പലിശ വർധിപ്പിച്ചേക്കുമെന്ന യു.എസ് ഫെഡ് ചെയർമാന്റെ പ്രസ്താവന; ഇന്ത്യൻ വിപണി താഴുമോ എന്ന ആശങ്കയിൽ നിക്ഷേപകർ
സെൻസെക്സ് ഇന്നലെ സർവകാല ഉയരം മറികടന്നെങ്കിലും താഴ്ന്ന് ക്ലോസിംഗ്; ഇന്ന് ഏഷ്യൻ വിപണികളും ഇടിയുന്നു; ഗൃഹോപകരണ വിൽപനയിൽ കുറവ്; മൂന്നു ദിവസം കൊണ്ട് 26 ശതമാനം ഉയര്‍ന്ന് ശ്രീറാം ഫൈനാൻസ് ഓഹരി
പലിശ വർധിപ്പിച്ചേ പറ്റൂ എന്ന യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന; ഇന്റൽ, ആമസാേൺ തുടങ്ങിയ ടെക് വമ്പന്മാരുടെ ക്ഷീണ സൂചനകൾ - യുഎസ് വിപണി ഇന്നലെ ദുർബലമായി. ഇന്ന് ഏഷ്യൻ വിപണികളും ഇടിയുന്നു. അവയുടെ പിന്നാലെ ഇന്ത്യൻ വിപണി താഴുമോ എന്ന ആശങ്കയിലാണു നിക്ഷേപകർ.
ഇന്ത്യൻ വിപണിയിൽ സെൻസെക്സ് ഇന്നലെ സർവകാല ഉയരം മറികടന്നെങ്കിലും ക്ലോസിംഗ് കുറേ താഴ്ന്നാണ്. വിദേശ ഫണ്ടുകൾ ഇന്നലെ വലിയ വാങ്ങൽ നടത്തിയതു വിപണിക്കു റിക്കാർഡ് ക്ലോസിംഗിന് അവസരം നൽകി.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 18,909 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,878 ലേക്കു താണു. ഇന്നു രാവിലെ 18,870 നടുത്താണ്. ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വീണ്ടും താഴ്ന്നു. ഫ്രഞ്ച്, ജർമൻ സൂചികകൾ ഇന്നലെ അര ശതമാനം വീതം ഇടിഞ്ഞു. സ്റ്റോക്സ് 600 ഉം അര ശതമാനം വരെ താണു. യുകെയിൽ വിലക്കയറ്റം മേയിൽ 8.7 ശതമാനമായി തുടർന്നു. 8.4 ശതമാനമായിരുന്നു പ്രതീക്ഷ.ഇതോടെ പൗണ്ട് നിരക്ക് താണു.
മൂന്നാം ദിവസവും ഇടിഞ്ഞ യു.എസ് വിപണി
യു.എസ് വിപണി മൂന്നാം ദിവസവും ഇടിവിലായി. ഡൗ ജോൺസ് 102.35 പോയിന്റ് (0.30%) നഷ്ടത്തിൽ 33,951.52 ൽ അവസാനിച്ചു. എസ് ആൻഡ് പി 23.02 പോയിന്റ് (0.52%) കുറഞ്ഞ് 4365.69 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 165.10 പോയിന്റ് (1.21% ) താണ് 13,502.20 ൽ ക്ലോസ് ചെയ്തു.
യുഎസ് കോൺഗ്രസ് കമ്മിറ്റിക്കു മുൻപാകെയാണു ഫെഡ് ചെയർമാൻ പവൽ പലിശ കൂട്ടണം എന്നു വിശദീകരിച്ചത്. വിലക്കയറ്റത്തിനെതിരായ പോരാട്ടം പെട്ടെന്ന് അവസാനിക്കുകയില്ലെന്നും പവൽ പറഞ്ഞു. ഇതു വിപണികളിൽ വലിയ ചലനം ഉണ്ടാക്കി. ഡോളർ സൂചിക താണു. ഓഹരികൾക്കു വില കുറഞ്ഞു. ക്രിപ്റ്റോ കറൻസികൾ കയറി.
യുഎസ് ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഡൗ 0.01 ശതമാനം താണു. നാസ്ഡാക് 0.12 ശതമാനവും എസ് ആൻഡ് പി 0.06 ശതമാനവും താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ സൂചികകൾ ഇന്നും താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ സൂചികയും കൊറിയയിലെ കാേസ്പിയും രാവിലെ താഴ്ന്നു. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം ഇടിഞ്ഞു. ചെെനീസ് വിപണികൾ രണ്ടു ശതമാനത്തോളം താഴ്ന്നു.
