ഓഹരി വിപണിക്ക് വെല്ലുവിളികൾ കൂടുന്നു

മൺസൂൺ ചതിക്കുമോ? ഭക്ഷ്യവിലയിൽ ജാഗ്രത വേണമെന്ന് ആർബിഐ; പലിശഭീഷണി വീണ്ടും പ്രബലം

Update:2023-06-23 08:40 IST

പലിശ വർധിപ്പിക്കുമെന്നു കൂടുതൽ കേന്ദ്രബാങ്കുകൾ മുന്നറിയിപ്പ് നൽകിയതു വിപണികളിലെ തിരിച്ചുകയറ്റ പ്രതീക്ഷകൾക്കു തിരിച്ചടിയായി. ഇന്ത്യയിൽ മൺസൂൺ ചതിക്കുമെന്ന ആശങ്കയും പ്രബലമായി. ഭക്ഷ്യ വിലക്കയറ്റത്തിൽ ജാഗ്രത വേണമെന്നു റിസർവ് ബാങ്ക് ഗവർണർ മുന്നറിയിപ്പ് നൽകി. പലിശഭീഷണിയിൽ സ്വർണവില ഇടിഞ്ഞു. കറൻസി വിപണികൾ ചാഞ്ചാട്ടത്തിലായി.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴം രാത്രി ഒന്നാം സെഷനിൽ 18,831 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,882 ലേക്കു കയറി. ഇന്നു രാവിലെ 18,820 നടുത്താണ്. ഇന്ത്യൻ വിപണി ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ വീണ്ടും താഴ്ന്നു. ഫ്രഞ്ച്, ജർമൻ സൂചികകൾ ഇന്നലെ കാൽ ശതമാനം വീതം താഴ്ന്നു. സ്റ്റോക്സ് 600 അര ശതമാനം താണു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറഞ്ഞ പലിശ നിരക്ക് 0.5 ശതമാനം ഉയർത്തിയത് അപ്രതീക്ഷിതമായി. ഇതോടെ ബാങ്ക് റേറ്റ് അഞ്ചു ശതമാനമായി. യുകെയിലെ ചില്ലറ വിലക്കയറ്റം മേയിലും 8.7 ശതമാനത്തിൽ തുടർന്ന സാഹചര്യത്തിലാണു വലിയ വർധന. ബ്രിട്ടീഷ് ഓഹരികൾ ഒരു ശതമാനത്തോളം താണു. നിരക്കു വർധന തീർന്നിട്ടില്ലെന്ന സൂചനയാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി നൽകിയത്.

സ്വിറ്റ്സർലൻഡിലെ സ്വിസ് നാഷണൽ ബാങ്ക് ഇന്നലെ കുറഞ്ഞ പലിശ 0.25 ശതമാനം കൂട്ടി. തുടർച്ചയായ അഞ്ചാം കയറ്റം. ഇനിയും നിരക്കു കൂട്ടുമെന്നു ബാങ്ക് പറഞ്ഞു. യൂറോപ്യൻ കേന്ദ്ര ബാങ്കും യുഎസ് ഫെഡറൽ റിസർവും പലിശനിരക്ക് ഇനിയും ഉയർത്തുമെന്ന് ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

നഷ്ടം കുറിച്ച ഡൗ ജോൺ

യുഎസ് വിപണി പാെതുവേ ഉയർന്നു. എന്നാൽ ഡൗ ജോൺസ് വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം 4.81 പോയിന്റ് (0.01%) നഷ്ടത്തിൽ 33,946.70 ൽ അവസാനിച്ചു. വ്യാപാരത്തിൽ ഭൂരിഭാഗം സമയവും നേട്ടത്തിലായിരുന്ന എസ് ആൻഡ് പി 16.20 പോയിന്റ് (0.37%) ഉയർന്ന് 4381.89 ൽ എത്തി. നാസ്ഡാക് തുടക്കം മുതലേ ഉയർന്നാണു നീങ്ങിയത്. ഒടുവിൽ 128.41 പോയിന്റ് (0.95% ) കയറി 13,630.60 ൽ ക്ലോസ് ചെയ്തു. ആമസാേൺ അടക്കം ടെക് ഓഹരികൾ ഉയർന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.07 ശതമാനം ഉയർന്നു. നാസ്ഡാക് 0.07 ശതമാനവും എസ് ആൻഡ് പി 0.03 ശതമാനവും കയറി നിൽക്കുന്നു.

