക്കീട്ടിൽ എത്തി. സൂചികാധിഷ്ഠിത ഫണ്ടുകൾ വലിയ തോതിൽ വിറ്റതാണു കാരണം. ആ വിൽപന ഇന്നും തുടരും. ഓഹരിവില ഇനിയും താഴുമെന്നു പല വിശകലനക്കാരും എഴുതി. 175 രൂപയ്ക്കും 220 രൂപയ്ക്കും ഇടയിലുള്ള വിലയാണു ചിലർ പ്രതീക്ഷിക്കുന്നത്.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിലായി. അലൂമിനിയം 0.27 ശതമാനം കയറി ടണ്ണിന് 2143.82 ഡോളറിലായി. ചെമ്പ് 0.31 ശതമാനം ഉയർന്നു ടണ്ണിന് 8239.25 ഡോളറിൽ എത്തി. ടിൻ 0.50 ശതമാനം താണു. നിക്കൽ 0.63 ശതമാനവും ലെഡ് 0.64 ശതമാനവും സിങ്ക് 0.45 ശതമാനവും ഉയർന്നു.
ക്രൂഡ്, സ്വർണം
ക്രൂഡ് ഓയിൽ വില അൽപം താണിട്ടു വീണ്ടും കയറി. ബ്രെന്റ് ഇനം ക്രൂഡ് 84.46 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.72 ഡോളറിലും തിങ്കളാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 84.57 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 80.81 ഡോളറിലേക്കും കയറി.
സ്വർണം ചെറിയ നേട്ടം കാണിച്ചു. ഔൺസിന് അഞ്ചു ഡോളർ കയറി 1895.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 1887.50 ഡോളറിലേക്കു താണു. കേരളത്തിൽ പവൻവില 43,280 രൂപയിൽ തുടർന്നു.
രൂപ തിങ്കളാഴ്ച നാമമാത്ര താഴ്ചയിലായി. ഡോളർ 83.11 രൂപയിൽ ക്ലോസ് ചെയ്തു.ഡോളർ സൂചിക തിങ്കളാഴ്ച അൽപം താണ് 103.32-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.43 വരെ കയറി.
ക്രിപ്റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ ചെറിയ ചാഞ്ചാട്ടത്തിനു ശേഷം 26,150 ഡോളറിനടുത്താണ്.
ടെക് ഓഹരികളിൽ കുതിപ്പ്
ടെക് മേഖല ഇന്നലെ യുഎസ് വിപണികളെ ഉയരാൻ സഹായിച്ചു. നാസ്ഡാക് സൂചിക ഒരു മാസത്തിനിടയിലെ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവച്ചു.
സൈബർ സെക്യൂരിറ്റി കമ്പനിയായ പാലോ ആൾട്ടാേ നെറ്റ് വർക്സ് ഇന്നലെ 15 ശതമാനം കുതിച്ചു. കമ്പനി വെള്ളിയാഴ്ച വിപണിസമയത്തിനു ശേഷം പുറത്തുവിട്ട രണ്ടാം പാദ റിസൽട്ട് നിഗമനങ്ങളേക്കാൾ വളരെ മികച്ചതായി. റിസൽട്ട് മോശമാകും എന്ന കണക്കുകൂട്ടലിൽ ഓഹരി കഴിഞ്ഞയാഴ്ച 20 ശതമാനം താണതാണ്.
ഇന്നലെ ടെസ്ല ഏഴും എൻവിഡിയ 8.5 ഉം ശതമാനം കയറി. നിർമിതബുദ്ധി ഉപയാഗിക്കുന്ന കംപ്യൂട്ടറുകൾക്കു വേണ്ട ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയയുടെ രണ്ടാം പാദ റിസൽട്ട് നാളെ വരും. ഒന്നാം പാദത്തിലേതു പോലെ കണക്കുകൂട്ടലുകൾ മറികടക്കുന്ന നേട്ടം കമ്പനി കാണിക്കും എന്നാണു നിഗമനം. ഈ വർഷം എൻവിഡിയ ഓഹരികൾ 200 ശതമാനം കുതിച്ചതാണ്.
ഇന്നലെ സൂം വീഡിയോ കമ്യൂണിക്കേഷൻസ് പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് പുറത്തുവിട്ടു.
പറഞ്ഞതു പോലെ ചെയ്തു ബഫറ്റ്
മറ്റുള്ളവർ ആർത്തിയോടെ വാങ്ങുമ്പോൾ പേടിച്ചു മാറുക; മറ്റുള്ളവർ പേടിച്ചു നിൽക്കുമ്പോൾ ആർത്തിയോടെ വാങ്ങിക്കൂട്ടുക. നിക്ഷേപ ഇതിഹാസമായ വാറൻ ബഫറ്റ് പറഞ്ഞിട്ടുള്ള കാര്യമാണിത്. മികച്ച നേട്ടമുണ്ടാക്കാൻ താൻ നൽകിയ ഉപദേശം അദ്ദേഹം ഇപ്പോൾ പ്രായോഗികമാക്കുന്നത് യുഎസ് പാർപ്പിട മേഖലയിലെ ഓഹരികളിലാണ്. യുഎസ് പലിശ 22 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായപ്പോൾ എല്ലാവരും ഭവന നിർമാണ - റിയൽ എസ്റ്റേറ്റ് കമ്പനികളെ ഉപേക്ഷിച്ചു. എന്നാൽ ബഫറ്റ് കഴിഞ്ഞ പാദത്തിൽ മൂന്നു പാർപ്പിട കമ്പനികളിൽ വലിയ നിക്ഷേപം നടത്തി. ഡിആർ ഹാേർട്ടൻ, ലെന്നാർ കോർപ്, എൻവിആർ എന്നീ ഓഹരികളാണു ബഫറ്റ് വാങ്ങിയത്.
യുഎസിൽ പലിശനിരക്ക് ഇനിയും കൂടുമെന്നും കൂടുതൽ കാലം ഉയർന്ന നിരക്ക് തുടരുമെന്നുമാണു വിപണിയുടെ നിഗമനം. അതുകൊണ്ടു പത്തു വർഷ യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.34 ശതമാനം എന്ന റെക്കോഡിൽ എത്തിയിരിക്കുകയാണ്. ഒപ്പം 20 വർഷ യുഎസ് ഭവനവായ്പകളുടെ പലിശ ഏഴു ശതമാനത്തിനു മുകളിലായി. 2002 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റിയൽ എസ്റ്റേറ്റ് ഓഹരികളാണെങ്കിൽ കുത്തനേ ഇടിഞ്ഞും നിൽക്കുന്നു.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 21, തിങ്കൾ)
സെൻസെക്സ് 30 65,216.09 +0.41%
നിഫ്റ്റി 50 19,393.60 +0.43%
ബാങ്ക് നിഫ്റ്റി 44,002.00 +0.34%
മിഡ് ക്യാപ് 100 38,126.40 +0.82%
സ്മോൾക്യാപ് 100 11,756.80 +0.63%
ഡൗ ജോൺസ് 30 34,463.70 -0.11%
എസ് ആൻഡ് പി 500 4399.77 +0.69%
നാസ്ഡാക് 13,497.60 +1.56%
ഡോളർ ($) ₹83.11 +0.01
ഡോളർ സൂചിക 103.32 -0.06
സ്വർണം(ഔൺസ്) $1895.50 +$5.00
സ്വർണം(പവൻ) ₹43,280 ₹ 00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.46 -$0.34