ഇന്ത്യൻ വിപണി
ബുധനാഴ്ച ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു താഴ്ന്ന ശേഷം തിരിച്ചു കയറി മികച്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് സർവകാല റിക്കാർഡ് മറികടന്ന ശേഷം ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിലെ 63,583.10 എന്ന ഉയരം മറികടന്ന് 63,588.34 ൽ എത്തി പുതിയ റിക്കാർഡ് കുറിച്ചു. 137 ദിവസത്തെ വ്യാപാരത്തിനു ശേഷമാണ് ഈ തിരുത്തൽ. നിഫ്റ്റിയും സർവകാല ഉയരത്തിനടുത്തു ചെന്നെങ്കിലും മറികടന്നില്ല.
സെൻസെക്സും നിഫ്റ്റിയും മിഡ്ക്യാപ് 100 ഉം ക്ലോസിംഗിൽ റിക്കാർഡ് ഉയരത്തിലാണ്. സെൻസെക്സ് 195.45 പോയിന്റ് (0.31%) കയറി 63,523.15 ലും നിഫ്റ്റി 40.10 പോയിന്റ് (0.21%) ഉയർന്ന് 18,816.70 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.81 ശതമാനം ഉയർന്ന് 35,614.40 ലും സ്മോൾ ക്യാപ് സൂചിക 0.07 ശതമാനം കയറി 10,832.05 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകരും സ്വദേശി ഫണ്ടുകളും ഇന്നലെ വാങ്ങലിനു തിരക്കു കൂട്ടി. വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 4013.10 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രണ്ടു ദിവസത്തെ വിൽപനയ്ക്കു ശേഷമാണ് ഈ വാങ്ങൽ. സ്വദേശി ഫണ്ടുകൾ 550.36 കോടിയുടെ ഓഹരികൾ വാങ്ങി.
മെറ്റൽ, റിയൽറ്റി, വാഹന, എഫ്എംസിജി മേഖലകൾ ഇന്നലെ താഴ്ചയിലായി. ബാങ്ക്, ധനകാര്യ, ഐടി, ഓയിൽ, മീഡിയ കമ്പനികൾ നേട്ടത്തിലായിരുന്നു
ഇന്നു നിഫ്റ്റിക്ക് 18,810 -ലും 18,765 ലും പിന്തുണ ഉണ്ട്. 18,875 ലും 18,925 ലും തടസം ഉണ്ടാകാം. വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്ന ദിശകളിലാണു നീങ്ങിയത്. ദിശാബോധം ഇല്ലാത്ത നീക്കങ്ങളാണു ലോഹ വിപണിയിൽ. അലൂമിനിയം ഇന്നലെ 1.25 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2208.95 ഡോളറിലായി. ചെമ്പ് 0.51 ശതമാനം കയറി ടണ്ണിന് 8606.10 ഡോളറിൽ എത്തി. നിക്കൽ 2.25 ശതമാനവും സിങ്ക് 1.55 ശതമാനവും ടിൻ 0.69 ശതമാനവും ഇടിഞ്ഞു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വിലയും ചെറിയ മേഖലയിൽ കയറിയിറങ്ങുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ ഒന്നു ശതമാനം കയറി 77.12 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 72.43 ഡോളറിലേക്ക് എത്തി..
സ്വർണം വീണ്ടും താഴ്ചയിലാണ്. ഔൺസിന് 1918 ഡോളർ വരെ ഇടിഞ്ഞിട്ട് 1933.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 1932-1934 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില 240 രൂപ കുറഞ്ഞ് 43,760 രൂപ ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രൂപ കൂടുതൽ ശക്തമായാൽ സ്വർണവില ഇന്നു കുറയാം.
ഡോളർ ഇന്നലെ 82 രൂപയ്ക്കു മുകളിൽ പിടിച്ചു നിന്നു എന്നു പറയാം. 82.12 രൂപയിൽ നിന്ന് 82.03 രൂപയിലേക്കു താഴ്ന്നു. ലോകവിപണിയിൽ ഡോളർ ദുർബലമാകുന്നതിനാൽ ഇന്നും രൂപ കയറിയേക്കാം. ലോക വിപണിയിൽ ഡോളർ സൂചിക താഴ്ന്ന് 102.07 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.02 ലേക്കു താണു.
ക്രിപ്റ്റോ കറൻസികൾ ഇന്നലെ വലിയ കുതിപ്പിലായിരുന്നു. പലതും 10 ശതമാനത്തിലധികം ഉയർന്നു. ബിറ്റ് കോയിൻ 30,800 ഡോളർ കടന്നു. പുതിയ ക്രിപ്‌റ്റോ ഇടിഎഫുകൾ തുടങ്ങുന്നതായ റിപ്പോർട്ടുകളും പലിശനിരക്ക് ഇനിയും കൂട്ടുമെന്ന ഫെഡ് ചെയർമാന്റെ പ്രസ്താവനയും വിലക്കുതിപ്പിനു കാരണമായി.