ഏഷ്യൻ സൂചികകൾ ഇന്നും താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ സൂചികയും കൊറിയയിലെ കാേസ്പിയും രാവിലെ താഴ്ന്നു. ഓസ്ട്രേലിയൻ വിപണി അര ശതമാനം ഇടിഞ്ഞു. 

ഇന്ത്യൻ വിപണി 

വ്യാഴാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലായിരുന്നു. ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങി. താമസിയാതെ സെൻസെക്സ് കയറി 63,601.71 എന്ന പുതിയ ഉയരം താണ്ടിയിട്ടു തിരിച്ചിറങ്ങി. ഒടുവിൽ ഗണ്യമായ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സ് 284.26 പോയിന്റ് (0.45%) ഇടിഞ്ഞ് 63,238.89 ലും നിഫ്റ്റി 85.60 പോയിന്റ് (0.45%) താഴ്ന്ന് 18,771.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.06 ശതമാനം താഴ്ന്ന് 35,235.25 ലും സ്മോൾ ക്യാപ് സൂചിക 0.76 ശതമാനം കുറഞ്ഞ് 10,750.10 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ തുടർച്ചയായ എട്ടു ദിവസത്തെ കയറ്റത്തിനാണ് ഇന്നലെ വിരാമമിട്ടത്.

തലേന്നു വലിയ വാങ്ങൽ നടത്തിയ വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ ഇന്നലെയും വാങ്ങൽ തുടർന്നു. വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 693.28 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 219.42 കോടിയുടെ ഓഹരികൾ വാങ്ങി.

മീഡിയയും മെറ്റലും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ സൂചികയാണ് ഏറ്റവും അധികം ഇടിഞ്ഞത്. ഓയിൽ - ഗ്യാസ്, ഐടി, എഫ്എംസിജി, ഫാർമ, ഓട്ടോ തുടങ്ങിയവയും വലിയ നഷ്ടം കാണിച്ചു.

വിപണി ബെയറിഷ് പ്രവണതയാണു കാണിച്ചത്. അതു തുടരാനാണു സാധ്യത. ഇന്നു നിഫ്റ്റിക്ക് 18,755 -ലും 18,680 ലും പിന്തുണ ഉണ്ട്. 18,855 ലും 18,935 ലും തടസം ഉണ്ടാകാം.

വ്യാവസായിക ലോഹങ്ങൾ മുൻ ദിവസങ്ങളിലേതു പോലെ ഇന്നലെയും ഭിന്നദിശകളിലാണു നീങ്ങിയത്. അലൂമിനിയം ഇന്നലെ 0.12 ശതമാനം താഴ്ന്നു ടണ്ണിന് 2206.28 ഡോളറിലായി. അതേ സമയം ചെമ്പ് 0.75 ശതമാനം കയറി ടണ്ണിന് 8670.40 ഡോളറിൽ എത്തി. നിക്കൽ 0.63 ശതമാനം താണപ്പാേൾ സിങ്ക് 4.45 ശതമാനം കുതിച്ചു കയറി. ടിൻ 0.11 ശതമാനവും ലെഡ് 0.87 ശതമാനവും ഇടിഞ്ഞു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില ഇന്നലെ താണു. ബ്രെന്റ് ഇനം ക്രൂഡ് നാലു ശതമാനം ഇടിഞ്ഞ് 74.09 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 69.48 ഡോളറിലേക്ക് എത്തി.

സ്വർണം വീണ്ടും താഴ്ചയിലാണ്. പ്രധാന കേന്ദ്ര ബാങ്കുകൾ എല്ലാം പലിശ കൂട്ടും എന്നു പ്രഖ്യാപിച്ചതോടെ സ്വർണ ബുള്ളുകൾക്കു പിടിച്ചു നിൽക്കാൻ പഴുതില്ലാതായി. സ്വർണം ഔൺസിന് 1932 ൽ നിന്ന് 1911 ഡോളർ വരെ ഇടിഞ്ഞിട്ട് 1914.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 1915-1917 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻവില 160 രൂപ കുറഞ്ഞ് 43,600 രൂപ ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. സ്വർണവില ഇന്നു വീണ്ടും കുറയും. ഡോളർ ഇന്നലെ 82 രൂപയ്ക്കു താഴെ എത്തി. 81.98 രൂപയിലാണു ക്ലോസിംഗ്. ലോക വിപണിയിൽ ഡോളർ സൂചിക ഉയർന്ന് 102.39 ൽ ക്ലോസ് ചെയ്തു. ക്രിപ്റ്റോ കറൻസികൾ ഇന്നലെ അൽപം താണു. 31,000 വരെ കയറിയ ബിറ്റ് കോയിൻ 30,000 ഡോളറിലേക്കു താഴ്ന്നു.