കമ്പനികൾ, വാർത്തകൾ
സീ എന്റർടെയ്ൻമെന്റിന് എതിരായ സെബി വിധി തങ്ങൾ പഠിച്ചു വരികയാണെന്നു സോണി കോർപറേഷൻ അറിയിച്ചു. ലയന തീരുമാനത്തിൽ മാറ്റമില്ലെന്ന മട്ടിലാണു സോണിയുടെ പ്രസ്താവന ഇന്നലെ പ്രചരിപ്പിച്ചത്. ഇതു സീയുടെ വില എട്ടു ശതമാനത്താേളം ഉയരാൻ കാരണമായി. എന്നാൽ അത്ര പോസിറ്റീവ് അല്ല സോണിയുടെ നിലപാട് എന്ന് ഇന്നു വ്യക്തമായി. ഇതു വിപണിയിൽ വിപരീത ചലനം ഉണ്ടാക്കാം.
ശ്രീറാം ഫൈനാൻസിലെ തങ്ങളുടെ നിക്ഷേപം മുഴുവൻ പിരമൾ എന്റർപ്രൈസസ് വിറ്റു. കഴിഞ്ഞയാഴ്ച ഒരു വിദേശ ഫണ്ടും ശ്രീറാം ഓഹരി വിറ്റിരുന്നു. വിൽപനക്കാർക്കു വലിയ ലാഭം കിട്ടി. പത്തു ശതമാനത്തോളം ഓഹരി കൈവശം വച്ചിരുന്ന പിരമൾ ഒഴിവായതു ശ്രീറാമിനു വരാമായിരുന്ന ഒരു ഭീഷണി ഒഴിവാക്കി.
മൂന്നു ദിവസം കൊണ്ടു ശ്രീറാം ഫൈനാൻസ് ഓഹരി 26 ശതമാനം ഉയർന്നത് ഈ സാഹചര്യത്തിലാണ്. അതേ സമയം വലിയ ലാഭത്തിൽ വിറ്റു മാറിയത് പിരമളിനും നേട്ടമായി. പിരമൾ ഓഹരി രണ്ടു ദിവസം കൊണ്ടു 15 ശതമാന കയറി.
കൺസ്യൂമർ ഡ്യുറബിൾസ് വിൽപന
ഉത്തരേന്ത്യയിൽ കൺസ്യൂമർ ഡ്യുറബിൾസ് വിൽപന ഈ വേനൽക്കാലത്തും മോശമായി. കഴിഞ്ഞ ഉത്സവ സീസണും മോശമായിരുന്നു. ടിവി, റഫ്രിജറേറ്റർ, എസി, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ വിൽപന ഏപ്രിലിൽ 15 ശതമാനത്തോളം കുറഞ്ഞു. മേയിൽ 20 ശതമാനം വരെ കുറവായി വിൽപന. ജൂണിലും നില മോശമാണ്. വിജയ് സെയിൽസ് പോലുള്ള റീട്ടെയിൽ ശൃംഖലകളും മറ്റും നൽകുന്ന വിവരങ്ങൾ വിൽപന പെട്ടെന്നു മെച്ചപ്പെടുമെന്നു സൂചിപ്പിക്കുന്നില്ല. പ്രമുഖ ഗൃഹോപകരണ നിർമാതാക്കൾ ഉൽപാദനം കുറച്ചിട്ടുണ്ട്.
റഷ്യൻ കമ്പനിയുമായുള്ള സഖ്യത്തിൽ പ്രശ്നമില്ലെന്നു റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) ഇന്നലെ അറിയിച്ചു. ഇതോടെ കമ്പനിയുടെ ഓഹരിവില അൽപം തിരിച്ചു കയറി. തലേ ദിവസം നേട്ടത്തിലായിരുന്ന ടിടഗഢ് വാഗൺസ് ഓഹരി താഴ്ചയിലുമായി. വന്ദേ ഭാരത് ട്രെയിൻ നിർമാണവുമായി ബന്ധപ്പെട്ടതാണ് ആർവിഎൻഎലിന്റെ റഷ്യൻ സഖ്യം.
വിപണി സൂചനകൾ
(2023 ജൂൺ 21, ബുധൻ)
സെൻസെക്സ് 30 63,327.70 +0.25%
നിഫ്റ്റി 50 18,816.70 +0.33%
ബാങ്ക് നിഫ്റ്റി 43,766.50 +0.30%
മിഡ് ക്യാപ് 100 35,329.20 +0.49%
സ്മോൾക്യാപ് 100 10,824.80 +0.52%
ഡൗ ജോൺസ് 30 33,951.52 -0.30%
എസ് ആൻഡ് പി 500 4365.69 -0.52%
നാസ്ഡാക് 13,502.20 -1.21%
ഡോളർ ($) ₹82.03 -09 പൈസ
ഡോളർ സൂചിക 102.07 -0.47
സ്വർണം(ഔൺസ്) $1933.60 -$04.00
സ്വർണം(പവൻ ) ₹43,760 -₹ 240.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $77.12 +$1.22