എൽ നിനോ ആശങ്ക കൂടുന്നു 

തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷത്തെ എൽ നിനോ പ്രതിഭാസം ദുർബലമാക്കും എന്ന ആശങ്കയെ ശരിവയ്ക്കുന്ന വിധമാണു മഴയുടെ പുരോഗതി. രാജ്യത്തെ 716 ജില്ലകളിൽ 47 ശതമാനത്തിൽ ഇതു വരെ മഴ വളരെ കുറവ് (Large Deficiency) ആണ്. വേറേ 19 ശതമാനത്തിൽ കുറവ് (Deficiency) കാണിക്കുന്നു. രാജ്യത്തിന്റെ വിസ്തൃതിയിൽ 60 ശതമാനം വരുന്ന 23 കാലാവസ്ഥാ ഡിവിഷനുകളിൽ മഴ കുറവാണ്. ആകെ 36 കാലാവസ്ഥാ ഡിവിഷനുകളാണ് ഉള്ളത്.

നാലു മാസം നീളുന്ന കാലവർഷം മൂന്നാഴ്ച പിന്നിടുമ്പോഴും വലിയ കാർഷിക സംസ്ഥാനങ്ങളിലേക്കു മഴ കടന്നിട്ടില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ, യുപി സംസ്ഥാനങ്ങൾക്ക് കാലവർഷ മഴ ഇനിയും എത്തിയിട്ടില്ല. കൂടുതൽ വെള്ളം ആവശ്യമുള്ള ദീർഘകാല വിളകളുടെ കാര്യത്തിൽ (നെല്ല്, കരിമ്പ്, സോയാ) ഇത് ആശങ്ക പരത്തുന്നു. മഴ വൈകിയാൽ നെൽകൃഷിയും സോയാബീൻ കൃഷിയും കുറയും. പകരം ഹ്രസ്വകാല വിളവു കളിലേക്കു തിരിയും.

രാജ്യത്തെ വാർഷിക മഴയുടെ 70 ശതമാനം കാലവർഷത്തിലാണ്. ഇക്കാലത്തു ലഭിക്കുന്ന മഴയാണ് റാബി കൃഷിക്കു ജലസേചനം നടത്താനുള്ള വെള്ളം ഡാമുകളിൽ നിറയ്ക്കുന്നത്. അതായതു കാലവർഷം കുറയുന്നത് രാജ്യത്തെ രണ്ടു കാർഷിക സീസണുകളെയും (ഖാരിഫും റാബിയും) ദോഷകരമായി ബാധിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഭക്ഷ്യവിലക്കയറ്റം ഗൗരവമായി കാണണമെന്നു പറഞ്ഞത് അതുകൊണ്ടാണ്. 

വിപണി സൂചനകൾ

(2023 ജൂൺ 22, വ്യാഴം)

സെൻസെക്സ് 30 63,238.89 -0.45% 

നിഫ്റ്റി 50 18,771.25 -0.45% 

ബാങ്ക് നിഫ്റ്റി 43,724.80 -0.31% 

മിഡ് ക്യാപ് 100 35,329.20 +0.49% 

സ്മോൾക്യാപ് 100 10,824.80 +0.52% 

ഡൗ ജോൺസ് 30 33,946.70 -0.01% 

എസ് ആൻഡ് പി 500 4381.89 +0.37% 

നാസ്ഡാക് 13,630.60 +0.95% 

ഡോളർ ($) ₹81.98 -05 പൈസ 

ഡോളർ സൂചിക 102.39 +0.32 

സ്വർണം(ഔൺസ്) $1914.80 -$18.80 

സ്വർണം(പവൻ ) ₹43,600 -₹ 160.00 

ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.09 -$3.03

Tags:    

Similar News